സത്യത്തില്‍ ആരാണ് കല്‍ക്കി അവതാരം?

ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്.

കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്.

കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്.

നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്.

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. 

കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു.

കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം.

'കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു.

ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു.

ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു.

കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ് യുക്തിഭദ്രമായി സമര്‍ഥിക്കുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter