രക്ത പരിശോധന ഇനി അര്‍ബുദം തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗ്ഗം
അര്‍ബുദം തിരിച്ചിറിയാനും അസുഖത്തിന്‍റെ തീവ്രത മനസ്സിലാക്കാനും ഇനി രക്ത പരിശോധനയിലൂടെ സാധിക്കുമെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. അര്‍ബുദബാധയുടെ അളവ്, ചികിത്സാകാലയളവില്‍ അര്‍ബുദത്തിനുണ്ടാകുന്ന വ്യതിയാനം, ചികിത്സയോട് രോഗിയുടെ ശരീരത്തിന്‍െറ പ്രതികരണം തുടങ്ങിയവ തിരിച്ചറിയാന്‍ പ്രാപ്തമാക്കും വിധം രക്തത്തിലെ പതിനായിരക്കണക്കിന് ഡി.എന്‍.എകളില്‍നിന്ന് അര്‍ബുദബാധിതമായവയെ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ തങ്ങള്‍ വികസിപ്പിച്ചെടുത്തെന്നാണ് ഡോ. മാക്സിമിലിയന്‍ ഡിയലിന്‍റെയും ഡോ. ആഷ് അലിസാദെയുടെയും നേതൃത്വത്തിലുള്ള ഗവേഷകര്‍ അവകാശപ്പെടുന്നത്. സി.എ.പി.പി -സീക് (കാന്‍സര്‍ പേഴ്സനലൈസ്ഡ് പ്രൊഫൈലിങ് ബൈ ഡീപ് സീക്വന്‍സിങ്) എന്ന് പേരിട്ടിരിക്കുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവില്‍ അസുഖമുള്ളവരുടെ ആരോഗ്യ സ്ഥിതിയിലെ പുരോഗതി വിലയിരുത്താമെന്നത് പോലെത്തന്നെ രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് രോഗനിര്‍ണ്ണയം നടത്താനുള്ള പരിശോധന നടത്താനും കഴിയുമെന്ന് ഗവേഷക സംഘം പറയുന്നു. നിലവില്‍ ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സി.ടി സ്കാന്‍ പോലുള്ള സംവിധാനങ്ങളേക്കാള്‍ വളരെ ചിലവ് കുറഞ്ഞതും അനായാസവുമാണ് പുതിയ സംവിധാനമെന്നതാണ് ഇതിന്‍റെ പ്രത്യേകതയായി എടുത്തു കാണിക്കപ്പെടുന്നത്. കൂടാതെ, മുമ്പ് ലുക്കീമിയ പോലോത്ത ദ്രാവകാര്‍ബുദങ്ങള്‍ മാത്രമാണ് നിലവിലെ രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളിലൂടെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ഇനി ഖരാര്‍ബുദങ്ങളും അപ്രകാരം തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേചര്‍ മെഡിസിന്‍ എന്ന മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter