താലിബാന്റെ ഒരു വർഷം, അഫ്ഗാൻ എവിടെ എത്തി നില്‍ക്കുന്നു

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. പഴയതില്‍നിന്ന് ഏറെ മാറിയിട്ടുണ്ടെന്ന പ്രതീതി സൃഷ്ടിച്ചായിരുന്നു ഒരു വര്‍ഷം മുമ്പ് അവരുടെ പ്രതിനിധികള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പുതിയൊരു അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതിനായി ലോകരാഷ്ട്രങ്ങളുടെ പിന്തുണയും അവര്‍ തേടിയിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍, അഫ്ഗാനിസ്ഥാനും താലിബാനും എവിടെ എത്തി നില്‍ക്കുന്നു എന്ന് തുറന്ന് പറയുകയാണ് ഈ വനിതാ ഉദ്യോഗസ്ഥര്‍.

അഭിഭാഷകയായിരുന്ന മിന അലീമി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും അഫ്ഗാനിയാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെതിരെ നില കൊണ്ടിരുന്ന താലിബാന്‍ പ്രവര്‍ത്തകരില്‍നിന്ന് പലപ്പോഴും അവര്‍ക്ക് ഭീഷണികളുമുണ്ടായിരുന്നു. ഭരണത്തിലെത്തിയാല്‍ തന്റെ ജീവന് വരെ അപകടം സംഭവിച്ചേക്കാം എന്ന് ആശങ്കകളുണ്ടായിരുന്നെങ്കിലും, ഒരിക്കല്‍ പോലും അവര്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. 
ആദ്യ താലിബാൻ സർക്കാരിന്റെ കാലത്ത് അലീമി കൊച്ചുകുട്ടിയായിരുന്നു. രണ്ടാമത് അവര്‍ അധികാരത്തിലെത്തിയപ്പോഴാണ് പഠനം പൂര്‍ത്തിയാക്കി അവര്‍, രാജ്യത്തെ 270 വനിതാ അഭിഭാഷകമാരില്‍ ഒരാളായി ജോലി നേടിക്കഴിഞ്ഞിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും നാട് വിട്ട് പലായനം ചെയ്‌തപ്പോഴും ജന്മനാട്ടില്‍ തന്നെ തുടരാനായിരുന്നു അലീമിയുടെ തീരുമാനം. അതേകുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ,
“എനിക്ക് അഫ്ഗാനിസ്ഥാൻ വിടാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. ജോലി ചെയ്യുന്നത് കാരണം, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പോലും ഏറെ ഭീഷണികളുണ്ടായിരുന്നു. താലിബാന്‍ ഭരണത്തിലെത്തിയതോടെ, അവരെ സഹായികളായിരുന്ന പല കുറ്റവാളികളെയും ജയില്‍ മോചിതരാക്കിയിരുന്നു. താലിബാന്റെ നിയമങ്ങള്‍ അനുസരിക്കാത്തവരെ ഒതുക്കാനുള്ള ചുമതല അവര്‍ക്കായിരുന്നു നല്കിയിരുന്നത്. ജോലിക്ക് പോകുന്ന ഞങ്ങളൊക്കെ അവരുടെ കണ്ണില്‍ ഒതുക്കപ്പെടേണ്ടവരാണ്. 
നിരവധി വനിതാ അഭിഭാഷകരും ഉദ്യോഗസ്ഥരും മുമ്പും അവരുടെ അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ജഡ്ജിമാരായ ഖാദ്രിയ യാസിനിയും സാകിയ ഹെരാവിയും കൊല്ലപ്പെടുക വരെ ചെയ്തു. എന്നാല്‍, നിയമവാഴ്ചയിലൂടെ എല്ലാം മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവസാനം വരെ അലീമി. 
എന്നാല്‍ ഒരു വര്‍ഷം മുമ്പ് അധികാരം അവരുടെ കൈകളിലെത്തിയതോടെ ആ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഇന്ന് താലിബാന്റെ ശിങ്കിടികള്‍ അലീമിയെ തിരഞ്ഞുനടക്കുകയാണ്. താനും കുടുംബവും ഏത് സമയവും ആക്രമിക്കപ്പെടാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഓരോ ദിവസവും അവര്‍ കഴിച്ച് കൂട്ടുന്നത്.

താലിബാന്റെ രണ്ടാം വരവ്, നമുക്ക് കാത്തിരുന്ന് കാണാം...

താലിബാൻ അധികാരത്തിലെത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ ഏകദേശം അരലക്ഷം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അധികാര കൈമാറ്റത്തിന്റെ തൊട്ടുപിന്നാലെ നടന്ന വന്‍പലായനം അടക്കം, 2021 അവസാനം വരെ രണ്ടര ദശലക്ഷം അഫ്ഗാൻ അഭയാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
വലിയ പ്രതീക്ഷകളൊന്നുമില്ലെങ്കിലും, പുതിയ അഫ്ഗാനിസ്ഥാന്‍ പടുത്തുയര്‍ത്താന്‍ സ്ത്രീ സമൂഹത്തെയും യുവാക്കളെയും പാകപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരാന്‍ തന്നെയാണ് അലീമിയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം. സ്കൂള്‍ അധ്യാപികമാരും വനിതാ പ്രഫസര്‍മാരുമെല്ലാം ഇന്ന് അലീമിയുടെ കൂട്ടത്തിലുണ്ട്. തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാർത്ഥികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്നും അവര്‍ നല്ലൊരു രാഷ്ട്രം കെട്ടിപ്പടുക്കുമെന്നുമാണ് അവരുടെ സ്വപ്നം. 
യുദ്ധം അവസാനിക്കുന്നതോടെ സ്വസ്ഥമായ ജീവിതം തിരിച്ച് വരുമെന്നായിരുന്നു ശരാശരി അഫ്ഗാനികളുടെ പ്രതീക്ഷകള്‍. എന്നാല്‍, ഇന്ന് ഭൂരിഭാഗ സാധാരണക്കാരും പട്ടിണിയിലാണ്. പെണ്‍കുട്ടികളുടെ പഠനത്തിനും സ്ത്രീകള്‍ ജോലിചെയ്യുന്നതിനും ഏറെ നിയന്ത്രണങ്ങളാണ്. ആറാം ക്ലാസിന് മുകളില്‍ സ്ത്രീകളെ വിദ്യാഭാസം നേടാൻ അവര്‍ സമ്മതിക്കുന്നില്ല. താലിബാന്‍ അധികാരികള്‍ പരസ്യമായി ഈ നിയമങ്ങള്‍ പറയുന്നില്ലെങ്കിലും അവരുടെ അനുയായികളാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. കോടതികളെ സമീപിക്കാന്‍ പോലും ഇന്ന് സ്ത്രീകള്‍ക്ക് ഭയമാണ്. 

അമേരിക്കയുടെ ഭീകര സംഘടന ലിസ്റ്റില്‍ താലിബാനില്ലെന്ന കാര്യം നിങ്ങള്‍ക്ക് അറിയുമോ

“ഞങ്ങൾ (അഫ്ഗാൻ സ്ത്രീകൾ) കഴിഞ്ഞ രണ്ട് ദശകങ്ങളിൽ കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കി, ഇന്ന് ഞങ്ങൾക്ക് അതെല്ലാം നഷ്ടപ്പെട്ടു. ഞാൻ അവരെ (താലിബാൻ) വിശ്വസിച്ചിരുന്നു, അവർ മാറിയെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ, അതെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് വൈകാതെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു, അലീമിയും കൂട്ടുകാരികളും ഒരേ സ്വരത്തില്‍ പറയുന്നു.
എന്നാല്‍ മറ്റുള്ളവരെ പോലെ, മറ്റു രാജ്യങ്ങളിലേക്ക് താമസം മാറ്റുന്നതല്ലേ നല്ലത് എന്ന ചോദ്യത്തിനും അലീമിക്ക് ഉറച്ച മറുപടിയുണ്ട്, അതിങ്ങനെയാണ്, അഫ്ഗാനിസ്ഥാന്‍ ഞങ്ങളുടെ ജന്മ നാടാണ്. ജന്മദേശം ഉപേക്ഷിച്ച് കിട്ടുന്ന സ്വസ്ഥജീവിതം ഞങ്ങള്‍ക്ക് വേണ്ട. ഈ നാടിനെ നന്നാക്കിയെടുക്കുകയാണല്ലോ നാട്ടുകാരായ ഞങ്ങളുടെ ഉത്തരവാദിത്തം. അതിനാണ് എന്റെ കൂടെയുള്ള ഈ യുവതികളെല്ലാം ശ്രമിക്കുന്നത്. അവരെ ഉപേക്ഷിച്ച് പോയാല്‍, എന്റെ മനസ്സാക്ഷി ഒരിക്കലും എന്നോട് ക്ഷമിക്കില്ല. 
ആ വാക്കുകളില്‍ ദേശാഭിമാനത്തിന്റെയും രാജ്യസ്നേഹത്തിന്റെയും ഒരായിരം മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

കടപ്പാട്: അല്‍ ജസീറ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter