ഗസ്സയിൽ ഇസ്രായേൽ തകർത്ത് കളഞ്ഞ ചരിത്രസ്മാരകങ്ങൾ

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ലോകത്തിലെ പുരാതന നഗരങ്ങളിൽ ഒന്നാണ്  ഗസ്സ.  ലോകത്തിലെ ഏറ്റവും വലിയ ജനവാസ മേഖലകളിലൊന്നായ ഗസ്സയില് ബിസി 3300-3000 കാലഘടത്തിൽ തന്നെ  ജനവാസം ആരംഭിച്ചിട്ടുണ്ട് എന്നതിന് ചരിത്രപരമായി ഒട്ടേറേ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.  പുരാതന ജന സമൂഹങ്ങളായ ഫിലസ്ത്തിയരും അസ്സിരികളും ഈജിപ്തുകാരും  ബാബിലോണിയക്കാരും ഏറെ കാലം വസിക്കുകയും അലക്സാണ്ടർ ചക്രവർത്തിയും പേർഷ്യ, റോമ, ഗ്രീക്ക്, ബൈസന്റൈൻ സാമ്രാജ്യങ്ങളും ഗസ്സയിൽ  ആധിപത്യം സ്ഥാപിക്കുകയും  ഏറെ കാലം ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്. 

പിന്നീട് ഇസ്‍ലാമിക ഖിലാഫത്തിലെ രണ്ടാം ഖലീഫ ഉമർ(റ)ന്റെ കാലത്ത് ഈ പ്രദേശം ഇസ്‌ലാമിക് ഖിലാഫത്തിന്ന് കീഴിൽ വരികയും സച്ചരിതരായ ഖലീഫമാരുടെ കാലശേഷം പിന്നീട് ഇസ്‌ലാമിക ലോകത്തെ നയിച്ച അമവികളും അബ്ബാസികളും ഫാത്വിമികളുമാണ്  ഇവിടെ ഭരണം നടത്തിയത്. ഫാത്വിമികളിൽ നിന്ന് കുരിശ് സേന ഗസസ് പിടിച്ചെടുത്തെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം കുരിശ് സൈന്യത്തിൽ നിന്ന്  അയ്യൂബികൾ വീണ്ടും തിരിച്ച്പിടിച്ചു . അയ്യൂബികൾക്ക് ശേഷം  മംമൂലൂക്കികളും ഉസ്മാനിയ്യാ സാമ്രാജ്യവും ഗസ്സയിൽ ഏറെ കാലം ഭരണം നടത്തിയിട്ടുണ്ട്. ഭൂമി ശാസ്ത്രപരമായി ഒട്ടറെ പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ തുറമുഖങ്ങളും കച്ചവട കേന്ദ്രങ്ങളും ഉണ്ടായിരുന്ന വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രം കൂടിയായിരുന്നു ഗസ്സ

ഇത്രയേറെ ഭരണകൂടങ്ങൾ  ഭരണം നടത്തുകയും പുരാതന കാലം മുതൽ തന്നെ വ്യത്യസ്ത  സമൂഹങ്ങൾ പല കാലങ്ങളിലായി ജീവിക്കുകയും നിരവധി ഭരണകൂടങ്ങൾ ഭരണം നടത്തുകയും  ചെയ്ത നാടായത് കൊണ്ട് തന്നെ ഗാസ നിരവധി ചരിത്ര സ്ഥലങ്ങൾ കൊണ്ടും അപ്പൂർവ ചരിത്ര ശേഖരങ്ങൾ  കൊണ്ടും സമ്പന്നമാണ്. പക്ഷേ, ഫലസ്തീൻ ജനതയെയും അവരുടെ സാംസ്കാരിക പാരമ്പര്യത്തെയും  എക്കാലത്തും പൂർണ്ണമായും തകർക്കാൻ ലക്ഷ്യമിടുന്ന സയണിസ്റ്റ് ശക്തികൾ ഫലസ്തീനികളുടെ സമ്പന്നമായ ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും അടയാളങ്ങായ ചരിത്രസ്ഥലങ്ങളെ എന്നും ഇല്ലാതാക്കാനാണ്  ശ്രമിച്ചിട്ടുള്ളത്. 2023  ഒക്ടോബറിൽ ആരംഭിച്ച്   ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന അക്രമണത്തിലൂടെ സയണിസ്റ്റ് ശക്തികൾ ഫലസ്തീനികളെയും അവരുടെ പൈതൃകത്തെയും സംസ്കാരത്തെയും  വിളിച്ചോതുന്ന ചരിത്ര ശേഷിപ്പുകളെയും  ഇല്ലാതാക്കി സാംസ്കാരികഹത്യയാണ് യഥാര്‍ത്ഥത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. ബിസി 800ൽ ഉണ്ടാക്കപെട്ടു എന്ന് കരുതപ്പെടുന്ന ഗസ്സയിലെ പുരാതന തുറമുഖവും അപൂർവ ചരിത്ര രേഖകൾ ഉള്ള മ്യൂസിയങ്ങൾ  അടക്കം നിരവധി  പൈതൃക സ്ഥലങ്ങളും പൊളിച്ച് കളഞ്ഞത് അവർ നടത്തുന്ന സാംസ്കാരിക ഹത്യയുടെ തെളിവുകളാണ്. അത്തരത്തില്‍ തകര്‍ക്കപ്പെട്ട പ്രധാന ചരിത്ര സ്ഥലങ്ങളെ പരിചയപ്പെടാം

മസ്ജിദു ഉമര്‍ അൽകബീർ

ഗസ്സയില്‍ നിർമിക്കപ്പെട്ട ആദ്യത്തെ മുസ്‌ലിം പള്ളിയാണ് മസ്ജിദു ഉമര്‍ അല്‍കബീർ. ഗസ്സ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ആരാധാനാലയം രണ്ടാം ഖലീഫ ഉമർ(റ)ന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ബൈസന്റൈൻ ചർച്ച് ഉണ്ടായിരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് പലപ്രാവശ്യം തകർക്കപ്പെടുകയും പുനർനിർമാണം നടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

എ.ഡി 1260ൽ മംഗോളുകൾ തകർത്തതിന് ശേഷം പുനർനിർമ്മിക്കപ്പെട്ടെങ്കിലും   പിന്നീടുണ്ടായ ഭൂമികുലുക്കത്തിൽ വീണ്ടും തകർക്കപ്പെട്ടു. അതിനുശേഷം പതിനാറാം നൂറ്റാണ്ടിൽ ഉസ്മാനിയ്യാ രാജാക്കന്മാരാണ്  പുനർനിർമ്മാണം നടത്തുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും ഇതിന് കേടുപാട് സംഭവിച്ചെങ്കിലും 1925ല്‍ വീണ്ടുമിത്  പുനർനിർമ്മിക്കപ്പെട്ടു. കഴിഞ്ഞവർഷം ഡിസംബർ ഏഴിന് നടന്ന ഇസ്രായേൽ വ്യോമക്രമണത്തിൽ ഗസ്സയിലെ ഏറ്റവും പഴക്കം ചെന്ന ഈ പള്ളി പൂർണമായും തകർക്കപ്പെട്ടു.

ജബലിയ ബൈസെന്റൈൻ ചർച്ച് 

ഗസ്സയുടെ വടക്കൻ പ്രദേശമായ ജബലിയിലാണ് ഈ ക്രിസ്തീയ ദേവാലയം സ്ഥിതി ചെയ്യുന്നത്. സി. ഇ 516 ലാണിത് നിർമ്മിക്കപ്പെട്ടത്. മനോഹരമായ ചിത്രങ്ങൾ  കൊത്തിവെക്കപ്പെട്ട പ്രത്യേകതരം മാർബിളുകൾ വിരിച്ച നിലകളും  ബൈസന്റൈൻ ഭരണാധികാരിയായിരുന്ന   തിയോഡിഷസ്(II )ചക്രവർത്തിയുടെ കാലഘട്ടത്തിൽ പുരാതന ഗ്രീക്കിൽ എഴുതപ്പെട്ട പതിനാറ് മതഗ്രന്ഥങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട ചുവരുകളും ഉള്ള ഒരു ചരിത്ര സ്മാരകം കൂടിയാണ് ഈ ദേവാലയം.

ഫലസ്തീൻ ടൂറിസം മന്ത്രാലയവും ഫ്രഞ്ച് സംഘടനയായ പ്രീമിയർ അർജൻസ് ഇന്റർനാഷണലും ബ്രിട്ടീഷ് കൗൺസിലും ചേർന്ന് മൂന്നുവർഷത്തെ പുനർനിർമാണം നടത്തി 2022ൽ  ഈ ദേവാലയം പുനരാരംഭിച്ചിരുന്നു . സഹസ്രാബ്ദങ്ങളുടെ ചരിത്രം അയവിറക്കുന്ന ഈ ക്രിസ്തീയ ആരാധനാലയം ഒക്ടോബറിലെ ഇസ്രായേലി വ്യോമാക്രമണത്തിൽ പൂർണമായും തകർന്നടിഞ്ഞു.

സെന്റ് പ്രോഫിറിയസ് ചർച്ച് 

സി.ഇ 425ല്‍ നിർമ്മിക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ ചർച്ച് ആണ് സെൻറ് പ്രോഫിറിയസ് ചർച്ച്.  പതിനേഴാം നൂറ്റാണ്ടിൽ മുസ്‍ലിം ആരാധനാലയമാക്കി പരിവർത്തിക്കപ്പെട്ടിരുന്നുവെങ്കിലും കുരിശുയുദ്ധകാലത്ത് കുരിശ് സേന   വീണ്ടും ക്രിസ്തീയ ദേവാലയം ആക്കി മാറ്റി.  

ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണം നടക്കുമ്പോൾ ഗസ്സയിലെ  ക്രിസ്ത്യന്‍ സമുദായം അഭയം തേടി എത്തിയത് ഈ ചർച്ചിലായിരുന്നു. പക്ഷേ, ഒക്ടോബർ 19 ലെ ഇസ്രായേൽ ബോംബിങ്ങിൽ  കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു 17 പേർ കൊല്ലപ്പെട്ടു.

സയ്യിദ് അൽഹാശിം മസ്ജിദ്

പഴയ ഗസ്സ നഗരത്തില്‍ ചുണ്ണാമ്പ് കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട മനോഹരമായ ആരാധനാലയമാണ് സയ്യിദ് ഹാശിം മസ്ജിദ്. അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യുടെ പ്രപിതാമഹനായ ഹാശിമുബ്നു അബ്ദിമനാഫ് സിറിയയിൽ നിന്ന് കച്ചവടം ചെയ്തു തിരിച്ചുപോകും വഴി, ഇവിടെ വെച്ച് അസുഖം പിടിപെട്ട് മരണപ്പെട്ടിരുന്നു.

അദ്ദേഹത്തെ ഈ മസ്ജിദിന്റെ വടക്ക്  പടിഞ്ഞാറൻ ഭാഗത്താണ് മറമാടിയത്. പത്തൊനമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ മതപഠന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ഈ മസ്ജിദ്. ഡിസംബർ നാലിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഈ മസ്ജിദിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്നു വീണു.

ഗ്രേറ്റ് ഉമരി മോസ്ക് ലൈബ്രറി

പഴയകാലത്ത് എഴുതപ്പെട്ട ഖുർആന്റെയും പ്രവാചക ചരിത്രങ്ങളുടെയും കോപ്പികൾ തത്ത്വശാസ്ത്രം, വൈദ്യം, സൂഫിസം തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഗ്രന്ഥങ്ങൾ അടക്കം അപൂർവ്വ ഗ്രന്ഥശേഖരമുള്ള ലൈബ്രറിയാണ് ഗ്രേറ്റ് ഉമരി മോസ്ക് ലൈബ്രറി.

എ.ഡി 1277ല്‍ മംമലൂക്ക് സുൽത്താനായ സുൽത്താൻ സാഹിറാണ്  ഇത് പണികഴിപ്പിച്ചത്.   ഒരുകാലത്ത് ഇതിൽ ഇരുപതിനായിരം ഗ്രന്ഥങ്ങൾ വരെ ഉണ്ടായിരുന്നുവെങ്കിലും കുരിശുയുദ്ധവും ഒന്നാം ലോകമഹായുദ്ധവും കാരണം  ഇവയിൽ പലതും നശിപ്പിക്കപ്പെട്ടിരുന്നു. ഏറെ ചരിത്ര പ്രാധാന്യമുള്ള അവശേഷിച്ച പുസ്തകങ്ങൾ ഡിസംബർ എട്ടിൽ നടന്ന ഇസ്രായേൽ അക്രമണത്തിൽ വീണ്ടും നശിപ്പിക്കപ്പെട്ടു.

ഖസ്ർ അൽ പാഷാ

ഗസ്സയുടെ  സമ്പന്നമായ ചരിത്ര പൈതൃകത്തെ വിളിച്ചോതുന്ന ഈ സമുച്ചയം  മംമൂലൂക്ക് ഭരണാധികാരിയായ  സുൽത്താൻ സാഹിറാണ് പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചത്. ഭരണസിരാകേന്ദ്രമായും ഈ സമുച്ചയം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഉസ്മാനിയ്യാ ഭരണാധികാരികളും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ 1799 ൽ ഗസ്സയിൽ പ്രവേശിച്ചപ്പോൾ ഉസ്മാനിയ്യാ സൈന്യത്തിൻറെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെയാണ് താമസിച്ചിരുന്നത്. 1948ന് മുമ്പ് ഇത് ബ്രിട്ടീഷുകാരുടെ പോലീസ് സ്റ്റേഷനായിരുന്നു. പിന്നീട് ഫലസ്തീൻ ഗേൾസ് സ്കൂൾ ആയി മാറി. 2010 ൽ  ഫലസ്തീൻ ടൂറിസം മന്ത്രാലയം ഇതിനെ മ്യൂസിയം ആക്കി മാറ്റി. നിരവധി ചരിത്ര രേഖകളെ കൊണ്ട് സമ്പന്നമായ ഈ മ്യൂസിയത്തിന്റെ ചുമരുകളും നടുമുറ്റവും പൂന്തോട്ടവും ഡിസംബർ 11ലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടു.

ഫലസ്തീന്റെ സമ്പന്നമായ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങളായ നിരവധി ചരിത്രശേഷിപ്പുകൾ സൂക്ഷിച്ചു വെക്കപ്പെട്ട റാഫ മ്യൂസിയം, അൽ കറാറ മ്യൂസിയം, ദേർ അൽബലഹ് മ്യൂസിയം, കൾച്ചറൽ കറാഹ് മ്യൂസിയം തുടങ്ങി നിരവധി മ്യൂസിയങ്ങളും നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന സെന്റ് ഹിലാരിയൻ മൊണാസ്ട്രിയും ഉസ്മാൻ ബിൻ ഖഷർ മസ്ജിദും തുടങ്ങി നിരവധി ആരാധനാലയങ്ങളും ചരിത്ര പ്രാധാന്യമുള്ള മറ്റു സ്ഥലങ്ങളും ഇസ്രായേൽ ഫലസ്തീൻ ജനതയുടെയും അവരുടെ സംസ്കാരത്തിന്റെയും ചരിത്ര ശേഷിപ്പുകളുടെയും  മേൽ നടത്തുന്ന   മനപ്പൂർവ്വ ആക്രമണത്തിലൂടെ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ട്. 1954 ഹേഗ് കൺവെൻഷൻ പ്രകാരം ചരിത്ര പ്രാധാന്യമുള്ള ഇത്തരം ഭൂമികൾ യുദ്ധക്കെടുതിയിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെങ്കിലും ആ കരാർ  ഇസ്റാഈൽ ഇന്നുവരെ പാലിച്ചിട്ടില്ല.   ഇസ്രായേൽ ഫലസ്തീനിലെ ചരിത്രശേഷിപ്പുകളുടെ മേൽ നടത്തുന്ന അക്രമണം ഇസ്രായേലിന്റെ കരാർ ലംഘനത്തിന്റെയും ഫലസ്തീൻ ജനതയ്ക്കുമേൽ നടത്തുന്ന സാംസ്കാരികഹത്യയുടെയും തെളിവുകളാണ്.  ഇസ്രായേലിന്റെ ആക്രമണം ഇനിയും തുടർന്നാൽ ലോകത്തിന് സമ്പന്നമായ പൈതൃകവും പാരമ്പര്യവും ഉള്ള ഒരു ജനതയുടെയും അവരുടെ നാടിന്റെയും ചരിത്രശേഷിപ്പുകളായിരിക്കും നഷ്ടപ്പെടുക.

▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:

https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter