അയല്‍വാസി
പ്രവാചകന്‍(സ) അരുളി: ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍ക്കാരനെ ആദരിക്കട്ടെ.'' (ബുഖാരി, മുസ്‌ലിം) മനുഷ്യര്‍ പരസ്പരമുള്ള സൗഹാര്‍ദ്ദമാണ് സമൂഹത്തിന്റെ സുഗമമായ നിലനില്‍പ്പിന്നാധാരം. വഴക്കും വക്കാണവും വെറുപ്പും വിദ്വേഷവും നാശത്തിന്റെ നരകവാതിലുകള്‍ തുറന്നിടുമ്പോള്‍  സ്‌നേഹവും സഹകരണവും ശാന്തിയുടെ ശാദ്വല തീരങ്ങളിലേക്ക് വഴിതുറക്കുന്നു. സഹകരണാത്മകമായ അയല്‍പക്ക ബന്ധമാണ് ഇസ്‌ലാം ഉപദേശിക്കുന്നത്. അയല്‍ക്കാര്‍ തമ്മിലുള്ള സഹകരണവും സൗഹാര്‍ദ്ദവുമാണ് സമൂഹത്തിന്റെ അടിത്തറ. അത് തകര്‍ന്നാല്‍ സമൂഹം മൊത്തം നാശത്തിലേക്ക് മുഖംകുത്തി വീഴും. അയല്‍ വാസിയോടുള്ള ആദരവ് സത്യവിശ്വാസത്തിന്റെ ഭാഗമാണെന്നും അയല്‍ക്കാരുമായി സൗഹാര്‍ദ്ദത്തില്‍ സഹവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് ദൈവനിഷേധത്തില്‍ പെടുമെന്നുമാണ് മുകളില്‍ പറഞ്ഞ തിരുവചനത്തിന്റെ സാരാംശം.
ത്വബ്‌റാനി ഉദ്ദരിച്ച ഒരു ഹദീസില്‍ അയല്‍ വാസികളോടുള്ള കടമകള്‍ പ്രവാചകന്‍ വിവരിച്ചത് നമുക്കിങ്ങനെ സംഗ്രഹിക്കാം: രോഗിയായാല്‍ സന്ദര്‍ശിക്കുക, ആവശ്യമായ പരിചരണം ചെയ്യുക, മൃതിയടഞ്ഞാല്‍ സംസ്‌കരണത്തില്‍ പങ്കെടുക്കുക, അവന്ന് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ കൊടുക്കുക, തെറ്റുകള്‍ വിട്ടുവീഴ്ച ചെയ്യുക, സുഖത്തിലും ദുഃഖത്തിലും പങ്കുചേരുക, തന്റെ കെട്ടിടം അവന്റെ വീട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന വിധത്തില്‍ ഉയര്‍ത്താതിരിക്കുക. നോക്കൂ, അയല്‍പക്ക ബന്ധത്തിന്റെ ഊടും പാവും എത്ര കണിശമായിട്ടാണ് പ്രവാചകന്‍ ഇവിടെ വരച്ചു കാണിച്ചതെന്ന് നാം ആലോചിക്കേണ്ടതാണ്.
ഇസ്‌ലാം അനുശാസിക്കുന്ന അയല്‍പക്ക മര്യാദകളൊക്കെ മുസ്‌ലിംകളായ അയല്‍പക്കക്കാര്‍ക്ക് മാത്രമേ ബാധകമാവൂ എന്നു വിചാരിക്കുന്ന ചിലരുണ്ട്. അത് ഗുരുതരമായ തെറ്റാണ്. അയല്‍വാസിയായ മുസ്‌ലിം എന്ന് ഖുര്‍ആനിലോ ഹദീസിലോ ഒരിടത്തും പറഞ്ഞിട്ടില്ല. അയല്‍ക്കാര്‍ ഏത് മതക്കാരായാലും ജാതിയോ മതമോ നോക്കാതെ എല്ലാവരോടും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കേണ്ടതാണ്. അതാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ല എന്ന നബി വചനം വിശ്വവിശ്രുതമാണ്. അയല്‍വാസിയുടെ വിശപ്പ് പരിഗണിക്കാതെ സ്വന്തം വിശപ്പ് മാത്രം പരിഗണിക്കുന്നവന്‍ മുസ്‌ലിമല്ല എന്ന തിരുവചനം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊങ്ങച്ചവും ദുരഭിമാനവുമാണ് അയല്‍പക്ക ബന്ധത്തെ തകര്‍ക്കുന്ന പ്രധാന തടസ്സങ്ങള്‍. തന്റെ അയല്‍വാസി ദരിദ്രനാണെങ്കില്‍ ക്ഷണിച്ചാല്‍ പോകാതിരിക്കുക, തന്റെ പദവിക്ക് യോജിച്ചവരുമായി മാത്രം ബന്ധം സ്ഥാപിക്കുക തുടങ്ങിയവയെല്ലാം തിരുവചനങ്ങള്‍ക്ക് വിരുദ്ധമാണ്. നിര്‍ഭാഗ്യവശാല്‍, അയല്‍പക്ക ബന്ധങ്ങള്‍ക്ക് പോറലേല്‍ക്കുന്നവിധം പരസ്പരം കലഹിക്കാനും  വഴക്കടിക്കാനുമുള്ള വാസനയാണ് എവിടെയും കാണപ്പെടുന്നത്.
പുതിയ വീടെടുക്കുമ്പോള്‍, സ്ഥലത്തിന്റെ ചുറ്റും കല്‍മതിലുകള്‍ കെട്ടി സഹവാസ സമ്പര്‍ക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന കാഴ്ചകള്‍ ഈ ബന്ധത്തിന്റെ ദ്രുവീകരണമാണ് സൂചിപ്പിക്കുന്നത്. താഴെ പറയുന്ന പത്രവാര്‍ത്ത ഏവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ കുമാരമംഗലം ഗ്രാമത്തില്‍ അയല്‍പക്കത്തെ വൃദ്ധയായ സ്ത്രീ മരണപ്പെട്ടു ആറു മാസത്തിനു ശേഷമാണ് അടുത്ത വീട്ടുകാര്‍ അറിഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ശവം ചീഞ്ഞു നാറാതെ സംസ്‌കരിക്കാന്‍ സാധിച്ചേനെ അയല്‍ വാസികളുടെ അകല്‍ച്ച ഇത്തരം പല ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter