ഇമാം ലൈസ് ബിൻ സഅ്ദ് (റ)വും, ഇസ്‌ലാമിക ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട മദ്ഹബും
ഇസ്‌ലാമിക സുവർണ്ണ കാലഘട്ടത്തിൽ ഈജിപ്തിൽ ജീവിച്ചിരുന്ന കർമ്മശാസ്ത്ര പണ്ഡിതനും, ഹദീസ് നിവേദകനുമായിരുന്നു അബുൽഹാരിസ് ലൈസ് ബിൻ സഅ്ദ്(റ). ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ മദീനയിൽ ഇമാം മാലിക്(റ), കൂഫയിൽ ഇമാം അബൂഹനീഫ(റ) എന്നിവർ ശോഭിച്ചു നിന്ന അതേ കാലഘട്ടത്തിൽ ഈജിപ്തിലെ വിജ്ഞാന വെളിച്ചമായിരുന്നു ഇമാം ലൈസ്. സ്വന്തമായി ഒരു കർമ്മശാസ്ത്ര സരണിയുടെ (മദ്ഹബ്) സ്ഥാപകനായിരുന്നിട്ടും ചരിത്രത്തിന്റെ താളുകളിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയ ഒരു മഹാപ്രതിഭയായിരുന്നു അദ്ദേഹം.
ഹിജ്റ 94-ൽ (എ.ഡി. 713) ഈജിപ്തിലെ ഖൽഖശന്ദ എന്ന ഗ്രാമത്തിലാണ് ഇമാം ലൈസ് ജനിച്ചത്. പേർഷ്യൻ പശ്ചാത്തലമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും ബനൂ ഫഹ്‌മ് ഗോത്രക്കാരുമായുള്ള അടുത്ത ബന്ധം കാരണം അദ്ദേഹം ചരിത്രത്തിൽ 'അൽഫഹ്മി' എന്ന പേരിലും അറിയപ്പെട്ടു. ചെറുപ്പത്തിൽ തന്നെ ഖുർആനും അടിസ്ഥാന ഇസ്‌ലാമിക വിജ്ഞാനവും കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് അറിവ് തേടിയുള്ള സുദീർഘമായ യാത്രകൾ ആരംഭിച്ചു.
വിജ്ഞാന സമ്പാദനത്തിനായി അദ്ദേഹം ഹിജാസിലേക്ക് (മക്ക, മദീന) യാത്ര ചെയ്തു. അബ്ദുല്ല ഇബ്നു ഉമര്‍(റ)ന്റെ ശിഷ്യനായ നാഫിഅ്, ഇബ്നു ശിഹാബ് അസ്സുഹ്‌രി, അതാഅ് ബിൻ അബീ റബാഹ്, യഹ്‌യ ബിൻ സഈദ് തുടങ്ങിയ പ്രഗത്ഭരായ താബിഈ പണ്ഡിതന്മാരിൽ നിന്നാണ് അദ്ദേഹം അറിവ് നുകർന്നത്. ഹദീസ് വിജ്ഞാനീയങ്ങളിലും കർമ്മശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യം നേടിയ അദ്ദേഹത്തെ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈജിപ്തിലെ ജനങ്ങൾ മതപരമായ കാര്യങ്ങളിൽ ഫത്‌വകൾക്കായി ആശ്രയിക്കാൻ തുടങ്ങി.
ഈജിപ്ത് കേന്ദ്രീകരിച്ച് വലിയൊരു വൈജ്ഞാനിക നവോത്ഥാനത്തിന് അദ്ദേഹം നേതൃത്വം നൽകി. മദീന കേന്ദ്രീകരിച്ചുള്ള 'അഹ്‌ലുൽ ഹദീസ്' (ഹദീസുകൾക്ക് പ്രാധാന്യം നൽകുന്നവർ), ഇറാഖ് കേന്ദ്രീകരിച്ചുള്ള 'അഹ്‌ലുർറഅ്‌യ്' (യുക്തിക്കും ഗവേഷണത്തിനും പ്രാധാന്യം നൽകുന്നവർ) എന്നീ രണ്ട് പ്രധാന ചിന്താധാരകളുടെയും ഇടയിലുള്ള ഒരു സമന്വയ മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റേത്.
ഇമാം ലൈസിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ സ്വന്തമായ കർമ്മശാസ്ത്ര സരണിയായിരുന്നു. ഇത് അക്കാലത്ത് നാല് പ്രധാന മദ്ഹബുകളെ പോലെ തന്നെ അതീവ പ്രാധാന്യമുള്ള ഒന്നായിരുന്നു. എന്നാൽ, കാലക്രമേണ ഈ മദ്ഹബ് ചരിത്രത്തിൽ നിന്നും അപ്രത്യക്ഷമായി. തന്റെ വിജ്ഞാനം വാമൊഴിയായി മാത്രമാണ് അദ്ദേഹം പകർന്നു നൽകിയത്. ഇമാം മാലിക്(റ)ന്റെയോ ഇമാം ശാഫിഈ(റ)ന്റെയോ ശിഷ്യന്മാർ ചെയ്തതുപോലെ, വിജ്ഞാനങ്ങൾ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ച് സംരക്ഷിക്കാൻ അർപ്പണബോധമുള്ള ശിഷ്യന്മാരെ ഇമാം ലൈസിന് ലഭിച്ചില്ല എന്നതാണ് ഇതിന് പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് ഇമാം ശാഫിഈ (റ) പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ പ്രസിദ്ധമാണ്: "കർമ്മശാസ്ത്രത്തിൽ ഇമാം മാലികിനേക്കാൾ അറിവുള്ളയാൾ ലൈസ് ബിൻ സഅ്ദാണ്. എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ (ആ അറിവിനെ) പാഴാക്കിക്കളഞ്ഞു."
ഇമാം മാലിക്(റ)ന്റെ 'അൽമുവത്വ' പോലെയോ, ഇമാം ശാഫിഈയുടെ 'അൽഉമ്മ്' പോലെയോ സ്വന്തമായി വലിയ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളോ ഹദീസ് സമാഹാരങ്ങളോ ഇമാം ലൈസ് രചിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മദ്ഹബ് അപ്രത്യക്ഷമാകാനുള്ള അടിസ്ഥാന കാരണവും ഇതുതന്നെയായിരുന്നു. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളോ ഹദീസ് സമാഹാരങ്ങളോ രചിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റേതായി ചരിത്രത്തിൽ ചില സുപ്രധാന രേഖകൾ അവശേഷിക്കുന്നുണ്ട്.
രിസാല ഇലാ മാലിക് ബിൻ അനസ്: കർമ്മശാസ്ത്ര വിധികൾക്കായി 'മദീനാ നിവാസികളുടെ പ്രവർത്തനങ്ങളെ' (അമൽ അഹ്‌ലുൽ മദീന) മാത്രം അടിസ്ഥാനമാക്കുന്നതിലെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഇമാം മാലികിന് (റ) അദ്ദേഹം അയച്ച ദീർഘമായ കത്താണിത്. പണ്ഡിതന്മാർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ എത്രത്തോളം ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണിത്.
ജുസ്അ് അൽലൈസ്: അദ്ദേഹം നിവേദനം ചെയ്ത ഹദീസുകൾ ശിഷ്യന്മാർ ക്രോഡീകരിച്ച ലഘു സമാഹാരം.
ചിതറിക്കിടക്കുന്ന ഫത്‌വകൾ: പിൽക്കാല പണ്ഡിതന്മാരായ ഇബ്നു വഹ്ബ്, ഇബ്നു അബ്ദിൽ ഹകം എന്നിവർ തങ്ങളുടെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ മതവിധികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അടക്കമുള്ള പണ്ഡിതന്മാർ അദ്ദേഹത്തെ ഏറ്റവും വിശ്വസ്തരായ നിവേദകരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിഹാഹുസ്സിത്ത (ആറ് പ്രധാന ഹദീസ് ഗ്രന്ഥങ്ങൾ) ഉൾപ്പെടെയുള്ള ആധികാരിക ഗ്രന്ഥങ്ങളിൽ ഇമാം ലൈസ് വഴി നിവേദനം ചെയ്യപ്പെട്ട ആയിരക്കണക്കിന് ഹദീസുകൾ കാണാം. താബിഈങ്ങളുടെ കാലഘട്ടത്തിനും പിൽക്കാല ഹദീസ് ക്രോഡീകരണ കാലഘട്ടത്തിനും ഇടയിലുള്ള ഒരു സുവർണ്ണ കണ്ണിയായിരുന്നു അദ്ദേഹം.
മദീന കേന്ദ്രീകരിച്ചുള്ള 'അഹ്‌ലുൽ ഹദീസ്' (ഹദീസുകൾക്ക് മാത്രം പ്രാധാന്യം നൽകുന്നവർ), ഇറാഖ് കേന്ദ്രീകരിച്ചുള്ള 'അഹ്‌ലുർറഅ്‌യ്' (യുക്തിക്കും ഗവേഷണത്തിനും പ്രാധാന്യം നൽകുന്നവർ) എന്നീ രണ്ട് പ്രധാന ചിന്താധാരകളുടെയും ഇടയിലുള്ള ഒരു മധ്യമാർഗ്ഗമായിരുന്നു ലൈസി മദ്ഹബ്. ഹദീസുകളെ മുറുകെ പിടിക്കുമ്പോൾ തന്നെ, സാഹചര്യങ്ങൾക്കനുസരിച്ച് ഖിയാസ് (താരതമ്യ പഠനം) നടത്തുന്നതിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്കായി തന്റെ ദിവസത്തെ നാല് വ്യത്യസ്ത സദസ്സുകളായി (മജ്‌ലിസുകൾ) തിരിച്ചിരുന്നു. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഉപദേശം നൽകാനും ഭരണകാര്യങ്ങളിൽ ശരിയായ ദിശ കാണിച്ചുകൊടുക്കാനുമുള്ള ഒന്നാം സദസ്സ്, ഹദീസ് പഠിതാക്കൾക്ക് വിജ്ഞാനം പകർന്നു നൽകാനുള്ള രണ്ടാം സദസ്സ്, സാധാരണക്കാരുടെ നിത്യജീവിതത്തിലെ കർമ്മശാസ്ത്ര സംശയങ്ങൾക്ക് (ഫത്‌വ) മറുപടി നൽകാനുള്ള മൂന്നാം സദസ്സ്, കൂടാതെ പാവപ്പെട്ടവരുടെയും ആവശ്യക്കാരുടെയും പ്രശ്നങ്ങൾ കേൾക്കാനും അവർക്ക് സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യാനുമുള്ള നാലാം സദസ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത സദസ്സുകളായാണ് ഇത് ക്രമീകരിച്ചിരുന്നത്.
വിദ്യാർത്ഥികൾക്കും അതിഥികൾക്കും ഏറ്റവും മികച്ച ഭക്ഷണങ്ങൾ നൽകിയിരുന്ന അദ്ദേഹം സ്വന്തം ജീവിതത്തിൽ വളരെ ലളിതമായ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഉദാരത ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണ്. വലിയ കൃഷിയിടങ്ങളുടെ ഉടമയായിരുന്ന അദ്ദേഹത്തിന് പ്രതിവർഷം 80,000 ദീനാറിന് മുകളിൽ വരുമാനമുണ്ടായിരുന്നു. എന്നാൽ ഇത് മുഴുവൻ പാവങ്ങൾക്കും പണ്ഡിതന്മാർക്കുമായി അദ്ദേഹം ദാനം ചെയ്തു. തന്റെ സമ്പത്ത് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ പൂർണ്ണമായും ദാനം ചെയ്തിരുന്നതിനാൽ, ജീവിതത്തിൽ ഒരിക്കൽ പോലും അദ്ദേഹത്തിന് സകാത്ത് നൽകേണ്ടി വന്നിട്ടില്ല. ഇമാം മാലികിന് ആയിരം ദീനാർ കൊടുത്തയച്ചതും, ഈജിപ്തിലെ ഹദീസ് പണ്ഡിതനായ ഇബ്നു ലഹീഅയുടെ ഗ്രന്ഥങ്ങൾ കത്തിനശിച്ചപ്പോൾ വലിയൊരു തുക നൽകി സഹായിച്ചതും ഇതിന് ഉദാഹരണങ്ങളാണ്. അങ്ങേയറ്റം ഉദാരനായിരുന്നെങ്കിലും അദ്ദേഹം ഒരു സന്യാസിയെപ്പോലെ ജീവിച്ച വ്യക്തിയായിരുന്നില്ല. അദ്ദേഹത്തിന്റെ ബാഹ്യപ്രകൃതിയെക്കുറിച്ച് ജീവചരിത്രകാരന്മാർ പറയുന്നത് അദ്ദേഹം വളരെ ഗാംഭീര്യമുള്ള വ്യക്തിയായിരുന്നു എന്നാണ്. വളരെ വിലപിടിപ്പുള്ളതും വൃത്തിയുള്ളതുമായ വസ്ത്രങ്ങൾ അദ്ദേഹം ധരിച്ചിരുന്നു. താടിയിൽ സ്ഥിരമായി മൈലാഞ്ചി ഉപയോഗിച്ചിരുന്നു. രാജാക്കന്മാരെപ്പോലെയുള്ള ഗാംഭീര്യമായിരുന്നു അദ്ദേഹത്തിന്റെ സദസ്സിന് ഉണ്ടായിരുന്നത്' എന്ന് വിഖ്യാത ചരിത്രകാരനായ ഇബ്നു ഖല്ലികാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അസുഖബാധിതനായ മകന് മരുന്നായി കുറച്ചു തേൻ ചോദിച്ചുവന്ന സ്ത്രീക്ക് വലിയൊരു വീപ്പ നിറയെ തേൻ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "അവർ അവരുടെ കഴിവിനനുസരിച്ചാണ് ചോദിച്ചത്. എന്നാൽ ഞാൻ നൽകുന്നത് എന്റെ കഴിവിനനുസരിച്ചാണ്."
അബ്ബാസി ഖലീഫമാരായ അൽമൻസൂർ, അൽമഹ്ദി, ഹാറൂന്‍ അൽറഷീദ് എന്നിവർക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ഈജിപ്തിന്റെ ഭരണച്ചുമതലയും മുഖ്യ ന്യായാധിപ (ഖാളി) സ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും, ഭരണാധികാരികളുടെ സ്വാധീനത്തിൽ നിന്ന് സ്വതന്ത്രമായി നിൽക്കുന്നതിനായി അദ്ദേഹം അത് നിരസിച്ചു. അധികാരത്തെക്കാളും നീതിക്ക് വിലകൽപ്പിച്ച അദ്ദേഹം, അന്യായങ്ങൾ പ്രവർത്തിച്ച ഈജിപ്ഷ്യൻ ഗവർണർക്കെതിരെ ഖലീഫയ്ക്ക് കത്തെഴുതുകയും ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ച് നൽകുകയും ചെയ്തു.
ഇസ്‌ലാമിക ലോകത്തെ മുൻനിര പണ്ഡിതരെല്ലാം ഇമാം ലൈസിനെ വാനോളം പ്രകീർത്തിച്ചിട്ടുണ്ട്. "ഈജിപ്തുകാരിൽ ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറ്റവും വിശ്വസ്തനായ വ്യക്തി ലൈസ് ബിൻ സഅ്ദാണ്" എന്ന് ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) അഭിപ്രായപ്പെട്ടപ്പോൾ, ഇമാം ദഹബി(റ) അദ്ദേഹത്തെ 'ഈജിപ്തിലെ ശൈഖും അവിടത്തെ ഇമാമും' എന്നാണ് വിശേഷിപ്പിച്ചത്.
ഇമാം ശാഫി(റ) തന്റെ വൈജ്ഞാനിക യാത്രയുടെ ഭാഗമായി ഈജിപ്തിൽ എത്തുമ്പോഴേക്കും ഇമാം ലൈസ് മരണപ്പെട്ടിരുന്നു. ഇമാം ലൈസിന്റെ ശിഷ്യന്മാരിൽ നിന്നാണ് ഇമാം ശാഫി ഈജിപ്തിലെ കർമ്മശാസ്ത്രം മനസ്സിലാക്കിയത്. അന്ന് ഇമാം ശാഫി ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ആ മഹാപണ്ഡിതനെ നേരിൽ കാണാൻ കഴിയാത്തതിലായിരുന്നു. ഈജിപ്തിൽ താമസിച്ചിരുന്ന കാലത്ത് അദ്ദേഹം ഇടയ്ക്കിടെ ഇമാം ലൈസിന്റെ ഖബർ സന്ദർശിക്കുമായിരുന്നു. "അദ്ദേഹത്തെ നേരിൽ കാണാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം" എന്ന് ഇമാം ശാഫി പലപ്പോഴും പറഞ്ഞിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.
അദ്ദേഹത്തിന് സ്വന്തമായി ഗ്രന്ഥങ്ങളില്ലായിരുന്നെങ്കിലും, മകൻ ശുഐബ് ബിൻ അൽലൈസ്, പേരമകൻ അബ്ദുൽ മാലിക് ബിൻ ശുഐബ് എന്നിവർ പ്രഗത്ഭരായ പണ്ഡിതന്മാരായി ഉയർന്നുവന്നു. സ്വഹീഹ് മുസ്‌ലിമിൽ അടക്കം ഈ പേരമകനിൽ നിന്നുള്ള ഹദീസുകൾ കാണാൻ സാധിക്കും.
ഹിജ്റ 175 ശഅബാൻ 15-ന് (എ.ഡി 791) ഒരു വെള്ളിയാഴ്ചയാണ്, ഈജിപ്തിലെ ജനങ്ങളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ മഹാപണ്ഡിതൻ ഇഹലോകവാസം വെടിഞ്ഞത്. ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ ജനാവലിയാണ് അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തത്. കൈറോയിലെ പ്രസിദ്ധമായ 'അൽഖറഫ' ഖബർസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ പേരിൽ ഈജിപ്തിൽ ഒരു പള്ളിയും (മസ്ജിദ് ഇമാം അൽലൈസ്) നിലവിലുണ്ട്. സ്വന്തം രചനകളിലൂടെയല്ലെങ്കിലും, താൻ വാർത്തെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളിലൂടെയും താൻ സഹായിച്ച പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലൂടെയും ആ അതുല്യ പ്രതിഭ ഇസ്‌ലാമിക വിജ്ഞാന ലോകത്ത് ഇന്നും ജീവിക്കുന്നു.



Leave A Comment