ഉപ്പയില്ലാത്ത പെരുന്നാളുകള്‍ക്ക് കൂട്ട്, ഉപ്പുചുവയുള്ള കണ്ണീര്‍കണങ്ങളാണ്.. പി.വി അബ്ദുല്‍വഹാബ് എം.പി

മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി രാജ്യസഭയിലെത്തിയതോടെ, തിക്കും തിരക്കും വര്‍ദ്ധിച്ചിരിക്കയാണ് ഈ നിലമ്പൂര്‍കാരന്റെ ഔദ്യോഗിക ജീവിതത്തിന്. സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേക്കും പരിപാടികളില്‍നിന്ന് പരിപാടികളിലേക്കുമുള്ള പ്രയാണത്തിലാണ് ഒഴിവുസമയത്തിലധികവും കഴിയുന്നത് എന്ന് പറയുന്നതാവും ശരി. കോഴിക്കേട്ടേക്കുള്ള അത്തരം ഒരു യാത്രക്കിടെ കാറിന്റെ പിന്‍സീറ്റിലിരുന്ന് മനസ്സിന്റെ ആഴങ്ങളില്‍ മുത്തുച്ചിപ്പി പോലെ ഒളിഞ്ഞു കിടക്കുന്ന ഈദോര്‍മ്മകളിലേക്ക് ഊളിയിടുകയാണ് പി.വി അബ്ദുല്‍ വഹാബ് എം.പി. ആഴങ്ങളിലേക്കെത്തുമ്പോഴാണറിയുന്നത്, ഒന്നല്ല ഒരായിരം പവിഴപ്പുറ്റുകള്‍ തന്നെയാണ് അവിടെ നമ്മെ കാത്തിരിക്കുന്നതെന്ന്.

ബാല്യകാല ഈദോര്‍മ്മകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഉപ്പയുടെ മുഖമാണ്. വളരെ നിഷ്കളങ്കനായ ഒരു സാധാരണക്കാരനായിരുന്നു എന്റെ ഉപ്പ. ഏത് ഇല്ലായ്മകള്‍ക്കിടയിലും പെരുന്നാളിന്ന് പ്രത്യേകമായി വസ്ത്രം വാങ്ങിത്തന്നിരുന്നു. ചിലപ്പോഴൊക്കെ അതിനാവശ്യമായ പണം തികയാത്തതിനാല്‍ ശീല എടുക്കാനും തൈക്കാന്‍ കൊടുക്കാനും വൈകാറുണ്ട്. റമദാനിന്റെ അവസാനനാളുകളില്‍ മാത്രമേ പലപ്പോഴും തുന്നല്‍ക്കടയില്‍ ശീല എത്താറുണ്ടായിരുന്നുള്ളൂ, അതുകൊണ്ട് തന്നെ, മിക്കപ്പോഴും അത് തൈച്ച് കൈയ്യില്‍ ലഭിച്ചിരുന്നത് പെരുന്നാളിന്റെ ദിവസം രാവിലെയായിരുന്നു. സുബ്ഹി നിസ്കരിച്ച ഉടനെ അത് വാങ്ങാനായി കടയിലേക്കോടും. അത് കൈയ്യില്‍ കിട്ടുമ്പോള്‍ അനുഭവിച്ചിരുന്ന ആ സന്തോഷവും അനുഭൂതിയും ഇന്നും പറഞ്ഞറിയിക്കാനാവില്ല. ശേഷം ജീവിതത്തില്‍ ഒട്ടേറെ കോടിമുണ്ടും സ്ഥാനവസ്ത്രങ്ങളും ലഭിച്ചുവെങ്കിലും, ആ സംതൃപ്തിയുടെ പത്തിലൊന്ന് പോലും നല്‍കാന്‍ അവക്കൊന്നിനും ആയിട്ടില്ലെന്നതാണ് നേര്.
പുത്തനുടുപ്പ് ധരിച്ച് പെരുന്നാള്‍ നിസ്കാരത്തിനായി പള്ളിയിലേക്കുള്ള പോക്കിലുമുണ്ട് വല്ലാത്തൊരു ഗമ. കൂട്ടുകാരിലധികം പേര്‍ക്കും പുതുവസ്ത്രമുണ്ടാവില്ല. മറ്റുള്ളവരെല്ലാം തന്നെയും തന്റെ കുപ്പായത്തെയുമാണ് നോക്കുന്നതെന്നായിരുന്നു കരുതിയിരുന്നത്, പലരും അങ്ങനെ നോക്കാറുമുണ്ടായിരുന്നു.
റമദാനിന്റെ പകലുകളേക്കാള്‍ ആസ്വദിച്ചിരുന്നത് രാത്രികളായിരുന്നു. മുഴുവന്‍ ദിവസവും നോമ്പെടുക്കണമെന്നത് അധികകുട്ടികള്‍ക്കും ഒരു വാശിയായിരുന്നു. നോമ്പെടുക്കുമ്പോള്‍ വീട്ടില്‍ ലഭിച്ചിരുന്ന പ്രത്യേക പരിഗണനയയിരിക്കാം ഇതിന്ന് ഒരു കാരണം. രാത്രി തറാവീഹ് നിസ്കാരം കഴിയുന്നതോടെ വഅ്ള് പരിപാടികളും കഥാപ്രസംഗ സദസ്സുകളും സജീവമാവുമായിരുന്നു. ഇന്നത്തെപ്പോലെ, കേവല ആസ്വാദനങ്ങളായിരുന്നില്ല അന്ന് അവയൊന്നും. സാധാരണക്കാരായ പലരും മതപരമായ അറിവ് നേടിയിരുന്നത് അത്തരം മതപ്രഭാഷണങ്ങളിലൂടെയും കഥാകഥനത്തിലൂടെയുമായിരുന്നു. എന്നാല്‍ കുട്ടികളായ ഞങ്ങള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ലഭിച്ചിരുന്ന സന്ദര്‍ഭമായിരുന്നു അവയൊക്കെ. വഅ്ളിന് പോകുന്നുവെന്ന് പറഞ്ഞാല്‍ വീട്ടില്‍നിന്ന് യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പലപ്പോഴും തറാവീഹില്‍നിന്ന് പോലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായിരുന്നു വഅ്ള് സദസ്സുകള്‍. അവിടെയെത്തിയാല്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് കടല കൊറിച്ചും കാപ്പിയും ആംപ്ലേറ്റും നുണഞ്ഞും കളിയും സംസാരവുമായി സമയം ചെലവഴിക്കുകയായിരുന്നു പതിവ്. അത് കൊണ്ട് തന്നെ, റമദാനിന്റെ പകലുകളേക്കാളേറെ നിറമുണ്ടായിരുന്നത് രാത്രികള്‍ക്കാണെന്ന് പറയാം.
മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് ഈദീ (പെരുന്നാള്‍ പൈസ) നല്‍കുന്നത് പതിവുണ്ടായിരുന്നെങ്കിലും എനിക്ക് കിട്ടിയിരുന്നത് ഉപ്പയില്‍നിന്ന് മാത്രമായിരുന്നു. വളരെ തുഛമായ ചില്ലറപ്പൈസയായിരുന്നുവെങ്കിലും അത് ഏറ്റുവാങ്ങിയിരുന്നത് ഹൃദയം കൊണ്ടായിരുന്നു. ആ ചില്ലറപ്പൈസയുടെ കിലുക്കം മനസ്സിന്റെ ഇടവഴികളില്‍ ഇന്നും ബാക്കിനില്ക്കുന്നുണ്ട്.
എന്റെ പതിനെട്ടാം വയസ്സിലാണ് ഉപ്പ മരിക്കുന്നത്. ജീവിതത്തിലെ പെരുന്നാളുകളെ, ഉപ്പയുടെ മരണത്തിന് മുമ്പുള്ളവയെന്നും ശേഷമുള്ളവയെന്നും പറഞ്ഞ് രണ്ടായി ഭാഗിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഉപ്പയുടെ വേര്‍പാടിന് ശേഷം പെരുന്നാളിന്റെ നിറവും മണവും ഏറെ മങ്ങി എന്നതാണ് സത്യം.
നഷ്ടപ്പെടുമ്പോഴേ വില അറിയൂ എന്ന തത്വം ഞാന്‍ ഏറെ അനുഭവിച്ചതും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഉപ്പയുടെ വിയോഗത്തോടെയാണ്. ആ സാന്നിധ്യംതന്നെ, ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ആത്മധൈര്യവും മുഴുവന്‍ ദിവസങ്ങള്‍ക്കും ആഘോഷഛായയും ആഘോഷദിനങ്ങള്‍ക്ക് പ്രത്യേക വര്‍ണ്ണവുമായിരുന്നു നല്കിയിരുന്നത്. ഉപ്പയുടെ മരണത്തിന് ശേഷമുള്ള ആദ്യ പെരുന്നാള്‍ ദിവസം കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു എന്ന് വേണം പറയാന്‍, ഉപ്പയില്ലാത്ത പെരുന്നാള്‍ എന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത വിധം അദ്ദേഹം ഞങ്ങളുടെ നിത്യജീവിതത്തിന്റെയും ആഘോഷങ്ങളുടെയും ഭാഗമായിരുന്നു.
ഏത് തിരക്കിനിടയിലും പെരുന്നാള്‍ ദിവസം കുടുംബത്തോടൊപ്പം കഴിയണമെന്നത് ഏറെ ശഠിക്കുന്ന ആളാണ് ഞാന്‍. ഉപ്പ ഞങ്ങളുടെ മനസ്സില്‍ കോറിയിട്ട അതേ ചിത്രം മക്കളുടെ മനസ്സില്‍ നമുക്കും തീര്‍ക്കണമെങ്കില്‍ അത് അത്യാവശ്യമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പെരുന്നാള്‍ ദിവസം കുടുംബസന്ദര്‍ശനങ്ങള്‍ക്കും സമയം കണ്ടെത്താറുണ്ട്. ചിലപ്പോഴൊക്കെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതും എന്റെ പതിവാണ്. 
രണ്ടാം പെരുന്നാള്‍ ഞങ്ങളുടെ കുടുംബസംഗമത്തിന്റെ ദിവസമാണ്. ഏത് തിരക്കിനിടയിലും അത് ഒഴിവാക്കാറില്ല. കുടുംബത്തിലെ എല്ലാവരും ഒത്ത് ചേരുമ്പോഴുണ്ടാവുന്നതാണല്ലോ യഥാര്‍ത്ഥ ആഘോഷം. ഓരോരുത്തരും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആസ്വദിക്കുന്ന ആഘോഷമാണ് കുടുംബസംഗമം എന്ന് പറയാം. കുട്ടികളുടെ ബഹളവും വലിയവരുടെ സംസാരങ്ങളും സ്ത്രീകളുടെ കളിചിരികളുമെല്ലാം ചേരുമ്പോള്‍, സന്തോഷത്തിന്റെ ഒരായിരം പൂത്തിരികളാണ്

അവിടെ ഒന്നിച്ചുകത്തുന്നത്. മനസ്സറിഞ്ഞ് ചേരുന്ന ഇത്തരം കൂടലുകളാണ് പ്രകൃതി തീര്‍ക്കുന്ന ഏറ്റവും വലിയ കവിതയെന്നാണ് എന്റെ വിശ്വാസം. കുടുംബബന്ധത്തിന് ഇസ്‍ലാം കല്പിക്കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, ആ കവിതയില്‍ സൃഷ്ടികര്‍ത്താവായ തമ്പുരാന്‍റെ കൈയ്യൊപ്പ് പതിയാതിരിക്കില്ല..തീര്‍ച്ച.
പെയ്യാനായി കാത്തിരിക്കുന്ന കാര്‍മേഘം കണക്കെ, ഓര്‍മ്മകളില്‍ ഒരായിരം പഴങ്കഥകള്‍ ഇനിയും ബാക്കിനില്ക്കുന്നുണ്ടെന്ന് ആ മുഖഭാവം വളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും വാഹനം ലക്ഷ്യസ്ഥാനത്തിലേക്കെത്തിലെത്തിയിരുന്നതിനാല്‍ തല്‍ക്കാലം അവിടെ ഒരു കോമയിട്ട് ഞങ്ങളും അദ്ദേഹത്തോടൊപ്പം പുറത്തിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter