ബാബുൽ മന്ദിബ്: ചെങ്കടലിലെ പ്രക്ഷുബ്ധമായ കടലിടുക്ക്

ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ യമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് ഓപ്പറേഷൻ ഓഫ് പ്രോസ്പിരിറ്റി ഗാർഡിയൻ എന്ന പേരിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സംയുക്ത നാവികസേന ചെങ്കടലിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ ലോകശ്രദ്ധയാർജിച്ചിരിക്കുകയാണ് 'ബാബുൽ മന്ദിബ്'. 

ചെങ്കടലിനെ അറബിക്കടലുമായും ഏദൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന കവാടമാണ് കിഴക്കുഭാഗത്തെ ബാബുൽ മന്ദിബ് കടലിടുക്ക്. യമനിനോട് തൊട്ടുരുമ്മി, മറുഭാഗത്ത് എരിത്രിയ, ജിബൂടി, സോമാലിയ എന്നീ ആഫ്രിക്കൻ രാജ്യങ്ങളോട് സാമുദ്രാതിർത്തി പങ്കിടുന്ന ഈ ജലപാതയ്ക്ക് വെറും 30 കിലോമീറ്റർ മാത്രമാണ് വീതി.'ഹോൺ ഓഫ് ആഫ്രിക്കയി'ലെ ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനമായ ഈ കടലിടുക്കിനുമേലുള്ള വാണിജ്യ രാഷ്ട്രീയ മേൽക്കോയ്മക്ക് വേണ്ടി ചരിത്രത്തിൽ വൻശക്തികളുടെ നിരവധി വടംവലികൾ അരങ്ങേറിയിട്ടുണ്ട്. ഒരുപാട് പോരാട്ടങ്ങൾക്കും ഈ ഇടനാഴി സാക്ഷിയായി.
 
'മരണപ്പെട്ടവരെയോർത്ത് വിലപിക്കുക' എന്ന അർത്ഥം വരുന്ന 'നദ്ബ്' എന്ന അറബി വാക്കാണ് ഈ പേരിന്റെ മൂലകം. ഇങ്ങനെ പേരു വന്നതിനു പിന്നിൽ ചരിത്രകാരന്മാർ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇതുവഴി കടന്നുപോയി മരണപ്പെട്ട തങ്ങളുടെ ഭർത്താക്കന്മാരെ ഓർത്ത് യമനി സ്ത്രീകൾ കരയാറുണ്ടായിരുന്നു എന്ന അർത്ഥത്തിലാണ് ഇതെന്നും അതല്ല, അറബികൾ ആഫ്രിക്കയിൽ നിന്നും ഇതുവഴി അറേബ്യയിലേക്ക് അടിമകളെ കടത്തിക്കൊണ്ടു പോയതിനാൽ അത് മറുഭാഗത്ത് നിന്ന് ആഫ്രിക്കൻ വനിതകൾക്ക് കണ്ണീർദ്വീപായി മാറിയെന്നും അഭിപ്രായാന്തരങ്ങളുണ്ട്. എന്നാൽ ചില സ്രോതസ്സുകളിൽ, 'നദബ'എന്ന വാക്കിന് മുറിച്ചു കടക്കുക എന്ന അർത്ഥമുണ്ടെന്നും അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും ഇതുവഴി മുറിച്ച് കടക്കുന്നു എന്ന അർത്ഥത്തിലാണ് ഇതിനിങ്ങനെ പേരുവന്നത് എന്നും പറയപ്പെടുന്നു. സൂറത്തു മാഇദയിലെ 33-ാം സൂക്തത്തിന്റെ വിശദീകരണത്തിൽ, നാടുകടത്തലിന് വിധേയരായ വഴികൊള്ളക്കാരെ നാടുകടത്തിയിരുന്ന ദഹ്‍ലക് എന്ന ദ്വീപിനെ കുറിച്ച് തഫ്സീർ കശ്ശാഫിൽ സമഖ്ശരി ഇമാം പരാമർശിക്കുന്നുണ്ട്. അതും ചെങ്കടലിൽ ബാബുൽ മന്ദിബിന്റെ വടക്കായാണ് സ്ഥിതിചെയ്യുന്നത്.

1869 ൽ സൂയസ് കനാലിന്റെ പ്രവർത്തനമാരംഭിച്ചതോടു കൂടിയാണ് ബാബുൽ മന്ദിബിന്റെ വാണിജ്യ പ്രാധാന്യം കൂടുതൽ ശക്തിപ്പെടുന്നതെങ്കിലും പ്രാചീന കാലം മുതൽക്കേ ഇതുവഴി കച്ചവടവും യുദ്ധങ്ങളും നയിച്ചിരുന്നതായി ചരിത്രത്തിൽ കാണാം. ഏഷ്യയുടെയും യൂറോപ്പിന്റെയും ഇടയിലെ ഭൂരിഭാഗം കച്ചവട ചരക്കുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. ചെലവ് കുറഞ്ഞ പാത എന്നതിനാൽ സൂയസ് കനാലിന്റെ അതേ പ്രത്യേകത ബാബുൽ മന്ദിബിനും അവകാശപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അറേബ്യയിൽ പെട്രോളിയത്തിന്റെ കണ്ടുപിടിത്തത്തോടു കൂടിയാണ് ഈ മേഖലയിൽ വാണിജ്യം ശക്തിപ്പെടുന്നത് എന്നു പറയാം.

ബാബുൽ മന്ദിബിന്റെ ഇരു ഭഗങ്ങളിലുമുള്ള മയൂൻ, ഇസ്കന്ദർ കനാലുകൾ വഴിയും കൂറ്റൻ വാണിജ്യകപ്പലുകൾ കടന്നുപോകുന്നു. തന്ത്രപ്രധാനമായ സൂയസ്, ഹോർമുസ്, മന്ദിബ് എന്നീ മൂന്നു കടലിടുക്കുകളുടെ ശൃംഖലയാൽ വലയം ചെയ്യപ്പെട്ടതാണ് അറേബ്യൻ ഉപദ്വീപ്. മലാക്കയും ഹോർമുസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രകൃതി വാതകങ്ങൾ കടന്നു പോകുന്ന മേഖലയാണ് ബാബുൽ മന്ദിബ്. ദിവസവും 57 കപ്പലുകൾ വെച്ച് വർഷം 21,000 കപ്പലുകളാണ് ഇതുവഴി കടന്നുപോകുന്നത്. 2018-ലെ യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം പ്രതിദിനം 6.2 ദശലക്ഷം ബാരൽ എണ്ണയാണ് ബാബുൽ മന്ദിബ് കടക്കുന്നത്. ബാബുൽ മന്ദിബ് അടക്കപ്പെട്ടാൽ പിന്നെ കപ്പലുകൾക്ക് 6000 നോട്ടിക്കൽ മെയിൽ അധികം സഞ്ചരിച്ച് ആഫ്രിക്കൻ വൻകര ചുറ്റി കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി വരേണ്ടിവരും. ഇത് ആഗോളതലത്തിൽ വൻ വിലക്കയറ്റത്തിന് കാരണമാകും.

ഓട്ടോമൻ കാലത്ത് ഇതുവഴി യൂറോപ്പ്യൻ കപ്പലുകൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയോടുകൂടി ബാബുൽ മന്ദിബിനു ചുറ്റുമുള്ള തുറമുഖ രാജ്യങ്ങളിൽ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ കോളനി ശക്തികളുടെ അധിനിവേശ പോരാട്ടങ്ങൾ അരങ്ങേറി. 1798ൽ നെപ്പോളിയൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ബ്രിട്ടൻ ഇവിടെ പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എത്യോപ്യ, ജിബൂടി തുടങ്ങിയ രാജ്യങ്ങളിൽ ഇറ്റലി അടക്കമുള്ള കൊളോണിയൽ ശക്തികൾ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ഈ രാജ്യങ്ങളിൽ നിന്ന് 1960ൽ കൊളോണിയൽ  ശക്തികൾ പിൻവാങ്ങിയെങ്കിലും തങ്ങളുടെ സൈനിക താവളം അതാതു രാജ്യങ്ങളിൽ അവർ അവശേഷിപ്പിച്ചു.

ബാബുൽ മന്ദിബിന് തൊട്ടുമുകളിലുള്ള ദ്വീപ് സമൂഹങ്ങളിൽ രണ്ടാം ലോകമഹായുദ്ധം മുതൽക്ക് തന്നെ അമേരിക്ക സാന്നിധ്യം ഉറപ്പിച്ചു. 1967ൽ സൗത്ത് യമൻ റിപ്പബ്ലിക്കിന്റെ പിറവിയോടെ സോവിയറ്റ് യൂണിയനും ബാബുൽ മന്ദിബിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. 1973ലെ അറബ്-ഇസ്രയേൽ യുദ്ധസമയത്ത് ഇസ്രയേൽ കപ്പലുകൾക്ക് ബാബുൽ മന്ദിബ് വഴിയുള്ള ഗതാഗതം നിഷേധിക്കാൻ ഈജിപ്തും യമനും തീരുമാനമെടുത്തിരുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം 2002ൽ അമേരിക്ക അൽ ഖാഇദയെയും കടൽക്കൊള്ളക്കാരെയും പ്രതിരോധിക്കാൻ വേണ്ടി ബാബുൽ മന്ദിബിൽ ശക്തമായ നിരീക്ഷണമെർപ്പെടുത്തി. 2008 മുതൽ 2017 ന്റെ ഇടയിലായി ജിബൂടിയിൽ മാത്രം സ്പെയിൻ, ജപ്പാൻ, ഇറ്റലി, ചൈന എന്നീ രാജ്യങ്ങൾ തങ്ങളുടെ സൈനിക താവളം സ്ഥാപിച്ചു. 2017ൽ തുർക്കി വിദേശത്തെ തങ്ങളുടെ ഏറ്റവും വലിയ സൈനിക താവളം സോമാലികയിൽ സ്ഥാപിച്ചതുപോലെ യുഎഇയും ഇസ്രയേലും ബാബുൽ മന്ദിബിനു ചുറ്റുമുള്ള രാജ്യങ്ങളിലെ തുറമുഖ പട്ടണങ്ങളിൽ തങ്ങളുടെ സൈനിക ആസ്ഥാനം സ്ഥാപിച്ചു.

2014 ൽ ബാബുൽമന്ദിബ് ഹൂതികളുടെ നിയന്ത്രണത്തിലായി. 2015 മാർച്ച് മുതൽ സൗദിസഖ്യ സേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ തുടങ്ങിയ പോരാട്ടത്തിൽ ഈ മേഖലയിൽ ഹൂതികൾക്ക് കാര്യമായ നഷ്ടം സംഭവിച്ചെങ്കിലും യമൻ യുദ്ധാനന്തരം നിലവിൽ അവർക്ക് വളരെ ശക്തമായി ഈ മേഖലയിൽ സ്വാധീനമുണ്ട്. യുദ്ധ കാലത്തും ഇതുവഴി വരുന്ന സൗദി സഖ്യസേനയുടെ കപ്പലുകളെ ഹൂതികൾ തടഞ്ഞുവെച്ചിരുന്നു. അന്നും അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ചെങ്കടലുവഴി കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനുള്ള സംയുക്തസേന രൂപം കൊണ്ടിരുന്നു. നിലവിൽ യമൻ, ജിബൂടി, എരിത്രിയ എന്നീ രാജ്യങ്ങൾക്ക് സംയുക്തമായി ബാബുൽ മന്ദബിൽ ഭരണമുണ്ട്.

ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്കെതിരെ നിലവിലെ ഹൂതീ ആക്രമണം ഇസ്രയേലിന്റെ ഐലാത് തുറമുഖത്തിന് സാമ്പത്തികമായി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഭീഷണിക്ക് മറുപടിയായി യമനിലെ ഹൂതി താവളങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയത് ചെങ്കടലിലെ ഈ മേഖലയെ കൂടുതൽ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ഗസ്സ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഒരുദാഹരണം മാത്രമാണ് അശാന്തമായ ചെങ്കടലും ബാബുൽ മന്ദിബും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter