മതവിദ്യാഭ്യാസം: പാരമ്പര്യത്തിന്റെ മുദ്രകള്‍
 width=കേരളത്തിന്റെ പരമ്പരാഗത വിദ്യാഭ്യാസ സംവിധാനമാണ് പള്ളിദര്‍സുകള്‍. പ്രവാചകരുടെ മദീനാപള്ളിയിലെ മാതൃകയില്‍ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നൂറ്റാണ്ടുകളായി ഈ പഠനസംവിധാനം നിലനിന്നുപോന്നിട്ടുണ്ട്.
അടുത്തായി പള്ളിദര്‍സുകളും ദര്‍സില്‍ പഠനത്തിനു ചേരുന്ന വിദ്യാര്‍ത്ഥികളും ഇല്ലാതാവുന്ന സ്ഥിതി വിശേഷം വന്നിരിക്കുന്നു. ഇക്കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് മതരംഗത്തുള്ളവര്‍ പൊതുവിലും ദര്‍സ് രംഗത്തുള്ളവര്‍ പ്രത്യേകിച്ചും ബോധവാന്‍മാരെല്ലന്നതാണ് ഇതിലെ വൈരുദ്ധ്യം. നമ്മുടെ നാടിന്റെ മത ചൈതന്യം നിലനില്‍ക്കണമെന്നാശിക്കുന്നവരൊക്കെ ആശങ്കയോടെ മാത്രമേ ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കൂ. പള്ളിദര്‍സുകള്‍ അപ്രത്യക്ഷമാകുന്ന സ്ഥാനത്ത് അറബിക് കോളേജുകള്‍ സ്ഥാപിക്കപ്പെടുകയും അവിടങ്ങളില്‍നിന്നു വിദ്യാര്‍ത്ഥികള്‍ വര്‍ഷാവര്‍ഷം രംഗത്തിറങ്ങുകയും ചെയ്യുന്നുവെന്നു സമാധാനിക്കാന്‍ കഴിയാത്തവിധം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി താറുമാറായിപ്പോവുകയാണിപ്പോള്‍. ദര്‍സുകള്‍ ഇല്ലാതാകുന്നതോടെ പള്ളിയുടെ പരിപാലനത്തിനു തന്നെ ആളില്ലാത്ത ചുറ്റുപാട് വന്നിരിക്കുന്നു. മദ്‌റസാഅധ്യാപകര്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ഗള്‍ഫ് കുടിയേറ്റങ്ങള്‍ മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരെക്കൂടി ബാധിച്ചതോടെ ഈ രംഗത്ത് മാനുഷിക വിഭവം തികയാത്ത സ്ഥിതി വിശേഷവുമുണ്ട്. കോളേജ് വിദ്യാഭ്യാസം ഇതിനു പരിഹാരമാണെന്നു ഇതുവരെയുള്ള അനുഭവങ്ങളില്‍നിന്നു പറയാനാവില്ല.
പള്ളിദര്‍സുകള്‍ കൂടുതല്‍ പരിപോഷിപ്പിക്കുകയും അടിയന്തിരമായി പരിഷ്‌കരിക്കുകയും ചെയ്തില്ലെങ്കില്‍ മതവിധി പറയാനും പ്രാദേശിക രംഗത്ത് മതപ്രവര്‍ത്തനം നടത്താനും വരുംതലമുറയില്‍ ആളില്ലാതെ വരും.
കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്ന ദര്‍സ് സമ്പ്രദായത്തിന്റെ തകര്‍ച്ചയില്‍ പാരമ്പര്യനിഷേധികളായ ഉല്‍പതിഷ്ണുക്കളുടെ പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍ പഴഞ്ചന്‍ രീതിയാണ് എന്നു പറഞ്ഞു പ്രചരിപ്പിക്കുന്നതുമൂലം ഈ രംഗത്തേക്ക് ബുദ്ധിയുള്ള കുട്ടികളെ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍  വിമുഖത കാട്ടിയെന്നതു ആര്‍ക്കും നിഷേധിക്കാനാവില്ല.
കോടിക്കണക്കിനു രൂപയുടെ സമ്പത്ത് നമ്മുടെ നാട്ടില്‍ ദര്‍സുകളുടെ പേരില്‍ വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ശരിയായ കൈകാര്യത്തിന് ദര്‍സ് സംവിധാനം മെച്ചപ്പെടുത്തി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു നിര്‍ത്തുകയാണ് ഏക വഴി.
ദര്‍സ് വിദ്യാഭ്യാസം മഹത്തായ ഒട്ടേറെ നന്‍മകള്‍ പകര്‍ന്നുതരുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായത് ഗുരുശിഷ്യ ബന്ധം തന്നെ. പഴയ നമ്മുടെ പള്ളിദര്‍സുകളില്‍ നിന്നും വിദ്യ നേടിയ ഉലമാക്കള്‍ ഗുരുമുഖത്തു നിന്ന് ആത്മീയത നുകര്‍ന്നവരും തങ്ങളുടെ ശിഷ്യര്‍ക്ക് അത് പകര്‍ന്നവരുമായിരുന്നു. പരസ്പരം അടുത്തറിഞ്ഞു വിദ്യ അഭ്യസിക്കുന്നതിന്റെ ഫലം എന്തുകൊണ്ടും മികച്ചതായിരിക്കുമല്ലോ.
പള്ളികളുടെ അന്തരീക്ഷം വിദ്യാര്‍ത്ഥികളില്‍ സ്വാഭാവികമായ അച്ചടക്കബോധം സൃഷ്ടിക്കുമെന്നതാണ് മറ്റൊരു ഗുണം. ആത്മികമായ സാഹചര്യങ്ങള്‍ പള്ളിയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുമല്ലോ.
വിദ്യാര്‍ത്ഥികളെ പൂര്‍ണ മനുഷ്യരാക്കുകയാണ് വിദ്യാഭ്യാസം വഴി ഉദ്ദേശിക്കപ്പെടുന്നത്. സ്വഭാവ സംസ്‌കരണത്തിന്റെ ഒന്നാം പാഠം അഭ്യസിക്കാന്‍ ഏറ്റവും അനുയോജ്യം ആത്മിക ബന്ധമുള്ള ഗുരുമുഖത്തുനിന്നു തന്നെയാണ്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളിലൂടെ നല്ല സ്വഭാവം കണ്ടു മനസ്സിലാക്കാന്‍ ദര്‍സ് രീതിക്കു കഴിയുന്നു.
സദാസമയവും അധ്യാപകനും വിദ്യാര്‍ത്ഥിയും മറകളില്ലാതെ ഇടപഴകുന്ന അന്തരീക്ഷമായതിനാല്‍ മികച്ച പഠനസൗകര്യം ദര്‍സു വഴി ലഭ്യമാവുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചെറിയ കുട്ടികള്‍ക്ക് വിദ്യ നുകരുന്ന രീതി ഏറെ പ്രശംസനീയവും മാതൃകാപരവുമാണ്. ചെറിയവരുടെ ആത്മിക വളര്‍ച്ചക്കും വലിയ വിദ്യാര്‍ത്ഥികളുടെ വിജ്ഞാന വര്‍ദ്ധനവിനും ഇതുവഴി സാധ്യമാകുന്നു.
എന്തുകൊണ്ടും വളരെ ചെലവു കുറഞ്ഞ വിദ്യാഭ്യാസ രീതിയാണ് പള്ളിദര്‍സ്. എന്നാല്‍ വിജയപ്രദമായാല്‍ എല്ലാറ്റിലും വലിയ ഫലവും ഇതുവഴി ഉണ്ടാകുന്നു. പൂര്‍ണമായും ഹലാലായ ഭക്ഷണം കഴിച്ച് പള്ളിയില്‍ ഇരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ആത്മികമായ ഒരു പശ്ചാത്തലം സ്വാഭാവികമായും കൈവരും. ആത്മികമായ കാര്യമാണല്ലോ വിദ്യാഭ്യാസം. ജനങ്ങള്‍ക്ക് വിജ്ഞാനത്തെ സ്‌നേഹിക്കാനും സഹായിക്കാനും ഇതുവഴി സാധ്യതയുണ്ട്. ഭക്ഷണത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍വഴിക്ക് നാട്ടില്‍ വിജ്ഞാനവും പള്ളിയുമായുള്ള ഉറച്ച ബന്ധവും സൃഷ്ടിക്കപ്പെടുന്നുണ്ട്. നാട്ടുകാരായ വിദ്യാര്‍ത്ഥികളെ പള്ളിയിലെ ദര്‍സിലെത്തിക്കാന്‍ വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു.
ശരിയായ രീതിയില്‍ മതവിജ്ഞാനത്തിന് പരിശീലനം കിട്ടാന്‍ ദര്‍സ് പഠനത്തോളം പറ്റിയ മാര്‍ഗങ്ങളൊന്നുമില്ല. ഇമാമത്ത് നില്‍ക്കാനും പള്ളി പരിപാലിക്കാനും വാങ്കു കൊടുക്കാനും ഖുത്വുബ നിര്‍വഹിക്കാനും പള്ളിദര്‍സില്‍ പഠിച്ച വിദ്യാര്‍ത്ഥിക്ക് യാതൊരു തരത്തിലുള്ള പ്രയാസവും അനുഭവപ്പെടാറില്ല.
പഴയ ദര്‍സുകളില്‍ നിലനിന്നിരുന്ന വായിച്ചോത്ത് രീതിയും മുതിര്‍ന്നവര്‍ ചെറിയവര്‍ക്ക് ക്ലാസെടുക്കുന്ന രീതിയും വിജ്ഞാനവര്‍ദ്ധനവിനും അധ്യാപന പരിശീലനത്തിനും ഏറെ സഹായകമായിരുന്നു. ഇന്ന് ഇത്തരം നല്ല സമ്പ്രദായങ്ങള്‍ മിക്കവാറും ദര്‍സുകളില്‍നിന്ന് അപ്രത്യക്ഷമായിപ്പോയിട്ടുണ്ട്. പള്ളിയില്‍ ദര്‍സില്ലെങ്കില്‍ ജുമുഅക്കു മാത്രം ആളുണ്ടാവുന്ന സ്ഥിതി പലയിടത്തുമുണ്ട്. ദര്‍സ് വിദ്യാര്‍ത്ഥികള്‍ ഒരു മഹല്ലിന്റെ ദീനീചൈതന്യത്തിന്റെ ചിഹ്‌നങ്ങള്‍ കൂടിയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പള്ളികള്‍ പാഴായിപ്പോവാതിരിക്കാന്‍ വിദ്യാഭ്യാസ സംവിധാനം പള്ളിയില്‍ തന്നെയുണ്ടാവുന്നത് എന്തുകൊണ്ടും ആവശ്യമാണ്.പഴയ പള്ളികളുടെ തട്ടു സമ്പ്രദായം വിദ്യാര്‍ത്ഥികളുടെ താമസത്തിനു കൂടി കരുതി ഉണ്ടായതാണ്.
കേരളത്തിലെ ഉല്‍പതിഷ്ണുക്കള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മുഴുസമയ ദീനീ പ്രവര്‍ത്തനത്തിന് ആളെ കിട്ടുന്നില്ലെന്നതാണ്. പലപ്പോഴും ഖുത്വുബ നിര്‍വഹിക്കാന്‍ ഖത്തീബുമാരെ 'ഫാസ്റ്റ്ഫുഡ്' രീതിയില്‍ വാര്‍ത്തെടുക്കേണ്ടുന്ന സ്ഥിതിവിശേഷമാണുള്ളത്. അതുകൊണ്ടുതന്നെ മതവിദ്യാഭ്യാസ രംഗത്ത് യാതൊരു ബന്ധവുമില്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ബസ് കണ്ടക്ടര്‍മാരും ഒരു പ്രഭാതത്തില്‍ ഖത്തീബുമാരാവുന്ന ദയനീയത ഇത്തരം പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നു. ഗള്‍ഫ് പണത്തിന്റെ സൗകര്യത്തിലാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗം മുന്നോട്ടു കൊണ്ടുപോകുന്നത്.  എന്നാല്‍ പള്ളിദര്‍സ് വഴി വാര്‍ത്തെടുക്കപ്പെടുന്ന തലമുറ പ്രതിഫലേച്ഛയില്ലാതെ കര്‍മരംഗത്ത് സജീവമാകുന്നത് നമുക്ക് എത്രയോ അനുഭവങ്ങളുള്ളതാണ്.
ഉല്‍പതിഷ്ണു വിഭാഗങ്ങള്‍ പള്ളിദര്‍സുകളെ തകര്‍ക്കാന്‍ വിലകുറഞ്ഞ പല ആരോപണങ്ങളും ഉന്നയിക്കാറുണ്ട്. 'ആരാന്റെ ഔദാര്യംപറ്റുന്ന പൗരോഹിത്യം' എന്നാണ് പലരും ഈ സംവിധാനത്തെ പരിഹസിക്കാറുള്ളത്. എന്നാല്‍, ഇത് പറയുകയും എഴുതുകയും ചെയ്യുന്നത് സര്‍ക്കാറിന്റെ പണം പറ്റി പഠിച്ചവരും പഠിപ്പിക്കുന്നവരുമായിരിക്കും.  ദര്‍സിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നു പറയുന്നതിനു പകരം ദര്‍സ് തന്നെ തകര്‍ക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. തങ്ങളുടെ കുതന്ത്രങ്ങള്‍ വിവരമുള്ളവരുടെപക്കല്‍ വിലപ്പോവില്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ എതിര്‍പ്പ്.
പള്ളിദര്‍സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മിക്കവാറും മറ്റു രംഗങ്ങളിലേക്കൊന്നും പറ്റാത്തവരാണെന്ന ഒരു ധാരണയുണ്ട്. എന്നാല്‍, ബുദ്ധിവൈഭവത്തില്‍ ഏറ്റക്കുറവുള്ളവരും പ്രായോഗിക ജീവിതത്തില്‍ വിജയിക്കാറുണ്ട്. ദര്‍സു വിദ്യാര്‍ത്ഥികളില്‍ അപകര്‍ഷതാബോധം വളരാന്‍ ഈ ചിന്താഗതി വഴിവെച്ചിട്ടുണ്ട്. ദര്‍സില്‍ പഠിച്ചാല്‍ ഒന്നും ആവില്ല എന്നു നെടുവീര്‍പ്പിടുന്ന പല വിദ്യാര്‍ത്ഥികളെയും കാണാം.
സത്യത്തില്‍ അറിവും യോഗ്യതയുമുണ്ടെങ്കില്‍ ഇപ്പോഴും വലിയ സാധ്യതയും സ്വീകാര്യതയും സമൂഹത്തിനിടയിലുണ്ട്.
നന്നായി പ്രസംഗിക്കുന്ന ഒരു ഖത്തീബിന് ജീവിതത്തില്‍ തിരിഞ്ഞുനോക്കേണ്ടിവരില്ല. നല്ല ഒരു മുദര്‍രിസിനും ഇതുതന്നെ സ്ഥിതി. കുറുക്കുവഴിയിലൂടെ പണം നേടാന്‍ തട്ടിക്കൂട്ടി ആട്ടിപ്പിടിച്ചു കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികളെ വെച്ചു തുടങ്ങേണ്ടതല്ല ദര്‍സ്. സമൂഹം മൊത്തത്തില്‍ താല്‍പര്യമെടുത്ത് വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയാണു വേണ്ടത്.
കുട്ടികളെ കിട്ടാനില്ലാത്തതുകൊണ്ട് ദര്‍സ് വേണ്ട എന്നു പറഞ്ഞൊഴിയുന്നവര്‍ കുട്ടികളെ എന്തൊക്കെ പഠിപ്പിക്കണമെന്നു കാലോചിതമായി ആലോചന ചെയ്ത് രംഗത്തിറങ്ങിയാല്‍ തീര്‍ച്ചയായും ഫലം അനുകൂലമായിരിക്കുമെന്നുറപ്പാണ്.
മെച്ചപ്പെട്ട പാഠ്യപദ്ധതിയിലൂടെ ദര്‍സ് പഠനം സജീവമാക്കിയാല്‍ ഇനിയും ഈ രംഗത്ത് വലിയ സാധ്യതകളുണ്ട്. ഇല്ലെങ്കില്‍ അപകടം വലുതാണെന്നറിയുക.
കെ. ആലിക്കുട്ടി മുസ് ലിയാര്‍
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter