ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം പുണ്യമാണ്

സ്വതന്ത്രമായ പത്ര പ്രവര്‍ത്തനമാണ് ഇന്നത്തെ ഇന്ത്യക്കാവശ്യം, അത് ആര് നടത്തിയാലും ഒരു പുണ്യമാണ്, ആള്‍ട് ന്യൂസ് സ്ഥാപകന്‍ സുബൈറുമായുള്ള അഭിമുഖം

ആള്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളാണ് സുബൈര്‍. അദ്ദേഹത്തിന്റെ സമീപകാല പത്രപ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന വംശഹത്യയെ കുറിച്ചും വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചും സധൈര്യം റിപ്പോര്‍ട്ട് ചെയ്തതോടെ സുബൈര്‍ ജനശ്രദ്ധ നേടിയതും അധികാരികളുടെ കണ്ണിലെ കരടായതും. വിദ്വേഷ ട്വീറ്റുകള്‍ ആരോപിച്ച് ഒന്നിന് പുറകെ ഒന്നായി ഏഴ് കേസുകളിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതും നാം കണ്ടു.

ജൂണില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ലോകമെമ്പാടു നിന്നും സുബൈറിന് വന്‍പിന്തുണ ലഭിക്കുകയും 'ഐ സ്റ്റാന്‍ഡ് വിത് സുബൈര്‍' എന്ന ഹാഷ്ടാഗ് ആഗോളതലത്തില്‍ മുന്‍നിര ട്രെന്‍ഡായി മാറുകയും ചെയ്തു. നിരന്തര അറസ്റ്റുകള്‍, ജാമ്യാപേക്ഷകള്‍ എല്ലാറ്റിന്റെയും ഇടയില്‍ കുടുങ്ങി ഒടുവില്‍ 23 ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരേ ട്വീറ്റുകളുമായി ബന്ധപ്പെട്ട് ചാര്‍ജ്‌ചെയ്ത നിരവധി കേസുകളെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിശേഷിപ്പിച്ചത് 'വിഷസ് സൈക്കിള്‍' എന്നായിരുന്നു.

മുന്‍ ടെക്കികളായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയുമാണ് ആള്‍ട് ന്യൂസ് സ്ഥാപകര്‍. അവര്‍ നയിക്കുന്ന ഒരു ഡസനിലധികം ഫാക്ട്‌ചെക്കേഴ്‌സിന്റെ  ചെറിയൊരു ടീം വ്യാജവാര്‍ത്തകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ ദുഷ്പ്രചരണങ്ങള്‍ ഇല്ലാതാക്കിയപ്പോള്‍ അത് വലിയ സംഭവമായി. അതോടൊപ്പം മറ്റുകാര്യങ്ങളില്‍ സുബൈര്‍ തന്റെ ട്വീറ്റുകള്‍ക്കും തല്‍ക്ഷണ വസ്തുതാ പരിശോധനകള്‍ക്കും പേരുകേട്ടു. ഇത് പലപ്പോഴും അധികാരികള്‍ക്ക് കുഴലൂത്ത് നടത്തുന്ന വമ്പന്‍ മാധ്യമസ്രാവുകള്‍ക്ക് അലോസരമുണ്ടാക്കി. സുബൈര്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷകണക്കിന് അനുയായികളെ സമ്പാദിച്ചപ്പോള്‍ ചില ശക്തരായ ശത്രുകക്കളും അറിയാതെ അദ്ധേഹത്തിനുണ്ടായി. ജാമ്യത്തിലിറങ്ങിയ സുബൈര്‍ 'ദി വയറിന് അനുവദിച്ച' അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ

നിങ്ങളുടെ സ്വാതന്ത്ര്യത്തിന് അഭിനന്ദനങ്ങള്‍, ഇപ്പോള്‍ എന്ത് തോന്നുന്നു?

തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. എന്നോടൊപ്പം നിന്ന സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും എനിക്ക് ലഭിച്ച അപാരമായ പിന്തുണക്ക് നന്ദി. എന്റെ അറസ്റ്റ് അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള അക്രമണമാണെന്ന് പലര്‍ക്കും തോന്നി എന്നറിയുന്നത് വളരെ വലിയകാര്യമാണ്. എന്റെ വീട്ടുകാര്‍ ഭയന്നിരുന്നുവെങ്കിലും പ്രതീകും അവന്റെ അമ്മയും കൂടെ നിന്നു. അവര്‍ ദിവസവും കാര്യങ്ങളന്വേഷിക്കുകയും  കേസുകളുടെ അപ്‌ഡേററുകള്‍ നിരന്തരംപങ്കിടുകയും യു.പിയിലേയും ഡല്‍ഹിയിലേയും അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രദേശിക അഭിഭാഷകരെ ക്രമീകരിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയും ചെയ്തു. ആള്‍ട്ട് ന്യൂസിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിന് പുറമെ, കേസുകള്‍ക്കായി തയ്യാറെടുക്കുന്ന അഭിഭാഷകരെ സഹായിക്കുകയം ചെയ്തു. അവര്‍ പ്രതീകിനെയും ലക്ഷ്യം വെച്ചെങ്കിലും അദ്ദേഹം എല്ലാം ശാന്തമായി നേരിട്ടു. ഞങ്ങളെ സഹായിക്കുന്നവരെ ഭീഷണിപ്പെടുത്തിയെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായില്ല. വാസ്തവത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍ ആവശ്യപ്പെടാതെ തന്നെ, സാമ്പത്തികം അടക്കമുള്ള കാര്യങ്ങളില്‍ പലരും ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നു.

ഈ പരീക്ഷണത്തിലെ ഏറ്റവും വേദനജനകമായ ഘട്ടം ഏതായിരുന്നു?

എന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും ഭയപ്പെട്ടു. എന്റെ മകന്‍ അഭിമാനത്തോടെ എല്ലാവരോടും, ഞാന്‍ സുബൈറിന്റെ മകനാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുറേ ദിവസമായി അവനെ സ്‌കൂളില്‍ അയക്കാന്‍ കഴിഞ്ഞിരുന്നല്ല. സുരക്ഷ കരുതി ഞാനാണ് അവന്റെ പിതാവെന്ന് ആരോടും പറയരുതെന്ന് വരെ അവനോട് പറയേണ്ടിവന്നു. അത് വളരെ വേദനജനകമായ സന്ദര്‍ഭമായിരുന്നു.


നിങ്ങളുടെ ഭൂതകാലത്തെ കുറിച്ച് ഓണ്‍ലൈനില്‍ ധാരാളം ഊഹാപോഹങ്ങളുണ്ട്, അതിനാല്‍ നമുക്ക് അവിടെനിന്ന് തുടങ്ങാം, നിങ്ങളുടെ കുട്ടിക്കാലത്തെകുറിച്ച് പറായാമോ?

ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തമിഴ്‌നാട്ടിലെ തല്ലി എന്ന ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ പിതാവ് ഒരു കര്‍ഷകനായിരുന്നു. അദ്ദേഹത്തിന് ഹൊസൂരില്‍ ചെറിയ പഴം, പച്ചക്കറി കച്ചവടമായിരുന്നു. ഒന്നാം ക്ലാസ് പാസായപ്പോള്‍ എന്നെയും അനുജത്തിയെയും ഹൊസൂരിലെ നല്ല സ്‌കൂളില്‍ പഠിപ്പിക്കണമെന്നത് മാതാവിന്റെ നിര്‍ബന്ധമായിരുന്നു.

എപ്പോഴാണ്, എന്തിനാണ് നിങ്ങള്‍ ബാംഗ്ലൂരിലേക്ക് മാറിയത്?

മൂന്ന് വര്‍ഷത്തോളം ഞാനും അനിയത്തിയും 60 കിലോമീറ്റര്‍ അകലെയുള്ള  ഹൊസൂരിലെക്കും തിരിച്ചും ദിവസവും ഞങ്ങളുടെ പ്രാഥമിക വിദ്യഭ്യാസത്തിനായി സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്തു. പിന്നീട് ബാംഗ്ലൂരിലേക്ക് മാറാമെന്ന് മാതാവ് തീരുമാനിച്ചു. നഗരത്തിലേക്ക്  മാറുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ മാതാവിന് എന്റെ പിതാവിന്റെ കുടുംബത്തില്‍ നിന്ന് ചില എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഒടുവില്‍ അവരെ ബോധ്യപ്പെടുുത്തുന്നതില്‍ അവര്‍ വിജയംകണ്ടു. ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് കുടിയേറിയിരുന്നില്ലായിരുന്നുവെങ്കില്‍ ഇന്നെന്റെ ജീവിതം ഒരുപക്ഷെ മറ്റൊരു രീതീയിലാകുമായിരുന്നു.

നിങ്ങളുടെ സ്‌കൂള്‍ ജീവിതത്തെ കുറിച്ച് കൂടുതല്‍ പറയൂ?

വലിയ നഗരത്തിലേക്ക് മാറി ഒരു സ്‌കൂളില്‍ ചേര്‍ന്നിട്ടും എനിക്ക് പഠനത്തില്‍ താല്‍പര്യമില്ലായിരുന്നു. തുടക്കത്തില്‍ ഞാന്‍ പഠനത്തില്‍ വളരെ മോശമായിരുന്നു.  ക്രിക്കറ്റിനെ ഇഷ്ടപ്പെടുകയും എന്റെ പുതിയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയുമായിരുന്നു എന്റെ പതിവ്. ഒന്നോ രണ്ടോ വിഷയങ്ങള്‍ ഒഴികെ ബാക്കിയുള്ളവയില്‍ ഞാന്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ പാസ്മാര്‍ക്ക് (35 ശതമാനം)കൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുകയോ ചെയ്യും. ആറാം ക്ലാസില്‍ ഞാന്‍ തോറ്റതോടെ സഹോദരിയുടെ അതേ ക്ലാസിലെത്തി. സ്‌കൂള്‍ ജീവിതത്തിലെ എന്റെ ആത്മാര്‍ത്ഥയില്ലായ്മ സഹോദരി മനസ്സിലാക്കി. 

എന്തായിരുന്നു വഴിത്തിരിവ്, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പെട്ടെന്ന് അക്കാദമിക് രംഗത്ത് താല്‍പര്യമുണ്ടായത്?

എന്റെ അക്കാദമിക് പ്രകടനത്തില്‍ പിതാവിന് ഉല്‍കണ്ഠയുണ്ടായിരുന്നു. പിതാവ് അസ്വസ്ഥനായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പിതാവ് എന്നോട് സംഭാഷണം നടത്തി. സാധാരണഗതിയില്‍ ഇടത്തരം കുടുംബങ്ങളിലുണ്ടാവുന്ന ഒരു പിതാവും മകനും നടത്തുന്ന ദീര്‍ഘ സംഭാഷണം. ഞങ്ങളുടെ ഭാവിക്കായി താന്‍ എത്രമാത്രം ത്യാഗം ചെയ്തുവെന്നും ഞാന്‍ പരാജയപ്പെട്ടാല്‍ എല്ലാം തകരുമെന്നും പിതാവ് എന്നോട് പറഞ്ഞു. അദ്ദേഹം അല്‍പം ദേഷ്യത്തിലായിരുന്നു. ഈ നിലക്ക് പോയാല്‍ പത്താംക്ലാസ് പരീക്ഷ പോലും പാസാകാന്‍ കഴിയില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ടീച്ചറും എന്നോട് പറഞ്ഞ കാര്യമായിരുന്നു. വിദ്യഭ്യാസം മാത്രമാണ് കുടുംബത്തിന്റെ ആശ്രയമെന്ന് മനസ്സിലാക്കിയ ഞാന്‍ ഇത് ശരിയല്ലെന്ന് തിരിച്ചറിയുകയും കഠിനാധ്വാനം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മാന്യമായ സ്‌കോറോടെ സ്‌കൂളില്‍ നിന്ന് പാസായി. തുടര്‍ന്ന് എം.എസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന പ്രശസ്ത എഞ്ചിനീയറിഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടുകയും ചെയ്തു.

ഈ പെട്ടെന്നുള്ള വഴിത്തിരിവിന് ശേഷം പിതാവ് എന്റെ സഹോദരങ്ങളോട് പറഞ്ഞു, സുബൈറിനെ പോലെ ഒരാള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും അത്‌ചെയ്യാന്‍ കഴിയും (സുബൈര്‍ ചിരിക്കുന്നു).വളരെ പെട്ടെന്ന് കുടുംബത്തിന് ഞാനൊരു മാതൃകയായി. കാരണം കുടുംബത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഡിഗ്രി ലഭിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. ഇതിനുമുമ്പ് എന്റെ പിതാവിന്റെയോ മാതാവിന്റെയോ കുടുംബത്തില്‍ നിന്ന് ആരും ഈ നിലയില്‍ ഔപചാരിക വിദ്യഭ്യാസം നേടിയിരുന്നില്ല. അക്കാലത്ത് അതൊരു വലിയ കാര്യമായിരുന്നു. അങ്ങനെ എന്റെ രണ്ടു കൂടപ്പിറപ്പുകള്‍ രണ്ട് പേര്‍ എഞ്ചിനിയറും രണ്ടുപേര്‍ ഡോക്ടര്‍മാരുമായി.

എന്തുകൊണ്ടാണ് എഞ്ചിനിയറിംഗ് തെരഞ്ഞെടുത്തത്?

ആ സമയത്ത് ഞങ്ങള്‍ ചിന്തിച്ചത് ഒരു നല്ലജീവിതം നയിക്കാനാണ്. അതിന് ഡോക്ടറോ എഞ്ചിനിയറോ ആകണം. ഞങ്ങള്‍ക്ക് മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഡോക്ടറാകാന്‍ കഴിഞ്ഞില്ല, കാരണം എനിക്ക്  ബയോളജി അത്ര വശമില്ലയായിരുന്നു. മാത്രവുമല്ല എനിക്ക് താമസിയാതെ ജോലിയില്‍ കയറേണ്ട അവസ്ഥയും വന്നു. കാരണം എന്റെ കുടുംബം ഞങ്ങളുടെ ഭാവിക്കായി അക്ഷരാര്‍ത്ഥത്തില്‍ എല്ലാം വിറ്റിരുന്നു. മൂത്തമകനായിരുന്നതിനാല്‍ കുടുംബത്തെ പോറ്റുകയെന്നത് എന്റെ ഉത്തരവാദിത്തം കൂടിയായിരുന്നു.  

അങ്ങനെയെങ്കില്‍, ഒരു പതിറ്റാണ്ട് മുമ്പ്‌ വരെ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന, ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ടെക്കിയായ മുഹമ്മദ് സുബൈര്‍ എങ്ങനെ ഈ തൊഴിലിലെത്തി?

ഞാന്‍ എന്റെ സാഹചര്യങ്ങളുടെ സൃഷ്ടിയാണ്. 2012ഓടെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി, രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റുചെയ്യുന്ന ധാരാളം പേജുകള്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ടായിരുന്നു. എന്റെ സ്വന്തം ടൈംലൈന്‍ ക്രിക്കറ്റിനെ കുറിച്ചുള്ള പോസ്റ്റുകളാല്‍ നിറഞ്ഞു. 2012-13 കാലഘട്ടത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. പെട്ടെന്ന് ഫോളോ ചെയ്തിരുന്ന പേജുകളെല്ലാം അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ലക്ഷ്യമിട്ട് രാഷ്ട്രീയ ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതതെന്ന് എനിക്കറിയില്ലായിരുന്നു. തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ മുസ്‌ലിംകളിലേക്ക് മാറി. അടുത്ത സുഹൃത്തുക്കള്‍ വരെ മുസ്‌ലിം വിരുദ്ധ കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് എനിക്ക് നോക്കി നില്ക്കാനാവുമായിരുന്നില്ല. അതെന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഞാന്‍ വളരെക്കാലമായി ഫോളോചെയ്യുന്ന ആളുകള്‍ പെട്ടെന്ന് എന്നെ അകറ്റിനിര്‍ത്തിയതില്‍ എനിക്ക് ഏകാന്തത അനുഭവപ്പെട്ടു. ആ സമയത്ത് എന്റെ അരാഷ്ട്രീയ ക്രിക്കറ്റ് പോസ്റ്റുകള്‍ എനിക്കും എന്റെ ചുറ്റുമുള്ള ലോകത്തിനും ഒരര്‍ത്ഥവും നല്‍കുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ പ്രാദേശിക എം.എല്‍.എയുടേയോ മുഖ്യമന്ത്രിയുടേയോ പേര്‌പോലും എനിക്കറിയില്ലായിരുന്നു. അങ്ങനെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക മാറിയത്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ആ രംഗത്തെ എന്റെ താത്പര്യം ഗണ്യമായി വര്‍ധിച്ചു.

എങ്ങനെയാണ് പ്രതീകിനെ കണ്ടുമുട്ടിയത്?

പ്രതീകിന്റെ ഫൈസ്ബുക്ക് പേജില്‍ നിന്ന് ഞാന്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഞാന്‍ ശരിയായ ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്ന് പറയാന്‍ അയാള്‍ എനിക്ക് മെസേജ് അയച്ചു. ഞാനത് തിരുത്തി വീണ്ടും പോസ്റ്റ് ചെയ്തു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന് ആ സംഭാഷണത്തിലൂടെ ഞാന്‍ കണ്ടെത്തി. ഉനാ സംഭവം നടന്നപ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഞങ്ങള്‍ ഞങ്ങളുടെ പേജുകള്‍ ഉപയോഗിച്ചു. ക്രമേണ മുഖ്യധാര മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങണമെന്ന തിരിച്ചറിവ് ഇതിലൂടെ ഉണ്ടായി. തുടക്കത്തില്‍ മുഖ്യധാര വിവരണത്തിലേക്ക് എതിരഭിപ്രായങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പിന്നീട് ഫാക്ട് ചെക്ക് വെബ്‌സൈറ്റ് എന്ന ആശയവുമായി പ്രതീക് രംഗത്തെത്തി. അപ്പോഴാണ് ആള്‍ട്ട്‌ന്യൂസ് പിറന്നത്. 2018 വരെ ഞാന്‍ ഫൂള്‍ടൈം സ്റ്റാഫായി ജോയിന്‍ ചെയ്തിരുന്നില്ല. തുടക്കത്തില്‍ എന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ എനിക്ക് ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയ, അസഹിഷ്ണുത എന്നിവക്ക് തടയിടാനാണ് നിങ്ങളെ ഇത്തരത്തില്‍ ഒരു ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പറഞ്ഞു. ശരിക്കും 2012-14 കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചിരുന്നത്?


ഒരു എം.എന്‍.സിയില്‍ (മള്‍ട്ടി നാഷണല്‍ കമ്പനി) ജോലി ചെയ്തുകൊണ്ടിരിക്കെ ഞാന്‍ വെള്ളിയാഴ്ച കുര്‍ത്ത ധരിച്ചാണ് ഓഫീസില്‍ പോയിരുന്നത്. ഒരു വെള്ളിയാഴ്ച എന്റെ മാനേജര്‍മാരില്‍ ഒരാള്‍ എന്നെ സമീപിച്ചു. ഞാന്‍ അന്ന് കുര്‍ത്ത ധരിക്കാത്തതില്‍ എന്നോട് ദേഷ്യപ്പെട്ടു. ഓഫീസില്‍ രാഷ്ട്രീയ ചര്‍ച്ച നടക്കുമ്പോഴെല്ലാം അതേ സഹപ്രവര്‍ത്തകര്‍ പെട്ടെന്ന് ശത്രുതയും ആക്രമണ സ്വഭാവവും കാണിക്കുന്നത് എന്നെ അസ്വസ്ഥനാക്കി. അവരെ എതിര്‍ക്കുവാനുള്ള അറിവോ മനസ്സോ ആ സമയത്ത് എനിക്കില്ലായിരുന്നു. അവിടെയുള്ള മൂന്നോ നാലോ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

ഞാന്‍ അതിനെ കുറിച്ച് വായിക്കാനും അന്വേഷിക്കാനും തുടങ്ങി. എന്റെ പ്രവര്‍ത്തനത്തിനിടയില്‍ വിദ്വേഷപ്രചരണത്തെ ചെറുക്കുന്നതിനും യഥാര്‍ത്ഥ വസ്തുതകള്‍ പ്രേക്ഷകരിലേക്ക് പ്രചരിപ്പിക്കുന്നതിനുമുള്ള കഴിവ് വളരെ പ്രധാനമാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ ഫേസ് ബുക് പേജ് -(അണ്‍ഓഫീഷ്യല്‍ സുസു സ്വാമി)- സ്ഥിതിഗതികളുടെ അസംബന്ധത്തെ കുറിച്ചുള്ള എന്റെ നിരാശ പുറത്തുവിടാനുള്ള ഒരു പോര്‍ട്ടലായി മാറി. ഒരു ഘട്ടത്തില്‍ എന്റെ ജോലിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ എന്റ ഈ ആക്ഷേപഹാസ്യ പേജ് എന്നെ ആവേശഭരിതനാക്കി.

അടുത്തിടെ നിങ്ങളെ കുഴപ്പത്തിലാക്കിയതും ഇതേ ആക്ഷേപഹാസ്യം തന്നെയാണോ?

എന്റെ പഴയ ട്വീറ്റുകളുടെ പേരിലോ ഫെസ്ബുക്ക് പാരഡി പോസ്റ്റിന്റെ പേരിലോ അല്ല എന്നെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാണ്. രാഷ്ട്രീയക്കാരുടെ അതിരുവിട്ട പ്രസ്താവനകളുടെ വിമര്‍ശനമായിരുന്നു പഴയ ഓരോ പോസ്റ്റും.

പിന്നെ നിങ്ങളെ അറസ്റ്റ് ചെയ്തതെന്തിനാണന്നാണ് നിങ്ങള്‍ കരുതുന്നത്?

ബിജെപി വക്താക്കളുടെ അഭിപ്രായങ്ങളെ കുറിച്ചുള്ള എന്റെ ട്വീറ്റ് വൈറലായപ്പോള്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുവെന്ന തന്ത്രം പ്രയോഗിച്ച്  അവരെന്റെ പിന്നാലെ വരുമെന്ന് എനിക്കറിയമായിരുന്നു.

ബി,ജെ.പി വക്താവ് നുപൂര്‍ശര്‍മയുടെ അഭിപ്രായസ്വാതന്ത്ര്യം നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് ഒരു സീനിയര്‍ എഡിറ്റര്‍ തന്റെ കോളത്തിലൂടെ താങ്കളെ കുറ്റപ്പെടുത്തിയിരുന്നു. അദ്ധേഹത്തിന്റെ വിശകലനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

അദ്ദേഹത്തിന്റെ വിശകലനത്തോട് ഞാന്‍ വിയോജിക്കുന്നു. എന്റെ ട്വീറ്റുകള്‍ക്ക് കീഴില്‍ നൂറുകണക്കിന് ആളുകള്‍ എന്റെ പ്രവാചകനെയും എന്റെ മതത്തെയും ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അവരോട് ഞാന്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ ഈ ദുരുപയോഗം സാധാരമാക്കുന്ന ഭരണകക്ഷി വക്താകളെ കുറിച്ച് വിളിച്ചുപറയേണ്ടത് തന്നെയാണ്. പരസ്പരം അധിക്ഷേപിക്കാനും ആക്രമിക്കാനും നിങ്ങള്‍ ആളുകളെ ക്ഷണിക്കുമ്പോള്‍ അതൊരു സംവാദമല്ല. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മൗലനമാരെ കുറിച്ചും ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ കുറിച്ചോ വായുമലിനീകരണത്തെ കുറിച്ചോ ചര്‍ച്ച ചെയ്യപ്പെടുകയാണെങ്കില്‍പോലും മതനേതാക്കാളെ അബിസംബോധനചെയ്ത് അവര്‍ വിവാദ പരമര്‍ശങ്ങള്‍ നടത്തുകയും അത് എരിതീയില്‍ എണ്ണയൊഴിക്കുകയും കൂടുതല്‍ പ്രചാരണത്തിന് വളം നല്‍കുകയും ചെയ്യുന്നു. ഇതാണ് എന്റെ അഭിപ്രായം. പ്രത്യക്ഷത്തില്‍ ഗോഡിമീഡിയക്ക് അവരുമായി ഒരു പ്രശ്‌നവുമില്ല. വാസ്തവത്തില്‍ അവരുടെ വീഡിയോകള്‍ തെരെഞ്ഞെടുപ്പിന് മുമ്പ് ഭയമുണ്ടാക്കുന്നതിന് വേണ്ടി വൈറലാക്കുന്നു. 

മുഖ്യാധാര മാധ്യമങ്ങളിലെ ഒരു വിഭാഗം നിങ്ങളുടെ അറസ്റ്റ് ആഘോഷിച്ചു, എന്തുകൊണ്ടാണ് ഈ മാധ്യമങ്ങള്‍ നിങ്ങളെ വെറുക്കുന്നത്?

അവര്‍ക്ക് എന്നെ വെറുക്കാന്‍ മതിയായ കാരണണമുണ്ട്. മുഖ്യധാര മാധ്യമങ്ങള്‍ വിദ്വേഷം ഉണര്‍ത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്നു. അവര്‍ ഐടി സെല്ലിനെ ആംപ്ലിഫയറുകളുടെ റോളിലേക്ക് ചുരുക്കി. മുമ്പ് അവരുടെ വ്യാജവാര്‍ത്തകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ ക്ഷമാപണം നടത്തിയെങ്കിലും ഇപ്പോള്‍ അത് പൂര്‍ണ സ്വാതന്ത്ര്യത്തോടെ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നു. എന്റെ പ്രവൃത്തി അവരെ ലജ്ജിപ്പിക്കുന്നുണ്ട്. സമൂഹത്തെ വിഭജിക്കുന്നതിനും ആളുകള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനുമുള്ള അവരുടെ രീതിക്കെതിരെയുള്ള എന്റെ ഉത്തരവാദിത്തത്തെ അവര്‍ ഭയക്കുന്നു.

വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും നൂറുകണക്കിന് വീഡിയോകള്‍ നിങ്ങള്‍ ഇതിനികം കണ്ട് കഴിഞ്ഞു. ഏതെങ്കിലും നിങ്ങളെ വേട്ടയാടിയോ?

ഹരിദ്വാര്‍ സംഭവവും പോലീസ് സാന്നിധ്യത്തില്‍  സീതാര്‍പൂരില്‍ നടന്ന ബാലാത്സംഗ ഭീഷണിയും എന്നെ ഏറെ ഞെട്ടിച്ചു.

നിങ്ങള്‍ ജയിലിലായിരിക്കുമ്പോള്‍ പ്രചാരണത്തിന്റെ ഒരു പുതിയ തരംഗം (നിങ്ങള്‍ മുഖം മറച്ചുവെന്ന) സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു, നിങ്ങളത് കേട്ടില്ലെന്ന് നടിക്കുകയായിരുന്നോ?

സുരക്ഷക്കായി മുഖം മറയ്ക്കാന്‍ ആവശ്യപ്പെട്ടത് പോലീസാണ്. അത്തരം ഒരനുഭവം ആദ്യമായാണ് എനിക്കുണ്ടാവുന്നത് (ചിരിക്കുന്നു). എന്നെ ഭയങ്കര കുറ്റവാളിയോ തീവ്രവാദിയോ ആയി ചിത്രീകരിക്കാന്‍ പോലീസുകാര്‍ എന്നെ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ എങ്ങനെ സംപ്രേഷണം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നിരുന്നാലും ഇത് എന്റെ സുരക്ഷക്കല്ലെന്നും എന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്നും മനസ്സിലായപ്പോള്‍ ഞാന്‍ മുഖം മറച്ചില്ല. പിന്നീടുള്ള വീഡിയോകള്‍ നിങ്ങള്‍ കാണുകയാണെങ്കില്‍ നിങ്ങള്‍ക്കത് മനസ്സിലാവും. ഞാന്‍ മുഖംമൂടി ധരിക്കുകയോ മുഖം മറക്കുകയോ ചെയ്യുന്നില്ല ചില വീഡിയോകളില്‍ ഞാന്‍ മാധ്യമങ്ങള്‍ക്ക് നേരെ കൈവീശി കാണിക്കുന്നുമുണ്ടല്ലോ.

നിങ്ങളുടെ ആദ്യകാല ജീവിതത്തെ കുറിച്ച് പലവിധത്തിലുള്ള ഗൂഢാലോചന പ്രചാരണങ്ങളുണ്ട്, ഒരുപക്ഷേ നിങ്ങള്‍ ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്ന് രക്ഷപ്പെട്ട അജ്മല്‍കസബ് ആയിരിക്കാമെന്നോ മറ്റോ തുടങ്ങിയ  ഇത്തരത്തിലുള്ള പ്രചരണങ്ങളെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

ഏതൊരു പൗരനെയും പോലെ എന്റെ കുടുംബത്തിന്റെ ഭാവിക്കായി പ്രവര്‍ത്തിക്കുന്ന സാധാരണ പൗരന്‍ മാത്രമാണ് ഞാന്‍. ഇവരില്‍ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിരയാണ് വരുന്നത്. എന്നാല്‍ ശക്തമായ പ്രചാരണത്തിലൂടെ ഏത് വിമര്‍ശനാത്മക മനസ്സിനെയും രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ എളുപ്പത്തില്‍ കഴിയും. പ്രത്യേകിച്ച് ഒരു മുസ്‌ലിമിനോട് ഇത് ചെയ്യാന്‍ വളരെ എളുപ്പവും. ഈ അവസ്ഥ ഏറെ ദുഖകരമാണ്.

ചോദ്യംചെയ്യലില്‍ പോലീസ് കാര്യമായി എന്താണ് ചോദിച്ചത്?

ചോദ്യങ്ങളില്‍ പലതും നിസ്സാരവും ചിലത് അരോചകവുമായിരുന്നു. ഹത്രാസില്‍ വെച്ച് എന്നെ ചോദ്യം ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഒരു വലതുപക്ഷ പ്രചാരണ വെബ്‌സൈറ്റിലെ ലേഖനങ്ങളെ അടിസ്ഥാനമാക്കി  ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ജോര്‍ജ്ജ് സോറോസ് എനിക്ക് ധനസഹായം നല്‍കുന്നതിനെകുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചു. 'താങ്കളുടെ ചോദ്യത്തിന്റെ ഉറവിടം ഇന്നാലിന്ന വ്യക്തിയുടെ ട്വീറ്റല്ലേ എന്ന്.' അത് കേട്ടതും അവര്‍ തന്നെ ഞെട്ടി. എനിക്ക് ചിരിവന്നു. സ്‌നേഹപൂര്‍വമാണ് സീതാപൂരിലെ പോലീസ് പെരുമാറിയത്.

കുറഞ്ഞ ദിവസങ്ങളാണെങ്കിലും ഒരു പെരുന്നാള്‍ ജയിലിലായിരുന്നല്ലോ. ജയിലിലെ ഈദ് എങ്ങനെയായിരുന്നു?

ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് നിരന്തരം ഷിഫ്റ്റ് ചെയ്യുന്നതിനാല്‍ എനിക്ക് പതിവായി നിസ്‌കരിക്കാനോ പ്രത്യേകിച്ച് പെരുന്നാള്‍ ദിനത്തില്‍ പോലും നിസ്‌കരിക്കാനോ കഴിഞ്ഞില്ലെങ്കിലും കഴിയുന്നതിനനുസരിച്ച നമസ്‌കാരം നിര്‍വഹിക്കാനും ദുആ ചെയ്യാനും  ഞാന്‍ സമയം ചെലവഴിച്ചു. ഏകാന്തനായി സ്വയം ഒറ്റപ്പെടാന്‍ ആഗ്രഹിച്ചില്ല. ജയിലിന്റെ നാലു ചുവരുകള്‍ക്കുള്ളിലെ കാര്യങ്ങളെ കുറിച്ച് അടുത്തറിയാന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തി.
കഴിയുന്നത്ര തടവുകാരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ഞാന്‍ സംസാരിച്ചു. ജയിലില്‍ വ്യത്യസ്തരായ ആളുകളെ കേള്‍ക്കുന്നത് വലിയൊരു അനുഭവമായി തോന്നി. മറ്റൊരര്‍ത്ഥത്തില്‍ എനിക്ക് വേദന തോന്നിയെങ്കിലും വളരെ വേഗം ചിലവ്യക്തികളുമായി ഞാന്‍ ചങ്ങാത്തത്തിലായി. ഒരുപക്ഷേ അവരുടെ കഥകളറിയാനുളള ആകാംക്ഷകൊണ്ടായിരിക്കാം.

നിങ്ങളുടെ ജാമ്യം വ്യത്യസ്തമായി തോന്നാന്‍ നിങ്ങളെ പ്രേരിപ്പിച്ചതെന്താണ്?

എന്റെ കയ്യില്‍ പണമുണ്ടായിരുന്നു, എനിക്ക് കൈതാങ്ങുണ്ടായിരുന്നു, പൗരസമൂഹത്തില്‍ നിന്നുള്ള പിന്തുണയുണ്ടായിരുന്നു, പത്രപ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു, എല്ലാറ്റിനുമുപരി വളരെ ശക്തമായ അഭിഭാഷക നിരയുണ്ടായിരുന്നു, ആ പ്രിവിലേജ് എനിക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിയുന്ന നിരവധി യുവതടവുകാരെ ഞാന്‍ ജയിലില്‍ കണ്ടുമുട്ടിയിരുന്നു. നീണ്ട നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത കാശ്മീരി യുവാക്കളെ ഞാന്‍ കണ്ടുമുട്ടിയിരുന്നു. അവരുടെ കഷ്ടപ്പാടുകള്‍ കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി.
തീഹാറിലെ ഒരു പ്രമുഖന്‍ എന്നോട് പറഞ്ഞു, നിങ്ങള്‍ ഇവിടെ വന്നതില്‍ എനിക്ക് സങ്കടവും സന്തോഷവുമുണ്ട്. മറ്റ് പത്രപ്രവര്‍ത്തകരും ഇവിടെ വന്ന് തടവുകാരുടെ അവസ്ഥ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങള്‍ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെയും കഥകളെ കുറിച്ച് ലോകത്തോട് സംസാരിക്കാന്‍ കഴിയുമല്ലോ.
മറ്റുപലര്‍ക്കും ഇതുപോലെ സോഷ്യല്‍മീഡിയയില്‍ പിന്തുണ ഉണ്ടാകില്ല. ഈ പ്രശ്‌നം നമ്മുടെ സിസ്റ്റത്തിന്റെതാണ്. ഒരു വലിയ പരിശോധന ആവശ്യമാണ്. ആളുകള്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല. വിചാരണതടവുകാരെ, പ്രത്യേകിച്ച് ഹാഷ്ടാഗ് പിന്തുണയില്ലാത്തവരുടെ അവസ്ഥയിലാണ് മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നാണ് എനിക്ക് പറയാനുള്ളത്.

കര്‍ണാടക അടുത്തിടെ നിരവധി വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും തെറ്റായ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തു, ഈമാറ്റത്തെ നിങ്ങളെങ്ങനെ കാണുന്നു?

തീരദേശമേഖലയിലെ അതിരൂക്ഷമായ സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കര്‍ണാടക ഈ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് അടുത്തകാലം വരെ സൂരക്ഷിതമായിരുന്നു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷം. വര്‍ഗീയ വിദ്വേഷത്തിന്റെ വിഷം ഇവിടെ പടരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. പക്ഷേ, ഈ ഭ്രാന്തിന് അവസാനമില്ല. ഇന്ത്യയൊട്ടാകെ പ്രശ്‌നമില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഈ പ്രദേശം ഇത്രക്കും മോശമായിരുന്നില്ല. പരസ്പരം ബഹുമാനിക്കുന്ന യുവാക്കള്‍ക്കിടയിലാണ് ഞങ്ങള്‍ വളര്‍ന്നത്. എല്ലാവര്‍ക്കും സ്വന്തമായി ചിന്തിക്കാനും സ്വപ്‌നം കാണാനും കുറച്ചെങ്കിലും ഇടം ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

യുവമാധ്യമപ്രവര്‍ത്തര്‍ക്ക് നിങ്ങള്‍ നല്‍കുന്ന സന്ദേശം?

ഞാന്‍ നിശബ്ദനായിരിക്കുകയാണെകില്‍ മറ്റുള്ളവരില്‍ അതിന്റെ സ്വാധീനം തണുത്തതായിരിക്കും. അതുകൊണ്ടാണ് എന്നെ അറസ്റ്റ് ചെയ്തത്. മുസ്‌ലിമായ ഒരാള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതും പത്രപ്രവര്‍ത്തകനായിരിക്കുന്നതും കുറ്റകരമല്ല. എന്റെ ഇളയ സഹപ്രവര്‍ത്തകരോട് പറയാനുള്ളത് 'അവരുടെ ജോലി ഏറെ പ്രധാനവും പ്രസക്തവുമാണെന്നാണ്. മറക്കപ്പെടാവുന്ന ഭീകരതകള്‍ പുറത്തുകൊണ്ടുവരുന്നത് കുറ്റമല്ലെ. നിങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരിക്കുകയും നിങ്ങളുടെ സ്വന്തം കഥകള്‍ എഴുതുകയും വേണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ദുഷ്പ്രചാരണങ്ങളെ എതിര്‍പ്പുകളില്ലാതെ തുടരാന്‍ അനുവദിക്കരുത്. ഓരോ ജില്ലയിലും വസ്തുതാ പരിശോധന നടത്താനും (ഫാക്ട് ചെക്ക്) വിദ്വേഷപ്രസംഗം തടയാനും ഗോഡിമീഡിയ ചാനലുകളുകളുടെ പ്രചാരണത്തെ വെല്ലുവിളിക്കാനും കഴിയുന്ന ഓരോ വ്യക്തി ഉണ്ടായാല്‍ തന്നെ ആത്യന്തികമായി കാര്യങ്ങള്‍ മെച്ചപ്പെടും.

ശക്തമായ ഒരു മുഖ്യധാരാ മാധ്യമത്തിന്റെ അഭാവത്തില്‍ ഏതാനും വ്യക്തികളുടെ പ്രവര്‍ത്തനം നല്ലതാണെങ്കിലും ഈ ശൂന്യത നികത്താന്‍ കഴിയില്ല. പുതിയ ശബ്ദങ്ങള്‍ക്കായി, പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്ന് ഇടം സൃഷ്ടിക്കുകയും അവരില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നാം അവര്‍ക്ക് പരിശീലനവും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും നല്‍കണം. സ്വതന്ത്ര മാധ്യമങ്ങളില്ലാതെ ഒരു ജനാധിപത്യ സമൂഹത്തെയോ പുതിയ ശബ്ദങ്ങളില്ലാതെ  ഒരു സ്വതന്ത്ര മാധ്യമത്തെയോ സൃഷ്ടിക്കാന്‍ കഴിയില്ല.

നിങ്ങളെന്തെങ്കിലും പ്രതീക്ഷ കാണുന്നുണ്ടോ?

വളര്‍ന്നുവരുന്ന കുട്ടികള്‍ പരസ്പരം വിദ്വേഷത്തില്‍ കഴിയുന്നതോ തങ്ങളെകുറിച്ചു തന്നെ ആത്മവിശ്വാസകുറവുള്ളവരോ ആയി വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേ സമയം, കള്ളം പറയാനും കഴിയില്ലല്ലോ, ഞാന്‍ പ്രത്യാശ കാണുന്നില്ല, എന്റെ വീക്ഷണത്തില്‍ ഈ രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കും. അല്ലെങ്കില്‍ ഒരു പക്ഷേ കൂടുതല്‍ വഷളാകും. എന്നിരുന്നാലും നിശബ്ദത പാലിക്കുന്നത് ഒരു ഒപ്ഷനാണെന്ന് ഞാന്‍ കരുതുന്നില്ല.
സത്യം പറയുന്നത് തുടരാന്‍ നമുക്കുള്ള എല്ലാ വിഭവങ്ങളും നാം മുറുകെ പിടിക്കണം. ഇതുവരെ ഞാന്‍ വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളുടെ യാഥാര്‍ത്ഥ്യവുമെല്ലാം റിപ്പോര്‍ട്ടുചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വര്‍ഗീയവിദ്വേഷം തുറന്നുകാട്ടുന്നതിലായിരിക്കും എന്റെ ശ്രദ്ധ.

Read More: ഫാഷിസത്തിന്റെ ബുള്‍ഡോസര്‍ രാജ്, മുസ്‍ലിംകള്‍ക്ക് മാത്രമായിരിക്കില്ല

പറഞ്ഞു നിര്‍ത്തുമ്പോള്‍, ആ ചെറുപ്പക്കാരന്റെ കണ്ണുകളിലെ തീക്ഷ്ണതയും ഒരിക്കലും കീഴടങ്ങാന്‍ തയ്യാറില്ലാത്ത മനസ്സും വളരെ പ്രകടമായിരുന്നു. ജനാധിപത്യ ഇന്ത്യ തകരാതിരിക്കാന്‍ ഇത്തരം ഉറച്ച മനസ്സുള്ള പത്രപ്രവര്‍ത്തകരാണ് ആവശ്യമെന്ന് അറിയാതെ മനസ്സ് പറഞ്ഞു പോയി. ഇനി എപ്പോഴാണ് ട്വിറ്ററില്‍ തിരിച്ചെത്തുക എന്ന അവസാന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി അതിന് അടിവരയിടുന്നതായിരുന്നു. അതിങ്ങനെയായിരുന്നു, സാധാരണ പോലെ ഇന്ന് രാത്രി തന്നെ ഞാന്‍ ട്വിറ്ററിലുണ്ടാവും. അതൊരിക്കലും എനിക്ക് നിര്‍ത്തനാവില്ലല്ലോ. 
തോറ്റ് കൊടുക്കാന്‍ ഒട്ടുമേ തയ്യാറില്ലാത്ത ആ വാക്കുകള്‍ കൂടി കേട്ടതോടെ ഞങ്ങള്‍ അറിയാതെ കൈ കൂപ്പിപ്പോയി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter