എന്താണ് നിസ്കാരം- നമുക്കൊന്ന് പരിചയപ്പെടാം

ലോകജനസംഖ്യയില്‍ ഭൂരിഭാഗവുംവിശ്വാസികളാണെന്നതാണ് സത്യം.അവരുടെയെല്ലാം ആരാധനകളും ആചാരങ്ങളും വ്യത്യസ്തമായിരിക്കും. ചില വിഭാഗങ്ങള്‍ക്ക് ജീവതത്തിന്‍റെ സര്‍വ്വ വശവും ബാധിക്കുന്ന നിയമങ്ങളും ആരാധനകളും ഉണ്ടാകുമെങ്കില്‍ മറ്റു ചിലതിന് ഏതാനും ചില ആചാരങ്ങള്‍ മാത്രമേ കാണൂ. ഇതരവിശ്വസികളുടെ മുഖ്യമായ ആരാധനാകര്‍മ്മങ്ങളെന്തെന്നും ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം എന്തൊക്കെയാണ് നടക്കുന്നതെന്നും പരസ്പരം മനസ്സിലാക്കുന്നത്, സൌഹാര്‍ദ്ധപൂര്‍ണ്ണമായ ജീവിതത്തിന് ഏറെ സഹായകമാവും, വിശിഷ്യാ ബഹുസ്വര സമൂഹമായ നമ്മുടെ ഇന്ത്യയില്‍. മുസ്‍ലിം പള്ളികളില്‍ എന്തെല്ലാം നടക്കുന്നു എന്നും അതിലെ ഏറ്റവും പ്രധാനമായ നിസ്കാരം എന്താണ് എന്നുംമറ്റുള്ളവര്‍ക്ക്മനസ്സിലാക്കി കൊടുക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്.

പള്ളികള്‍ നിര്‍മിച്ചിട്ടുള്ളത് മുസ്‍ലിംകള്‍ക്ക്നമസ്കാരം എന്ന നിത്യ പ്രാര്‍ത്ഥന പൊതുവായി നടത്തുവാന്‍ ഉള്ള ഒരു സ്ഥലമായിട്ടാണ്.സ്വാഭാവികമായും അവിടെ മതത്തിന്‍റെ നിയമങ്ങളും മറ്റും പറഞ്ഞു കൊടുക്കുകയും അത് പഠിക്കാന്‍ താല്‍കാലികമായോ സ്ഥിരമായോ ജനങ്ങള്‍ അവിടെ ഒത്തു കൂടുകയും അങ്ങിനെ അത് ഒരു മത പഠന കേന്ദ്രമായും ഉപയോഗപ്പെടുത്തുകയും ചെയ്യും. പള്ളിയോടു ചേര്‍ന്ന് ഭൂമിയുണ്ടെങ്കില്‍ അത് മരണാനന്തരം അന്ത്യ വിശ്രമാത്തിനുള്ള സൌകര്യമായും നമ്മുടെ നാടുകളില്‍ ചെയ്തു പോരുന്നു.നമ്മില്‍ നിന്ന് വിട പറഞ്ഞ പ്രിയപ്പെട്ടവരെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതിന് അത് അവസരം നല്‍കുന്നു.മരണപ്പെട്ടവരുടെ ലോകത്തിലൂടെ എന്ന പോലെ അത്തരം ശ്മശാനങ്ങളിലൂടെ നടന്നു പള്ളിയില്‍ എത്തുമ്പോള്‍ സ്വാഭാവികമായും നമ്മില്‍ മരണം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്താനും കൂടുതല്‍ നന്മയുള്ളവരായി ജീവിക്കാനും പ്രേരിപ്പിക്കും.

നമുക്ക് ഇനി നിസ്കാരത്തിലേക്ക് വരാം. ഇതര മതസ്ഥര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകാന്‍ ഇതിനെ നമുക്ക് യോഗയോട് താരതമ്യംചെയ്തു മനസ്സിലാക്കാന്‍ ശ്രമിക്കാം. ശരീരത്തെ വഴക്കി നിര്‍ത്തി, മനസ്സിനെ എകാഗ്രമാക്കി, ആത്മാവിനു സംതൃപ്തി നല്‍കുന്ന അനുഷ്ഠാന ക്രിയയാണല്ലോ യോഗ. യോഗ ചെയ്യുന്നതിലൂടെ മനസ്സിന് ശാന്തിയും ശരീരത്തിന് ഊര്‍ജ്ജ്വസ്വലതയും ലഭിക്കുന്നു. ഇന്ത്യ ലോകത്തിനു നല്‍കിയ സംഭാവനയാണ് യോഗയെന്നത് പോലെ, ഇസ്‍ലാം ലോകത്തിന് നല്‍കിയ സമഗ്രമായ ഒരു യോഗയാണ്നിസ്കാരം എന്ന് പറയാനാവും.എന്നാല്‍ മുസ്‍ലിംകള്‍നിസ്കാരത്തെ യോഗ എന്നതിനേക്കാള്‍ സ്രഷ്ടാവിനുള്ള ഒരു കീഴ്വണക്കമായും തികഞ്ഞ ആരാധനയായും മാത്രമാണ് കാണുന്നതെന്ന് കൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.അത് കൊണ്ട് തന്നെയാവാം, ഇതരമതസ്ഥരില്‍, നിസ്കാരത്തെ കുറിച്ച് അടുത്തറിയാന്‍ ശ്രമിച്ചവര്‍ക്ക് മാത്രമേ ഇതേകുറിച്ച് അധികം മനസ്സിലാക്കാനായിട്ടുള്ളൂ.അവര്‍ക്കായി നിസ്കാരത്തെയും യോഗയെയും കര്‍മ്മങ്ങള്‍ തിരിച്ച് താരതമ്യം ചെയ്യാമെന്ന് തോന്നുന്നു.

നമസ്കാരം എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാമെങ്കിലും ഒരു മുസ്‍ലിമിന് ദിവസവും അഞ്ചു തവണയെങ്കിലും ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്‌. ദിവസത്തിന്‍റെ പല സമയങ്ങളിലായി ഇത് ചെയ്യേണ്ടതുണ്ട്. ഈ നിര്‍ബന്ധ നിസ്കാരത്തിന്‍റെ സമയമായെന്നു അറിയിക്കുന്നതിനാണ് പള്ളിയില്‍ നിന്നും ബാങ്ക് വിളിക്കുന്നത്‌.  അല്ലാഹുവിനെ വാഴ്ത്തുകയും അവനിലും പ്രവാചകനിലുമുള്ള വിശ്വാസം സാക്ഷ്യപ്പെടുത്തുകയും നമസ്കാരത്തിലേക്ക് വരുന്നതിനെ ഉണര്‍ത്തുകയുമൊക്കെ ചെയ്യുന്ന വാക്കുകള്‍ ഒരു പ്രദേശത്തെ വിശ്വാസികള്‍ എല്ലാവരും കേള്‍ക്കുന്ന തരത്തില്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നതാണ് ബാങ്ക്.

യോഗയുടെ അടിസ്ഥാനം ചാഞ്ചാടുന്ന നമ്മുടെ മനസ്സിനെ ഒരു കാര്യത്തില്‍ കേന്ദ്രീകരിച്ചു അതിനെ ഊര്‍ജ്ജ്വസ്വലമാക്കുക എന്നതാണല്ലോ.നിസ്കാരത്തില്‍ മുസ്‍ലിംകള്‍ മനസ്സിനെ ബന്ധിപ്പിക്കുന്നത് അവരുടെ സ്രഷ്ടാവായ അല്ലാഹുവുമായാണ്. യോഗയിലെ വ്യത്യസ്ത ആസനങ്ങള്‍ പോലെ നിസ്കാരത്തിനും വിവിധ മുറകളുണ്ട്.എന്നാല്‍ പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചെയ്യനുള്ളതായതിനാല്‍ ഇതില്‍ പ്രയാസകരമായ യോഗാസന മുറകളൊന്നും  തന്നെ ഇല്ലെന്ന് പറയാം.

യോഗയെപ്പോലെ, നിസ്കാരത്തിലേക്ക് പ്രവേശിക്കും മുമ്പ് മുമ്പ് ശരീരം ശുദ്ധിയാകേണ്ടിയിരിക്കുന്നു. ശുദ്ധിയുള്ള ശരീരത്തിലേ എകാഗ്രതയുള്ള മനസ്സുണ്ടാകൂ. നിസ്കാരത്തിന് വേണ്ടി കൈയ്യും മുഖവും കാലുകളും ശുദ്ധിയാക്കുന്നതിനെയാണ് മുസ്‍ലിംകള്‍ ‘വുളൂഅ്’ എന്ന് പറയുന്നത്.നിര്‍വ്വഹിക്കുന്ന സ്ഥലവും ശുദ്ധിയാകണം. അവിടെ നമ്മുടെ ശ്രദ്ധ വഴി തെറ്റിക്കുന്ന ഒന്നും പാടില്ല. അത്തരത്തിലുള്ള കേന്ദ്രമാണ് പള്ളികള്‍, അവിടത്തെ വിരിപ്പുകള്‍ പോലും ശ്രദ്ധ തെറ്റിക്കാത്ത വിധമായിരിക്കണമെന്നാണ് നിയമം. നമ്മള്‍ധരിച്ചിരിക്കുന്ന വസ്ത്രവും ശുദ്ധിയാകേണ്ടതുണ്ട്. നഗ്നത പുര്‍ണമായും മറച്ചിരിക്കണം.  അല്ലെങ്കില്‍ അത് നമ്മുടെയൊ നമ്മുടെ കൂടെ കര്‍മ്മം ചെയ്യുന്നവരുടെയോ ശ്രദ്ധ വഴിതെറ്റുന്നതിന്കാരണമാകും.വെളുത്ത വസ്ത്രമാണ് ഉത്തമം. അത് നമ്മുടെ ചിന്തകള്‍ക്ക് നിറം പകരുന്നത് ഒഴിവാക്കും. തനിച്ചാണ് ഇത് ചെയ്യുന്നതെങ്കില്‍ തന്‍റെ മുന്നില്‍ ഒരു മറ ഉണ്ടായിരിക്കുന്നത് ഉത്തമമാണ്. ദൃഷ്ടികള്‍ മറ്റെന്തിലെങ്കിലും പതിഞ്ഞു  ഏകാഗ്രത നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അത് സഹായിക്കും. വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തമാകുന്നത് വളരെ ഉത്തമമാണ്. ഇതെല്ലാം നിസ്കാരമെന്ന യോഗയുടെ മുന്നൊരുക്കങ്ങളാണ്.

നിന്നും ഇരുന്നും കിടന്നുമെല്ലാമായി വിവിധ ആസനങ്ങളാണ് യോഗയിലുള്ളത്. നിസ്കാരത്തിലും സമാനമായത് കാണാനാവും. നില്‍ക്കാന്‍ കഴിയുന്നവര്‍ നിന്ന് കൊണ്ടാണ് നിസ്കാരം തുടങ്ങേണ്ടത്. മക്കയിലെ ‘കഅ്ബ’ എന്ന മന്ദിരം സ്ഥിതി ചെയ്യുന്ന ദിശയിലേക്കാണ് ഇതില്‍ മുഖം തിരിക്കേണ്ടത്. ഏകതാബോധം വരുത്താന്‍ ഇത് സഹായിക്കുന്നു. നിസ്കാരത്തിലേക്ക് പ്രവേശിക്കും മുമ്പ്മനസ്സിനെ മറ്റെല്ലാ ചിന്തകളില്‍ നിന്നും മാറ്റി നിര്‍ത്തിശാന്തമാക്കുക.  അനന്തരം അല്ലാഹുവിന്‍റെ സന്നിധിയിലേക്ക് പോകുന്നു എന്ന കരുത്തോടെ‘അല്ലാഹു ഉന്നതന്‍’ എന്നപദം ഉച്ചരിക്കുന്നതോടെ അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആ തിരു സന്നിധിയില്‍ എത്തിയ പ്രതീതി മനസ്സില്‍ വരുന്നു.അല്ലാഹുവിന്‍റെ സന്നിധിയില്‍ എത്തിയാല്‍ പിന്നെ ശരീരം ആവശ്യമില്ലാതെ അനക്കി ഏകാഗ്രത നഷ്ടപ്പെടുത്തരുത്.ആദ്യമായി സ്രഷ്ടാവിനോടുള്ള വിധേയത്വം വെളിവാക്കുന്ന ഏതാനും വാക്കുകള്‍ ഉച്ചരിക്കണം. അതിനു ശേഷം ഖുര്‍ആനിലെ ആദ്യ അധ്യായം പാരായണം ചെയ്യുന്നു.

അല്ലാഹുവിന്‍റെ നാമത്തില്‍ തുടങ്ങി അവന്‍ തനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകടിപ്പിക്കകയാണ് അതിലെ ആദ്യ ഭാഗം.പിന്നെ അല്ലാഹുവിന്‍റെ കാരുണ്യത്തെയും മഹത്ത്വത്തെയും വാഴ്ത്തുന്നു. സ്രഷ്ടാവിന്‍റെ മുമ്പില്‍ മാത്രമേ താന്‍ തല കുനിക്കുകയുള്ളു എന്ന് പ്രഖ്യാപിക്കുന്നു. നന്മയുടെ പാതയിലേക്ക് നയിക്കാന്‍ സ്രഷ്ടാവിനോട്‌ അപേക്ഷിക്കുകയും തിന്മയുടെ പാതയില്‍ നിന്ന് സംരക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.ഈ പാരായണ ശേഷം ഖുര്‍ആനില്‍ നിന്നുള്ള മറ്റു ഏതെങ്കിലും സൂക്തങ്ങള്‍ ഉരുവിട്ട് കൊണ്ട് നമുക്ക് ഈനില്‍പ്പ് എത്രയും ദീര്‍ഘിപ്പിക്കാം.അതിനു ശേഷം അടുത്ത പൊസിഷനിലേക്ക് കടക്കാം.

ഒരു പൊസിഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോഴെല്ലാം തുടക്കത്തില്‍ നാം ഉരിവിട്ടപോലെ ‘അല്ലാഹു വലിയവനാണ്’ എന്ന വാക്കിലൂടെ മനസ്സിനെ ആ സന്നിധിയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തുന്നു. അരക്ക് മീതെയുള്ള ശരീര ഭാഗങ്ങള്‍ ഭുമിക്ക് തിരശ്ചീനമായി 90 ഡിഗ്രി ആങ്കിളില്‍ ശരീരം വളച്ചു കൈകള്‍ ഇരു കാല്‍ മുട്ടിലും വെച്ച് ദൃഷ്ടികള്‍ താഴോട്ടാക്കി നില്‍ക്കുന്നു. ഏകാഗ്രത കൈവിടാതിരിക്കാന്‍ തന്‍റെ യജമാനനെ പ്രകീര്‍ത്തിക്കുന്നു. ഏതാനും നിമിഷങ്ങള്‍ ഈ പൊസിഷനില്‍ നിന്നതിനു ശേഷം വീണ്ടും പഴയപടി നിവര്‍ന്നു നില്‍ക്കുന്നു.  ഇവിടെയും ഏതാനും നിമിഷങ്ങള്‍ സ്രഷ്ടാവിനെ സ്തുതിച്ചുകൊണ്ട്അടക്കത്തോടെ നില്‍ക്കുന്നു.

അടുത്ത യോഗ മുറ കീഴടങ്ങലിന്‍റെയും ഏകാഗ്രതയുടെയും പരമമായ രൂപമാണ്. അതിനു ‘സുജൂദ്’ എന്ന് പറയുന്നു. തന്‍റെ ഇരു പാദങ്ങളുടെവിരലുകളും ഇരു കാല്‍ മുട്ടുകളും ഇരു കൈ പത്തിയും നെറ്റിയും എല്ലാം നിലത്ത് ചേര്‍ത്ത് വെച്ച്,താന്‍ എന്ന അസ്തിത്വമടക്കംസര്‍വ്വവും യജമാനന് സമര്‍പ്പിക്കുന്ന സായൂജ്യത്തിന്റെ രംഗമാണ് ഇത്. മനസ്സിനെ എകാഗ്രമാക്കാന്‍ അല്ലാഹുവിനെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്ന പ്രത്യേക പദങ്ങള്‍ ഉരുവിട്ടുകൊണ്ടാകണം ഇത്. ഇത് വേണ്ടുവോളം ദീര്‍ഘിപ്പിക്കാവുന്നതുമാണ്.

അടുത്തത് ഇരുന്നു കൊണ്ടുള്ള മുറയാണ്‌. കാലുകള്‍ മടക്കി അവയുടെ മേല്‍ ഇരുന്ന് കൈകള്‍ ഇരു കാല്‍ മുട്ടിലും വെച്ച് അല്‍പ സമയം ഇരിക്കുക. അപ്പോഴും യജമാനന്‍റെ അനുഗ്രഹങ്ങളെ തേടിക്കൊണ്ടിരിക്കുക. ശേഷം വീണ്ടും ഒരു തവണ കൂടി സര്‍വ സാഷ്ടാംഗ പ്രണാമമായ സുജൂദിലേക്ക്  മടങ്ങി ഏതാനും നിമിഷങ്ങള്‍ സ്രഷ്ടാവിനെ വാഴ്ത്തുകയും ചെയ്യുക.

ഇത്രയുമാണ് നിസ്കാരത്തിന്റെ മുഖ്യ പൊസിഷനുകള്‍. ഈ ഒരാവൃത്തിയെ ഒരു ‘റക്അത്ത്’ എന്ന് വിളിക്കുന്നു.ആദ്യത്തെരണ്ടു റക്അത്ത് കഴിയുമ്പോള്‍ കുറച്ചു ദീര്‍ഘമായി ഇരിക്കണം.  ഈ ഇരുത്തത്തില്‍ നിസ്കാരം എന്ന ദൈവ സന്നിധിയിലേക്ക് പ്രവേശിക്കാനുള്ള അവസരം അനുയായികള്‍ക്ക് എത്തിച്ചു തന്ന പ്രവാചകന്‍, അല്ലാഹുമായി നടത്തിയ കൂടിക്കാഴ്ചയിലെ ആമുഖ സംഭാഷണം ഉരുവിടുന്നു.അതിനു ശേഷം ഇസ്‍ലാമിലേക്ക് വരുന്നതിന്നിര്‍ബന്ധമായി ഉരുവിടേണ്ട സ്രഷ്ടാവിലും അവന്‍റെ സന്ദേശം മനുഷ്യരില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകരിലും ഉള്ള വിശ്വാസം പ്രഖ്യാപിക്കുന്ന സാക്ഷ്യവാക്യം ഉരുവിടുന്നു. ശേഷം പ്രവാചകര്‍ക്കും അവരുടെ കുടുംബത്തിനും സ്രഷ്ടാവിന്‍റെ അനുഗ്രഹം ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.ഓരോ നിസ്കാരവും അവസാനപ്പിക്കുന്നതും ഇത്തരത്തില്‍ ഇരുന്നു കൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങളെല്ലാംഉരുവിട്ടുകൊണ്ടാണ്. അവസാനിപ്പിക്കുന്നതിന് മുമ്പായിതിന്മകള്‍ എല്ലാം മാപ്പാക്കാന്‍സ്രഷ്ടാവിനോട് അപേക്ഷിക്കുകയുംഈ ലോകത്തും മരണാനന്തരവും നന്മ ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അവസാനം‘സ്രഷ്ടാവിന്‍റെ സംരക്ഷണവും അനുഗ്രഹവും എല്ലാവരിലും ഉണ്ടായിരിക്കട്ടെ’ എന്ന അഭിവാദ്യവാക്യം, വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്രണ്ട് തവണ ഉരുവിടുന്നതോടെ ഈ കൂടിക്കാഴ്ച അവസാനിക്കുന്നു. ഇത്രയുമാണ് നിസ്കാരത്തിന്‍റെ മുഖ്യ കര്‍മ്മങ്ങള്‍.

നിത്യവും അഞ്ചു തവണ ചെയ്യേണ്ട നമസ്കാരങ്ങളില്‍ ഓരോ സമയത്തും നിര്‍വ്വഹിക്കേണ്ടതിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. പ്രഭാതത്തില്‍ സുര്യന്‍ ഉദിച്ചുവരുന്നതിന്നു മുമ്പാണ് ആദ്യമായി ചെയ്യേണ്ടത്. ഉറക്കില്‍ നിന്നും എണീറ്റ്‌ ഉന്മേഷവാനായിരിക്കുന്ന പ്രഭാതത്തില്‍ രണ്ടു റക്അത്ത് ചെയ്യണമെന്നേ നിര്‍ബന്ധമുള്ളൂ.  അടുത്തത് സൂര്യകിരണങ്ങള്‍ ഏറ്റവും കാഠിന്യാവസ്ഥയില്‍ തലയ്ക്കു മീതെ വരുന്ന സമയത്താണ്. ശരീരവും മനസ്സും ഒരുപാട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ സാധ്യതയുള്ള ഈ സമയത്ത് ഇത് നാലു റക്അതുകളാണ് ചെയ്യേണ്ടത്. അടുത്തത് സുര്യകിരണങ്ങള്‍ തീര്‍ക്കുന്ന നിഴല്‍ ആ വസ്തുവിന്റെ അത്ര തന്നെയാവുന്ന സമയത്താണ്. അതും നാല് റക്അത്ത് ആണ് ചെയ്യേണ്ടത്. ദിവസത്തിന്‍റെ അന്ത്യം കുറിച്ച് സുര്യന്‍ പടിഞ്ഞാറു മായുമ്പോള്‍ പിന്നെയും ധ്യാനത്തില്‍ മുഴുകണം. മൂന്നു ആവൃത്തി (റക്അത്) ആണ് ഈ സമയം ചെയ്യേണ്ടത്. അസ്തമയ സുര്യന്റെ ശേഷിപ്പുകള്‍ ആകാശത്ത് നിന്നും മാറിയാല്‍ വീണ്ടും നാല് റക്അത് കൂടി ചെയ്ത് മനസ്സിനെ ശാന്തിയുടെ തീരത്തേക്ക് എത്തിച്ച് വേണം ഉറക്കിലേക്കും വിശ്രമത്തിലേക്കും കടക്കാന്‍. നിര്‍ബന്ധമാക്കപ്പെട്ട നമസ്കാരങ്ങള്‍ക്ക് പുറമേ ഒരു വിശ്വാസിക്ക് ഇഷ്ടം പോലെ ഐഛികമായി പല തവണ ഇത്തരത്തില്‍ കര്‍മ്മങ്ങള്‍ ചെയ്ത് ദൈവ സന്നിധിയിലെത്താവുന്നതാണ്. സമയക്രമത്തെ കുറിച്ചും അതറിയിക്കാനുള്ള ബാങ്കിനെ കുറിച്ചും വിശദമായി അടുത്ത കുറിപ്പില്‍ എഴുതാം.

നമസ്കാരം വഴി വ്യക്തിയുടെ മാനസിക-ശാരീരിക ക്ഷമത മാത്രമല്ലഉന്നമാക്കുന്നത്. സാമുഹിക ബന്ധങ്ങള്‍ ശക്തിപ്പെടെണ്ടതിന്‍റെ ആവശ്യകതയും ഇത് ലക്ഷ്യം വെക്കുന്നു. തനിച്ചു ചെയ്യുന്നതിനേക്കാള്‍ സമുഹമായി ചെയ്യുന്നത് വളരെ പ്രോയോജനകരമായി കണക്കാക്കുന്നതാണ് അത് കൊണ്ടാണ്. വീട്ടുകാരെല്ലാം ഇത് ഒരുമിച്ചു ചെയ്യുന്നതിലുടെ കുടുംബത്തില്‍ യോജിപ്പും ഐക്യവും ഉണ്ടാകുന്നു.പുരുഷന്മാര്‍ഇത് പ്രാദേശികമായി പള്ളിയില്‍ ഒരുമിച്ചു കൂടി ചെയ്യുന്നതാണ് ഉത്തമം. അത് സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തും. അതിനു പ്രദേശത്തെ ഏറ്റവും ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഒന്നിക്കണം. അതിനുള്ള വേദിയാണ് പള്ളികള്‍. എന്നാല്‍വെള്ളിയാഴ്ചകളില്‍ഒരു നാട്ടിലെമുഴുവന്‍ പുരുഷന്മാരുംപള്ളിയില്‍ ഒരുമിച്ചു കുടി ഇത് ഒരുമിച്ച്നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. അസുഖം, യാത്ര തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഇത് ഒഴിവാക്കാന്‍ ന്യായമുള്ളൂ. മധ്യാഹ്ന സമയത്ത് നടക്കുന്ന ഈ സമൂഹാരാധനയില്‍ സാധാരണയുള്ള നാല് ആവൃത്തിക്ക് പകരം രണ്ടു ആവൃത്തിയേ നിര്‍വ്വഹിക്കേണ്ടതുള്ളൂ.രണ്ട് ആവൃത്തിയുടെ സമയം, ആഴ്ചയില്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട ഉല്‍ബോധനത്തിന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.ഈ സംഗമത്തിലൂടെ ഒരു നാട്ടിലെ ആളുകള്‍ ആഴ്ച്ചയിലോരിക്കലെങ്കിലും പരസ്പരം കണ്ടു മുട്ടാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരമൊരുങ്ങുകയും അതിലൂടെ സാമുഹികമായും  മാനസികമായും ഉള്ള കെട്ടുറപ്പിന് സഹായമാകുകയും ചെയ്യുന്നു.

ഈ കര്‍മ്മങ്ങളെയെല്ലാം യോഗ പോലെ കാണാമെങ്കിലും, മുസ്‍ലിംകള്‍ ഇതിനെ‘നിസ്കാരം’ എന്നാണ് വിളിക്കുന്നത്.  ഒരു ഭൌതിക കര്‍മ്മമെന്നതിലുപരി, തന്‍റെ സ്രഷ്ടാവായ അല്ലാഹുവുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്ന ഈ കര്‍മ്മത്തെ തികഞ്ഞ ആരാധനയുടെയും ആത്മീയതയുടെയും പ്രതീകമായി കാണാന്‍ ഈ പേര് പോലും സഹായിക്കുന്നുണ്ട്. ഭൌതിക-ആത്മീയ-പാരത്രിക ജീവിതത്തെ വിജയകരമാക്കാന്‍പിന്തുടരുന്ന മത  വിശ്വാസത്തിന്‍റെ ഭാഗമാണ് വിശ്വാസിക്ക് ഇത്. സ്രഷ്ടാവായ അല്ലാഹു അവനോട് കല്പിച്ചതെല്ലാം തന്റെയും സമുഹത്തിന്റെയും നന്മക്ക് ഏറ്റവും യുക്തമാണെന്ന് അവന്‍ വിശ്വസിക്കുന്നു. അഞ്ചു നേരത്തെ നിസ്കാരത്തെ പ്രവാചകന്‍ ഉപമിച്ചത് ഒഴുകുന്ന നദിയോടാണ്. വിശ്വാസി അതില്‍ അഞ്ചു നേരം മുങ്ങി കുളിച്ചു തന്നിലെ അഴുക്കുകള്‍ കഴുകിക്കളയുകയും ശരീരം തണുപ്പിക്കുകയും മനസ്സിന് ശാന്തിയുടെ അനുഭൂതി നല്‍കുകയും ചെയ്യുകയാണ് അതിലൂടെ. സ്ഥിരബുദ്ധിയുള്ളവനും പ്രായത്തിന്‍റെ പക്വത എത്തിയവരുമായ ഓരോ മുസ്‍ലിമിനും നിത്യവും അഞ്ചു നേരം ഈ നിസ്കാരം നിര്‍ബന്ധമാണ്.  ഏകാഗ്രമായി അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ ചെയ്യുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കുന്നത് കുടാതെ അവന്‍റെ മനസ്സും ശരീരവും മാത്രമല്ല, സാമൂഹിക ബന്ധങ്ങളും എല്ലാം ശക്തിപ്പെടുന്നു. നിസ്കാരം നിങ്ങളെ എല്ലാ തിന്മകളില്‍നിന്നും തടഞ്ഞുനിര്‍ത്തുമെന്ന് ഖുര്‍ആന്‍ പറയുന്നതും അത് കൊണ്ട് തന്നെയാണ്. നിസ്കാരം എന്നത് കേവലം ഒരു ആചാരവും സത്ത നഷ്ടപ്പെട്ട ഏകാഗ്രതയില്ലാത്ത കര്‍മ്മങ്ങളും മാത്രമാവുമ്പോള്‍, ഇതെല്ലാം ഇല്ലാതാവുകയും ചെയ്യുന്നു, അതാണ് ഇന്ന് പലപ്പോഴും നാം കാണുന്നതും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter