മലേഷ്യയിലെ പെരുന്നാള്‍
മലേഷ്യയിലെ പെരുന്നാളിന് പ്രത്യേക വര്‍ണ്ണവും രൂപവുമാണ്. മുപ്പത് ദിവസത്തെ നോമ്പിനെ തുടര്‍ന്ന് കടന്നുവരുന്ന പെരുന്നാളിനെ അവര്‍ ഒരു ദിവസത്തിലൊതുക്കാന്‍ തയ്യാറല്ല. പലപ്പോഴും ഒരു മാസം വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കാറാണ് പതിവെന്ന് മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ സ്വലാഹുദ്ദീനും ജാബിറും സാക്ഷ്യപ്പെടുത്തുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓപ്പണ്‍ഹൌസില്‍നിന്ന്ശ വ്വാല്‍പിറ ദൃശ്യമാവുന്നതോടെ സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി അക്കാര്യം ജനങ്ങളെ അറിയിക്കുന്നു. അതോടെ ഹരിറായെ ഐദുല്‍ഫിത്റി എന്ന സന്തോഷവാക്യങ്ങളുമായി കുട്ടികളും മുതിര്‍ന്നവരും ഈദിനെ വരവേല്‍ക്കുന്നു. ആ പദാവലി തന്നെ മലേഷ്യക്കാര്‍ക്ക് ആവേശം പകരുന്നതാണ്.
മലേഷ്യക്കാരുടെ പെരുന്നാള്‍ ആഘോഷം ഒരു മാസത്തോളം നീണ്ടുനില്‍ക്കാറുണ്ട്. ഓപ്പണ്‍ഹൌസുകള്‍ എന്ന പേരിലറിയപ്പെടുന്ന സദ്യവട്ടങ്ങളാണ് അവരുടെ ആഘോഷത്തിന്റെ പ്രധാന ഇനം. എല്ലാ വീടുകളുടെ മുമ്പിലും പെരുന്നാള്‍ദിനം മുതല്‍ ഈ ഓപ്പണ്‍ഹൌസുകള്‍ ഉയരുന്നു. വിവിധയിനം ഭക്ഷണപദാര്‍ത്ഥങ്ങള്‍ സജ്ജീകരിച്ചുവെക്കുന്ന ഇവയില്‍ ആര്‍ക്കുവേണമെങ്കിലും കയറിച്ചെല്ലാം. കുടുംബത്തിന്റെ മഹിമക്കും പ്രൌഢിക്കുമനുസരിച്ച് ഓപ്പണ്‍ഹൌസിന്റെ കൊഴുപ്പ് കൂടുന്നു. അധിക പേരും ഒരാഴ്ചയോ രണ്ടാഴ്ചയോ ഇത് സംവിധാനിക്കുമ്പോള്‍ അതിപ്രമുഖരും വന്‍കിട സമ്പന്നരും ഒരു മാസം വരെ ഇത് തുറന്ന് വെക്കുന്നു.
പ്രധാനമന്ത്രിയും മന്ത്രിമാരുമെല്ലാം ഇത്തരം ഓപ്പണ്‍ഹൌസുകള്‍ പ്രൌഢമായി തന്നെ സംഘടിപ്പിക്കുന്നു. ആര്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ പ്രധാനമന്ത്രിയുടെ വീടിനകത്തേക്ക് കയറിച്ചെല്ലാനും വീട് മുഴുവന്‍ നടന്ന് കാണാനുമുള്ള അവസരം കൂടിയാണ് പലര്‍ക്കും ഇത്തരം ഓപ്പണ്‍ഹൌസ് സന്ദര്‍ഭങ്ങള്‍.
ഓപ്പണ്‍ഹൌസുകള്‍ സാഹോദര്യത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും വേദികള്‍ കൂടിയാണ്. യാതൊരു വിധ വിവേചനവും അവിടെ കാണിക്കപ്പെടുന്നില്ല. വിവിധ മതസ്ഥരും ദേശക്കാരും വിഭാഗക്കാരുമെല്ലാം അവിടെ കടന്നുവരുന്നു. എല്ലാവരും ഒന്നിച്ചിരുന്ന് വയറ് നിറയെ ഭക്ഷണം കഴിച്ച് സന്തോഷം പങ്കുവെച്ച് പിരിഞ്ഞുപോവുമ്പോള്‍, മാനവികതമൂല്യങ്ങളുടെ സംപൂര്‍ത്തീകരണമാണ് അവിടെ സഫലമാവുന്നത്.
മലേഷ്യയിലെ ഈദ്ഗാഹുകളും ഏറെ വര്‍ണ്ണശബളമാണ്. വിവിധ നാട്ടുകാരായവരെല്ലാം അവരുടേതായ ദേശീയ വേഷങ്ങളിലും വിധാനങ്ങളിലുമാണ് പെരുന്നാള്‍ നിസ്കാരത്തിനെത്തുന്നത്. പൈജാമയും കുര്‍ത്തയും ധരിച്ചാണ് ഭൂരിഭാഗം ഇന്ത്യക്കാരും ഈദ്ഗാഹുകളിലെത്തുന്നതെങ്കില്‍, ആഫ്രിക്കക്കാരായ പല സഹോദരങ്ങളും ധരിക്കുന്ന വസ്ത്രങ്ങളുടെ പേര് പോലും പലര്‍ക്കും അന്യമാണ്. വിവിധ വേഷങ്ങളിലും അവരുടെ മനസ്സുകള്‍ ഒന്നായിത്തീരുന്നു. നിസ്കാരശേഷം പരസ്പരം കെട്ടിപ്പിടിക്കാനും ഈദാശംസകള്‍ കൈമാറാനും വേഷവ്യത്യാസങ്ങളോ വര്‍ണ്ണവൈജാത്യങ്ങളോ അവര്‍ക്ക് തടസ്സമാവുന്നില്ല. ആ ഈദ് ഗാഹുകള്‍, വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഒരായിരം പൂക്കളുള്ള പൂവാടികളെയായിരിക്കും നമ്മെ ഓര്‍മ്മിപ്പിക്കുക.
Leave A Comment