കര്‍മ്മശാസ്ത്രം ഒരാമുഖം

അതി ബൃഹത്തായ ഒരു വിജ്ഞാനശാഖയാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം. വ്യക്തിപരവും, സാമൂഹികപരവുമായ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഈ വിജ്ഞാനശാഖയുടെ അഭാവത്തില്‍ നാം ചെയ്യുന്ന സുകൃതങ്ങളും ഇടപാടുകളും സ്വീകാര്യമാവുകയില്ല.വിശദമായ തെളിവുകളില്‍ നിന്ന് ഇജ്ത്തിഹാദ് (ഗവേഷണം)മുഖേന സമ്പാദിക്കുന്നതും കര്‍മ്മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കുന്നതുമായ വിജ്ഞാനശാഖക്കാണ് ഫിഖ്ഹ് (കര്‍മ്മശാസ്ത്രം) എന്ന് പറയുന്നത്. തെളിവുകള്‍ എന്നതിന്റെ വിവക്ഷ ഖുര്‍ആനും സുന്നത്താണ്.

ഈ ലോകത്തെ സൃഷ്ടികളില്‍ നിന്നും ഏറ്റവും ശ്രേഷ്ഠമുള്ള വിഭാഗമായിട്ടാണ് മാനവരാശിയെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഏറ്റവും മഹത്തായ ഒരു ജീവിത പദ്ധതി അല്ലാഹു അവര്‍ക്ക് നല്‍കി. അതാണ് പരിശുദ്ധ ദീനുല്‍ ഇസ്‌ലാം. ഇതിന്റെ പ്രബോധനത്തിനായി ലക്ഷക്കണക്കിന് പ്രവാചകന്മാരെ അല്ലാഹു നിയോഗിക്കുകയും ചെയ്തു. അവസാനത്തെ പ്രവാചകനായത് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെട്ടത്. പ്രബോധന ജീവിതത്തിന്റെ അന്ത്യഘട്ടതില്‍ പ്രസ്തുത പദ്ധതി പരിപൂര്‍ണ്ണമായിക്കഴിഞ്ഞുവെന്ന സന്ദേശം അല്ലാഹു നബി(സ) ക്ക് നല്‍കി. വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലുമായാണ് ഇത് മുഴുവനും വിവരിക്കപ്പെട്ടിട്ടുള്ളത്.

മാനവരാശിയുടെ സൃഷ്ടിപ്പിന്റെ മുഖ്യഹേതുവായി പടച്ചവന്‍ വിശദീകരിച്ചത് അവനെ ആരാധിക്കലാണ്. ആരാധന കര്‍മ്മങ്ങളില്‍ പ്രധാനപ്പട്ടവ നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നവയാണ്. കര്‍മ്മശാസ്ത്രത്തിലെ ഇബാദത്ത് എന്ന പതിപ്പിലാണ് ഇവകള്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ് ഈ ലോകത്ത് ജീവിക്കുമ്പോള്‍ അവന്‍ സമൂഹവുമായി പലപ്പോഴും ബന്ധപ്പെടേണ്ടി വരും അത് സാമ്പത്തിക ഇടപാടായിരിക്കും. ഇതിന് വ്യത്യസ്ത തലങ്ങളുണ്ട്. അതെല്ലാം കര്‍മ്മശാസ്ത്രത്തിലെ മുആമലാത്ത് എന്ന പതിപ്പിലാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. ദാമ്പത്യജീവിതമാണ് മനുഷ്യജീവിതത്തിലെ മറ്റൊരു സുപ്രധാന മേഖല. ഇതിനു വിവിധ വശങ്ങളുണ്ട്. അതെല്ലാം മുനാകഹാത്ത് എന്ന വകുപ്പില്‍പെടുന്നു.

മനുഷ്യര്‍ പരസ്പരം സഹിഷ്ണുതയോടും, സമാധാനത്തോടും കൂടി ജീവിക്കേണ്ടവരാണ്. എന്നാല്‍ പലപ്പോഴും ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ച് വികാരത്തിന് അടിമപ്പെട്ട് പല അക്രങ്ങളും പ്രവര്‍ത്തിക്കുന്നു. അത്തരക്കാരെ സ്വതന്ത്രമായി കയറൂരിവിട്ടാല്‍ ലോകത്തിന്റെ സമാധാനാന്തരീക്ഷം തകരുന്ന അവസ്ഥയാണ് സംജാതമാവുക. ഇത്തരം അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായി ചില ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം. ഇതിലും പല രീതികളുണ്ട്. അതെല്ലാം ജിനായത്ത് എന്ന വകുപ്പിലാണ് കര്‍മമ്ശാസ്ത്ര പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത നാല് വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കര്‍മ്മശാസ്ത്ര വിഷയങ്ങളിലെല്ലാം കാലികമുള്‍പ്പെടെ അഖിലപ്രശ്‌നങ്ങള്‍ക്കും ഖുര്‍ആനിലും സുന്നത്തിലും പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ”നിങ്ങള്‍ക്ക് വേണ്ടി ദീനിനെ ഞാന്‍ പൂര്‍ത്തിയാക്കി തന്നിരിക്കുന്നു”. എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചതിന്റെ വിവക്ഷ പ്രസ്തുത ഖുര്‍ആനിലും സുന്നത്ത് ഗവേഷണം നടത്തിയാല്‍ ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരം അതില്‍ നിന്നും ലഭിക്കാത്ത വിധത്തില്‍ അടിത്തറ കെട്ടുകയും മൂലസിദ്ധാന്തങ്ങള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്.

 ഇജ്തിഹാദ്

മതവിധികളെ സംബന്ധിച്ച് വ്യക്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരുവാനായി നിബന്ധനകള്‍ ഒത്ത് ചേര്‍ന്ന ഒരു കര്‍മ്മശാസ്ത്ര പണ്ഡിതന്‍ തെളിവുകള്‍ പരിശോധിക്കുന്നതില്‍ അയാളുടെ മുഴുവന്‍ കഴിവും  ഉപയോഗിക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത്. (ജഉല്‍ ജവാമിഅ്) ”സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെയും, റസൂലിനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. (ഖുര്‍ആന്‍ 4:59) കൈകാര്യ കര്‍ത്താക്കള്‍ എന്നതിന്റെ വിവക്ഷ മുജ്തഹിമുകളാണെന്ന് ഇസ്ല്‍ അജാസ്(റ), ഹസനുബസ്സരി (റ) ഇഹ്ഹാക്ക് (റ), മുജാഹിദ് (റ) തുടങ്ങിയവര്‍ പറഞ്ഞിട്ടുണ്ട്. ”ആരെങ്കിലും സത്യകര്‍മ്മം വ്യക്തമായശേഷം റസൂലിനെതിരാവുകയും, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തത് സ്വീകരിക്കുകയും ചെയ്താല്‍ അവനേറ്റെടുത്തകാര്യം അവന് നാം അധികാരപ്പെടുത്തിക്കൊടുക്കുകയും അവനെ നരകത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും (ഖുര്‍ ആന്‍ 4:115) സത്യവിശ്വാസികളുടെ മാര്‍ഗമെന്നത് മുജ്തഹിമുകളുടെ ഇജ്മാഅ് ആണെന്ന് ഖുര്‍ആന്‍ വ്യാഖാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) മുആദ് (റ) നെ യമനിലേക്ക് അയക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തോട് ചോദിച്ചു ”താങ്കള്‍  വല്ല പ്രശ്‌നത്തെയും നേരിടേണ്ടിവന്നാല്‍ എങ്ങിനെയാണ് വിധിക്കുക”. അദ്ദേഹം പറഞ്ഞു. ഞാന്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് വിധിക്കും. അവിടുന്ന് ചോദിച്ചു. അല്ലാഹുവിന്റെ കിതാബില്‍ കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു. ഞാന്‍പ്രവാചകരുടെ സുന്നത്ത് കൊണ്ട് വിധിക്കും. അവിടുന്ന് ചോദിച്ചു. പ്രവാചകരുടെ സുന്നത്തിലും കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഞാന്‍ കഴിവിന്റെ പരമാവധി ഇജ്തിഹാദ് ചെയ്യും. അപ്പോള്‍ നബി(സ) ദുആദ്(റ)ന്റെ നെഞ്ചത്ത് തട്ടികൊണ്ട് പറഞ്ഞു. ”അല്ലാഹുവിന്റെ റസൂല്‍ തൃപ്തിപ്പെട്ട കാര്യങ്ങളിലേക്ക് റസൂലിന്റെ റസൂലിനു (ദൂതന്) തൗഫീഖ് നല്‍കിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും (തിര്‍മുദി, അബൂദാവൂദ്). എല്ലാപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഖുര്‍ആനിലും, സുന്നത്തിലും സുവ്യക്തമായി കണ്ടെന്ന്       അങ്ങനെയുള്ള ഘട്ടത്തില്‍ അവ രണ്ടിലും ഇജ്തിഹാദ് ചെയ്ത് പരിഹാരം കാണുകയാണ് വേണ്ടതെന്നു ഈ സംഭവം തെളുയിക്കുന്നു. മുആദ്(റ)നെപ്പോലെ ഇജ്തിഹാദിന് കഴിവുള്ളവര്‍ക്കേ ഇത് ബാധകമാവൂ എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മുആദ്(റ)നെ വാഴ്ത്തുന്നതിലൂടെ അദ്ദേഹത്തിന്റെ ഇജ്തിഹാദും അദ്ദേഹത്തെ അംഗീകരിക്കുന്നവരുടെ തഖ്‌ലീദും നബി(സ) ശരിവെക്കുകയാണിവിടെ ചെയ്യുന്നത്. ഇജ്തിഹാദ് വളരെ ഗൗരവമേറിയ സംഗതിയും അത് നിര്‍വ്വഹിക്കുന്ന ആള്‍ക്ക് അസാമാന്യമായ യോഗ്യതയും അഗാധമായ പാണ്ഡിത്യവും അനിവാര്യമാണ്. ഉസൂലില്‍ ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളില്‍ അവകളൊക്കെ സവിത്സരം പ്രതിബാധിപ്പിക്കപ്പെട്ടിട്ടുണ്ട്.

മദ്ഹബ്

മദ്ഹബ് എന്ന വാക്കിന് അഭിപ്രായഗതി പദ്ധതി എന്നിങ്ങനെ അര്‍ത്ഥങ്ങളുമുണ്ട്. അതിനെ ഒരാളോട് ചേര്‍ത്തിപ്പറഞ്ഞാല്‍ അയാളുടെ അഭിപ്രായമെന്തായി. ഉദാഹരണമായി ഇമാം ശാഫി (റ)യുടെ മദ്ഹബെന്നാല്‍ ആ മഹാന്റെ അഭിപ്രായമെന്തായി. ഒരു മുജ്തഹിദ് ഖുര്‍ആനിലും ഹദീസിലും ഇജ്തിഹാദ് ചെയ്ത് ഉന്നയിക്കുന്ന അഭിപ്രായമാണ് ഇവിടെ മദ്ഹബ് കൊണ്ട് വിവക്ഷിക്കുന്നത്. സഹാബാക്കള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരുടെ കാലങ്ങളില്‍ അനേകം മദ്ഹബുകള്‍ ഉണ്ടായിരുന്നു. അവകളെല്ലാം സത്യസന്ധമായ മദ്ഹബുകള്‍ തന്നെയായിരുന്നു കാലാന്തരത്തില്‍ അവയുടെ അനുയായികള്‍ ചുരുങ്ങിവരികയും അവസാനം നാമമാത്രമായി ചുരുങ്ങിപ്പോവുകയുമാണ് ചെയ്തത്. എന്നാല്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ കര്‍മ്മശാസ്ത്ര രംഗത്ത് നാല് മദ്ഹബുകള്‍ അവശേഷിച്ചു. എക്കാലത്തും നിസ്വാര്‍ത്ഥരായ ധാരാളം അനുയായികള്‍ അവര്‍ക്കുണ്ടായി എന്നതാണ് അതിന് കാരണം, ഹനഫി, ഹമ്പലി, ശാഫി, മാലിക്കി എന്നീ മദ്ഹബുകളാണ് പ്രസ്തുത നാലെണ്ണം: ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍  നിന്നും മതനിയമം ഗവേഷണം ചെയ്ത് പുറത്തെടുക്കാന്‍ കഴിവില്ലാത്തവര്‍ മതവിധികളില്‍ മുജ്തഹിദുകളെ തഖ്‌ലീദ് ചെയ്യുകയല്ലാതെ നിര്‍വാഹമില്ല. ലോക പ്രശസ്ത ഹദീസ് പണ്ഡിതരായ ബുഖാരി(റ), മുസ്‌ലിം(റ) അബുദാവൂദ് (റ), തിര്‍മുദി(റ), നസാഈ(റ) ഇബ്‌നുമാജ(റ) തുടങ്ങിയവരൊക്കെ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. അംഗീകരിക്കപ്പെടുന്ന ഒരൊറ്റ മുഹദിസും കഴിഞ്ഞ കാലങ്ങളില്‍ മദ്ഹബിനെ നിഷേധിച്ചതായി കാണാന്‍ സാധിക്കില്ല. ഇതില്‍ നിന്ന് തന്നെ മദ്ഹബ് സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യമാവുന്നു.

ഒരു വിഷയത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയിലുള്ള വ്യത്യാസ വീക്ഷണങ്ങളെ പൊക്കിപ്പിടിച്ച മദ്ഹബ് വിരോധികള്‍ സാധാരണക്കാര്‍ക്കിടയില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. ”നമ്മില്‍ മുജാഹിദ് ചെയ്യുന്നവര്‍ക്ക് നമ്മുടെ പലവഴികളിലേക്ക് നാം സന്മാര്‍ഗ ദര്‍ശനം നല്‍കും”. അല്ലാഹുവില്‍ അദ്ധ്വാനിക്കുന്നവരായ മുജ്തഹിദുകള്‍ ഖുര്‍ആനിലൂടെ കണ്ടെത്തുന്ന വഴികള്‍ രക്ഷയുടെ മര്‍ഗങ്ങളാണെന്നും അവ പലതുമുണ്ടാവുമെന്നും അതെല്ലാം അല്ലാഹുവിന്റെ മാര്‍ഗ്ഗങ്ങളാണെന്നും ഈ ഖുര്‍ ആന്‍ വാക്യത്തില്‍ നിന്ന് വ്യക്തമാവുന്നു. ”എന്റെ അനുയായികളിലെ (മുജ്തഹിദുകളുടെ) അഭിപ്രായ വ്യത്യാസം ജനങ്ങള്‍ക്കൊരനുഗ്രഹമാണ് എന്ന നബി വാക്യവും (ബൈഹഖി) ഇവിടെ ചേര്‍ത്തി വായിക്കേണ്ടതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter