ഇസ്‌ലാംഭീതി അമേരിക്കയെ വിടുന്നില്ല; പോയവര്‍ഷം മുസ്‌ലിംകള്‍ക്കെതിരെ നടന്ന അക്രമത്തിന് കണക്കില്ല
2012 ഡിസംബര്‍ 29. ന്യൂയോര്‍ക്ക് റെയില്‍വെയിലേക്ക് ഒരാളെ തള്ളിയിട്ട് കൊലപ്പെടുത്തിയ സ്ത്രീ കുറ്റസമ്മതം നടത്തി പോലീസിനോട് തന്റെ ചെയ്തിക്ക് പറഞ്ഞ കാരണമിതായിരുന്നു: എനിക്ക് മുസ്‌ലിംകളോട് വെറുപ്പാണ്. അയാളെ കണ്ടപ്പോള്‍ മുസ്‌ലിമാണെന്ന് തോന്നി. ട്രാക്കിലേക്ക് തള്ളിയിട്ടു.
ഓഹിയോയിലെ മസ്ജിദ് തീയിട്ട കുറ്റവാലി പറഞ്ഞ കാരണം അതിലേറെ അത്ഭുതാവഹമായിരുന്നു. പുറം രാജ്യങ്ങളില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ തദ്ദേശവാസികളാല്‍ കൊല്ലപ്പെടുന്നു. അതിനുള്ള പ്രതികാരമായിട്ടായിരുന്നു അയാള്‍ ഓഹിയോയിലെ മസ്ജിദിന് തീയിട്ടത്.
9/11 നടന്നതോടെ പിന്നെ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് നീതി അന്യമായി തുടരുകയാണെന്ന് ഈയടുത്ത് അഭിപ്രായപ്പെട്ടത് മറ്റാരുമില്ല, ന്യയോര്‍ക്ക് ടൈംസിലെ ലേഖകന്‍ തന്നെയാണ്.
ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. അമേരിക്കയിലെ 7 മില്യന്‍ വരുന്ന മുസ്‌ലിംകള്‍ നേരിടേണ്ടിവരുന്ന അനിശ്ചിതാവസ്ഥയുടെ ചില ചിത്രങ്ങള്‍. 9/11 നടന്നിട്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞു. എന്നിട്ടും അവിടത്തെ മുസ്‌ലിംകളെ അതിന്റെ പേരില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ 29 ലെ മേല്‍പറഞ്ഞ സംഭവത്തില് കൊല്ലപ്പെട്ടത് സുനന്ദോസെന്‍ ആയിരുന്നു. ഹിന്ദുവായ അദ്ദേഹത്തെ മുസ്‌ലിമായി തെറ്റുധരിച്ചാണെത്രെ കുറ്റവാളി ട്രാക്കിലേക്ക് തള്ളിയിട്ടത്. മുസ്‌ലിംകളെ മൊത്തത്തില്‍ അപരിഷ്കൃതരായി ചിത്രീകരിക്കുന്ന പരസ്യബോഡുകള്‍ ന്യൂയോര്‍ക്കു മെട്രോയെ കൈയടക്കി അധികം കഴിയും മുമ്പാണ് ഈ സംഭവം നടക്കുന്നതെന്ന് ചേര്‍ത്തുവായിക്കണം.
വിദ്വേഷഭാഷണങ്ങള്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിമാണെന്ന് തോന്നിക്കുന്നവര്‍ക്കും എതിരെ രംഗത്ത് വരാന്‍ പൊതുജനത്തെ പ്രേരിപ്പിക്കുന്നുവെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം. പമീല ഗല്ലെറടക്കമുള്ള ഇസ്‌ലാമോഫോബുകള്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ നിര്‍മാണ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നര്‍ഥം.
കഴിഞ്ഞ നവംബര്‍ 18 ന് മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. 57 കാരനായ ബശാര്‍ മഹ്മൂദിനെ അന്ന് കത്തി കൊണ്ട് കുത്തിക്കൊല്ലാനുള്ള ശ്രമമുണ്ടായി. സുബ്ഹ് നിസ്കാരത്തിനായി പള്ളി തുറന്നു കൊണ്ടിരിക്കെ പിന്നില്‍ നിന്നാണ് അക്രമി കത്തിപ്രയോഗം നടത്തിയത്. മുസ്‌ലിംവിരുദ്ധ വാക്യങ്ങളുച്ചരിച്ച് കൊണ്ട് ഒന്നിലധികം തവണ അയാള്‍ കത്തി കൊണ്ട് കുത്തിയെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ഡിസംബര്‍ 12 ന് കാലിഫോര്‍ണിയയിലെ ഖലീലുല്ലാഹ് ഇസ്‌ലാമിക് സെന്‍ററിലേക്ക് തോക്കുപിടിച്ചു കയറി വന്നു. അവിടെയുള്ള എല്ലാവരെയും വെടിവെക്കുമെന്ന് ഭീഷണി മുഴക്കി. അവിടെയുള്ളവര്‍ക്കെതിരെ ഏറെ നേരെ ഉറഞ്ഞുതുള്ളിയ ശേഷം അദ്ദേഹം ഒന്നും ചെയ്യാതെ തിരിച്ചുപോയി. അയാളെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല.
അമേരിക്കയില്‍ മുസ്‌ലിം വിദ്വേഷവും ഇസ്‌ലാം ഭീതിയും പടരുക തന്നെയാണ്. മുസ്‌ലിം ആരാധാനലായങ്ങള്‍ക്ക് നേരയും പരിസരത്തുമായി ഈയടുത്ത് കാലത്ത് നടന്നു കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരില്‍ മാത്രമല്ല ഈ വിദ്വേഷം വളര്‍ന്നു കൊണ്ടിരിക്കുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്. കാഴ്ചയില്‍ മുസ്‌ലിംകളെന്ന് തോന്നുന്നവര്‍ക്കെതിരെ പോലും ഇതുപോലെ അക്രമം നടക്കുന്നു.
ഓഗസ്റ്റ് 5 ന് മില്‍വൌക്കിയിലെ സിക്കുക്കാരുടെ ആരാധനലായത്തിന് നേരെ ആക്രമണം നടന്നു. 6 പേരാണതില് കൊല്ലപ്പെട്ടത്. അതിന് ശേഷം മാത്രം പത്തിലേറെ പ്രാവശ്യം രാജ്യത്തെ മുസ്‌ലിം മസ്ജിദുകള്‍ക്കെതിരില്‍ അക്രമണം നടന്നിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ഗ്രൌണ്ട്സീറോ കമ്മ്യൂണിറ്റി സെന്റര്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായ ശേഷം ചുരുങ്ങിയത് 88 മസ്ജിദുകളെങ്കിലും അമേരിക്കയില്‍ അക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മുസ്‌ലിം വിദ്വേഷ കാമ്പെയിനുകള്‍ രാജ്യത്ത് തുടരുന്നത് കാരണം രാജ്യത്തെ മുസ്‌ലിം വിരുദ്ധ ഗ്രൂപ്പുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് നടന്നിട്ടുണ്ട്. 2011 ല്‍ മാത്രം ഇവയുടെ എണ്ണം മൂന്നിരട്ടിയായി അധികരിച്ചിട്ടുണ്ട്.
രാജ്യത്തെ പോലീസ് ഫോഴ്സും അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുമെല്ലാം മുസ്‌ലിംകളെ പ്രത്യേകമായി നോട്ടമിട്ടുരന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടമെന്റ് മസ്ജിദുകളില്‍ നുഴഞ്ഞു കയറിയതായും കഫേകളിലും മറ്റും വന്ന് മുസ്‌ലിംകളെ കുറിച്ച് രഹസ്യമായി അന്വേഷണം നടത്തിയതായുമെല്ലാം അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സാന്‍ഫ്രാന്‍സിസ്കോയിലെ എഫ്.ബി ഡിപ്പാര്‍ട്ട്മെന്‍റ് മുസ്‌ലിം മസ്ജിദുകളെ ലക്ഷ്യം വെച്ച് 'മോസ്ക് ഔട്ട്റീച്ച്' എന്നൊരു പരിപാടി നടത്തിയിരുന്നു. അതുവഴി മുസ്‌ലിംകളെ കുറിച്ച് രഹസ്യാന്വേഷണം നടത്തുകയായിരുന്നു ഡിപ്പാര്‍ട്ട്മെന്റെ ലക്ഷ്യം വെച്ചതെന്നും ഏറെ വിവരങ്ങള്‍ എഫ്.ബി.ഐ കരസ്ഥമാക്കിയിട്ടുണ്ടെന്നും കഴിഞ്ഞ മാര്‍ച്ച് 12 ന് വ്യക്തമായിരുന്നു. ഒരു സ്വകാര്യസംഘടനയാണിത് പുറത്തുകൊണ്ടുവന്നത്. ഈ പരിപാടിയിലൂടെ എഫ്.ബി.ഐ നിരവധി മുസ്‌ലിംകളെ സമീപിച്ചുവെന്നും ബ്യൂറോക്ക് വേണ്ടി ചാരപ്പണി നടത്താന്‍ ആവശ്യപ്പെട്ടുവെന്നുമെല്ലാം ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
എന്തിനേറെ, കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഇസ്‌ലാംഭീതി പ്രധാന ആയുധമാക്കിയിരുന്നു. അതുകൊണ്ട് തന്നെയായിരിക്കണം 85 ശതമാനം മുസ്‌ലിംകളും തെരഞ്ഞെടുപ്പില്‍ ഒബാമക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
എന്തായാലും അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് അഭിമാനിക്കാം. ജോര്‍ദാനിലെ Royal Islamic Strategic Studies Centre 2012 ലെ ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംളുടെ ഒരു ലിസ്റ്റ് ഈയടുത്ത് തയ്യാറാക്കുകയുണ്ടായി. പ്രസ്തുത പട്ടികയില്‍ ലോകത്തെ മറ്റേതു രാജ്യങ്ങളേക്കാളും അംഗങ്ങളുള്ളത് അമേരിക്കയില്‍ നിന്നാണ്. ആദ്യത്തെ അമ്പത് പേരില്‍ അമേരിക്കക്കാരായ രണ്ടു പേരുണ്ട്. സൈത്തൂന കോളേജ് സ്ഥാപകനായ ശൈഖ് ഹംസ യൂസുഫും വാഷിങ്ങ്ടണ്‍ സര്‍വകലാശാല പ്രൊഫസറായ സയ്യദ് ഹുസൈന്‍ നസറുമാണവര്‍.
1.6 ബില്യന്‍ മുസ്‌ലിംകളാണ് ലോകത്താകെയുള്ളത്. അതില്‍ 7 മില്യന്‍ പേര് മാത്രമാണ് അമേരിക്കയിലുള്ളത്. എന്നിട്ടും പ്രസ്തുത ലിസ്റ്റില്‍ 42 പേരും അമേരിക്കക്കാരാണ്. പാകിസ്ഥാന്‍, ഈജിപ്ത്, സുഊദി അറേബ്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ അമേരിക്കക്ക് തൊട്ടുപിന്നിലുള്ളത്. അവിടെ നിന്നെല്ലാം 25 പേര് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രസ്തുത രാജ്യങ്ങള്‍ക്കെല്ലാം പിന്നിലാണ് ലിസ്റ്റില്‍ മുസ്‌ലിംകളുടെ എണ്ണക്കൂടുതലുള്ള ഇന്തോനേഷ്യയുടെ സ്ഥാനം. അവിടെ നിന്ന് 24 ആളുകള്‍ മാത്രമാണ് ലിസ്റ്റിലുള്ളത്.



Leave A Comment