ഈ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നതില്‍ ആര്‍ക്കാണ് ചേതം?
കേരളത്തിലെത്തുന്ന ഉത്തരേന്തന്‍ വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റി കഴിഞ്ഞ ഒന്നുരണ്ട് ദിവസമായി ചില വിവാദങ്ങള്‍ ആരൊക്കെയോ മനപ്പൂര്‍വും പടച്ചുവിടുന്നുണ്ട്. വിദ്യഭ്യാസം അവകാശമായി മാറിയ ഭാരതത്തില്‍ പഠനത്തിന് വേണ്ടി മൈലുകള്‍ താണ്ടിയെത്തിയ വിദ്യാന്വേഷകരേയും രക്ഷാകര്‍ത്താക്കളേയും വിദ്യാഭ്യാസം സൗജന്യമായി നല്‍കുന്ന മാതൃകാസ്ഥാപനങ്ങളേയും കുറ്റവാളികളായി ചിത്രീകരിച്ചിരിക്കുന്നു. ഭാരതത്തിന് സിവില്‍ സര്‍വ്വീസിലേക്ക് പേലും വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്‌ത മഹല്‍സ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു.നന്മകളുടെ വറ്റാത്ത ഉറവിടങ്ങളില്‍ നഞ്ഞ് കലര്‍ത്തിയിരിക്കുന്നു. സല്‍സംസ്‌കൃതിയുടെ വ്യാപനത്തിന് സമൂഹം നല്‌കുന്ന ആദരവിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നു.
കേരളത്തിലെ അനാഥാലയങ്ങള്‍ മനുഷ്യക്കടത്തിന്‍റെ കേന്ദ്രങ്ങളാണെന്നൊരു തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സര്‍ക്കാറിന്റേടയും ചില മാധ്യമങ്ങളുടേയും ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന സമീപനങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബന്ധപ്പെട്ടവര്‍ ഇനിയും കണ്ണടച്ചിരുട്ടാകാനിരുന്നാല്‍ വിദ്യഭ്യാസത്തോടും പുരോഗമന പ്രവര്‍ത്തനങ്ങളോടും സല്‍കര്‍മ്മ ചരിത്രത്തോടുമുള്ള ഏറ്റവും വലിയ വഞ്ചനയായിരിക്കുമത്.
ഏറെക്കാലമായി മുസ്‌ലിം മാംസം ലഭിക്കാതെ വിശന്നിരിക്കുന്ന മുസ്‌ലിം ഭുക്കുകളായ മാധ്യമങ്ങള്‍ അവസരം വേണ്ടവിധം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിയമത്തിന്റെയും സദാചാരത്തിന്റേയും മേല്‍ക്കുപ്പായവുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ സമാന ചിന്താഗതിക്കാരായ ചില വര്ഗീയ ചിന്താഗതിക്കാരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന തീവ്രവാദ നിര്‍മ്മാതാക്കളുടെ ലക്ഷ്യം കുളം കലക്കി മീന്‍ പിടിക്കുകയെന്നത് തന്നെയാണ്. മഴ പെയ്‌തവസാനിക്കുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന് പറഞ്ഞ് ഒഴിയാമെങ്കിലും സമുദായത്തിന് വരുന്ന മാനഹാനി തന്നെയാണ് അവര്‍ ലക്ഷീകരിക്കുന്നത്.
അനാഥരേയും അഗതികളേയും സംരക്ഷിക്കാത്തവന്‍ മതത്തെ നിഷേധിക്കുന്നവനാണെന്ന ഖുര്‍ആനിന്റെ വിശ്വസന്ദേശം ഉള്‍കൊണ്ടാണ് മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും അനാഥ-അഗതി സംരക്ഷണമെന്ന സല്‍കര്‍മ്മത്തിന് വേണ്ടി മുന്നോട്ട് വരുന്നത്. നൈലിന്റെ തീരത്ത് വിശന്ന് വലയുന്ന ആട്ടിന്‍കുട്ടിയുടെ പേരില്‍ പോലും ദൈവിക കോടതിയില്‍ താന്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഖലീഫ ഉമറിനെക്കൊണ്ട് ഉരുവിടിയിച്ച ഇസ്ലാമിക സാര്‍വ്വലൗകിക നന്മയുടേയും സ്‌നേഹം പങ്കുവെക്കലിന്റേയും ഉദാത്തമായ ഉദാഹരണങ്ങളായാണ് ലോകത്തെവിടെയും അഗതി മന്ദിരങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുള്ളതും തല്‍ലക്ഷ്യത്തില്‍ തന്നെ നിലനിന്നുവരുന്നതും. മതവ്യത്യാസമില്ലാതെ അനാഥര്‍ക്ക് വേണ്ടി പണം ചെലവഴിക്കാന്‍ എന്നും പൊതുസമൂഹം മുന്നോട്ട് വരികയും ചെയ്‌തിട്ടുണ്ട്.
വര്‍ത്തമാന കാലത്ത് കേരളം ഉത്തരേന്ത്യക്കാര്‍ക്ക് നല്‍കുന്നത് പ്രത്യുപകാരം മാത്രമാണ്. മലബാര്‍ പ്രക്ഷോഭം വരുത്തിവെച്ച നിറുന്ന അനുഭവങ്ങളില്‍ അനാഥരായി താങ്ങും തണലും നഷ്ടപ്പെട്ട് ഇനിയെന്തെന്ന് ചോദിക്കുന്ന മലബാറികള്‍ക്ക് താങ്ങും തണലും നല്‍കാന്‍ കേരളത്തിലെത്തിയ ഉത്തരേന്ത്യക്കാരാണ് കേരളത്തില്‍ ഈ സുകൃതത്തിന്റെ മുന്‍ഗാമികള്‍. ആരോരുമില്ലാതെ അവഗണിക്കപ്പെട്ട കേരള മുസ്‌ലിംകള്‍ക്ക് ആശയും പ്രതീക്ഷയും നല്‍കാന്‍ തയ്യാറായ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കേരള മുസ്‌ലിം വളര്‍ച്ചയില്‍ സുപ്രധാനമായ പങ്കാണുള്ളത്. കോഴിക്കോട് വെള്ളിമാട്‌കുന്ന് പ്രവര്‍ത്തിക്കുന്ന ജെ ഡി ടി ഇസ്‌ലാം യതീംഖാനക്ക് പറയാനുള്ളത് പങ്കുവെക്കലിന്റെയും സ്‌നേഹ കൈമാറ്റത്തിന്റെയും ചരിത്രമാണ്. കൊണ്ടും കൊടുത്തും പങ്കുവെച്ചും പകുത്ത് കൊടുത്തും സമൂഹത്തില്‍ നിലനിന്ന് വന്ന നന്മയുടെ പൂമരങ്ങളാണ് അനാഥാലയങ്ങള്‍.
കണ്ണാടിക്കൂടുകള്‍ക്കകത്തിരുന്ന് ഫയലുകള്‍ ഒപ്പു വെച്ച് ഭീമമായ സംഖ്യ ശമ്പളം വാങ്ങുക മാത്രം ചെയ്യുന്ന ഉദ്യേഗസ്ഥര്‍ക്ക് ഭാരതത്തിന്റെ ആത്മാവ് കുടി കൊള്ളുന്ന ഗ്രാമങ്ങളെക്കുറിച്ച് അല്‌പമെങ്കിലും അറിയുമായിരുന്നുവെങ്കില്‍ ചാനലുകളിലും പത്രങ്ങളിലും കള്ളക്കടത്തിന്റെ വെണ്ടക്കകള്‍ നിരത്താന്‍ അനുവദിക്കില്ലായിരുന്നു. ആദിവാസികളെക്കാള്‍ അവഗണയനുഭവിച്ച് ഭക്ഷണവും വസ്‌ത്രവുമില്ലാതെ ജീവന്‍ പകലന്തിയോളം സമീന്താര്‍മാരുടെ കൃഷിയിടങ്ങളില്‍ ജീവിതം ഹോമിക്കുന്ന ദരിദ്ര കര്‍ഷകരുടെ യാതനകള്‍ വിവരണാധീതമാണ്. ടാറിട്ട റോഡുകളും ഇലക്ട്രിക്ക് ലൈനുകളും അവസാനിക്കുന്നേടത്ത് മാത്രമാണ് മുസ്‌ലിം ഗല്ലികള്‍ ആരംഭിക്കുന്നതെന്ന പ്രയോഗം കഥാകാരന്റെ ഭാവനയല്ല. മനുഷ്യന്‍ വലിക്കുന്ന റിക്ഷകളെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതല്ല. ബംഗാളിലെ മുസല്‍മാന്റെ സമകാലിക ജീവിത യാഥാര്‍ത്ഥ്യമാണ്. വിദ്യഭ്യാസത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഇത്തരക്കാരുടെ ഭാഗ്യഹീനരായ മക്കള്‍ക്ക് പഠിക്കാനും ലോകത്തോളം വളരാനും വെളിച്ച ഗോപുരങ്ങളിലേക്ക് അനായാസം സഞ്ചരിക്കാനുമുള്ള അവസരങ്ങളാണ് നന്മയുടെ പ്രതീകങ്ങളായ അനാഥ-അഗതി മന്ദിരങ്ങള്‍ ചെയ്യുന്നത്. നന്മയുടെ കൈമാറ്റം എന്നതിലപ്പുറം മഹത്വമേറിയ സാമൂഹിക ബാധ്യത കൂടിയാണിത്.
പഠിക്കാന്‍ വന്ന കുട്ടികളെ നാട്ടിലേക്ക് പറഞ്ഞയക്കുന്നതിന് മുമ്പ് അവരുടെ സാമൂഹിക പശ്ചാത്തലവും നാട്ടിലേക്കയച്ചാല്‍ അവര്‍ക്കുണ്ടാകുന്ന വിദ്യഭ്യാസ അധോഗതിയും എന്തായിരിക്കുമെന്ന് അധികൃതര്‍ ആലോചിക്കേണ്ടതുണ്ട്. നന്മയുടേയും പരസ്‌പര സഹായത്തിന്റെയും ഈ പാഠങ്ങളെക്കുറിച്ച് അറിയാത്തതു കൊണ്ടാവാം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രതികരണമുണ്ടായതെന്നാണ് തോന്നുന്നത്. അല്ലാതെ വിജ്ഞാന ദാഹികളെ ഏറ്റെടുത്ത് വളര്‍ത്താന്‍ മുന്നോട്ട് വരുന്നവരെ തട്ടിപ്പുകാരും മനുഷ്യക്കടത്തുകാരും സദാചാരവിരുദ്ധരും ദേശദ്രോഹികളുമായി ചിത്രീകരിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത്.
ഇന്ത്യ സ്വതന്ത്ര രാജ്യമാണ്. കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിക്കാന്‍ ഇവിടെ ആരുടേയും സമ്മതം ആവശ്യമില്ലാത്ത വിധമാണ് ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ രാജ്യത്തെ ക്രമീകരിച്ചത്. പാവനമായ ലക്ഷ്യത്തിന് വേണ്ടി മാതാപിതാക്കളുടെ പൂര്‍ണാനുവാദത്തോടെ യാത്ര ചെയ്യുന്നവരുടെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ അനാവശ്യ വിവദാങ്ങളുണ്ടാക്കുന്നവരുടെ ലക്ഷ്യമെന്താണ്? നിയമത്തിന്‍റെ എതെങ്കിലും വശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി തിരുത്താനാവാശ്യപ്പെടുകയായിരുന്നു വേണ്ടത്. കണ്ണ് കീറുംമുമ്പെ ജീവിതത്തിന്‍റെ കടുത്ത സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നവരാണ് ഉത്തരേന്ത്യയിലെ മുസ്‍ലിം ബാല്യങ്ങളില്‍ മിക്കതും. തെരുവുകളിലലയുന്ന ഈ പൈതങ്ങളെ പെറുക്കിയെടുത്ത് വിദ്യാഭ്യാസവും ജീവിതവും നല്‌കാന്‍ മുന്‍കയ്യെടുക്കുന്ന സുമനസ്കരെ പിന്തുണക്കുകയല്ലേ വേണ്ടത്?
നിര്‌ബന്ധിത വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി കാണുന്ന രാജ്യമാണ് ഇന്ത്യ. അതിനു തടയിടുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും അത് ഈ കുട്ടികളുടെ മൌലികാവകാശ ലംഘനമായേ കാണാനാവൂ. കേരള സര്‍ക്കാറിന്റെ ഈ എടുത്ത് ചാട്ടം മുസ് ലിം വിരുദ്ധ സംഘടനകള്‍ക്ക് വലിയൊരു പിടിവള്ളിയാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള സര്‍വ്വ നന്മകളുടേയും വേരറുക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുക്കാനും ന്യൂനപക്ഷത്തെ പൊതുവെ രാജ്യതാല്‍പര്യത്തിന് എതിര് നില്‍ക്കുന്നവരായി ചിത്രീകരിക്കാനും വേണ്ടിയാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നന്മയുടെ വന്‍മരങ്ങളുടെ സംരക്ഷകരാവാന്‍ അധികൃതര്‍ക്ക് സൗഭാഗ്യത്തിനായി പ്രാര്‍ഥിക്കാം.



Leave A Comment