വാങ്ക്; ലളിതമായ തത്വദർശനങ്ങളിലൂടെ

മുസ്‍ലിം സമൂഹത്തിന് തങ്ങളുടെ ജീവിതലക്ഷ്യങ്ങളെ ഓർത്തെടുക്കാനും ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കാനുമുള്ള പ്രേരകമാണ് പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായ വാങ്ക്. ദിനേന അഞ്ച് തവണ വാങ്ക് കേൾക്കുന്നുവെങ്കിലും, അതിന്റെ വാക്യങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ച് എപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ജീവിതത്തിന്റെ സർവ്വ മേഖലകളിലും അതിന്റെ  പ്രാധാന്യം നാം യഥാർത്ഥത്തിൽ ഗ്രഹിച്ചിട്ടുണ്ടോ?

നിര്‍ബന്ധ പ്രാർത്ഥനയായ നിസ്കാരത്തെ ഓർമ്മപ്പെടുത്തുകയാണ് വാങ്ക്. അതോടൊപ്പം, അത് നമ്മുടെ അസ്തിത്വത്തിന്റെ യുക്തി, ഭാഗധേയം, കർത്തവ്യങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ കൂടി ഓർമ്മപ്പെടുത്തുന്നു.
അക്ഷരാർത്ഥത്തിൽ, അദാൻ എന്നത് ശ്രദ്ധയെ സൂചിപ്പിക്കുന്നു.  അതിനാൽ തന്നെ മുസ്‌ലിംകളായ നാം വാങ്കിന്റെ സമയം നിശബ്ദത പാലിച്ച് സാകൂതം ശ്രദ്ധിക്കാൻ കൽപിക്കപ്പെട്ടവരാണ്. അതിന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാനും.

വാങ്കിന്റെ വാക്കുകളും വാക്യങ്ങളും ശ്രദ്ധയോടെ കേൾക്കുകയും അതിന്റെ വാക്യങ്ങളെക്കുറിച്ചും അവയുടെ ക്രമീകരണത്തെക്കുറിച്ചും ചിന്തിക്കുകയും ചെയ്താല്‍ ആശ്ചര്യകരമാം വിധം മുസ്‍ലിംകളുടെ ജീവിതത്തിന്റെ തത്ത്വചിന്ത ആ വാക്യങ്ങളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം. 
ആദ്യവാക്യം, അല്ലാഹു അക്ബർ (നാല് തവണ), അർത്ഥമാക്കുന്നത് അല്ലാഹുവാണ് അത്യുന്നതൻ എന്നാണ്. ദിനേന വാങ്കിന്റെ ആരംഭത്തിൽ നാല് തവണ ഈ വാക്യം കേൾക്കുമ്പോൾ, വാസ്തവത്തിൽ, സർവ്വശക്തനായ അല്ലാഹുവല്ലാതെ മറ്റാരും മഹത്വമുള്ളവരല്ലെന്ന് നാം ഉറപ്പിക്കുന്നു. അക്ബർ എന്ന വാക്ക്  അവൻ അതിശ്രേഷ്ഠനും തുലനം ചെയ്യാനാവാത്ത രൂപത്തിൽ മഹോന്നതനുമെന്നാണല്ലോ കുറിക്കുന്നത്.

അല്ലാഹു അവന്റെ ഗുണങ്ങളിലും പ്രവൃത്തികളിലും നാമങ്ങളിലും അദ്വിതീയനാണ് എന്ന വിശ്വാസമാണ് ഈമാനിന്റെ അനിവാര്യ ഘടകം. ഇതുതന്നെയാണ് വിശ്വാസികളായ മുസ്‌ലിം സമുദായത്തെ മുസ്‍ലിമേതര സമൂഹങ്ങളിൽ നിന്ന് വേർതിരിക്കുന്നത്. വാങ്ക് വിളിക്കുന്ന മുഅദ്ദിനോട് പ്രത്യഭിവാദനം ചെയ്യുക വഴി നാം അല്ലാഹുവിലുള്ള സാക്ഷ്യം ആവർത്തിക്കുന്നു, അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു).
അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന വിശ്വാസം ദ്യോതിപ്പിക്കുന്നത് സമ്പൂർണ്ണനും, ആത്യന്തിക കാരണവും ആഗ്രഹങ്ങളുടെ അന്തിമസ്ഥാനവുമായി അല്ലാഹു മാത്രമാണുള്ളത് എന്നാണ്. സർവ്വാധിപനായ ഈ ശക്തിക്ക്  നാം മനുഷ്യർ കീഴ്പ്പെടുന്നില്ലെങ്കിൽ  ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച്  നാം സാധ്യമാക്കിയ അത്ഭുതകരമായ സൃഷ്ടിപ്പുകളും മുന്നേറ്റങ്ങളും നാം മുന്നോട്ട് വെക്കുന്ന ആഗ്രഹങ്ങൾ പോലും, യാതൊരു പ്രാധാന്യവുമർഹിക്കുന്നില്ലെന്നും  ഈ രണ്ട് വാക്യങ്ങൾ നമ്മോട് വ്യക്തമാക്കുന്നു.

ദുരഭിമാനങ്ങളും അഹംഭാവങ്ങളും മാറ്റിനിർത്തി, നമ്മുടെ ആഗ്രഹങ്ങൾ അവനു മാത്രമായി സമർപ്പിക്കപ്പെടണം, അതാണ് നമ്മുടെ ഭാഗധേയം, അതാണ് നാം സാക്ഷ്യം വഹിക്കുന്നതും (ശഹാദത്ത്). നാം ശാസ്ത്രം ഉപയോഗപ്പെടുത്തുന്നുവെങ്കിൽ, അല്ലാഹുവിന്റെ ദാസന്മാർക്കും മനുഷ്യകുലത്തിനും പ്രപഞ്ചത്തിലുള്ള സർവ്വതിനും അർപ്പിക്കുന്ന സേവനം മാത്രമാണത്, ശ്രേഷ്ഠമായ ലക്ഷ്യത്തിനായി ഒരു മഹത്തായ ഉദ്യമം.
ഒരു കുഞ്ഞ് ജന്മം കൊള്ളുന്ന നിമിഷം തന്നെ വലത് ചെവിയിൽ വാങ്കും ഇടത് ചെവിയിൽ ഇഖാമത്തും പാരായണം ചെയ്യപ്പെടുന്നുവെന്നത്, ഒരു മുസ്‌ലിമിന്റെ ജീവിതത്തിലുള്ള മേൽ സാക്ഷ്യത്തിന്റെ (ശഹാദത്ത്) പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ആ കുഞ്ഞിന്റെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങൾ ഓർമ്മപ്പെടുത്തുകയാണവിടെ. അതു വഴി താൻ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ആരാധനാകർമ്മങ്ങളാണെന്ന തന്റെ ചെയ്തികളുടെയും സ്വഭാവത്തിന്റെയും കൃത്യമായ അസ്തിത്വവും കാരണങ്ങളും കുഞ്ഞ് സ്വായത്തമാക്കുന്നു.

വാങ്കിലെ ശ്രദ്ധേയമായ മറ്റൊരു പ്രമേയം മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂലാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹി - രണ്ട് തവണ)  എന്ന അടുത്ത ഘട്ടവുമായി ബന്ധിതമാണ്. ഈ വാചകം ഏറെ ചോദ്യങ്ങൾക്കുള്ള തീർപ്പാണ്: അമാനുഷികതയിലും ഭൗതികശാസ്ത്രത്തിലും മനുഷ്യർക്ക് വിശ്വസിക്കാൻ കഴിയുമോ? അല്ലാഹുവിലുള്ള വിശ്വാസവും ഈമാനിന്റെ മറ്റ് അടിസ്ഥാന വസ്‌തുതകളും തികച്ചും ശാരീരിക ഇന്ദ്രിയങ്ങളുടെ ധാരണകൾക്ക് അതീതമായിരിക്കെ നാം ഇതിനെക്കുറിച്ച് എങ്ങനെ അറിയുന്നു? എന്തുകൊണ്ടാണ്, അവിശ്വാസത്തിന് നാം ഉത്തരവാദികളാകുന്നത്? അതിഭൗതികമായ യാഥാർത്ഥ്യത്തെക്കുറിച്ചും ഈമാനിന്റെ അടിസ്ഥാന വസ്‌തുതകളെക്കുറിച്ചും അറിവില്ലാതെ തന്നെ, നാം വിശ്വസിക്കാൻ ബാധ്യസ്ഥരാകുന്നത് എന്തുകൊണ്ട്?.
ഇവിടെയാണ് തിരുമേനി മുഹമ്മദ്‌ നബിയുടെ ദൗത്യം പ്രസക്തമാകുന്നതും, പ്രവാചകത്വത്തിലുള്ള (നുബുവ്വത്ത്) വിശ്വാസം ഒരു നിർബന്ധബാധ്യതയായിത്തീരുന്നതും. മനുഷ്യകുലത്തിനായി നിയോഗിക്കപ്പെട്ട പ്രവാചകന്മാർക്ക് നൽകപ്പെടുന്ന തിരുവെളിപാടി (വഹ്‍യ്) ലൂടെയാണ്  സർവ്വശക്തനായ അല്ലാഹു മനുഷ്യകുലത്തിന് പരിചയപ്പെടുത്തപ്പെടുന്നത്. ശുഭസന്ദേശവാഹകർ എന്നതോടൊപ്പം കേവലയുക്തിക്ക് കണ്ടെത്താനാവാത്ത പരമമായ സത്യങ്ങളുടെ അധ്യാപകരായിട്ടുമാണ് അവർ നിയോഗിക്കപ്പെടുന്നത്.

മനുഷ്യയുക്തിക്ക് ഗ്രാഹ്യമായ രൂപത്തിൽ ദൈവശക്തിയെ അവതരിപ്പിക്കുകയാണ് പ്രവാചകന്മാരുടെ ദൗത്യം. അവർ, മാധ്യമങ്ങളെന്നോണം, ദിവ്യ തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ദൈനംദിന ജീവിതത്തിൽ പകർത്തുകയും സമൂഹസമക്ഷം വിവരിക്കുകയും ചെയ്യുന്നു. അവരുടെ അനുഷ്ഠാനങ്ങൾ മനുഷ്യസമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ജീവിതം കൊണ്ട് തന്റെ ദൗത്യത്തെ വ്യാഖ്യാനിക്കുകയായിരുന്നു മുഹമ്മദ് നബി(സ)യും.
മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂലാണ് (അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) എന്ന സാക്ഷ്യത്തിലൂടെ, വിശുദ്ധ പ്രവാചകന്മാരുടെ ദൗത്യങ്ങൾ നാം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, അതോടൊപ്പം, നമ്മുടെ നബിയുടെ കൽപ്പനകൾ പാലിക്കാൻ നാം പ്രതിജ്ഞാബദ്ധരാകുന്നു.

വാങ്കിന്റെ അടുത്ത രണ്ട് വാക്യങ്ങൾ ഹയ്യ അല സ്സ്വലാഹ്, ഹയ്യ അലൽ ഫലാഹ്(രണ്ട് തവണ വീതം) – നിസ്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ. അല്ലാഹുവിലുള്ള സ്ഥായിയും അചഞ്ചലവുമായ വിശ്വാസവും സാക്ഷ്യവും നമുക്ക് ലോകത്തെയും ആത്യന്തികസത്യത്തെയും കുറിച്ച സവിശേഷമായ വീക്ഷണം പ്രദാനം ചെയ്യുന്നു. നാം ആരാണെന്നും സൃഷ്ടിപ്പിന്റെ ലക്ഷ്യം എന്തെന്നും തീരുമാനിക്കാൻ ഇത് നമ്മെ സഹായിക്കുന്നു? അതിനാൽ, നമ്മുടെ ശ്രമങ്ങൾ പ്രാർത്ഥനയോടെ ആരംഭിക്കുന്നതും എന്നാൽ അതിൽ ഒതുങ്ങാത്തതുമാണ്. ബൗദ്ധികവും ആത്മീയവും ലൗകികവുമായ വശങ്ങളിൽ വ്യക്തിഗതവും കൂട്ടായതുമായ തലങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും സമഗ്രമായ തലത്തിൽ വിജയത്തിനായി പരിശ്രമിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു.

അതേസമയം, ലൗകിക വിജയത്തിന്റെ സൗന്ദര്യവും അനുഗ്രഹങ്ങളും കൊണ്ട് സംഭ്രമിക്കുന്നതിന് പകരം അല്ലാഹുവിന്റെ അനന്തമായ ശക്തിയെയും വിധികളെയും കുറിച്ച്  ഓർക്കേണ്ടവരാണ് നാം. വാങ്കിന്റെ അവസാന രണ്ട് വാക്യങ്ങൾ അത് സൂചിപ്പിക്കുന്നു. അല്ലാഹു അക്ബർ (രണ്ട് തവണ) - അല്ലാഹു സർവ്വശക്തനും മഹോന്നതനുമാണ്.  ഏകനായ അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല(ഒരു തവണ).
വാങ്കിന്റെ ഓരോ വാക്യങ്ങളുടെയും ശൈലികളും ക്രമീകരണവും ചിന്തിക്കുക, നമ്മുടെ ജീവിതത്തിന്റെയും വിശിഷ്യാ നേടേണ്ട വിദ്യയുടെയും തത്ത്വചിന്തയെക്കുറിച്ച് ദിനേന അഞ്ച് തവണ അത് ഓർമ്മപ്പെടുത്തുന്നു.  നമ്മുടെ തത്ത്വചിന്തയുടെ അടിസ്ഥാനം വിശ്വാസത്തിൽ നിർമിതമാണെന്ന് പദക്രമീകരണത്തിലൂടെ തന്നെ സ്ഥാപിച്ചെടുക്കുന്നു. അതീന്ദ്രിയമായ യാഥാർത്ഥ്യങ്ങളിലുള്ള വിശ്വാസം മനുഷ്യന്റെ ഭൗതികമായ ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടരുതെന്ന് അത് ഊന്നിപ്പറയുന്നുണ്ട്.

നമ്മുടെ തത്ത്വചിന്ത അതിഭൗതികവും ആത്മീയവും ലൗകികവുമായ വശങ്ങളുടെ ഒരു സംയോജനമാണ്, അപ്രകാരം തന്നെയാണ് വഹ്‍യ് വഴി അവതീർണമായ ജ്ഞാനങ്ങളും മറ്റു ഭൗതിക, പ്രകൃതി ശാസ്ത്രങ്ങളും.
കേവല ബുദ്ധിയോ ഇന്ദ്രിയങ്ങളോ ഉപയോഗപ്പെടുത്തി മാത്രം ഗ്രഹിക്കാൻ കഴിയാത്തതാണ് ഈമാനിന്റെ അടിത്തറയെങ്കിലും അവിശ്വാസത്തിന് നാം ഉത്തരവാദികളായി ഗണിക്കപ്പെടുന്നു. യുക്തി ഉപയോഗിക്കാതിരിക്കാൻ തരത്തിൽ അതീന്ദ്രിയമായ പരിധിക്കുള്ളിൽ നാം ബന്ധിതരല്ല എന്നത് തന്നെ കാരണം. യഥാർത്ഥത്തിൽ, അല്ലാഹു പരിശുദ്ധ പ്രവാചകന്മാരിലൂടെ നമ്മെ സൽപന്ഥാവിലേക്ക് നയിക്കുന്നു. അവർ തങ്ങൾക്ക് ലഭിച്ച വെളിപാടിനെ മനുഷ്യകുലത്തിന് ഗ്രാഹ്യമായ മൗലികസത്യങ്ങളിലേക്ക് പരിവർത്തിപ്പിച്ച് അവതരിപ്പിക്കുന്നു.

ആത്മീയവും യുക്തിസഹവും ഇന്ദ്രിയഗ്രാഹ്യവുമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് പ്രാർഥനകളിലൂടെയും പ്രയത്നങ്ങളിലൂടെയും ഈ സത്യങ്ങളെ നാം സജീവമാക്കേണ്ടതുണ്ട്. അല്ലാഹുവാണ് ഉന്നതനും ഏകമാത്രമായ ആരാധ്യനും എന്ന അടിസ്ഥാന തത്വത്തിൽ നിന്ന് കൊണ്ട് തന്നെ, ഈ ശേഷികളെ പരിപോഷിപ്പിക്കുകയും അവയുമായി ബന്ധിതമായ ശാസ്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് മുസ്‍ലിം വിദ്യാഭ്യാസവിചക്ഷണർ നിർവഹിക്കേണ്ട ദൗത്യം.

വിവര്‍ത്തനം:  ബശീർ ഹുദവി മാറാക്കര

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter