മനുഷ്യാവകാശത്തിന്റെ കാലിക പ്രസക്തി
ഡിസംബര്‍ പത്ത് ലോക മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു...
ദശലക്ഷക്കണക്കിനാളുകളുടെ മരണത്തിനും നാശത്തിനും ഹേതുവായ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1945 ല്‍ ലോക സമാധാനം എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം ലോകം ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പോഷക സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷ്ണലിന്റെ അഭിപ്രായ പ്രകാരം ലോകത്ത് ഓരോ മിനുട്ടിലും സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും മൂന്നുപേരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് . 180 ല്‍ അധികം വരുന്ന അംഗരാഷ്ട്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കണക്ക് മാത്രമാണ് മുകളില്‍ പറഞ്ഞത്.
1993 ലാണ് ആദ്യമായി ഇന്ത്യയില്‍ ഒരു മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. ആറംഗങ്ങളുള്ള കമ്മീഷന്‍റെ ചെയര്‍മാന്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും. നിലവില്‍ ഇന്ത്യയുടെ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ മുന്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ്. 1998 ലാണ് കേരളത്തില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ബി കോശി ആണ്. ഇത്രയേറെ കമ്മീഷനുകളും മറ്റു ക്രമസമാധാന നിയമങ്ങളും രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിമാനം പിച്ചിച്ചീന്തപ്പെടുകയും ശാരീരിക മാനസിക അക്രമങ്ങള്‍ക്ക് വിധേയരാവുകയും സാമ്പത്തികമായും സാമൂഹികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണെന്ന് കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവക്ക് പുറമേ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സകലമേഖലകളിലും മനുഷ്യന് അനിവാര്യമായി ലഭിക്കേണ്ട നീതി ഉറപ്പാക്കുകയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഗസ്സയില്‍ ഇസ്രയേലിന്റെ തോക്കിന്റെ മുനകള്‍ക്ക് മുന്നില്‍ മരണത്തിന്റെ നൂല്‍പാലം കണികാണുന്നവര്‍, അമേരിക്കന്‍ സൈനികന്റെ അനാവശ്യ പരിശോധനകള്‍ക്ക് വിധേയരാവേണ്ടി വരുന്ന അഫ്ഗാനികള്‍, സാമുദായിക വര്‍ഗ്ഗീയതയുടെ പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അതിക്രമിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഇന്ത്യയിലെ മുസ്‍ലിംകള്‍ ഉള്‍പ്പെടെ ലോകത്ത് വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവര്‍ മനുഷ്യാവകാശ ദിനത്തിന്റെ ചോദ്യചിഹ്നങ്ങളാണ്.
ഇംഗ്ലണ്ടിലെ ജോൺ രാജാവിനെക്കൊണ്ട് 1215 ല്‍ ജനങ്ങള്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പുവെപ്പിച്ച മാഗ്നാകാര്‍ട്ടയും 1689 ല്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസ്സാക്കിയ അവകാശ നിയമവും 1776 ജൂലായ് 4 ഫിന്‍ലാന്റില്‍ വെച്ച് നടന്ന അമേരിക്കന്‍ മനുഷ്യവകാശ പ്രഖ്യാപനവുമൊക്കെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ നാഴികക്കല്ലുകളായി എണ്ണപ്പെടുന്നു. എന്നാല്‍ മാഗ്നാകാര്‍ട്ട അവതരിപ്പിക്കപ്പെടുന്നതിന്റെ അഞ്ച് നൂറ്റാണ്ട് മുമ്പ് മക്കാ മരുഭൂമിയില്‍ വെച്ച് 10 ലക്ഷത്തോളം അനുയായികളെ സാക്ഷി നിര്‍ത്തി പ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ) മനുഷ്യ ജീവിതത്തില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കടമകളെയും കടപ്പാടുകളെയും മനുഷ്യര്‍ പരസ്പരം വകവെച്ചുകൊടുക്കേണ്ട അവകാശങ്ങളെയും കുറിച്ച് കൃത്യമായി വിവരിച്ചിരുന്നു. ഇതു പാലിക്കുന്നവന്‍ മാത്രമേ യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂവെന്നും അവിടുന്ന് ഉണര്‍ത്തുകയുണ്ടായി.
യഥാര്‍ത്ഥ മുസ്‍ലിമായി ജീവിക്കുന്നവന്‍ ഒരു തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളുമായും പൊരുത്തപ്പെടാന്‍ കഴിയുകയില്ല. “നിങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉത്തമര്‍ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നവരാണ്”എന്ന പ്രവാചക വചനം ഉള്‍ക്കൊള്ളുന്ന മുസ്‍ലിമിന് കുടുംബ പ്രശ്നത്തിന്റെ പേരില്‍ കോടതി കയറേണ്ടി വരില്ലല്ലോ. നിങ്ങളുടെ ഭാര്യമാരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു എന്ന് പറഞ്ഞ പ്രവാചകര്‍ ഒരു ഉത്തമ കുടുംബ നാഥനാവാനാണ് ഓരോ മുസ്‍ലിമിനോടും നിര്‍ദ്ദേശിക്കുന്നത്. ഓരോ മണിക്കൂറിലും ഓരോ വിവാഹമോചനം നടക്കുന്ന ഇന്ത്യയില്‍ പ്രവാചകരുടെ ഈ നിര്‍ദ്ദേശം ഏറെ പ്രസക്തമാണ് . ഭാര്യമാര്‍ നിങ്ങള്‍ക്കും നിങ്ങള്‍ ഭാര്യമാര്‍ക്കും വസ്ത്രങ്ങളാണ് എന്ന ഖുര്‍ആനിക വാക്യം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. പ്രവാചകരുടെ കാലഘട്ടത്തില്‍ ഒന്നോ രണ്ടോ വിവാഹമോചനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്ന് പറയുമ്പോള്‍ ആ സമൂഹത്തില്‍ നില നിന്നിരുന്ന കൌടുംബിക കെട്ടുറപ്പ് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
മനുഷ്യാവകാശ ധ്വംസനങ്ങള്‍ അരങ്ങേറുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖല തൊഴില്‍ മേഖലയാണ്. 1889 മെയ് മാസം 1ാം തീയതി എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം മുഴക്കി ചിക്കാഗോയിലെ ഫാക്ടറി തൊഴിലാളികള്‍ പണി മുടക്കി. തെരുവിലൂടെ നീങ്ങിയ തൊഴിലാളികളുടെ പ്രകടനം ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ചെയ്തത്. മര്‍ദ്ദനമേറ്റ തൊഴിലാളികളുടെ ചോര തെരുവിലെങ്ങും ചാലിട്ടു. തൊഴിലാളികള്‍ തങ്ങളുടെ വസ്ത്രം ഈ ചോരയില്‍ മുക്കി ചെങ്കൊടിയുണ്ടാക്കി. ഈ ദിനം പിന്നീട് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കപ്പെടുന്നു. പ്രവാചകര്‍(സ) തങ്ങള്‍ പഠിപ്പിച്ചു. തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് തന്നെ അവന്റെ കൂലി കൊടുക്കണം എന്ന്. തൊഴിലാളി, മുതലാളി എന്ന വിവേചനം ഇസ്‍ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അധ്വാനത്തിന് അങ്ങേയറ്റം പ്രാധാന്യം നല്കുന്ന മതം തൊഴിലാളികളുടെ മഹത്വത്തെ അംഗീകരിക്കുന്നു. മോശമായ സാഹചര്യത്തില്‍ തൊഴിലെടുക്കേണ്ടി വരുന്ന തൊഴിലാളികളും മതിയായ കൂലി നല്കപ്പെടാത്ത തൊഴിലാളികളും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെയാണ് നേരിടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പ്രവാചകന്റെ പാഠങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്.
മനുഷ്യാവകാശമെന്നാല്‍ മനുഷ്യന് മനുഷ്യനാവാനുള്ള അവകാശമാണ്. അതൊരിക്കലും നിഷേധിക്കപ്പെടരുത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മനുഷ്യന്റെ വിവിധ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദുരന്തമാണ്, അത് എന്തിന്റെ പേരിലായാലും ശരി.



Leave A Comment