ഇസ്‍ലാമിക വിശ്വാസ ശാസ്ത്രം; പേരുകള്‍ക്കും ചിലത് പറയാനുണ്ട്

ഖുര്‍ആനും സുന്നത്തും ആധാരമാക്കി രൂപം കൊണ്ട വിജ്ഞാന ശാഖകള്‍ അനവധിയാണ്. ഫിഖ്ഹ്, തസവ്വുഫ്, നഹ്‌വ്, അഖീദഃ അങ്ങനെ പോവുന്നു ആ പട്ടിക. ഇവയുടെ കൂട്ടത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇല്‍മുല്‍ കലാം അഥവാ അഖീദഃ. 
ഇസ്‍‌ലാമിക ലോക വീക്ഷണത്തിന് ജീവസ്സുറ്റ ചട്ടക്കൂട് രൂപീകരിച്ചത് കലാമീ പണ്ഡതിരുടെ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് പറയാം. മറ്റു ഇസ്‍‌ലാമിക വിജ്ഞാന ശാഖകളില്‍ നിന്ന് വിഭിന്നമായി മുഖ്യധാരാ പണ്ഡിതരില്‍ നിന്ന് തന്നെ തുടക്കത്തില്‍ വിമര്‍ശനം നേരിട്ടു എന്നതാണ് അതിനെ വ്യതിരിക്തമാക്കുന്ന ഒരു ഘടകം. പേരുകളിലെ ആധിക്യമാണ് മറ്റൊരു ഘടകം. പല കാലങ്ങളില്‍ പല പണ്ഡിതര്‍ വ്യത്യസ്ത പേരുകളാണ് ഇല്‍മുല്‍ കലാമിന് നല്‍കിയിട്ടുള്ളത്. ആ പേരുകളെ നമുക്കൊന്ന് പരിചയപ്പെടാം.

1. അല്‍ ഫിഖ്ഹുല്‍ അക്ബര്‍
അല്‍ ഫിഖ്ഹുല്‍ അക്ബര്‍ എന്ന നാമമാണ് ഇല്‍മുല്‍ കലാമിന്റെ ആദ്യകാല പേരുകളില്‍ ഒന്ന്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ വിശ്രുത പണ്ഡിതന്‍ ഇമാം അബൂഹനീഫയുടേതാണ് ഈ സംഭാവന. വിശ്വാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ പേരില്‍ അദ്ദേഹം ഗ്രന്ഥ രചന നടത്തുക പോലും ചെയ്തിട്ടുണ്ട്. മതപണ്ഡിതരെ സ്വഹാബികള്‍ വിളിച്ചിരുന്നത് 'അല്‍ ഖുര്‍റാഅ്' എന്നായിരുന്നു. പിന്നീട് 'അല്‍ ഫഖീഹ്' എന്ന പ്രയോഗം കൂടി പ്രചാരത്തില്‍ വന്നു. കര്‍മശാസ്ത്രവും വിശ്വാസ ശാസ്ത്രവും അടക്കം മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു അന്ന് ആ പ്രയോഗം. ഇന്ന് പൊതുവെ കര്‍മ ശാസ്ത്രത്തിനെയാണ് 'ഫിഖ്ഹ്' എന്ന് വിളിക്കുന്നത്. ഇമാം അബൂഹനീഫ, ഫിഖ്ഹ് എന്ന പദത്തെ ഇരു വിജ്ഞാനീയങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ നിര്‍വചിക്കുകയും 'അല്‍ അക്ബര്‍' അഥവാ 'വലുത്' എന്ന വിശേഷണം വിശ്വാസ ശാസ്ത്രത്തിന് നല്‍കുകയും ചെയ്തു. ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ സവിശേഷ സ്ഥാനം ഉള്ളതാണ് വിശ്വാസ ശാസ്ത്രം എന്നും എല്ലാത്തിന്റെയും അടിസ്ഥാനം വിശ്വാസ ശാസ്ത്രമാണെന്നുമാണ് ഈ പേരിന്റെ വിവക്ഷ എന്ന് സംഗ്രഹിക്കാം.

2. ഇല്‍മുല്‍ കലാം
ഇസ്‌ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ ഏറ്റവും പ്രസിദ്ധവും പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ പേര് ഇല്‍മുല്‍ കലാം എന്നതാണ്. 'സംസാര ശാസ്ത്രം' എന്ന് ലളിതമായി മലയാളീകരിക്കാം. ആദ്യത്തെ പേരായ അല്‍ ഫിഖ്ഹുല്‍ അക്ബര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്ത് തന്നെയാണ് ഈ പേരും പ്രചാരത്തില്‍ വന്നതെന്നാണ് ഇമാം അബൂ ഹനീഫ, ഇമാം ശാഫിഈ, ഇമാം മാലിക് തുടങ്ങിയവരുടെ ഉദ്ധരണികളില്‍ നിന്നും മനസ്സിലാവുന്നത്.
വിശ്വാസ ശാസ്ത്രത്തിന് എന്ത് കൊണ്ട് ഇത്തരമൊരു പേര് വന്നു എന്നതിന് പണ്ഡിതര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം.
1. വിശ്വാസ ശാസ്ത്രത്തിലെ ആദ്യകാല ചര്‍ച്ചകളില്‍ പ്രധാനപ്പെട്ടത് അല്ലാഹുവിന്റെ കലാമിനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. അല്ലാഹുവിന്റെ കലാം അനാദിയാണോ അല്ലയോ (ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണോ) എന്നതായിരുന്നു ആ ചര്‍ച്ചകളുടെ അടിസ്ഥാനം. ഇമാം അഹ്മദും അന്നത്തെ മുഅ്തസിലീ നേതാക്കളും തമ്മില്‍ തദ്വിഷയകമായി നടന്നിട്ടുള്ള സംവാദങ്ങളും അഹ്മദ് (റ) ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് പറഞ്ഞത് കാരണത്താല്‍ നേരിട്ട പീഢനങ്ങളും പ്രസിദ്ധമാണല്ലോ.
2. ആദ്യ കാല വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നത് 'അല്‍ കലാമു ഫീ......'  (ഇന്ന വിഷയത്തില്‍ ഉള്ള സംസാരം) എന്ന ആമുഖത്തോടെയായിരുന്നു. ഇമാം അശ്അരിയുടെ അല്‍ ഇബാനഃ, ഖാളി അബ്ദുല്‍ ജബ്ബാറിന്റെ അല്‍ മുഗ്‌നി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്.
3. ഇതര വിജ്ഞാന ശാഖകളില്‍ നിന്ന് വിഭിന്നമായി ഇല്‍മുല്‍ കലാമിലെ ചര്‍ച്ചകള്‍ ശക്തമായ ബൗദ്ധികാടിത്തറയുള്ളതാണ്. അത് കൊണ്ട് തന്നെ 'സംസാര യോഗ്യമായ' വിജ്ഞാനം എന്ന അര്‍ത്ഥത്തില്‍ ഈ പേര് ഉപയോഗിക്കപ്പെട്ടു.

3. ഇല്‍മു ഉസൂലിദ്ദീന്‍
ഉസൂല്‍ എന്ന പദത്തിന്റെ അര്‍ത്ഥം അടിസ്ഥാനം എന്നാണ്. ഇസ്‌ലാമിക മതവിധികള്‍ രണ്ട് തരമുണ്ടെന്നും അതില്‍ അടിസ്ഥാനം വിശ്വാസ കാര്യങ്ങള്‍ ആണെന്നുമാണ് വിവക്ഷ. ഹി. രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഈ പ്രയോഗം പ്രചാരത്തിലുണ്ടെന്ന് വേണം കരുതാന്‍. ഇമാം അശ്അരിയുടെ അല്‍ ഇബാനഃ അന്‍ ഉസൂലിദ്ദിയാനഃ എന്ന കൃതിയാണ് ലഭ്യമായതില്‍ ഏറ്റവും ആദ്യം ഈ പേര് ഉപയോഗിച്ചത്. പിന്നീട് വ്യാപകമായി ഈ പേര് ഉപയോഗിക്കപ്പെട്ടു. ഇന്ന് പല യൂനിവേഴ്‌സിറ്റികളിലും ഇല്‍മുല്‍ കലാം ഫാക്കല്‍റ്റികള്‍ കുല്ലിയ്യാത്തു ഉസൂലിദ്ദീന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

4. ഇല്‍മുല്‍ അഖാഇദ്
ഹി. നാലാം നൂറ്റാണ്ടിലാണ് ഈ പേര് ഉപയോഗിക്കപ്പെടുന്നത്. ഒരു മുസ്‌ലിം നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖയെന്ന് മലയാളത്തില്‍ പറയാം. വിവിധ ധാരകളില്‍ പെട്ട മുസ്‌ലിം പണ്ഡിതര്‍ തങ്ങളുടെ ആശയത്തില്‍ ഊന്നിക്കൊണ്ട് ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളെ നിര്‍വചിച്ച് ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ രചിക്കപ്പെട്ട ഒരുപാട് ഗ്രന്ഥങ്ങള്‍ പിന്നീട് ആ പണ്ഡിതനിലേക്ക് ചേര്‍ത്താണ് അറിയപ്പെട്ടത്. അഖീദത്തുത്വഹാവിയഃ, അല്‍ അഖാഇദുല്‍ അളുദിയ്യഃ എന്നിവ ആ ഗണത്തില്‍ പെടുന്നവയാണ്.

5. ഇല്‍മുത്തൗഹീദി വസ്സ്വിഫാത്ത്
അല്ലാഹുവിന്റെ ഏകത്വവും അവന്റെ വിശേഷണങ്ങളും ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖ എന്നര്‍ത്ഥം. ഇല്‍മുല്‍ കലാമിലെ ചര്‍ച്ചകളില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അല്ലാഹുവിലുള്ള വിശ്വാസം. അതാണല്ലോ ഇസ്‌ലാമിന്റെ മര്‍മം. അതില്‍ തന്നെ ചരിത്ര പരമായി പണ്ഡിതന്മാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയ വിഷയങ്ങളാണ് അല്ലാഹുവിന്റെ ഏകത്വവും വിശേഷണങ്ങളും. യുക്ത്യാധിഷ്ടിത അടിസ്ഥാനങ്ങളിലൂടെ മാത്രം ഇസ്‍ലാമിക വിശ്വാസ കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിച്ച് വീഴ്ച സംഭവിച്ച മുഅ്തസിലുകള്‍ ഉന്നയിച്ചിരുന്ന വാദങ്ങളുടെ കേന്ദ്രവും അത് തന്നെയായിരുന്നു. 'നീതിയുടെയും ഏകത്വത്തിന്റെയും ആളുകള്‍' എന്നായിരുന്നു അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അല്ലാഹുവിന്റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട ചില തെറ്റായ ചിന്തകളാണ് അത്തരമൊരു നാമം സ്വീകരിക്കുന്നതിലേക്ക് അവരെ നയിച്ചത്.
ഇല്‍മുത്തൗഹീദി വസ്സ്വിഫാത്ത് എന്ന് മുഴുവന്‍ പറയാതെ ഇല്‍മുത്തൗഹീദ് എന്ന് മാത്രം വിശ്വാസ ശാസ്ത്രത്തെ പരിചയപ്പെടുത്തിയ പണ്ഡിതരും ഉണ്ട്. ഈ പേരില്‍ ഗ്രന്ഥങ്ങളും അനവധി വന്നിട്ടുണ്ട്.
മേല്‍ പറയപ്പെട്ട പേരുകള്‍ കൂടാതെ മറ്റു പല പേരുകളിലും പണ്ഡിതര്‍ ഇല്‍മുല്‍ കലാമിനെ പരിചപ്പെടുത്തിയിട്ടുണ്ട്. എല്ലാ പേരുകളും മുകളില്‍ സൂചിപ്പിച്ചത് പോലെ ഈ വിജ്ഞാന ശാഖയുടെ അതുല്യതയിലേക്കും ഇതിലെ സുപ്രധാന ചര്‍ച്ചകളിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്. ഓരോ കാലത്തെയും ഇസ്‌ലാമിക സമൂഹത്തെ നിര്‍വചിക്കുന്നതില്‍ അന്നത്തെ കലാമീ പണ്ഡിതര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സമൂഹത്തില്‍ ചൂടുപിടിക്കുന്ന ചര്‍ച്ചകള്‍ക്കനുസരിച്ച് പണ്ഡിത ചര്‍ച്ചകളുടെ രൂപവും സ്വഭാവവും മാറിക്കൊണ്ടിരുന്നു. അങ്ങനെയാണ് വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത പേരുകള്‍ വിശ്വാസ ശാസ്ത്രത്തിന് ഉപയോഗിക്കപ്പെടുന്നത്.

അവലംബം:

ശറഹുല്‍ അഖാഇദ്, ഇമാം തഫ്താസാനി
അല്‍ മദ്ഖല്‍ ഇലാ ദിറാസത്തി ഇല്‍മില്‍ കലാം, ഡോ. ഹസന്‍ ശാഫി
നശ്അത്തുല്‍ ഫിക്‌റില്‍ ഫല്‍സഫി ഫില്‍ ഇസ്്‌ലാം, ഡോ. അലി സാമീ അല്‍ നശ്ശാര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter