ആഘോഷങ്ങളുടെ ഇസ് ലാമിക മാനം

ഇത് ആഘോഷങ്ങളുടെയും ഉത്‌സവങ്ങളുടെയും ലോകമാണ്. മതകീയമായ ആഘോഷങ്ങളും ദേശീയോത്‌സവങ്ങളും സാംസ്‌കാരികമായ ആഘോഷങ്ങളുമെല്ലാം ഇക്കാലത്ത് വളരെയേറെയുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കും ആനന്ദമുഹൂര്‍ത്തങ്ങള്‍ക്കും കാലങ്ങളേറെ പഴക്കമുണ്ട്. കലണ്ടറുകള്‍ മാറിമാറിവരുമ്പോള്‍ നവവത്‌സര ഉത്‌സവങ്ങളും ആഘോഷച്ചടങ്ങുകളുമെല്ലാം  ആഗോളാടിസ്ഥാനത്തില്‍ തന്നെ നടക്കാറുണ്ട്. അറബികളുടെ  പഴയകാല ചരിത്രം  പരതുമ്പോള്‍  ഉക്കാസ് മേളകള്‍പോലെ ഒട്ടനവധി ആഘോഷ മുഹൂര്‍ത്തങ്ങളും ദിനങ്ങളും അറേബ്യന്‍  സാംസ്‌കാരിക ഉത്‌സവങ്ങളായി നടത്തപ്പെട്ടിരുന്നതായി കാണാം. ഇങ്ങനെ ക്രിസ്ത്യാനികളുടെ ക്രിസ്തുമസും ഹൈന്ദവരുടെ തിരുവോണ-വിഷു ആഘോഷങ്ങളുമെല്ലാം ഇത്തരം ഉത്‌സവ പരിപാടികളുടെ ഗണത്തില്‍ പെട്ടതായി കാണാം.

സത്യമതമായ പരിശുദ്ധ ഇസ്‌ലാമിന്റെ അനുയായികളായ മുസ്‌ലിം സമൂഹത്തിനുമുണ്ട് ആനന്ദിക്കാനും ആഹ്ലാദിക്കാനും അവസരമേകുന്ന ഇത്തരം അഘോഷ ദിനങ്ങള്‍. തിരുദൂതരുടെ ജന്‍മദിനം അതിലൊന്നാണ്. ആഗോള മുസ്‌ലിം സമൂഹം അത്യാഹ്ലാദപൂര്‍വ്വം  കൊണ്ടാടുന്ന അതിമഹത്തായ ആഘോഷമാണ് നബിദിനാഘോഷം. എന്നാല്‍, സത്യവിശ്വാസിക്ക് ആനന്ദമുഹൂര്‍ത്തങ്ങള്‍  സമ്മാനിച്ചുകൊണ്ട് കടന്നുവരുന്ന സ്മരണീയങ്ങളായ രണ്ട് ദിനങ്ങളാണ് ബലിപെരുന്നാളും ചെറിയ പെരുന്നാളും. പെരുന്നാള്‍ ദിനങ്ങള്‍ അല്ലാഹു തന്റെ ഉത്തമ ദാസന്‍മാര്‍ക്കു വേണ്ടി ഒരുക്കിവെച്ച രണ്ട് ശുഭദിനങ്ങളാണ്. മഹാന്‍മാരായ പണ്ഡിത ശ്രേഷ്ടരുടെ വാക്കുകളില്‍ പറഞ്ഞാല്‍ സ്രഷ്ടാവായ അല്ലാഹു തന്റെ സച്ചരിതരായ അടിമകളെ  വിരുന്നൂട്ടാന്‍ വേണ്ടി തെരഞ്ഞെടുത്ത രണ്ട് ദിനങ്ങളെന്ന് പെരുന്നാള്‍ ദിനങ്ങളെ നമുക്ക് വിശേഷിപ്പിക്കാം. അതുകൊണ്ടു തന്നെയാണല്ലോ ഏറ്റവും പുണ്യകരമായ ഒരാരാധനയായി കണക്കാക്കപ്പെടുന്ന നോമ്പുപോലും  ആ ദിനങ്ങളില്‍ നിഷിദ്ധമായി മാറിയത്. ഇലാഹിന്റെ കല്‍പനകള്‍ പാലിച്ച് ജീവിക്കുന്നവര്‍ക്കു മാത്രം ആഘോഷിക്കാനുള്ള ഇലാഹീയായ ആഘോഷങ്ങളെന്ന്  അതുകൊണ്ടുതന്നെ ഈദുല്‍ഫിത്വിറിനെയും ഇദുല്‍ അസ്ഹയെയും വിശേഷിപ്പിച്ചാല്‍ അത് തെറ്റാകില്ലെന്നു സാരം.

പെരുന്നാള്‍ വ്യതിരിക്തമാവുന്നത്…
റമളാനിലെ മുപ്പതു നാള്‍ നീണ്ടുനില്‍ക്കുന്ന  വ്രതാനുഷ്ഠാനങ്ങളിലൂടെ ശരീരത്തിന്റെ മോഹങ്ങളെ സ്രഷ്ടാവിന്റെ മാര്‍ഗത്തില്‍ ബലി കഴിച്ച് ആത്മവിശുദ്ധി നേടിയ മുസ്‌ലിമിന് ശവ്വാല്‍ മാസത്തിന്റെ  പൊന്നമ്പിളിക്കീറ് പടിഞ്ഞാറന്‍ ചക്രവാളസീമയില്‍  ദൃശ്യമായാല്‍ അല്ലാഹുവിന്റെ സല്‍ക്കാരത്തില്‍ പങ്കുചേരാന്‍ അവസരമൊരുങ്ങുകയായി. അതുപോലെത്തന്നെ ഹജ്ജിന്റെ കര്‍മനൈരന്തര്യങ്ങളില്‍ മുഴുകി  തങ്ങളുടെ സഹോദരങ്ങള്‍  നാഥന്റെ പ്രീതിയും ആദരങ്ങളും നേടി  ആനന്ദലഹരിയില്‍ മുഴുകുമ്പോള്‍ ലോകമെമ്പാടുമുള്ള  ഇതര മുസ്‌ലിംകള്‍ക്ക്  സമാനമായൊരു  അനുഭൂതിയും സന്തോഷവും പകരുകയാണ് ബലിപെരുന്നാളിലൂടെ സ്രഷ്ടാവ് ചെയ്യുന്നത്.
മക്കയുടെ മണലാരണ്യത്തില്‍ പിതാമഹന്‍ ഇബ്‌റാഹീം നബിയുടെ വിളിക്ക് ഉത്തരം ചെയ്യാനെത്തിയ ജനലക്ഷങ്ങളുടെ കണ്ഠങ്ങളില്‍നിന്നുയര്‍ന്നുപൊങ്ങുന്ന ലബ്ബൈക്കിന്റെ മന്ത്രധ്വനികളാല്‍ മക്കയും പ്രാന്തപ്രദേശങ്ങളും മുഖരിതമാവുമ്പോള്‍ ലോകത്തിന്റെ ഇതര ദിക്കുകളില്‍നിന്നും സ്രഷ്ടാവിന്റെ മഹത്വങ്ങളും സ്തുതികീര്‍ത്തനങ്ങളും അപദാനങ്ങളുമായി തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നുപൊങ്ങുന്നത് പെരുന്നാളിന്റെ മാത്രം സവിശേഷതയാണ്. ത്യാഗസന്നദ്ധതയുടെയും ആത്മ സമര്‍പ്പണത്തിന്റെയും സുന്ദരങ്ങളായ ഒട്ടനവധി മുഹൂര്‍ത്തങ്ങളുമായി ആണ്ടുകള്‍തോറും ഈദുല്‍ഫിത്വ്‌റും ബലിപെരുന്നാളും വന്നെത്തുമ്പോള്‍ സത്യവിശ്വാസികള്‍ക്ക് അത് ദൈവസ്മരണയിലൂന്നിയ  ആഘോഷ മുഹൂര്‍ത്തങ്ങളുടെ ആവര്‍ത്തനങ്ങളായിത്തീരുന്നു.
മസ്ജിദുകള്‍തോറും പെരുന്നാള്‍ നിസ്‌കാരങ്ങളും ഖുത്ബകളും ചേര്‍ന്ന് ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം തീര്‍ക്കുമ്പോള്‍ പെരുന്നാളിന്റെ  പ്രഭാതം കമനീയമായിത്തീരുന്നു. തുടര്‍ന്ന് അശരണരായ തങ്ങളുടെ സഹോദരങ്ങളെ സല്‍ക്കരിച്ചും മറ്റും സദ്യവട്ടങ്ങള്‍ തീര്‍ത്തും  കുടുംബ ബന്ധു മിത്രാദികളെ സന്ദര്‍ശിച്ചും  ബന്ധങ്ങള്‍ സുദൃഢമാക്കുമ്പോള്‍ രക്തബന്ധം ചേര്‍ക്കുന്നതിലുള്ള പുണ്യവും വിശ്വാസി കരസ്ഥമാക്കുകയാണ് പെരുന്നാളിലൂടെ.
ഈദുല്‍ ഫിത്വ്‌റിന്റെ രാവില്‍ തുടങ്ങി പ്രഭാതം വരെ ദരിദ്രര്‍ക്കുള്ള സാന്ത്വനമെന്നോണം  ഫിത്‌റ്‌സകാത്ത്  നല്‍കിക്കൊണ്ട് വിശ്വാസി തന്റെ ശരീരത്തെയും ആത്മാവിനെയും സംശുദ്ധമാക്കുമ്പോള്‍ ബലിപെരുന്നാളില്‍ ഉള്ഹിയ്യത്തിന്റെ നടത്തിപ്പിലൂടെ സ്വര്‍ഗാരോഹണത്തിനുള്ള വാഹനങ്ങളെ ഒരുക്കിനിര്‍ത്താന്‍ വിശ്വാസി ശ്രമിക്കുകയാണ്. ഇങ്ങനെ ആഘോഷവേളകളെയും ഭക്തിസാന്ദ്രമാക്കാന്‍ സത്യവിശ്വാസിക്ക് പെരുന്നാള്‍ ദിവസങ്ങള്‍ അവസരമൊരുക്കുകയാണ്.


വ്രതത്തിലൂടെ കറകളഞ്ഞ ശരീരവുമായാണ് ചെറിയ പെരുന്നാളിനെ  ഒരു മുസ്‌ലിം എതിരേല്‍ക്കുന്നതെങ്കില്‍  അറഫാദിനത്തിലെ  അതിമഹത്തായ  സുന്നത് നോമ്പനുഷ്ഠിക്കുകവഴി കഴിഞ്ഞു പോയതും  വരാനിരിക്കുന്നതുമായ ഓരോ വര്‍ഷങ്ങളിലെ പാപങ്ങളെ  മായ്ചുകളഞ്ഞാണ് ബലിപെരുന്നാളിനെ സ്വാഗതം ചെയ്യാന്‍ സത്യവിശ്വാസി ഒരുങ്ങുന്നത്. കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങണിഞ്ഞ്  സുഗന്ധം പൂശിക്കൊണ്ട്, ശരീരത്തെ നിര്‍മ്മലമാക്കിക്കൊണ്ട് ഈദിന്റെ സുപ്രഭാതത്തെ  വിശ്വാസി വരവേല്‍ക്കുമ്പോള്‍ തന്നെ അനിര്‍വചനീയമായ  ദൈവഭക്തിയിലൂടെ ആദ്യമേ കൈവരിച്ച  ആന്തരിക ചൈത ന്യം ഈദിന് പത്തരമാറ്റേകുന്നു.


ആഘോഷങ്ങളെ ആഭാസമാക്കരുത്
പെരുന്നാളാഘോഷങ്ങള്‍ ഇസ്‌ലാമിന്റെ വിധി വിലക്കുകളനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകള്‍ക്കുള്ളതാകയാല്‍ തന്നെ പേക്കൂത്തുകള്‍ക്കും വൃത്തികേടുകള്‍ക്കും അതില്‍ സ്ഥാനമേതുമില്ല എന്നതാണ് വാസ്തവം. തികച്ചും ആത്മീയമായൊരു ആഘോഷമാണ് പെരുന്നാളാഘോഷം കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്. പുതുവസ്ത്രങ്ങളണിഞ്ഞതു കൊണ്ട് മാത്രം ഈദ് ഈദായി മാറുന്നില്ല. സുഗന്ധദ്രവ്യങ്ങള്‍ പൂശിയതുകൊണ്ട് മാത്രം പെരുന്നാളിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല.  പ്രത്യുത, തദനുസൃതമായ  ആത്മീയ ചൈതന്യവും ഉള്‍ചേര്‍ ന്നാല്‍ മാത്രമേ ഇസ്‌ലാമിന്റെ  വീക്ഷണമനുസരിച്ച്  പെരുന്നാള്‍ അതിന്റെ ഉദ്ദിഷ്ട ലക്ഷ്യത്തിലെത്തുകയുള്ളൂ.


എന്നാല്‍, ദുഃഖകരമാണ് ഇന്നിന്റെ സാഹചര്യം. ഇന്നലെകളിലെ ആഘോഷങ്ങള്‍ക്ക് പണക്കൊഴുപ്പിന്റെ അഭാവത്തിലും ആഹ്ലാദിക്കാന്‍ ഏറെയുണ്ടായിരുന്നു. ഇന്ന് പെരുന്നാളിന്റെ ആഗമനമറിയുന്നത് പൊട്ടിത്തെറിക്കുന്ന പടക്കങ്ങളും ജ്വലിച്ചുകത്തുന്ന കമ്പിത്തിരികളുമാണെങ്കില്‍, ഇന്നലെകളില്‍ ഈദിന്റെ വരവറിയിച്ചുകൊണ്ട് അന്തരീക്ഷത്തെ കുളിരണിയിച്ചിരുന്ന തക്ബീര്‍ധ്വനികള്‍ക്ക് ഹൃദയങ്ങളെ കീഴടക്കാനുള്ള കരുത്തുണ്ടായിരുന്നു. ഇന്നലെകളില്‍ പുണ്യകേന്ദ്രങ്ങളും കുടുംബഗൃഹങ്ങളുമൊ ക്കെയാണ് പെരുന്നാള്‍ ദിനങ്ങളില്‍ സജീവമായിരുന്നതെങ്കില്‍  ഇന്ന് അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും തിയേറ്ററുകളിലും കളിമുറ്റങ്ങളിലും പെരുന്നാള്‍ദിനങ്ങളില്‍  തിരക്കേറേയാണ്. മദ്യചഷകങ്ങളില്‍ ദൈവഭക്തിയെ മുക്കിക്കൊല്ലുന്നവരുടേതായി  ഇന്നത്തെ ആഘോഷവേളകള്‍ തരംതാഴ്ന്നുപോകുന്നത് ഏറെ ഭീതിയുളവാക്കുന്ന യാഥാര്‍ത്ഥ്യമാണ്.


യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ ആഘോഷ പരിപാടികള്‍ പ്രതീകവല്‍ക്കരിക്കപ്പെടുകയാണ് പെരുന്നാളാഘോഷങ്ങളിലൂടെ. അതുകൊണ്ടു തന്നെ ഇസ്‌ലാമിന്റെ മുഖമുദ്രയായ ഭയഭക്തിയും ആരാധനാ കര്‍മ്മങ്ങളും അവയിലുള്‍ച്ചേര്‍ ന്നിരിക്കണം. അതിന് വിലങ്ങാകുന്ന ഒന്നും മുസ്‌ലിംകളില്‍നിന്നുമുണ്ടായിക്കൂടാ.  അങ്ങനെ വരുമ്പോഴാണ് ആഘോഷങ്ങള്‍ തികച്ചും മതകീയമായിത്തീരുന്നത്. അല്ലാത്തപക്ഷം പേക്കൂത്തുകളും വേണ്ടാവൃത്തികളും അരങ്ങേറാനുള്ള അശുഭ മുഹൂര്‍ത്തങ്ങളായി  ആഘോഷദിനങ്ങള്‍ മാറ്റപ്പെടും.
ചുരുക്കത്തില്‍, അല്ലാഹു അടിമകള്‍ക്കുവേണ്ടി ഒരുക്കുന്ന വിരുന്നില്‍ പങ്കുചേരാന്‍  സാധ്യമാകുന്ന  സുന്ദര മുഹൂര്‍ത്തങ്ങളാണ് പെരുന്നാള്‍ദിനങ്ങള്‍. അവ യെ അവയര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൊണ്ടാടാന്‍ വിശ്വാസികള്‍ സന്നദ്ധരായിരിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter