മഹ്‌മൂദ്‌ ഗസ്‌നി: സ്വാമനാഥയില്‍ പ്രതിഷ്‌ഠിക്കപ്പെട്ട ചരിത്രം

നിലവിലെ ഇന്ത്യന്‍ ചരിത്രത്താളുകളില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയ ഒന്നാണ്‌ AD 1025 ല്‍ നടന്നതെന്ന്‌ കണക്കാക്കപ്പെടുന്ന ഗസ്‌നവിദ്‌ സാമ്രാജ്യാധിപന്‍ മഹ്മൂദ്‌ ഗസ്‌നിയുടെ സ്വാമനാഥ അധിനിവേശം . അതിനെ രാഷ്ട്രീയപരമായും മതപരമായും പല വീക്ഷണകോണുകളിലൂടെയാണ്‌ ചരിത്രകാരന്മാര്‍ നോക്കിക്കാണുന്നത്‌. അതിനാല്‍ തന്നെ ചരിത്രത്തെ അതിന്റെ തന്മയത്തത്തോടുകൂടി മനസ്സിലാക്കുക അഭിനവ സമൂഹത്തില്‍ വളരെ ശ്രമകരമായ കര്യമാണ്‌. കഴിയാവുന്ന ആധികാരിക സ്രോതസ്സുകള്‍ക്കൊള്ളിച്ച്‌ ആ ചരിത്രത്തെ നോക്കിക്കാണാനിവിടെ ശ്രമിക്കുന്നത്‌. 

AD 977 - 1186 കാലഘട്ടത്തില്‍ ഇറാന്റെ വടക്ക്‌ കിഴക്ക്‌ ഭാഗങ്ങളും അഫ്‌ഗാനിസ്ഥാന്റെയും ട്രാന്‍സോക്‌സിയാനയുടേയും ഭൂരിഭാഗം പ്രവിശ്യകളും അടക്കിവാണിരുന്ന ഒരു ഭരണകൂടമായിരുന്നു ഗസ്‌നവിദ്‌ ഭരണകൂടം (Ghaznavid dynasty). പത്താം നൂറ്റാണ്ടില്‍ (AD 819-999) ഇറാനില്‍ നിലനിന്നിരുന്ന സാമാനിദ്‌ ഭരണകൂടത്തിലെ രാജകൂടുംബാഗമായിരുന്ന അലുപ്‌തജിന്റെ (Alptigin) അടിമയും പിന്നീട്‌ മരുമകനുമായി മാറിയ സെബുക്തിജിനാണ്‌ (Sebuktigin) ഗസ്‌നവിദ്‌ ഭരണകൂടത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്‌. രാജകുടുംബമായതിനാല്‍ തന്നെ ഭരണത്തിനായി പല ആഭ്യന്തരയുദ്ധങ്ങളും നടത്തി ഒടുവില്‍ ഖുറാസാനില്‍ പോയി സ്വയം ഗവര്‍ണര്‍ പദവി നേടിയെടുക്കകയായിരുന്നു അലുപ്‌തജിന്‍. കാലക്രമേണ സാമാനിദ്‌ ഭരണകൂടം നിര്‍ജീവമായതോടെ ഇദ്ദേഹം സ്വതന്ത്രനായി പ്രഖ്യാപിക്കുകയും അതു വഴി പുതിയൊരു ചരിത്രാദ്ധ്യായത്തിന്‌ തുടക്കമിടുകയും ചെയ്‌തു. AD 962 ല്‍ ലാവിക്‌ (Lavik) എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടര്‍ ഭരിച്ചിരുന്ന ഗസ്‌നയെന്ന പ്രദേശം ആദ്യമായി കീഴടക്കുന്നത്‌ അലുപ്‌തജിന്റെ കീഴിലാണ്‌. അദ്ദേഹത്തിന്റെ മരണശേഷം ഭരണം തന്റെ വിശ്വസ്‌തനായ അടിമയും മകളുടെ ഭര്‍ത്താവുകൂടിയായ സെബുക്തിജിന്റെ കൈകളിലേല്‍പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അലുപ്‌ത്‌ജിന്റെ മകളില്‍ ജനിച്ച ഇസ്‌മായീലിനായിരുന്നു ആറുമാസത്തോളം ഭരണം. ശേഷം AD 998 ല്‍ ഇസ്‌മായീലിനെ കീഴടക്കിയാണ്‌ ചരിത്രപുരുഷന്‍ ഭരണം തൂടങ്ങുന്നത്‌.

കീഴടക്കലുകളുടെ ഭരണാധിപന്‍
AD 998-1030 വരെയുള്ള കാലഘട്ടമാണ്‌ ഗസ്‌നവിദ്‌ ഭരണകൂടത്തിന്റെ നായകത്വം മഹമൂദ്‌ ഗസ്‌നിയുടെ കൈകളില്‍ നിലനിന്നിരുന്നത്‌. ഗസ്‌നവിദ്‌ ഭരണകൂടം ചരിത്രത്തിലുടനീളം ഇത്രയേറെ ആഘോഷിക്കപ്പെടുന്നതും അറിയപ്പെടുന്നതും ഇദ്ദേഹത്തിന്റെ പേരിലൂടെയാണ്. ഗസ്‌നവിദ്‌ ഭരണകൂടത്തിലെ എക്കാലത്തെയും മികച്ച ഭരണാധിപനും ആദ്യമായി സുല്‍ത്താന്‍ പദവി സ്വീകരിക്കുന്നതും ഇദ്ദേഹമാണ്‌. ഗസ്‌ന മദ്ധേഷ്യയുടെ സാംസ്‌കാരികസമ്പന്നതയുടെ മടിത്തട്ടായിമാറുന്നതും ഇതേ കാലഘട്ടത്തിലാണ്‌. സ്വതന്ത്രമായ ഭരണകൂടമാണെങ്കില്‍ പോലും അബ്ബാസിദ്‌ ഖലീഫമാരെ അംഗീകരിച്ചായിരുന്നു മഹ്മൂദ്‌ ഭരണം നടത്തിയിരുന്നതെന്ന്‌ ചരിത്രപഠനങ്ങള്‍ കാണാം. 

AD 1001- ല്‍ പെഷവാര്‍ യുദ്ധത്തില്‍ രാജ ജയപാലയെ പരാജയപ്പെടുത്തിയതോടുകൂടിയാണ്‌ മഹ്മൂദ്‌ ഗസ്‌നി തന്റെ കീഴടക്കല്‍ പരമ്പരക്ക്‌ തുടക്കമിടുന്നത്‌. AD 1002ല്‍ സറഞ്ച്‌ (Saranj) പ്രദേശത്ത്‌ വെച്ച്‌ സഫാരിദ്‌ ഭരണകൂടത്തിലെ അവസാന ഖലീഫ അമീര്‍ ഖലഫിനെ സ്ഥാനഭ്രഷ്ടനാക്കുക വഴി അതും ഗസ്‌നിയുടെ സാമ്രാജ്യഭൂപടത്തിലേക്ക്‌ ചേര്‍ക്കപ്പെട്ടു. പിന്നീട്‌ AD 1008 ല്‍ രാജ ജയപാലയുടെ മകന്‍ ആനന്ദ്‌പാലയുമായുള്ള യുദ്ധത്തിലും മഹ്മൂദ്‌ അനായാസം വിജയം കൈവരിക്കുന്നുണ്ട്‌. അതില്‍ പിന്നീടാണ്‌ ലാഹോറും മുള്‍ട്ടാനും ഗസ്‌നവിദ്‌ ഭരണകൂടത്തിന്‌ കീഴില്‍ കടന്നുവരുന്നത്‌. പിന്നീട്‌ AD 1008-1009 ല്‍ ചാച്‌ ഭരണകൂടത്തിലെ (Chach dynasty) ഹിന്ദു ശാഹിമാര്‍ക്കെതിരെയും അദ്ദേഹം തിരിയുന്നതായി കാണാം. അതിനുശേഷം AD 1013 ല്‍ അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ മേഖലകളും പാക്കിസ്ഥാന്റെ ബഹുഭൂരിപക്ഷ പ്രദേശങ്ങളും കയ്യടക്കിയതോടെയാണ്‌ ശാഹി ഭരണകൂടം (Shahi kingdom) പൂര്‍ണ്ണമായും എടുത്തെറിയപ്പെടുന്നത്‌. AD 1014 ല്‍ സാമ്രാജ്യത്വ വികസനം തനീസറിലേക്കും വ്യാപിച്ചു. തൊട്ടടുത്തവര്‍ഷം തന്നെ മഹ്മൂദിന്‌ കീഴില്‍ കാശ്‌മീര്‍ കാമ്പയിന്‍ നടക്കുന്നുണ്ടെങ്കിലും ദയനീയ പരാജയമായിരുന്നു ഫലം. പിന്നീട്‌ AD 1021 ല്‍ വീണ്ടും കാശ്‌മീര്‍ അധിനിവേശം നടക്കുന്നുണ്ട്‌. പക്ഷെ അതിലും തോല്‍വി ഏറ്റുവാങ്ങിയതോടെ കാശ്‌മീറിന്റെ മണ്ണെന്ന ലക്ഷ്യം മഹ്മൂദിന്‌ ഉപേക്ഷിക്കേണ്ടി വന്നു. അതിനിടയിലും AD 1024 നുള്ളില്‍ അജ്‌മീറും യുപിയിലെ മധുരയും കലിഞ്ചറുമെല്ലാം ഗസ്‌നി ഭരണത്തിന്‌ കീഴില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരുന്നു. അതിനെല്ലാം ശേഷമായിരുന്നു ഇന്നും നവീന ഇന്ത്യയുടെ ചരിത്രം വളരെ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നോക്കിക്കാണുന്ന സ്വാമനാഥ അധിനിവേശം നടക്കുന്നത്‌.

സ്വാമനാഥയും ഗസ്‌നിയും
നൂറ്റാണ്ടുകളകലെയുള്ള ചരിത്രത്തിന്റെ ഏടുകളില്‍ മാത്രമല്ല, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഒരുപാട്‌ കോളിളക്കങ്ങള്‍ക്ക് സ്വാമനാഥ ക്ഷേത്രം കാരണമായിട്ടുണ്ട്‌. 

സ്വാമനാഥ ക്ഷേത്രം സര്‍ക്കാര്‍ഫണ്ടില്‍ നിന്നും പണമെടുത്ത്‌ പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലും പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവും തമ്മിലിടഞ്ഞത്‌ സ്വതന്ത്രഭാരതത്തില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്ന ഒന്നാണ്‌. ഒടുവില്‍ 1951 ല്‍ പട്ടേലിന്റെ വാക്കുപ്രകാരം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സ്വാമനാഥ വീണ്ടും പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഇതിലേറെ സങ്കീര്‍ണത നിറഞ്ഞ ഒന്നാണ്‌ സ്വാമനാഥയില്‍ മഹ്മൂദ്‌ ഗസ്‌നി നടത്തിയ അധിനിവേശം. ആ കാലഘട്ടത്തില്‍ ഇന്ത്യയിലേക്കുള്ള പ്രധാനവഴിയും കച്ചവട കേന്ദ്രവുമായിരുന്നു സ്വാമനാഥ അമ്പലം സ്ഥിതിചെയ്‌തിരുന്ന ഗൂജറാത്തിലെ സ്വാമനാഥ തുറമുഖമെന്ന്‌. ഇവിടേക്ക്‌ 1025 ലാണ്‌ മഹ്മൂദ്‌ ഗസ്‌നി തന്റെ മഹാസൈന്യവുമായി കടന്നുവരുന്നതും അന്വലത്തിലെ അമൂല്യമായ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതുമെന്നാണ്‌ ചരിത്രരേഖകളില്‍ കാണുന്നത്‌. ഇതോടെ പ്രധാനമായും ഉയര്‍ന്നുവന്നത്‌ രണ്ട്‌ വാദഗതികളും രണ്ട്‌ ചരിത്രഗതികളുമാണ്‌. അതിനെ പിന്താങ്ങുന്നതാകട്ടെ ചരിത്രഗവേഷണത്തില്‍ ഏറെ മുന്‍പന്തിയിലുള്ളവരും. അതിനാല്‍തന്നെ സ്വാമനാഥ അധിനിവേശം തീര്‍ത്തും മതപരമായ ഒന്നുമാത്രമാണെന്ന്‌ വാദിക്കുന്ന വില്യം ജാക്‌സണെ (Williams Jackson) പോലോത്തവരൊരുഭാഗത്തും അതല്ലാതെ രാഷ്ട്രീയലക്ഷ്യത്തിലപ്പുറം മറ്റൊരു പ്രേരകവും ഇതിനുപിന്നിലില്ലെന്ന്‌ വാദിക്കുന്ന റൊമില ഥാപ്പറെ പോലുള്ളവര്‍ മറുപക്ഷത്തും നില്‍ക്കുമ്പോള്‍ അതിനെ കൃത്യമായ അവലോകനത്തോടുകൂടി തന്നെ നാം മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്‌.

ഇന്ത്യയിലെ മുസ്‍ലിം ചരിത്രകാരന്മാരുടെ വാദമനുസരിച്ച്‌ സ്വാമനാഥ അധിനിവേശം തീവ്രമതഭ്രാന്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരാശയമല്ല. മറിച്ച്‌ കീഴടക്കലുകളുടെ പരമ്പരതന്നെ ഐതിഹാസികമായി ചിത്രീകരിക്കപ്പെടുന്ന മഹ്മൂദ്‌ ഗസ്‌നിയുടെ വീരേതിഹാസങ്ങളില്‍ ഒന്നു മാത്രമാണത്‌. ഇതില്‍ മതത്തെ മാത്രം മുന്‍നിര്‍ത്തിയുള്ള അക്രമണമോ അന്യമതസ്ഥര്‍ക്കെതിരെയുള്ള അഴിഞ്ഞാട്ടമോ ഉള്‍കൊള്ളുന്നില്ല. അന്നത്തെ രാഷ്ട്രീയസാഹചര്യം നോക്കിയാല്‍ തന്നെ ഇതുമനസ്സിലാക്കാനാകും. ഖജനാവിലേക്കുള്ള സമ്പത്തിന്‌ വേണ്ടി അമൂല്യവസ്‌തുക്കളടങ്ങിയ സ്ഥലങ്ങളും അമ്പലങ്ങള്‍ കീഴടക്കുന്നത് സര്‍വ്വസാധാരണമായ കാലഘട്ടമയിരുന്നു അത്‌. മഹ്മൂദിന്‌ പുറമെ ചൗധസമാസ്‌ (Chaudhasamas), അഭിരാസ്‌ (Abhiras), യാദവാസ്‌ (Yadhavas) എന്നീ ഹൈന്ദവഭരണകൂടങ്ങളടക്കം പല ഹൈന്ദവ ഭരണാധികാരികളും സ്വാമനാഥ അമ്പലം കൊള്ളയടിച്ചിട്ടുണ്ടെന്നുള്ളതായി ചരിത്ര രേഖകള്‍ പറയുന്നു. ഈ തെളിവുകളെല്ലാം അന്നത്തെ രാഷ്ട്രീയസാഹചര്യത്തെത്തന്നെയാണ്‌ മനസ്സിലാക്കിത്തരുന്നത്‌. അതിനാല്‍ തന്നെ അത്തരമൊരു അക്രമണം മാത്രമാണ്‌ മഹ്മൂദ്‌ സ്വാമനാഥയിലും ഉദ്ദേശിച്ചതെന്ന നിക്ഷ്‌പക്ഷപൂര്‍ണ്ണമായ നിലപാടേ സ്വീകരിക്കാനാകൂ. അതിനുള്ള ആധികാരികമായ തെളിവുകള്‍ പലതും Swamanatha- many ways of history എന്ന റൊമിലഥാപ്പറുടെ പുസ്‌തകത്തില്‍ പറയപ്പെടുന്നുണ്ട്‌.

ഇതേസമയം, പാക്കിസ്ഥാന്‍ മുസ്‍ലിം ചരിത്രകാരന്മാരുടെ കൃതികളെടുത്താല്‍ അവരീ അധിനിവേശത്തെ വളരെവലിയ നേട്ടമാക്കി എടുത്തുകാണിക്കുകയും പലപ്പോഴും പലവിഷയത്തിലും അമിതവ്യയം നടത്തുകയും ചെയ്യുന്നതായി കാണാം. സ്വന്തം മതസ്ഥര്‍ നടത്തിയ ധീരമായ പോരാട്ടമായാണ്‌ അവരിതിനെ കണക്കാക്കുന്നത്‌. അതിനാല്‍ തന്നെ ചെറിയൊരു സംഭവത്തെപോലും പര്‍വ്വതീകരിച്ച്‌ അന്യായകൈകടത്തല്‍ നടത്താനും അവര്‍ ശ്രമിച്ചിട്ടുണ്ട്‌. ഇക്കാരണത്താല്‍ തന്നെ സ്വാമനാഥ അധിനിവേശ ചരിത്രരേഖകള്‍ പഠനവിധേയമാക്കുമ്പോള്‍ പേര്‍ഷ്യന്‍ കൃതികള്‍ മാത്രം മുന്‍നിര്‍ത്തി പഠിക്കുന്നത്‌ അത്ര അഭികാമ്യമല്ല. അതേ കാലത്ത്‌ സംസ്‌കൃതത്തിലും മറ്റും രചിക്കപ്പെട്ട അനേകം ചരിത്രരേഖകള്‍ കൂടി refer ചെയ്‌താലേ ചരിത്രത്തെ അതിന്റെ പൂര്‍ണ്ണാര്‍ണ്ണതയോടെ മനസ്സിലാക്കാനാകൂ. 

ഇതേ പ്രശ്‌നമാണ്‌ The history of british india എന്ന പുസ്‌തകത്തില്‍ ബ്രിട്ടീഷ്‌ ചരിത്രകാരന്‍ James mills നും സംഭവിച്ചത്‌. അദ്ദേഹം സ്വാമനാഥ അധിനിവേശത്തെക്കുറിച്ച്‌ പഠിച്ച സമയത്ത്‌ പേര്‍ഷ്യന്‍ കൃതികളും രേഖകളും മാത്രം refer ചെയ്‌തതോടെ സ്വാമനാഥ അധിനിവേശം മതതീവ്രതയാലുടലെടുത്ത ഒരു അക്രമണമായി മാറി. അദ്ദേഹത്തിന്റെ പുസ്‌തകത്തിലുടനീളം നമുക്കീ സംഘര്‍ഷാവസ്ഥ കാണാം. ഈയൊരു രീതിയിലൂടെ പഠനങ്ങള്‍ മുന്നോട്ട്‌ പോവുമ്പോള്‍ ചരിത്രം പലപ്പോഴും വഴിതെറ്റിസഞ്ചരിക്കുന്നതായി നമുക്ക്‌ കാണാം. സത്യം വളച്ചൊടിക്കപ്പെടാനും യാഥാര്‍ത്ഥ്യം ചോര്‍ന്നുപോവാനും സാധ്യതകളേറെയാണ്‌. 

ഒറ്റനോട്ടത്തില്‍ അതിന്റെയൊരു സംഗ്രഹം തയ്യാറാക്കുമ്പോള്‍ അദ്ദേഹം തന്റെ പുസ്‌തകത്തില്‍ ഇന്ത്യയെ മുന്ന്‌ കാലഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നതായി കാണാം. 1- ഹൈന്ദവ ഇന്ത്യ 2-മുസ്‍ലിം ഇന്ത്യ 3-ബ്രിട്ടീഷ്‌ ഇന്ത്യ. മുസ്‍ലിം ഭരണാധികാരികള്‍ ഇന്ത്യഭരിക്കാന്‍ തുടങ്ങുന്നതിനും മുമ്പുള്ള കാലത്തെയാണ്‌ ഹൈന്ദവ ഇന്ത്യയുടെ കാലഘട്ടമായി അതില്‍ ചിത്രീകരിക്കുന്നത്‌. അങ്ങനെ നോക്കുമ്പോള്‍ ആ കാലത്ത്‌ ഇന്ത്യയില്‍ മറ്റുമതസ്ഥരാരും ജീവിച്ചിരുന്നില്ല എന്ന സ്ഥിതിവരും. അത്‌ ആധികാരികതയോടെ തന്നെ തെറ്റാണെന്നു മനസ്സിലാക്കാം. അതുമാത്രമല്ല, ഈയൊരു സമയത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങള്‍ ആ കാലത്തെ സംസ്‌കൃത രചനകളില്‍ നോക്കിമാത്രമാണ്‌ തയ്യാറാക്കപ്പെട്ടിട്ടുള്ളത്‌. അതിലപ്പുറം ആധികാരികമായ മറ്റുപല സ്രോതസ്സുകളും വിട്ട് പോവുകയോ മനപൂര്‍വ്വം അവഗണിക്കുകയോ ചെയ്തിരിക്കുന്നു. ഇതിനെയാണ്‌ മെഡിക്കല്‍ ലോകത്ത്‌ Selective amnesia എന്നു വിളിക്കുന്നത്‌. (ചിലതിനെ ഓര്‍ക്കുകയും ചിലതിനെ മറക്കുകയും ചെയ്യുന്ന ഒരുതരം രോഗം). പ്രൊപഗണ്ട ശില്‍പികള്‍ പരക്കെ ഉപയോഗിക്കുന്ന രീതിയാണത്‌.

അതിന്‌ ശേഷം മുസ്‍ലിം ഭരണം നിലവില്‍ വന്നതോടെയുള്ള കാലത്തെയാണ്‌ മുസ്‍ലിം കാലഘട്ടമായി ചിത്രീകരിക്കുന്നത്‌. ഇവിടെയും മേല്‍പറഞ്ഞ പ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുണ്ട്‌. സംസ്‌കൃത കൃതികള്‍ക്കു പകരം ഇവിടെ പേര്‍ഷ്യന്‍ കൃതികളാണെന്ന്‌ മാത്രം. പക്ഷെ പിന്നീട്‌ വന്ന ബ്രിട്ടീഷ്‌ കൊളോണിയലിസത്തെ കൃത്യമായി 'ക്രിസ്‌ത്യന്‍ ഇന്ത്യ' എന്ന തലക്കെട്ട്‌ കൊടുക്കാതെ തന്നെ 'ബ്രിട്ടീഷ്‌ ഇന്ത്യ' എന്നുപയോഗിച്ചു. ഇതിലൂടെയദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണത്തെ ലക്ഷ്യമിടുകയായിരുന്നുവെന്ന്‌ വളരെ ലളിതമായി തന്നെ മനസ്സിലാക്കാം. പൗരജനങ്ങള്‍ക്കിടയില്‍ മതതീവ്രതയുടെ വിത്തുകള്‍ പാകി, അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പരസ്‌‌പര വിദ്വേഷം പടുത്തുയര്‍ത്താനാണ് ഇതിലൂടെ അദ്ദേഹം ശ്രമിച്ചത്‌. 

അതിനെ ഒരു പരിധിവരെ തിരിച്ചറിയാന്‍ പല ചരിത്രഗവേഷകര്‍ക്കും സാധിച്ചുവെന്നത്‌ ഏറെ സന്തോഷകരമാണ്‌. എങ്കില്‍പോലും മില്‍സിന്റെ ഈയൊരു പഠനരീതി സ്വീകരിച്ച്‌ മഹ്മൂദ്‌ ഗസ്‌നി മതതീവ്രതയുടെ വിശ്വരൂപമാണെന്ന്‌ വാദിക്കുന്ന പല ചരിത്രപണ്ഡിതരെയും നമുക്കിന്നും കാണാം. സ്വതന്ത്ര സമരസേനാനികൂടി ആയിട്ടുള്ള കെ എം മുന്‍ഷി അത്തരമൊരു വാദത്തെ പിന്തുടരുന്ന ഒരാളാണ്‌. ജെയിംസ്‌ മില്‍സിന്റെ വാദങ്ങളെയംഗീകരിച്ച്‌ അതില്‍ പഠനം നടത്തിയ ഒരു വ്യക്തികൂടിയാണിദ്ദേഹം. ഇദ്ദേഹത്തെ പ്രതി ഒരു പറ്റം ബംഗാളി ചരിത്രകാരന്മാരും മില്‍സിന്റെ വാദങ്ങളെയംഗീകരിച്ചവരാണ്‌.


മില്‍സിന്റെ വാദങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരാളാണ്‌ മദ്ധ്യകാല ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച്‌ അനവധി പഠനങ്ങള്‍ നടത്തിയ ചരിത്രഗവേഷക റൊമിലഥാപ്പര്‍. ഥാപ്പര്‍ പലപ്പോഴായി മില്‍സിന്റെ വാദങ്ങള്‍ക്കെതിരെയുള്ള പല ആധികാരിക തെളിവുകളും വെളിച്ചത്ത്‌ കൊണ്ട്‌ വന്നിട്ടുണ്ട്‌. ഥാപ്പറുടെ വാദപ്രകാരം സ്വാമനാഥ പൂര്‍ണ്ണമായും തകര്‍ത്തപ്പെട്ടുവുന്നുള്ള മില്‍സിന്റെ വാദം തുര്‍ക്ക്‌ - പേര്‍ഷ്യന്‍ കൃതികളെ അടിസ്ഥാനമാക്കിയാണ്‌. ഇന്ത്യന്‍ കൃതികളെ അടിസ്ഥാനമാക്കിയുള്ള രചനകളെയൊന്നും മില്‍സ്‌ തന്റെ പഠനങ്ങള്‍ക്ക്‌ വിധേയമാക്കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവര്‍ക്ക്‌ മില്‍സിനേക്കാള്‍ ആധികാരകമായ പല സ്രോതസ്സുകളും കിട്ടിയിട്ടുള്ളതിനാല്‍ അവരുടെ പ്രസ്ഥാവനെകളെയാണ്‌ പൊതുവെ ഈ വിഷയത്തില്‍ ആധികാരികമായി കണക്കാക്കാറുള്ളത്‌. 

ഥാപ്പറുടെ വാദങ്ങള്‍ക്ക്‌ കരുത്തേകി പല തെളിവുകളും നിരത്തപ്പെടാറുണ്ട്‌. അതില്‍ സ്വാമനാഥ അധിനിവേശത്തോടെ മഹ്മൂദ്‌ ഗസ്‌നി ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥ പരിപൂര്‍ണ്ണമായി നശിപ്പിച്ചുവെന്ന വാദത്തെ എത്ര കൃത്യതയോടെയാണവര്‍ ഖണ്ഡിക്കുന്നതെന്ന്‌ നോക്കുക. ആ കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക്‌ കടല്‍മാര്‍ഗമുള്ള ഏക കച്ചവട വഴിയായിരുന്നു ഗുജറാത്തിന്റെ തുറമുഖ നഗരമായ സ്വാമനാഥ നഗരം. സ്വാമനാഥയിലെ സമ്പദ് വ്യവസ്ഥ തകരാറിലാകുന്നത്‌ മഹ്മൂദ്‌ ഗസ്‌നിയുടെ വരവോടെയല്ല. മറിച്ച്‌ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ (AD 1498)ല്‍ വാസ്‌കോ ഡ ഗാമയുടെ കീഴില്‍ പറങ്കിക്കപ്പല്‍ കാപ്പാടിന്റെ തീരത്ത്‌ നങ്കൂരമിടുന്നതോടെയാണ് അത് സംഭവിക്കുന്നത്‌. അതോടെ ഇന്ത്യയിലേക്കുള്ള എളുപ്പമാര്‍ഗം അതാവുകയും ഗുജറാത്തിന്റെ കടല്‍തീരം കച്ചവടസാധ്യതകളില്ലാതെ ശോഷിച്ചു പോവുകയും ചെയ്‌തു. പറങ്കികള്‍ക്ക്‌ പിന്നാലെ അറബികളും ഈ വഴി തിരഞ്ഞെടുത്തതോടെ പൂര്‍ണ്ണമായും സ്വാമനാഥ ഒഴിവാക്കപ്പെടുകയാണുണ്ടായത്‌. ഇതില്‍പിന്നീടാണ്‌ സ്വാമനാഥ തകര്‍ന്നടിയുന്നതും സമ്പദ് വ്യവസ്ഥ പാടെ ജീണ്ണിക്കുന്നതും. ഇതില്‍ മഹ്മൂദിന്റെ അധിനിവേശത്തെ കൃത്യമായി തിരുകിക്കയറ്റി അതിലൂടെ വര്‍ഗീയധ്രുവീകരണത്തിനുള്ള പാഴ്‌ശ്രമമാണ്‌ മില്‍സിനെ പോലോത്തവര്‍ നടത്തിയത്‌.

അത്‌പോലെത്തന്നെ, മഹ്മൂദ്‌ ഒരു മതതീവ്രവാദിയും ഹൈന്ദവ മതത്തെ തകര്‍ത്തെറിയാന്‍ ശ്രമിച്ചവ ഭരണാധികാരിയുമാണെങ്കില്‍ പിന്നെന്തിനാണ്‌ ഇന്ത്യക്ക്‌ പുറമെ മുസ്‍ലിംഭരണങ്ങള്‍ക്ക് കീഴില്‍ നടന്നുപോന്നിരുന്ന ഇറാനിലെയും മദ്ധേഷ്യയിലേയും സ്ഥലങ്ങള്‍ കീഴടക്കുന്നതും അവിടം കൊള്ളയടിക്കുന്നതും? ഒരു ഹൈന്ദവവിരോധിയെന്നിരിക്കെ ഇന്ത്യയെ മാത്രം അക്രമിച്ചുകീഴടക്കിയാല്‍ പോരായിരുന്നല്ലോ? പക്ഷെ അതായിരുന്നില്ല മഹ്മൂദിന്റെ ഉദ്ദിഷ്ട ലക്ഷ്യം. തന്റെ ഖജനാവിലേക്കുള്ള സമ്പത്തിലപ്പുറം മറ്റൊന്നും അമ്പലങ്ങള്‍ കൊള്ളയടിക്കുക വഴി അദ്ദേഹം കണക്ക്‌കൂട്ടിയിരുന്നില്ല. 

ഇനി മില്‍സിന്റെയും മുന്‍ഷിയുടെയുമെല്ലാം വാദം ശരിയാണെന്നിരിക്കട്ടെ, തീവ്രമായ ഹൈന്ദവവിരോധം മനസ്സില്‍ കൊണ്ട്‌നടക്കുന്ന മഹ്മൂദ്‌ തന്റെ സൈന്യാധിപനായി എന്തിനെ ഒരു ഹൈന്ദവനെ നിയോഗിക്കണം? ഒരു ആശയത്തെയോ മതത്തെയോ പൂര്‍ണ്ണമായി വെറുക്കുകയും അവരുടെ ആരാധനാലയങ്ങള്‍ വംശവെറിയില്‍ തകര്‍ക്കുകയും ചെയ്യുന്നൊരാള്‍ അതേ മതചിന്ത പിന്തുടരുന്ന ഒരാളെത്തന്നെ തന്റെ പ്രാധാന സൈനികനേതാക്കളിലൊരാളായി അംഗീകരിക്കുമോ? തിലക്‌ എന്ന പ്രധാനസൈനികനിലപ്പുറം മറ്റു അനേകം ഹൈന്ദവഭടന്മാര്‍ മഹ്മൂദിന്റെ സൈന്യത്തിലുണ്ടായിരുന്നതായി ചരിത്രത്തുലടനീളം നമുക്ക്‌ കാണാം. ഇത്രമേല്‍ അന്യമതസ്ഥരെ തന്റെ സൈനികരിലും മറ്റുമുള്‍പെടുത്തിയിട്ടും മതതീവ്രതയുടെ കുരിശില്‍ അദ്ദേഹത്തെ ഇപ്പോഴും ക്രൂശിക്കുന്നവരുണ്ടെന്നുള്ളതാണ്‌ ഏറെ അത്ഭുതം.

സ്വാമനാഥ അധിനവേശം ഇത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരാക്രമണമല്ലെന്നും, ഇന്ത്യയില്‍ അതിന്‌ മുമ്പും പിമ്പും നടന്ന രാജാക്കന്മാരുടെ അക്രമണകീഴടക്കലുകള്‍ക്ക്‌ സമാനമായൊരു അക്രമാണമതെന്നും അന്ന്‌ കാലത്ത സംസ്‌കൃതത്തിനുപുറമെ പ്രാകൃത്‌ ഭാഷകളില്‍ രചിക്കപ്പെട്ട രേഖകളില്‍ കാണാം. അധിനവേശ കീഴടക്കലുകള്‍ സര്‍വ്വസാധാരണമായ കാലഘട്ടമാണതെന്ന്‌ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അത്തരമൊരക്രമണത്തില്‍ കൂടുതല്‍ മറ്റൊന്നും അവര്‍ മഹ്മൂദിന്റെ അധിനവേശത്തില്‍ കാണുന്നില്ലായെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. 

ഇതേ സമയം അറേബ്യന്‍ രചനകളില്‍ ഇതിനുവലിയ പ്രാധന്യമുണ്ട്‌ താനും. പൊതുവെ കേള്‍ക്കുന്ന ചരിത്രത്തിലപ്പുറം അത്രവലിയ പ്രാധാന്യമര്‍ഹിക്കാത്ത കാരണംകൂടി ഈ അധിനിവേശത്തിനുപിന്നില്‍ പറഞ്ഞുകേള്‍ക്കാറുണ്ട്‌. മഹ്മൂദ്‌ ഗസ്‌നിയെ അദ്ദേഹത്തോടൊപ്പം അനുഗമിച്ചിരുന്ന ഫാറൂഖ്‌ സിജിസ്ഥാനിയാണ്‌ ഇതിനുപിന്നിലെ ആശയവാഹകന്‍. സ്വാമനാഥയെന്നുള്ളത്‌ അറബിയിലെഴുതുമ്പോള്‍ 'സുമനാത്‌' എന്നാണെഴുതുക. അഥവാ മനാത താമസിക്കുന്ന സ്ഥലം. അറേബ്യന്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദൈവമാണ്‌ മനാതയെന്നുള്ളത്‌. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലത്ത്‌ മക്ക മുസ്‍ലിംകള്‍ക്ക്‌ കീഴില്‍ വരുന്നത്‌ വരെ പരിശുദ്ധ കഅ്‌ബയില്‍ നാട്ടപ്പെട്ടിരുന്ന പ്രധാനദൈവങ്ങളായിരുന്നു ലാത, ഉസ്സ, മനാത എന്നീ ബിംബങ്ങള്‍. പ്രവാചകന്‍ മക്ക കീഴടക്കിയതോടെ ലാതയെയും ഉസ്സയെയും തകര്‍ത്തതായും മനാതയെ കാണാതായതായും ചരിത്രത്തില്‍ കാണാം. അതിനാല്‍ അന്ന്‌ പ്രവാചകന്‍ തകര്‍ക്കാന്‍ വിട്ടുപോയ ദൈവാമയ മനാത പിന്നീട്‌ ഇന്ത്യയിലേക്കെത്തുകയും ആ ബിംബമാണ്‌ സ്വാമനാഥയില്‍ കടന്നുകയറിയ ഗസ്‌നി തകര്‍ത്തതെന്നുമാണ്‌ ഫാറൂഖ്‌ സിജിസ്ഥനിയുടെ പക്ഷം. പക്ഷേ, ഈയൊരു വാദത്തെ ചരിത്രകാരന്മാര്‍ അത്രകാര്യമായെടുക്കുന്നില്ലെന്ന്‌ കാണാം.


അങ്ങനെ ഇവിടെ പ്രതിപാദിച്ചതും അല്ലാത്തതുമായ അനേകം കഥകള്‍ ഗസ്‌നിയുടെ സ്വാമനാഥ അധിനവേശവുമായി പ്രചരിക്കുന്നുണ്ട്‌. അതില്‍ പ്രധാനമായുമുള്‍ക്കൊള്ളിക്കേണ്ട രേഖകളേ ഇവിടെ പറഞ്ഞുവെച്ചിട്ടൊള്ളു. AD 1030 മഹ്മൂദ്‌ ഗസ്‌നി മരിക്കുന്നതോടെ ഗസ്‌നവിദ്‌ ഭരണകൂടം തകര്‍ന്നുതുടങ്ങുകയും ചെയ്‌തു. അവസാന കാലഘട്ടത്തില്‍ മദ്ധേഷ്യയിലെ ഓഗൂസ്‌ ഭരണകൂടത്തില്‍ നിന്നും സെല്‍ജൂക്ക്‌ ഭരണകൂടത്തില്‍ നിന്നും പലവിധ പ്രതിസന്ധികള്‍ നേരിട്ടാണ്‌ മഹ്മൂദ്‌ കടന്നുപോയത്‌. ഒരു പക്ഷെ അദ്ദേഹം പോലും ഓര്‍ത്തുകാണാനിടയില്ലാത്ത ഒരു കീഴടക്കല്‍ പരമ്പരയുടെ പേരിലാണിന്നദ്ദേഹം ചരിത്രഗവേഷകര്‍ക്ക്‌ മുമ്പില്‍ ക്രൂശിതനായി നില്‍ക്കുന്നത് എന്നുള്ളതാണ് ചരിത്രയാഥാര്‍ത്ഥ്യം.

ഇതിലുമപ്പുറം ഒരുപാട് ചരിത്രസത്യങ്ങള്‍ മറഞ്ഞുകിടപ്പുണ്ട്‌‌. അതില്‍ പലതിലും സത്യത്തോടൊപ്പം നുണപ്പെരുപ്പങ്ങളുടെ തൊങ്ങലുകളമര്‍ന്നിരുക്കുന്നതിനാല്‍ അതിനെ വേര്‍തിരിച്ചെടുക്കാനാണ്‌ പാട്‌. സത്യത്തെയും നുണകളെയും കൃത്യമായി വേര്‍തിരിച്ചെടുത്ത്‌, ചരിത്രത്തെ അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കാന്‍ ഇനിയെങ്കിലും നമ്മുടെ മുഖ്യധാരാ ചരിത്രകാരന്മാരും ചരിത്ര വിദ്യാര്‍ത്ഥികളും മുന്നോട്ട് വരട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter