കാലാവസ്ഥാ വ്യതിയാന സമ്മേളനം: വായിക്കാനായി ഒരു കുറിപ്പും അതേ തുടര്‍ന്നൊരു വാല്‍ക്കഷ്ണവും
അധികം ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ ഖത്തറിലെ ദോഹയില്‍ യു.എന്‍ കാലാവസ്ഥ വ്യതിയാനസമ്മേളനം കൊടിയിറങ്ങിയിരിക്കുകയാണ്. 200 ലേറെ ലോകരാജ്യങ്ങളാണ് സമ്മേളനത്തിന് തങ്ങളുടെ പ്രാധിനിത്യം അറിയിച്ചത്. അനുദിനം താളം തെറ്റിക്കൊണ്ടിരിക്കുന്ന പ്രകൃതി മനുഷ്യന്റെ ഭൗമവാസത്തിന് നേരെ ഭീഷണി ഉയര്‍ത്തുമ്പോള്‍ ദോഹയില്‍ നടന്ന സമ്മേളനത്തിന് പ്രാധാന്യമേറെ കല്പിക്കപ്പെടേണ്ടിയിരുന്നു
എന്ന് തോന്നുന്നു. വികസനത്തിന്റെ ഗ്രാഫുയര്ത്താനുള്ള തത്രപ്പാടിനിടെ കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് ലോകരാഷ്ട്രങ്ങളെ ആശങ്കപ്പെടുത്തേണ്ടത് തന്നെ. പക്ഷെ, ഏതാനും ചില വിവാദങ്ങൊഴിച്ചാല് മാധ്യമങ്ങള്‍ പോലും സമ്മേളനത്തിന്റെ പ്രാധാന്യവും പ്രമേയവും വാര്ത്തയാക്കിയതേ ഇല്ല. ഒരു മുസ്ലിം രാജ്യം ആതിഥേയത്വം വഹിക്കുന്ന യോഗത്തിന് അത്രയേ പ്രതീക്ഷിക്കേണ്ടൂ എന്നാണോ ആ മൗനത്തിന്റെ സാരം?അതോ വെറു ആചാരം മാത്രമായി പരിസ്ഥിതി സമ്മേളനങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞു എന്നോ?എന്തായാലും ആണ്ട് തികയുമ്പോള്‍ ചായ കുടിച്ച് മിണ്ടിപ്പറഞ്ഞ് പിരിയാനുള്ള ഇരുപ്പ് കേന്ദ്രമായിരുന്നു ദോഹ എന്നതില്‍ രണ്ട് പക്ഷമില്ല.
1997 ല്‍ ജപ്പാനിലെ ക്വേട്ടോയില്‍ ചര്‍ച്ച ചെയ്ത്, 2005 ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന ക്വേട്ടോ പ്രോട്ടോക്കോള്‍ ഇന്നും വെള്ളപ്പേപ്പറിലുറങ്ങിക്കിടക്കുകയാണ്. ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്നതിന് മുപ്പത്തിഏഴ് വ്യാവസായിക രാഷ്ട്രങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പ്രോട്ടോക്കോളില്‍ പിരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ ആരും ഒരുക്കമല്ല. ആതിഥേയരായ അറബ് രാജ്യങ്ങളാവട്ടെ നിഷേധാത്മക നിലപാടിലൂടെ തങ്ങളുടെ കര്‍മ്മ ചുമതലകളപ്പാടെ മറന്ന മട്ടാണ്. മറ്റു രാജ്യങ്ങള്‍ ഉറക്കം നടിച്ചാല്‍ പോലും പ്രകൃതിക്ക് വേണ്ടി ഉണര്‍ന്നിരിക്കേണ്ടത് അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കേവല പൗരബോധം മാത്രമല്ല. പ്രകൃതിയോടുള്ള സ്നേഹം വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ അസ്ഥിത്വം കൂടിയാണ്.
ദിവ്യഗ്രന്ഥമായ ഖുര്‍ആന്‍ ഇസ്ലാമിന്റെ ധൈഷണികവും ആചാരപരവുമായി കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ അത്ര വാചാലമാകുന്നില്ല. എന്നാല്‍ പ്രകൃതിയേയും ആവാസച്ചട്ടങ്ങളെയും പരാമര്‍ശിക്കുമ്പോള്‍ ഏറെ വാചാലാമാകുന്നത് കാണാം. ഒരു വേള പ്രകൃതിയുടെ സൗന്ദര്യവര്ണനകളെടുത്ത് നോക്കുമ്പോള്‍ സാഹീതീയ കൃതികളെ പോലും മറികടക്കുന്നുമുണ്ട് ഖുര്‍ആന്‍.
പാരിസ്ഥിതിക ചാക്രിക സന്തുലനത്തിനേല്ക്കുന്ന പോറലുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നതു മനുഷ്യന്റെ അതിക്രമങ്ങളെയാണ്. 'കരയിലും കടലിലും നാശം പ്രകടമാകുന്നത് മനുഷ്യകരങ്ങളുടെ പ്രവര്‍ത്തന ഫലമാണ്' (സൂറത്ത് റൂം. 41) ഈ സൂക്തം കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂണ്ടുപലക കൃത്യമായി തിരിച്ച് വെക്കുന്നത് മനുഷ്യന്റെ ആര്‍ത്തിക്ക് നേരെയാണ്.
'ഖിയാമത്ത് നാള് നാളെയാണെന്നറിഞ്ഞാലും നിനക്ക് ഒരു കമ്പ് ലഭിച്ചാല്‍ അതുമണ്ണില് നടണമെ'ന്നാണ് പ്രവാചകന് നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് വര്‍ഷാവര്‍ഷം പത്ത് ദശലക്ഷം ഹെക്ടര്‍ വനഭൂമി മനുഷ്യന്റെ ആര്ത്തിക്കിരയാവുന്നു എന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേ സമയം ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ആഗോള താപനം മഞ്ഞ് മലകളൊരുക്കി നിരവധി രാജ്യങ്ങളെ കടല്‍ ജലത്തില്‍ കഴുത്തറ്റം മുക്കിയിരിക്കുന്നു. ഇനിയും വായുമൂടിയിരിക്കുന്നത് ആത്മഹത്യാപരമാണ്.
പ്രകൃതിയെ അമിത ചൂഷണത്തിനിരയാക്കുന്നതും തന്റെ ഭോഗപരതയുടെ ഭാഗമായി അിതനെ ഊറ്റുക്കുടിക്കുന്നതും ഇസ്ലാം വിലക്കിയിട്ടുണ്ട്. പടുകൂറ്റന്‍ ഗോപുരങ്ങള്‍ കെട്ടിപ്പൊക്കിയ ആദ് സമൂഹവും പര്‍വ്വതങ്ങള്‍ തുരന്ന് രമ്യഹര്മ്മങ്ങള് നിര്‍മ്മിച്ച് ഉല്ലസിച്ച സമൂദ് ഗോത്രവും നശിപ്പിക്കപ്പെടാന്‍ ദൈവനിരാസം മാത്രമല്ല പ്രകൃതി നിരാസവും കാരണമായിട്ടുണ്ടെന്നാണ് ഇസ്ലാമിക ചരിത്രപാഠം. ഭൂമി ഉപയോഗിക്കേണ്ട വിധം ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്.'ഭൂമിയെ നിങ്ങള്‍ക്കായി അവന് ഒരുക്കിയിരിക്കുന്നു. നിങ്ങളതിന്റെ താഴ്നിലങ്ങളില്‍ കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുകയും പര്‍വ്വതങ്ങള്‍ തുരക്കുകയും ചെയ്യുന്നു. നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഓര്‍ക്കുവിന്‍. നിങ്ങള്‍ ഭൂമിയില്‍ വിനാശകാരികളായി വിഹരിക്കരുത്' (അല്‍-അഅ്റാഫ് 84).
മനുഷ്യന്റെ ആവശ്യങ്ങള്ക്കപ്പുറത്തുള്ള അനാവശ്യങ്ങള്ക്കുള്ളതല്ല ഭൂമിയിലെ വിഭവങ്ങളെന്ന് ചുരുക്കം. തന്റെ നിലനില്പിന് ഭീഷണിയാകുന്നുവെന്നത് മാത്രമല്ല, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രകൃതിസ്നേഹികയാക്കി അവനെ മാറ്റേണ്ടത്.
ചരിത്രത്തില്‍ ഏറ്റവും വലിയ നാഗരികത സാധ്യമാക്കിയ ഭരണമാണ് ഇസ്ലാമിന്റെത്. എന്നിട്ടും ഇസ്ലാമിക നാഗരിക ചരിത്രത്തില്‍ എവിടെയും പ്രകൃതിയെ കൊന്ന് കൊലവിളിച്ച ചിത്രമില്ലതന്നെ. ഇസ്ലാമിക സാമ്രാജ്യം അതിവിശാലതയും ശാസ്ത്രീയപുരോഗതിയും കൈവിരച്ചപ്പോള് പോലും മുസ്ലിംകള് അനാവശ്യമായി പ്രകൃതിയെ ചൂഷണം ചെയ്തിട്ടില്ല. യുദ്ധവേളകളില്‍ പോലും ആ ആദര്‍ശ ബദ്ധത കൈവിടാത്തവരായിരുന്നു ചരിത്രത്തിലെ മുസ്ലിംകള്.
ഒന്നാം ഖലീഫ അബൂബക്ര്(റ) ഉസാമ(റ) യുടെ നേതൃത്വത്തിലുള്ള സൈന്യത്തോട് ചെയ്ത പ്രസംഗം ചരിത്രകാരന്മാര് പൊന്‍ ലിപികളില്‍ കൊത്തിവെച്ചിട്ടുണ്ട്. 'കൊച്ചുകുട്ടികളെയും വൃദ്ധന്മാരെയും വനിതകളെയും വധിക്കരുത്. ഈന്തപ്പനകള്‍ പിഴുതെറിയുകയോ കരിച്ചുകളയുകയോ ചെയ്യരുത്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. ആഹാരാവശ്യത്തിനല്ലാതെ മൃഗങ്ങളെ കൊല്ലരുത്.'
ആധുനികകാലത്തെ യുദ്ധങ്ങള്‍ നൂറ്റാണ്ട് കഴിഞ്ഞാലും പുല്ല് മുളക്കാത്ത വിധം പ്രദേശങ്ങളെ രാസപരമായി മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നത് യുദ്ധത്തിന്റെ തുടര്‍ചര്‍ച്ചകളില്‍ പോലും ഇടം കാണാത്ത ഭീകരസത്യമാണ്.
ഭൗമാന്തരീക്ഷം ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന കാര്‍ബണിന്റെ ഇരുപത് ശതമാനം പുറം തള്ളുന്ന അമേരിക്ക ഇനിയും തങ്ങളുടെ തലതിരിഞ്ഞ വ്യാവസായിക നയങ്ങള്‍ തിരുത്താന്‍ തയ്യാറായിട്ടില്ല. അങ്ങനെയൊരു സമ്മര്‍ദ്ദ സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ദോഹ സമ്മേളനത്തില്‍ നാലാളറിയുന്ന ലോകനേതാക്കളാരും തിരിഞ്ഞ് നോക്കിയതുമില്ല. സമ്മേളനത്തിനിടയില്‍ രഹസ്യ കൂടിയാലോചനകള്‍ നടക്കുന്നുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ ആരോപണങ്ങള്‍ വേണ്ടവിധം പ്രതിരോധിക്കാന്‍ പോലും അധ്യക്ഷന്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്വിയ്യക്ക് സാധിച്ചില്ല. സമ്മേളന പ്രചരണാര്‍ത്ഥം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നുവെങ്കിലും പല ലോകനേതാക്കളെയും ദോഹയില്‍ കണ്ടില്ല. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങള്‍ വികസിതരാജ്യങ്ങളെ പഴിചാരി സമ്മേളനം ഒരു പ്രതിഷേധ യോഗം മാത്രമാക്കി ഒതുക്കി.
ഭാവിയുടെ തലമുറകള്‍ക്ക് വേണ്ടി ഒരിത്തിരി പച്ചമണ്ണ് ബാക്കിയിടാന്‍ ആഗോളീകരണ കാലത്തെ വ്യവസായവല്‍കൃത രാജ്യങ്ങള്ക്കാവുന്നില്ല. ഡോളര്‍ കെട്ടില്‍ മഞ്ഞളിച്ച കണ്ണുകള്‍ മനുഷ്യന് അനുഭവിക്കുന്ന അതിജീവന ഭീഷണികള്‍ക്ക് നേരെ അടഞ്ഞുതന്നെയിരിക്കുന്നു. ജൈവികതയെ സമ്പന്നതക്കുമേല് പ്രതിഷ്ഠിക്കാന്‍ ആര് മുന്‍കൈയ്യെടുക്കും? ഇരിക്കക്കൂരയും നിത്യതൊഴിലും കടലെടുത്ത, പ്രതീക്ഷയുടെ കൃഷയിടങ്ങളില്‍ ജീവജലം വറ്റിപ്പോയ, പ്രകൃതിയുടെ നിരാര്‍ദ്രമായ ക്രൂരതകളില്‍ പിടഞ്ഞൊടുങ്ങാന്‍ മാത്രം വിധിക്കപ്പെട്ട അനേകായിരം വയറൊട്ടിയ ജനങ്ങളുണ്ടിവിടെ. ലോകക്രമങ്ങള്‍ നീതിയുക്തമെന്ന് ഉറപ്പുവരുത്തേണ്ട സവിശേഷ ചുമതല കൂടി വന്‍കിട സാമ്പത്തിക സഖ്യങ്ങളായ അറബ്രാജ്യങ്ങള്ക്കുണ്ട്. ലോകത്തിന് വഴിത്തെളിച്ചം ചൂണ്ടേണ്ടവര് അലസമായി ഹുക്ക വലിച്ചിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും. അങ്ങനെ തുടര്‍ന്നാല്‍ മതപരമായും രാഷ്ട്രീയമായും പ്രതിപ്പട്ടികയില്‍ അറബ്രാജ്യങ്ങള്‍ ഒന്നാമത് ഇടംപിടിക്കും.
ജാബിര്‍ കുറ്റിക്കാട്ടൂര്‍
വാല്‍ക്കഷ്ണം:
ദോഹയില്‍ കാലാവസ്ഥാസമ്മേളനം നടന്നിരുന്ന കാലത്തെ വെള്ളിയാഴ്ച. ഖത്തറിലെ പ്രധാനപ്പെട്ട പള്ളികളിലെ ഖുത്വുബയിലെല്ലാം വിഷയം സിറിയയും ഈജിപ്തിലെ പ്രക്ഷോഭവും യു.എന്നിലെ ഫലസ്തീന്റെ പുതിയ പദവിമായിരുന്നുവെന്ന് പറയുന്നു അതുസംബന്ധമായി കുറിപ്പെഴുതിയ അസോസിയേറ്റഡ് പ്രസ് ലേഖകന്‍.
ദോഹയിലെ ആറ് പള്ളികളില്‍ ബന്ധപ്പെട്ടപ്പോള്‍ അവയിലൊന്ന് മാത്രമാണ് പാരിസ്ഥിതികമായ പ്രശ്നത്തെ കുറിച്ച് വെള്ളിയാഴ്ച ഖുത്വുബയില്‍ ചെറിയ തോതിലെങ്കിലും സൂചിപ്പിച്ചതത്രെ. ഖുര്‍ആനില്‍ ഭൂമിയെ കുറിച്ചും പ്രകൃതിയെ കുറിച്ചും പരാമര്‍ശിക്കുന്ന 1500 ലേറെ സൂക്തങ്ങളുണ്ടെന്നും തുടര്‍ന്ന് ലേഖകന്‍.
പ്രതിവര്‍ഷം കൂടുതല്‍ കാര്‍ബണ്‍ വിസര്‍ജ്യങ്ങള്‍ പുറത്തുവിടുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ മുസ്ലിംരാജ്യമായ ഖത്തറുമുണ്ട്.
കാലാവസ്ഥാവ്യതിയാനവും മലിനീകരണവും യുദ്ധത്തെക്കാളും വലിയ ഭീഷണിയാണെന്ന് ഫതവ പറഞ്ഞിട്ടുണ്ട് ഈജിപ്തിലെ ഗ്രാന്റ്മുഫ്തി അലി ജുമുഅ. ഇദ്ദേഹം ഗ്രീന്‍ മുഫത്തി എന്ന് വരെ അറിയപ്പെടുന്നുണ്ട്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം പ്രൊഫസറായ മുഹമ്മദ് അലിയുടെ ഒരു അനുഭവം ലേഖകന്‍ തന്റെ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:
സാന്‍സിബാറിലെ മുസ്ലിംകള്ക്ക് മത്സ്യം പിടിക്കാനായി കടലില്‍ മാരകമായ ഒരു തരം കെമിക്കല്‍ ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. പല സംഘങ്ങളും അവരെ കാര്യത്തിന്റെ ഗൌരവം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഒരു മാറ്റവുമുണ്ടായില്ല. അങ്ങനെയാണ് താനവിടെ പോകുന്നതെന്ന് പ്രൊഫസര്‍ മുഹമ്മദ് അലി. ഖുര്‍ആനിക സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തി കുറച്ച് വര്‍ക്ക്ഷോപ്പുകള്‍ അവര്‍ക്കായി സംഘടിപ്പിച്ചു. അതോടെ അവര്‍ ആ കെമിക്കല്‍ കടലില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചു.



Leave A Comment