കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
  chidകൊച്ചി: കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമയാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും വീട്ടില്‍ എല്ലാവരുടെയും ശ്രദ്ധയെത്തുന്ന മുറിയിലാണ് കമ്പ്യൂട്ടര്‍വയ്ക്കണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അശ്ലീല സൈറ്റുകള്‍ കുട്ടികള്‍ക്ക് അപ്രാപ്യമാണെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് ബി. കെമാല്‍പാഷ വിശദീകരിച്ചു. കോന്നിയില്‍നിന്നു കാണാതായ മൂന്നു പെണ്‍കുട്ടികളുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് സിംഗിള്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടത്. കുട്ടികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണ് ഇതിനു പ്രധാന കാരണം കോടതി പറഞ്ഞു. കുട്ടികള്‍ ഇന്റര്‍നെറ്റിന് അടിമകളായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. കോന്നി ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ആതിര. ആര്‍. നായര്‍, എസ്. രാജി, ആര്യ. കെ. സുരേഷ് എന്നിവരുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയിലെത്തിയത്. ഈ കേസിന്റെ ഡയറിയും മൊഴികളുമടങ്ങിയ രേഖകള്‍ പൊലീസ് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ജസ്റ്റീസ് ബി. കെമാല്‍പാഷ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ രണ്ടു പേരെ ജൂലായ് 13 ന് ഒറ്റപ്പാലത്തിനടുത്ത് മങ്കരയില്‍ ട്രെയിനില്‍ നിന്ന് ചാടി മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter