അന്നുസ്‌ഖതുൽ യൂനീനിയ്യ: സ്വഹീഹുല്‍ബുഖാരിയുടെ ആധികാരിക പകര്‍പ്പ്

ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത അബൂഹുറൈറ(റ) നെ ജൂതനായി ചമയിക്കാനുള്ള ശ്രമം നടത്തിയത് വിഖ്യാത ഓറിയന്റലിസ്റ്റ് ഇസ്‌ലാം വിമർശകനായ ഗോൾഡ് സിഹർ ആണ്. ഇങ്ങനെ ഹദീസുകളുടെ ആധികാരികതയെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ ഇസ്‍ലാമിനകത്ത് നിന്നും പുറത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഹദീസുകളുടെ സംരക്ഷണം കാലഘട്ടത്തിൻറെ ആവശ്യമാണെന്ന തിരിച്ചറിവ് മുസ്‍ലിം ലോകത്തെ വലിയ ധൈഷണിക പ്രതിരോധമാത്തീരുന്നത് അങ്ങിനെയാണ്. 

ഹദീസുകളുടെ ശേഖരണവും സംരക്ഷണവും പോലെ അതിപ്രധാനമായ ഒന്നാണ് അവയുടെ നുസ്ഖ (പകർപ്പ്)യുടെ കൃത്യതയും. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ആധികാരിക ഗ്രന്ഥമായി അംഗീകരിക്കപ്പെടുന്ന  സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും പൗരാണികമായ നുസ്ഖയാണ് നുസ്‍ഖതുൽ യൂനീനി. ഇന്ന് ലഭ്യമായ ഇരുപതോളം പകര്‍പ്പുകളിൽ ഏറ്റവും ആധികാരികമെന്ന് കരുതപ്പെടുന്ന, ഉസ്മാനിയ സുല്‍താന്‍ അബ്ദുൽ ഹമീദ് രണ്ടാമന്റെ കാർമികത്വത്തിൽ രൂപപ്പെടുത്തിയ അന്നുസ്ഖതുസ്സുൽത്വാനിയ്യയുടെ മൂലപകർപ്പ് നുസ്ഖതുൽ യൂനീനിയാണ്. പ്രഗത്ഭരായ മുഹദ്ദിസുകളുടെയും ഇമാമുമാരുടെയും സന്നിധിയിൽ വായിച്ച് കേൾപ്പിച്ച് കൃത്യത വരുത്തിയത് എന്നർത്ഥത്തിൽ പൗരാണിക പകർപ്പുകളിൽ കൂടുതൽ ആധികാരികമായതും ഈ പകര്‍പ്പാണെന്ന് പറയാം. 

ഹിജ്റ 621 ൽ ജനിച്ച ഇമാം ഹാഫിള് ശറഫുദ്ദീൻ അലി അൽയൂനീനിയാണ് ഇത് രൂപപ്പെടുത്തിയത്. സിറിയയിലെ ബഅ്‍ലബക്കിൽ സ്ഥിതി ചെയ്യുന്ന യൂനീൻ എന്ന ഗ്രാമത്തിലേക്ക് ചേർത്തിയാണ് മഹാനെ യൂനീനി എന്ന് വിളിക്കുന്നത്. വലിയ ഹദീസ് പണ്ഡിതനും ആത്മീയാചാര്യനുമായിരുന്ന ശറഫുദ്ദീൻ അലിയുടെ പിതാവും പേരുകേട്ട മുഹദ്ദിസായിരുന്നു. തഖിയ്യുദ്ദീൻ മുഹമ്മദുബ്നുഅബ്ദില്ലാഹ് അൽയൂനീനി എന്നാണ് പിതാവിന്റെ മുഴുവൻ പേര്.   അവരുടെ നാല് മക്കളിൽ ഒന്നാമനാണ് ശറഫുദീൻ യൂനീനി. ഹിജ്റ 658 ൽ വഫാതായ തഖിയ്യുദ്ദീൻ യൂനീനിയെക്കുറിച്ച് ഇമാം ദഹബി തദ്കിറതുൽ ഹുഫ്ഫാളിൽ പറയുന്നത് ശരീഅതും ഹഖീഖതും ഒരുമിച്ച് മേളിച്ച വ്യക്തിത്വമായിരുന്നു മഹാനെന്നാണ്. ഇവരുടെ മറ്റുമക്കളായ ഖുതുബുദ്ദീൻ മൂസയും വലിയ പണ്ഡിതനും ചരിത്രകാരനുമായിരുന്നു. മറ്റ് രണ്ട് മക്കളായ ബദറുദ്ദീൻ ഹുസൈൻ എന്ന മകനെയും അമതുറഹീം എന്ന മകളെയും കുറിച്ചുള്ള ചരിത്രം ലഭ്യമല്ല. വലിയ കറാമതുകൾക്കുടമയായ തഖിയുദ്ദീൻ യൂനീനി ഹി. 658 ൽ ഇഹലോകവാസംവെടിഞ്ഞു. 

ശറഫുദ്ദീൻ യൂനീനി, ഹദീസ് വിജ്ഞാനത്തിലെ ആഴവും പരപ്പും

ഒരുപാട്കാലം സ്വഹീഹുൽ ബുഖാരി ദർസ് നടത്തിയ ശറഫുദ്ദീൻ അലി അൽ യൂനീനി അറബി വ്യാകരണ ശാസ്ത്രത്തിലെ വിശ്രുതപണ്ഡിതനും അൽഫിയ്യയുടെ രചയിതാവുമായ ഇബ്നുമാലികിന്റെ ഉസ്താദ് കൂടിയായിരുന്നു. ഇമാമുമാർ മഹാനെ കുറിച്ച് രേഖപ്പെടുത്തിയ കാര്യങ്ങൾ അവരുടെ ഹദീസ് വിജ്ഞാനീയത്തിലെ അവഗാഹം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഹാഫിള് ശംസുദ്ദീൻ ദഹബി കുറിക്കുന്നു, "എഴുപതിലേറെ ദിവസം ഞാൻ മഹാന്റെ സവിധത്തിൽ ഹദീസ് പഠനത്തിനായി കഴിച്ചുകൂട്ടി. ഒരു വർഷം 11 തവണ സ്വഹീഹുൽ ബുഖാരി മറ്റുപകർപ്പുകളുമായി തുലനം ചെയ്ത് തെറ്റുകൾ കണ്ടെത്തുകയും തിരുത്തുകയും ചെയ്തു". ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു, "ഹദീസുകളുടെ കൃത്യതയും സ്വീകാര്യതയും ഉറപ്പുവരുത്തുന്നതിൽ മഹാൻ വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു." ഇബ്നുമാലിക്(റ) വലിയ ഭാഷാ പണ്ഡിതനായിരുന്നതുകൊണ്ടുതന്നെ ഒരുപാട് തെറ്റുകളും മറ്റും ആധികാരികമായി തിരുത്താൻ ശറഫുദ്ദീൻ യൂനീനിക്ക് കഴിഞ്ഞു. അഥവാ ഹദീസ് വിജ്ഞാനീയത്തിൽ തൻറെ ശിഷ്യനായ ഇബ്നു മാലികിനെ ഭാഷാ ശാസ്ത്രത്തിൽ തന്റെ ഗുരുവായി സ്വീകരിക്കുകയായിരുന്നു മഹാൻ. 

നുസ്ഖയുടെ ആധികാരികതയും സ്വീകാര്യതയും

സഹീഹുൽ ബുഖാരിക്ക് എഴുതപ്പെട്ട ഇരുന്നൂറോളം വ്യാഖ്യാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇമാം ഖസ്ത്വല്ലാനിയുടെ ഇർശാദുസ്സാരി. ഇതിൽ അവലംബിച്ചിട്ടുള്ളത് യൂനീനി നുസ്ഖയാണ്. അക്കാലത്തെ പ്രഗൽഭരായ മുഹദ്ദിസുകൾ പങ്കെടുക്കുന്ന എഴുപതോളം വലിയ ഹദീസ് പഠനക്ലാസുകളിൽ വായിക്കുകയും ദര്‍സ് നടത്തുകയും ചെയ്ത നുസ്ഖയാണെന്നതിനാൽ പിൽക്കാലത്ത് വന്ന പണ്ഡിതരെല്ലാം വലിയ സ്വീകാര്യതയോടെയാണ് ഇതിനെ ഏറ്റെടുത്തത്. ഹിജ്റ 1313 ൽ ഉസ്മാനിയാ സുല്‍താന്‍ അബ്ദുൽ ഹമീദ് രണ്ടാമന്റെ നിർദേശപ്രകാരം അന്നത്തെ വലിയ ഹദീസ് പണ്ഡിതൻ ശൈഖ് ഹസ്സൂനതുന്നവാവി അന്നുസ്ഖതുസ്സുൽത്വാനിയ്യ രൂപപ്പെടുത്തിയപ്പോൾ അടിസ്ഥാനമായി ഈ പകര്‍പ്പാണ് പരിഗണിച്ചത് എന്നത് ഇതിന്റെ ആധികാരികത വിളിച്ചോതുന്നുണ്ട്. ജാമിഅഅൽഅസ്ഹറിലെ 17 ഓളം ഹദീസ് പണ്ഡിതന്മാർ അടങ്ങുന്ന സമിതി നുസ്ഖതുൽ യുനീനിയുടെ വ്യത്യസ്ത പകർപ്പുകൾ വെച്ചുകൊണ്ട് പരസ്പരം തുലനം ചെയ്താണ് അന്നുസ്ഖ തുസ്സുൽത്വാനിയ്യക്ക് രൂപം നൽകിയത്. ഇമാം ബുഖാരി(റ)യിൽ നിന്ന് സ്വഹീഹുൽ ബുഖാരി കേട്ടുപഠിച്ച അബൂദർറ് അൽഹർവി, ഇമാം അസ്വീലി, ഇബ്നു അസാക്കിർ, അബുൽവഖ്ത് തുടങ്ങിയ മഹത്തുക്കളുടെ സവിധത്തിൽ വായിച്ചു കേൾപ്പിക്കാനുപയോഗിച്ച ബുഖാരിയുടെ പകർപ്പാണ് ശറഫുദ്ദീൻ യൂനീനി തന്റെ നുസ്ഖ ക്രമപ്പെടുത്താൻ വേണ്ടി ഉപയോഗിച്ചത്. 

ഉപപകർപ്പുകൾ

ഹദീസ് ഗ്രന്ഥത്തിന്റെ നുസ്ഖകളിൽ പിൽക്കാലത്ത് ചെറിയ വ്യത്യാസങ്ങൾ കാണപ്പെടാറുണ്ട്. ഒരു ആധികാരിക പകർപ്പ് കാലങ്ങളായി കൈമാറ്റം ചെയ്തുവരുമ്പോൾ, ചെറിയ സംശയങ്ങള്‍ വീണ്ടും ഉടലെടുക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അടിസ്ഥാന നുസ്ഖയെ അവലംബിച്ചു കൊണ്ട് തന്നെ തെറ്റുകൾ തിരുത്തി പുതിയപകർപ്പുകൾ രൂപപ്പെടുത്താറാണ് പതിവ്. അങ്ങനെ നുസ്ഖതുൽ യൂനീനിയുടേതായി രൂപപ്പെട്ട ഉപനുസ്ഖകളെക്കുറിച്ചും അവ രൂപപ്പെടുത്തിയ പണ്ഡിതരെയും പരിചയപ്പെടാം. 


1. ശിഹാബുദ്ദീൻ അഹ്മദ് ബിൻ അബ്ദിൽ വഹാബ് അന്നുവയ്‍രി

ഹി. 733 ൽ വഫാതായ മഹാൻ ഹദീസിൽ മാത്രമല്ല വിവിധങ്ങളായ വിജ്ഞാന ശാഖകളിൽ അവഗാഹമുള്ളവരായിരുന്നു. എട്ട് പ്രാവശ്യം സ്വഹീഹുൽബുഖാരി മഹാൻ പകർത്തിയെഴുതിയിട്ടുണ്ട്. ആയിരം ദിർഹമിന് താൻ പകർത്തിയ പകർപ്പുകൾ അവർ വിറ്റിരുന്നു. ഓരോ ദിവസവും ചൂരുങ്ങിയത് മൂന്ന് പേജുകൾ പകർത്തിയെഴുതുക എന്നത് മഹാന്റെ പതിവായിരുന്നു. ഇസ്താംബൂളിലെ ഒരു ലൈബ്രറിയിൽ ഈ പകർപ്പ് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
 
2. നുസ്ഖതുൽ ഗസ്‍വീലി

ഇമാം ശംസുദ്ദീൻ മുഹമ്മദ് ബിൻ അഹ്മദ് അൽ ഗസ്‍വീലി (ഹി 697 - 777) യുടെ പകർപ്പാണ് നുസ്ഖതുൽ ഗസ്‍വീലി എന്നറിയപ്പെടുന്നത്. ഹിജ്റ 735 ൽ ജമാദുൽഊലയിലാണ് ഈ പകർപ്പ് പൂർത്തിയാക്കുന്നത്. ഇമാം ഹാഫിള് ബ്നു ഹജർ അസ്ഖലാനി ഇത് വളരെ നല്ല പകർപ്പാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം ഖസ്ത്വല്ലാനി തന്റെ ഇർശാദുസ്സാരിക്ക് അവലംബമായി ആദ്യഘട്ടത്തിൽ ഇതാണ് ഉപയോഗപ്പെടുത്തിയിരുന്നത്. കെയ്റോയിലെ ദാറുൽകുതുബ് അൽമിസ്‍രിയ്യ എന്ന ഗ്രന്ഥശാലയിൽ ഇതിന്റെ പകുതി ഭാഗം സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. കെയ്റോയിലെ മദ്റസതു തൻകീസിയ്യ എന്ന സ്ഥാപനത്തിലേക്ക് ഈ പകർപ്പ് വഖ്ഫ് ചെയ്തിരുന്നുവെന്നതിനാൽ അൽ ഫർഉതൻകീസിയ്യ എന്ന പേരിലും ഇതറിയപ്പെടുന്നു. നുസ്ഖതുസ്സുൽത്വാനിയ്യ രൂപപ്പെടുത്താൻ ഈ പകർപ്പും ഉപയോഗപ്പെടുത്തിയിരുന്നു. 

3. നുസ്ഖതു മുതസവ്വിഫ്

മുഹമ്മദുബ്നു ഇൽയാസ് ബിൻഉസ്മാൻ അൽ മുതസവ്വിഫ് എന്നവർ പകർത്തിയ പകർപ്പാണ് നുസ്ഖ തുൽ മുതസ്വവ്വിഫ്. ഹി. 748 ൽ റബീഉൽ അവ്വലിലാണ് പകർപ്പ് പൂർത്തിയായത്. ഇമാം ദഹബി (റ)യും തഖിയ്യുദ്ദീൻ സുബ്കി(റ) യും എല്ലാം ശരിപ്പെടുത്തിയ പകർപ്പുകൾ വെച്ച് തുലനം ചെയ്താണ് ഈ ഉപപകർപ്പ് രൂപപ്പെടുത്തിയത്. ദാറുൽകുതുബ് അൽമിസ്‍രിയ്യയിൽ ഇത് ഇപ്പോഴും സൂക്ഷിക്കപ്പെടുന്നുണ്ട്. 

4. നുസ്ഖതുൽബസ്വരിയ്യ്

ഹിജ്റ 1134 ൽ ഇമാം അബ്ദില്ലാഹി ബിൻ സാലിം അൽ ബസ്വരി എന്ന വിശ്രുത ഹദീസ് പണ്ഡിതൻ പകർത്തിയെഴുയ പകർപ്പാണ് നുസ്ഖതുൽ ബസ്വരിയ്യ് എന്നറിയപ്പെടുന്നത്. പതിനെട്ട് വാല്യങ്ങളുള്ള ഇത് ഇരുപത് വർഷമെടുത്താണ് പൂർത്തിയാക്കിയത്. കഅ്ബക്കുള്ളിൽ നിന്നും ഒരുപാട് തവണ മഹാൻ സ്വഹീഹുൽ ബുഖാരി പാരായണം ചെയ്തിട്ടുണ്ട്. അൽഫർഉൽമക്കിയ്യ് എന്ന പേരിലും അറിയപ്പെടുന്ന ഈ പകർപ്പ് 14-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾവരെ മദീനയിൽ മുഹമ്മദ് ത്വാഹിർ സുൻബുൽ എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്നു. 

നുസ്ഖതുൽ യൂനീനി കിഴക്കൻ രാജ്യങ്ങളിൽ മാത്രമല്ല പടിഞ്ഞാറൻ നാടുകളിലേക്കും വ്യാപിച്ചതായി കാണാം. മുഖദ്ദിമതുനുസ്ഖതിൽയൂനീനിയ്യ എന്ന പേരിൽ തന്റെ പകർപ്പിന്റെ പ്രത്യേകതകളും നിവേദകരുടെ സൂചകങ്ങളുമെല്ലാം പ്രതിപാദിക്കുന്ന മുഖവുര ഇമാം ശറഫുദ്ദീൻ യൂനീനി തന്നെ എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ സ്വഹീഹുൽ ബുഖാരിയുടെ ആധികാരികത സംരക്ഷിക്കുന്നതിൽ ഇമാം യൂനീനിയുടെ സൂക്ഷ്മതയും ജാഗ്രതയും ശ്രദ്ധേയമായിരുന്നു. പൗരാണിക നുസ്ഖകളിൽ നിന്നെല്ലാം ഇതിനെ വേറിട്ട് നിർത്തിയതും പണ്ഡിതലോകം വലിയ സ്വീകാര്യതയോടെ ഇതിനെ ഏറ്റെടുത്തതും ഇക്കാരണം കൊണ്ട് തന്നെയായിരുന്നു.

അവലംബം :-

സ്വഹീഹുൽ ബുഖാരി
തദ്കിറതുൽ ഹുഫ്ഫാൾ 
ഫത്ഹുൽ ബാരി
ഇർശാദുസ്സാരി
മുഖദ്ദിമതുസ്ഖതിൽ യൂനീനിയ്യ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter