അബൂബക്കർ ഇബ്നു അറബി: കോർഡോബയിലെ വിധികർത്താവ്

അന്ദലുസിയിൽ  ബനൂഅബ്ബാദിന്റെ ഭരണകാലത്ത് ജഡ്ജിയായിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽമാഫിരി.  ഇദ്ദേഹം അബൂബക്കർ ഇബ്നു അറബി എന്ന പേരിലാണ് പ്രസിദ്ധമായത്. മാലികി മദ്ഹബ്, ഹദീസ്, ഖുർആനിന്റെ നിയമങ്ങൾ (തജ്‌വീദ്)   ഖുർആനിനെ വ്യാഖ്യാനം (തഫ്സീർ ) തുടങ്ങി  വ്യത്യസ്ത വിഷയങ്ങളിൽ  ധാരാളം കിതാബുകൾ രചിച്ചു. ഹിജ്‌റ 468 ശഅബാൻ 22 (ക്രി. 1076 മാർച്ച് 31)ന് ജനിച്ച അദ്ദേഹം അന്ദലുസിയയിലെ (ഇന്നത്തെ സ്‌പെയിനിലെ) സെവില്ലയിലാണ് ജീവിച്ചത്. ബനൂ അബ്ബാദ് ഭരണകൂടത്തില്‍ ഉയർന്ന പദവി വഹിച്ച കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഈ ഭരണകൂടത്തിന്റെ കാലശേഷം അദ്ദേഹം സെവില്ല വിട്ടു. 

അബൂബക്കർ ഇബ്നു അറബിയുടെ പിതാവ് ഒരു ഫിഖ്‌ഹീ പണ്ഡിതനും, അബ്ബാസീ ഭരണകൂടത്തിലെ ഖലീഫ അൽ മുസ്തൻസിറിലേക്കുള്ള സെവില്ല പ്രതിനിധി സംഘത്തിന്റെ നേതാവുമായിരുന്നു. ചെറുപ്പത്തിൽ അറബ് ലെവന്റിലേക്ക് പോയി പിന്നീട് അന്ദലുസിയയിൽ തന്നെ തിരിച്ചെത്തിയ ഇബ്നു അറബി ബുദ്ധിശക്തിയും നല്ല പെരുമാറ്റവും കാരണം ജഡ്ജിയായി നിയമിക്കപ്പെട്ടു. അതിന് ശേഷം,  പണ്ഡിതന്മാരുടെയും നിയമജ്ഞാനികളുടെയും തത്ത്വചിന്തകരുടെയും ശക്തികേന്ദ്രമായിരുന്ന കോർഡോബയിലേക്ക് താമസം മാറി. പിന്നീട് അറിവ് നേടുന്നതിലും പുസ്തകങ്ങൾ രചിക്കുന്നതിലും മുഴുകാൻ വേണ്ടി ജഡ്‌ജി സ്ഥാനം ഉപേക്ഷിച്ചു. മുറാബിതീൻ ഭരണകൂടത്തിന്റെ തകർച്ചക്ക് ശേഷം ഉയർന്നുവന്ന മുവ്വഹിദീൻ ഭരണകൂടത്തിന്റെ അമീറിനെ ബൈഅത് ചെയ്യാൻ വേണ്ടി മറാകിഷിലേക്ക് യാത്ര ചെയ്തു അബൂബക്കർ ഇബ്നു അറബി അനുഷ്ഠിച്ചിരുന്ന മാലികി മദ്ഹബിനെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ ശൈഖുമാരായ ഇമാം അബുൽമുതർരിഫ് അൽമാലികി, ഇമാം അൽഖാസിം അൽഇഷ്ബീലി, ഇമാം അബൂബക്കർ അൽതർതുഷി എന്നിവരെ  വളരെയധികം സ്വാധീനം ചെലുത്തി.  മദ്‌ഹബിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച സിദ്ധാന്തങ്ങളെ തന്റെ കിതാബിൽ പലയിടത്തായി അദ്ധേഹം ഉദ്ധരിച്ചിട്ടുണ്ട്.

പഠനവും യാത്രയും 

പിതാവിനൊപ്പമുള്ള യാത്രക്കിടയിലാണ് ഇബ്നു അറബി അറിവ് പഠിച്ച് തുടങ്ങുന്നത്. ബഗ്ദാദിൽ വെച്ച് തിറാദ് ബിൻ മുഹമ്മദ് അൽസായ്‌നബി, അബൂ അബ്ദില്ല അൽനഅലി, അബുൽഖത്താബ് ഇബ്ൻ അൽബത്ർ, ജാഫർ ഇബ്ൻ അൽസർരാജ്, ഇബ്നുത്തുയൂരി, ഖൽഖ് എന്നിവരിൽ നിന്നും, ഡമസ്കസിൽ  വെച്ച് ഫിഖ്‌ഹീ പണ്ഡിതനായ നസ്ർ ഇബ്‌നു ഇബ്രാഹിം അൽമഖ്ദിസി, അബുൽഫദ്‌ൽ ഇബ്‌നിൽഫുറാത്ത് തുടങ്ങിയവരിൽ നിന്നും ബൈത്തുൽ മുഖദ്ദസിൽ വെച്ച് മക്കി ബിൻഅബ്ദുൽസലാം അൽറുമൈലിയിൽ നിന്നും ഹറം ശരീഫിൽ വെച്ച് ഹുസൈനു ബിൻ അലിയ്യു ത്വബ്‍രിയിൽനിന്നും മിസ്റിൽ വെച്ച് അൽഖാളി അബൂഹസൻ അൽഖിലഇയ്യ, മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ദാവൂദ് അൽഫാർസി തുടങ്ങിയവരിൽനിന്നും വിദ്യ നേടി.

ശാഫിഈ മദ്ഹബിലെ പ്രധാന പണ്ഡിതനായ ഇമാം ഗസാലി, അബൂബക്കർ ഇബ്നു അൽഷാഷി, അല്ലാമാ അബൂ സക്കരിയ്യ അൽതിബ്‍രീസി  തുടങ്ങിയവരിൽനിന്നും ഫിഖ്ഹ് പഠിച്ചു. നീണ്ട കാലത്തെ പഠനത്തിനിടയിൽ പിതാവ് മരണപ്പെടുകയും പിതാവിനെ ഖബറടക്കിയശേഷം അന്ദലുസിയയിലേക്ക് ഹിജ്‌റ 491 ൽ മടങ്ങുകയും ചെയ്തു. അദ്ദേഹം എഴുത്തിലും ജ്ഞാന സമ്പാദനത്തിലും ശാസ്ത്ര കലകളിലും വളരെയധികം മികവ് പുലർത്തിയിരുന്നു.

അബ്ദുൽഖാലിഖ് ഇബ്ൻ അഹ്മദ് അൽയൂസുഫി അൽഹാഫിസ്, അഹ്മദ് ഇബ്ൻ ഖലഫ് അൽ-ഇഷ്ബീലി അൽഖാദി, അൽഹസൻ ഇബ്ൻ അലി അൽഖുർതുബി, അബൂബക്കർ മുഹമ്മദ് ഇബ്ൻ അബ്ദുല്ല അൽഫിഹ്‍രി, അബുൽഹഫ്‍രിസ് ഖാസിം അബ്ദുറഹ്മാൻ അൽഖതാമി അൽ-സുഹൈലി, മുഹമ്മദ് ഇബ്‌ൻ ഇബ്രാഹിം ഇബ്‌നു അൽഫഖർ, മുഹമ്മദ് ഇബ്‌ൻ യൂസുഫ് ഇബ്‌ൻ സഅദ, അബൂ അബ്ദില്ല മുഹമ്മദ് ബിൻ അലി അൽകതാമി, മുഹമ്മദ് ബിൻ ജാബിർ അൽതലാബി, നജ്ബ ബിൻ യഹ്‌യ അൽറുഐനി, അബ്ദുൽമുന്‍ഇം ബിൻ യഹ്‌യ ബിൻ അൽഖലൂഫ് അൽഗർനാതി, അലി ബിൻ അഹമ്മദ് ബിൻ ലബൽ അൽഷറൈഷി തുടങ്ങീ നിരവധി ഇമാമുകൾ അദ്ദേഹത്തിൽ നിന്നും അറിവ് നേടി. 

വിശ്വാസവും ചിന്തകളും 

ഇമാം അബൂബക്കർ ഇബ്നു അറബിയുടെ ചിന്തകൾ ഒരു കൂട്ടം കാര്യങ്ങളെ  അടിസ്ഥാനമാക്കിയിട്ടായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.

മാലികി മദ്ഹബിനെ ശക്തിപ്പെടുത്തൽ 

അഹ്‍ലു സുന്നത്തിന്റെ ആശയാദർശങ്ങളെ മുറുകെ പിടിച്ച വ്യക്തിയായിരുന്നു അബൂബക്കർ ഇബ്നു അറബി. മാലിക് ബിനു അനസ്(റ)ന്റെ അനുയായികളിൽ പ്രമുഖനായ അദ്ദേഹം, മുഅ്തസിലിയാക്കൾ, അശ്അരികൾ,  ജബ്‍രിയാക്കൾ തുടങ്ങിയവരുടെ അബദ്ധങ്ങളെ പലയിടത്തും തുറന്ന് കാട്ടുന്നുണ്ട്. മാലികി മദ്ഹബിലെ പ്രമുഖ പണ്ഡിതൻ എന്നതിലുപരി മാലികി മദ്ഹബിൽ തെളിവുകളായി ഇദ്ദേഹത്തിന്റെ അടിസ്ഥാനങ്ങളാണ് പലപ്പോഴും എടുക്കാറുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് മാലികി മദ്ഹബിനെ കുറിച്ചുള്ള തന്റെ പഠനത്തിൽ അദ്ദേഹം പിന്തുടരുന്ന രീതിശാസ്ത്രമാണ്.  കർമ്മശാസ്ത്ര വിധികൾ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ദുർഘട രീതികൾ പിന്തുടരാതെ  തന്റെ ശ്രദ്ധ മുഴുവൻ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതികളിലൂടെ ഫിഖ്ഹിനെ ലളിതമാക്കുകയാണ് അദ്ധേഹം ചെയ്തത്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് അദ്ദേഹം കര്‍മ്മശാസ്ത്ര വിധികള്‍ നിര്‍ദ്ധാരണം ചെയ്തിരുന്നത്. മാലികീ കര്‍മ്മശാസ്ത്രസരണിയെ ഏറെ വിപുലപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.  

ജുഡീഷ്യറിയുമായുള്ള ഇബ്നു അറബിയുടെ ബന്ധം

പിതാവിന്റെ പാരമ്പര്യമായിരുന്നു ഇമാം ഇബ്നുല്‍അറബിയുടേത്. അദ്ദേഹം ജഡ്ജിമാരുമായി കൗൺസിലുകളിൽ പ്രവർത്തിച്ചു. തുടർന്ന് അദ്ദേഹത്തെ ഹിജ്റ 528 ൽ ജഡ്ജിയായി നിയമിച്ചു. ആ രംഗത്തും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.  അവസാനകാലത്ത് ജുഡീഷ്യൽ വിധികൾ കാരണം ഒരു പറ്റം ആളുകൾ അദ്ദേഹത്തിനെതിരെ കലാപം നടത്തുന്നതുവരെ അദ്ദേഹം സെവില്ലയിലെ കർശനക്കാരായ ജഡ്ജിമാരിൽ ഒരാളായിരുന്നു. ജഡ്ജ് സ്ഥാനം ലഭിച്ചതിനുശേഷം അറിവിനോടുള്ള താല്പര്യം കാരണം സ്ഥാനം രാജിവെച്ചെങ്കിലും, അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്നതിനാല്‍ വീണ്ടും ജഡ്‌ജിയായി നിയമിക്കുകയുമാണുണ്ടായത്. 

ഇബ്‌നു അറബിയുടെ ശിഷ്യർ
 
നിരവധി വിദ്യാർഥികൾ ഇമാമിൽ നിന്ന് കർമ്മശാസ്ത്രവും മറ്റും പഠിച്ചിട്ടുണ്ട്. കിതാബുഷിഫാ ബി തഅ്‍രീഫില്‍മുസ്തഫാ എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ രചയിതാവായ അബുൽഫദ്ൽ അൽഖാളി അയ്യാള് അൽ-മാലികി (മരണം ഹി. 544), ശാസ്ത്രത്തിലും ഫിഖ്‌ഹിലും മറ്റു വിഷയത്തിലും അവഗാഹം ഉണ്ടായിരുന്ന അബൂ അബ്ദുല്ലാഹ് അൽഖാളി ആശാത്തിബി (മരണം ഹി. 565), അന്ദലുസിയയിലെ പ്രശസ്ത ഗ്രന്ഥകര്‍ത്താവായ അബൂബക്കർ മുഹമ്മദ് അൽ ഇശ്ബീലിയ്യി (മരണം 575ൽ) എന്നിവര്‍ അവരില്‍ പ്രധാനികളാണ്.

രചനകൾ 

പിതാവിന്റെ മരണ ശേഷം അന്ദലൂസിയയിലേക്ക് തന്നെ മടങ്ങിയ അബൂബക്കർ ഇബ്നുഅറബി രചനാപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തി. എല്ലാ മേഖലകളിലും പഠനം നടത്തിയ ഇദ്ദേഹം വ്യത്യസ്ത കലകളിൽ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഖുർആനിനെ എല്ലാ വിശദീകരണങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് വ്യാഖ്യാനിച്ചു. ഹദീസിസിലെ വളരെ പ്രസിദ്ധമായ ഗ്രനഥമായ ജാമിഉതിർമിദിക്ക് അദ്ദേഹം ഒരു ശറഹ് എഴുതിയിട്ടുണ്ട്. ഗോള ശാസ്ത്രത്തിൽ കൗക്കബുൽ ഹദീസുൽമുസൽശിലാത്ത്, ഫിഖ്‌ഹിൽ അൽഅസ്നാഫ്, ഉമ്മഹാത്തുൽമസാഇൽ, നുസ്‌ഹത്തുനദിർ,  സത്‍റുൽ ഔറത്ത്,  ഉസൂലിൽ അൽമഹ്‌സൂൽ, ഹിസ്മുദ്ദഇ ഫിൽ കലാമി  അലാ ഹദീസി സൗദാഇ, തർതീബുൽ രിഹ്‍ലത്തി ലിത്തർഗീബി ഫിൽമില്ലത്തി, അൽഫിഖ്‌ഹുൽ അസ്‌ഗർ അലാ മഗ്‍ലബിൽ അസ്‌ഗർ  തുടങ്ങിയവയാണ് അദ്ദഹത്തിന്റെ പ്രധാന രചനകള്‍.

ഹിജ്റ 543- ൽ റബീഉൽ അവ്വലിൽ അദ്ദേഹം മൊറോക്കോയിലെ മറാക്കിഷിൽ വെച്ച് മരണപ്പെടുകയും ഫെസിൽ ഖബറടക്കപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter