കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍

പണ്ഡിത പ്രതിഭയും, സമസ്തയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായിരുന്ന ശിഹാബുദ്ദീന്‍ അബൂസആദത്ത് അഹ്മദ്‌കോയ ശ്ശാലിത്തിയുടെ നിര്യാണം മൂലം വന്ന ഒഴിവില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ മൗലാനാ കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുശാവറ അംഗമാവുന്നതിനു മുമ്പുതന്നെ 1954-ല്‍ നടന്ന 20-ാം സമ്മേളനത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷകനായിരുന്നു. 'സുന്നത്തും ബിദ്അത്തും' എന്ന വിഷയം സമാപന സമ്മേളനത്തില്‍ അവതരിപ്പിച്ചത് കെ.വി. ആയിരുന്നു. മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിറ്റേവര്‍ഷം തന്നെ സമസ്ത ജോയിന്റ് സെക്രട്ടറി പദവിയിലേക്കുയര്‍ന്നു അദ്ദേഹം. 1956 സെപ്തംബര്‍ 20-നു ചേര്‍ന്ന മുശാവറ യോഗം അദ്ദേഹത്തെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. മൗലാനാ അബ്ദുല്‍ ബാരി തങ്ങള്‍ പ്രസിഡണ്ടും, മൗലാനാ പറവണ്ണ ജനറല്‍ സെക്രട്ടറിയുമായിരുന്ന കാലത്താണത്. ഉലമാക്കളുടെ ഇടയില്‍ യുവാവായിരുന്ന കെ.വിയക്കുണ്ടായിരുന്ന അംഗീകാരമാണ് അതറിയിക്കുന്നത്. മരിക്കുന്നതുവരെ സെക്രട്ടറി പദത്തില്‍ തുടര്‍ന്നു.

മാസങ്ങള്‍ നീണ്ടുനിന്ന മതപ്രസംഗത്തിലൂടെ കോഴിക്കോട് നഗരത്തില്‍ കച്ചവടക്കാരുമായും അടുത്ത ബന്ധമാണദ്ദേഹത്തിനുണ്ടായിരുന്നത്. ആ കാലത്ത് സമസ്ത മുശാവറ കോഴിക്കോട് ചേരുമ്പോള്‍ ഉലമാക്കളുടെ ഭക്ഷണചെലവിന് വലിയങ്ങാടിയിലെ കച്ചവടക്കാരില്‍ നിന്ന് സംഖ്യ ശേഖരിച്ചിരുന്നത് കെ.വി.യായിരുന്നു. 1957-ല്‍ പറവണ്ണയുടെ ഒഴിവില്‍ താനൂര്‍ മദ്‌റസയുടെ മാനേജരായും സേവനമനുഷ്ഠിച്ചു. 1959-ല്‍ എല്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടായി സുന്നീ യുവജനസംഘം പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ കെ.വി. വൈസ് പ്രസിഡണ്ടായിരുന്നു. 1962-ല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പ്രസിഡണ്ടായ കാലത്താണ് സംഘടനയുടെ കീഴില്‍ മുഖപത്രം ആരംഭിച്ചത്. 1957-ല്‍ വിദ്യാഭ്യാസ ബോര്‍ഡ് പുന:സംഘടിപ്പിക്കപ്പെട്ടതു മുതല്‍ കെ.വി ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗമാണ്. 75 മുതല്‍ മരിക്കുന്നതുവരെ വൈസ്പ്രസിഡണ്ടുമായിരുന്നു. പരീക്ഷാ ബോര്‍ഡംഗം, ബോര്‍ഡിംഗ് മദ്‌റസ കണ്‍വീനര്‍, തസ്ഹീഹ് കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങളും ബോര്‍ഡില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 89-ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായി.

1996 മുതല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടും, മുഅല്ലിം ക്ഷേമനിധി ചെയര്‍മാനുമായിരുന്നു. ജാമിഅഃ നൂരിയ്യഃയുടെ തുടക്കം മുതല്‍ പ്രവര്‍ത്തകസമിതിയംഗമായിരുന്നു അദ്ദേഹം. 81 മുതല്‍ കോളേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി. പൊന്നാനി മഊനത്ത് വര്‍ക്കിംഗ് കമ്മിറ്റിയംഗം, മഊനത്ത് അറബിക് കോളേജ് കമ്മിറ്റി പ്രസിഡണ്ട്, വളാഞ്ചേരി മര്‍ക്കസ് വൈസ്പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. എടപ്പാള്‍ ദാറുല്‍ ഹിദായുടെ സ്ഥാപക പ്രസിഡണ്ടും ജീവനാഡിയുമായിരുന്നു. കെ.കെ. ഹസ്രത്തിന്റെ നിര്യാണത്തെതുടര്‍ന്ന് സമസ്ത മലപ്പുറം ജില്ലാ പ്രസിഡണ്ടായും കെ.വി. തെരഞ്ഞെടുക്കപ്പെട്ടു. സമസ്തയെ പ്രതിനിധീകരിച്ച് ആദ്യമായി കേരള വഖഫ് ബോര്‍ഡില്‍ അംഗമായത് കെ.വിയായിരുന്നു. ഹജ്ജ് കമ്മിറ്റിയംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വപ്രയത്‌നത്തിലൂടെ മലയാള ഭാഷയില്‍ ആഴമേറിയ അറിവു നേടിയ കെ.വിയുടെ കഴിവ് ഭാഷാ പണ്ഡിതന്മാരുടെ പോലും പ്രശംസക്ക് അര്‍ഹമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടു നടന്ന 'മുഹ്‌യിദ്ദീന്‍മാല വ്യാഖ്യാന' പ്രകാശന ചടങ്ങളില്‍ മലയാള ഭാഷസംബന്ധമായി ചെയ്ത പ്രസംഗം മലയാള ഭാഷയില്‍ ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയ സദസ്സിലുണ്ടായിരുന്ന മറ്റു പ്രസംഗകരെയെല്ലാം അത്ഭുതപ്പെടുത്തിയെന്നു മാത്രമല്ല തുടര്‍ന്നു നടന്ന പ്രസംഗങ്ങളെല്ലാം കെ.വി. ഉസ്താദിന്റെ പ്രസംഗത്തില്‍ ഊന്നിക്കൊണ്ടായിരുന്നു. ഔപചാരിക വിദ്യാഭ്യാസം കൂടുതല്‍ നേടിയിട്ടില്ലാത്ത അദ്ദേഹം സ്വപ്രയത്‌നത്തിലൂടെയാണ് ഭാഷാവിജ്ഞാനം നേടിയത്. ബിദഈ പ്രസ്ഥാനങ്ങള്‍ സ്ഫുടമായ ഭാഷയില്‍ പ്രസംഗിക്കുകയും, എഴുതുകയും ചെയ്യുകവഴി യുവജനങ്ങളും, ബുദ്ധിജീവികളും വഴിതെറ്റിപ്പോകുന്നതുകണ്ട് നമ്മുടെ ഭാഗത്ത് നല്ലഭാഷകളില്‍ സംസാരിക്കുന്നവരുടെ കുറവുമനസ്സിലാക്കിയതുകൊണ്ടാണ് ഭാഷാപഠനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടതെന്ന് കെ.വി. ഉസ്താദ് തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതിയ ഖുര്‍ആന്‍ വ്യാഖ്യാനം മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഏറ്റവും നല്ല വ്യാഖ്യാനമാണെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്.

'സുന്നീ സാഹിത്യ തറവാട്ടിലെ കാരണവര്‍' പേരിലാണ് കെ.വി. അറിയപ്പെട്ടത്. താനൂരില്‍ നിന്ന് കെ.വി. സ്വന്തമായി തന്നെ 'അല്‍ ബുര്‍ഹാന്‍' മാസിക പ്രസിദ്ധീകരിച്ചിരുന്നു. 'അല്‍ മുഅല്ലിം' മാസികയുടെ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹം മലയാളത്തിലും, അറബി-മലയാളത്തിലും അനവധി രചനകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കൂറ്റനാട് കുറുങ്ങാട് വളപ്പില്‍ അഹ്മദ്-ആമിന ദമ്പതികളുടെ പുത്രനായി 1915-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ വെച്ചു തന്നെ. വല്ലപ്പുഴ, പള്ളിക്കര, പരപ്പനങ്ങാടി, പനങ്ങാട്ടൂര്‍, വേങ്ങര-അരീക്കുളം എന്നീ ദര്‍സുകളില്‍ പഠനം പൂര്‍ത്തിയാക്കി. പ്രഗത്ഭരും പ്രശസ്തരുമായിരുന്ന ഞാലില്‍ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ അലി കോമു മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വേങ്ങര അരിക്കുളം ഓടക്കല്‍ കോയക്കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍. 2000 ഏപ്രില്‍ 16-ന് മൗലാനാ കെ.വി. ഉസ്താദ് നമ്മെ വിട്ടുപിരിഞ്ഞു. എടപ്പാള്‍ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter