ജാമിഅ മില്ലിയ്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നു
jamia milliaഡെല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യക്കു കീഴില്‍ പുതിയ മെഡിക്കല്‍ കോളേജും ആശുപത്രിയും ഉടനെ സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സലര്‍ തലത്ത് അഹ്മദ് അറിയിച്ചു. പരിസരത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജുകളൊന്നും ഇല്ലാത്തതു കൊണ്ട് ജാമിഅക്കു കീഴില്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും തീരുമാനം പ്രഖ്യാപിക്കാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്‍റെ മുന്നോടിയായി നിയമമനുശാസിക്കുന്നത് പോലെ ആദ്യം 300 ബെഡ് സൌകര്യമുള്ള ഒരു ആശുപത്രിയും പിന്നീട് കോളേജും സ്ഥാപിക്കാനാണ് ഇപ്പോള്‍ പദ്ധതിയിടുന്നതെന്നും ഇതിന് പിന്തുണയും സാമ്പത്തിക സഹായവും തേടി സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണെന്നും കഴിഞ്ഞ മെയില്‍ നിയമിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരുമായുള്ള തന്‍റെ ആദ്യ കൂടിക്കാഴ്ചയില്‍ വൈസ് ചാന്‍സലര്‍ അറിയിച്ചു. ജാമിഅ കാലപ്പഴക്കമുള്ള സര്‍വ്വകലാശാലയാണെങ്കിലും പല മേഖലകളിലും ശരാശരിയിലും താഴെ മാത്രമാണ് സ്ഥാപനത്തിന്‍റെ നിലവാരമെന്നും തന്‍റെ സേവനകാലത്ത് ഡല്‍ഹി യൂണിവേഴ്സിറ്റിയോടും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയോടും കിടയൊക്കുന്ന രീതിയില്‍ സ്ഥാപനത്തെ വളര്‍ത്തിയെടുക്കലാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുതുതായി തുടങ്ങാനിരിക്കുന്ന പദ്ധതികളുടെ പട്ടികയും അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ നിരത്തി. അക്കാദമിക ഗവേഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ പദ്ധതികളില്‍ പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്കൂള്‍ ഓഫ് എര്‍ത്ത് അറ്റ്മോസ്ഫിയര്‍ ആന്‍റ് പ്ലാനറ്ററി സയന്‍സ് പരിസ്ഥിതി പഠനം, ഭൌമ ശാസ്ത്രം, ജി.പി.എസ് തുടങ്ങിയ മേഖലകളില്‍ ജാമിഅക്ക് ദേശീയ ഭൂപടത്തില്‍ ഇടം നേടിക്കൊടുക്കാന്‍ മാത്രം പര്യപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വനിതകളുടെ വിദ്യാഭ്യാസ-തൊഴില്‍ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഈ കൂട്ടത്തിലുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter