മൗലിദുദ്ദിബാഈ: ഹൃദയങ്ങളിൽ പ്രവാചകസ്നേഹം വിരിയിച്ച ഭക്തിഗാനം

പ്രവാചകപ്രകീർത്തന സാഹിത്യ ശാഖയിൽ അത്യധികം പ്രചാരവും അംഗീകാരവും നേടിയ ഭക്തികാവ്യ ഗ്രന്ഥമാണ് ഇമാം അൽഹാഫിസ് അബ്ദുർറഹ്മാൻ ദിബാഈ രചിച്ച 'മൗലിദുദ്ദിബാഈ'. ഹിജ്‌റ ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്താം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി (ഹിജ്‌റ 866–944 / ക്രി.വ. 1462–1537) യമനിലെ വിജ്ഞാന സാംസ്‌കാരിക കേന്ദ്രമായ സബീദിൽ ജീവിച്ചിരുന്ന പ്രമുഖ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ വജീഹുദ്ദീൻ അബുൽഅബ്ബാസ് അബ്ദുർറഹ്മാൻ ബിൻ അലി ബിൻ ഉമർ അൽശൈബാനി അൽസബീദിയാണ് ഇതിന്റെ രചയിതാവ്. മാതാമഹനായ അലി ബിൻ യൂസുഫ് നൽകിയ 'അൽദിബാഈ' എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. യമനിലെ പ്രാദേശിക ഭാഷാവ്യവഹാരത്തിൽ തിളക്കമുള്ള സുവർണ്ണ വർണ്ണമുള്ള വ്യക്തിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു അത്. താഹിരീ സുൽത്താനേറ്റിന്റെ ഭരണകാലത്ത് സുൽത്താൻ ആമിർ ബിൻ അബ്ദിൽവഹാബിന്റെ പ്രത്യേക ആദരവ് നേടി, സബീദിലെ വലിയ പള്ളിയിൽ ഹദീസ് അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന് 'അമീറുൽ മുഅ്മിനീന്‍ ഫിൽഹദീസ്', 'ഹാഫിളുൽ അസ്ർ', 'ഖാതിമത്തുൽ മുഹഖിഖീൻ', 'ശൈഖുൽ ഇസ്‌ലാം' എന്നീ പരമോന്നത പണ്ഡിത ബഹുമതികളും ലഭിച്ചിട്ടുണ്ട്. ഹദീസ് പ്രമുഖനായ ശംസുദ്ദീൻ അൽസഖാവി ഉൾപ്പെടെയുള്ള മഹത്തുക്കളിൽ നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ലക്ഷത്തിലധികം ഹദീസുകൾ നിവേദന പരമ്പരയോടെ മനഃപാഠമാക്കുകയും ചെയ്ത ഇബ്‌നുദ്ദിബാഈ, 'തയ്‌സീറുൽവുസൂൽ ഇലാ ജാമിഇൽഉസൂൽ', 'ബുഗ്‌യത്തുൽ മുസ്തഫീദ് ഫീ അഖ്ബാരി മദീനത്തി സബീദ്', 'ഖുറത്തുൽ ഉയൂൻ ഫീ അഖ്ബാരിൽ യമനിൽ മൈമൂൻ' തുടങ്ങി ചരിത്രത്തിലും ഹദീസിലുമായി അനേകം പ്രാമാണിക ഗ്രന്ഥങ്ങൾ രചിച്ച പ്രഗത്ഭനായ പണ്ഡിതന്‍ കൂടിയാണ്.

ചിട്ടയായ സാഹിത്യ-ദൈവശാസ്ത്ര ഘടനയാണ് ഈ മൗലിദ് പിന്തുടരുന്നതെന്ന് വായനയിൽ വ്യക്തമാവും. പ്രാരംഭമായി പ്രവാചകന്റെ മേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് "യാ റബ്ബി സ്വല്ലി അലാ മുഹമ്മദ്..." എന്ന് തുടങ്ങുന്ന ഇരുപത് വരികളുള്ള കാവ്യശകലത്തോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. തുടർന്ന് സൂറത്തുത്തൗബയിലെ 128, 129 സൂക്തങ്ങളും സൂറത്തുൽ അഹ്സാബിലെ 56-ാം സൂക്തവും ഉദ്ധരിച്ചുകൊണ്ട് പ്രവാചക പ്രകീർത്തനത്തിന്റെ ഖുർആനിക പ്രാമാണികത സ്ഥാപിക്കുന്നു. അതിനുശേഷം പ്രവാചക കുടുംബത്തിന്റെ (അഹ്‌ലുൽ ബൈത്ത്) മാഹാത്മ്യവും ആത്മീയ പദവിയും പ്രകീർത്തിക്കുന്ന "യാ റസൂലല്ലാഹി സലാമുൻ അലൈക്..." എന്ന പ്രശസ്ത കാവ്യം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സൈനുൽ ആബിദീൻ അലി(റ), പുത്രൻ മുഹമ്മദ് അൽബാഖിർ(റ), ജാഫർ അൽസാദിഖ്(റ) തുടങ്ങിയ പ്രമുഖരെ സ്മരിക്കുകയും അഹ്‌ലുൽ ബൈത്തിനെ പ്രപഞ്ചത്തിലെ വിനാശകരമായ സംസാരങ്ങളിൽ നിന്നും ഫിത്‌നകളിൽ നിന്നും രക്ഷ നൽകുന്ന രക്ഷാപേടകത്തോടും (സഫീനത്തുന്നജാത്ത്) വഴികാട്ടികളായ നക്ഷത്രങ്ങളോടും വിശേഷിപ്പിക്കുകയും ചെയ്യുന്നു.

ഇതിനുശേഷം ഗദ്യരൂപത്തിലുള്ള ഉന്നത സാഹിത്യ ആഖ്യാനത്തിലേക്ക് (സജ്അ്) കൃതി പ്രവേശിക്കുന്നു. "അൽഹംദു ലില്ലാഹിൽ ഖവിയ്യ്യിൽ ഗാലിബ്..." എന്ന് തുടങ്ങുന്ന പ്രാരംഭ ഗദ്യഭാഗത്ത് അല്ലാഹുവിന്റെ സർവശക്തിയെയും സൃഷ്ടിവൈഭവത്തെയും മനുഷ്യശരീരത്തിന്റെ അത്ഭുതകരമായ ഘടനയെയും കുറിച്ച് വർണ്ണിക്കുന്നു. തുടർന്ന് ഇസ്‌ലാമിക ആത്മീയ ചിന്തയിലെ പ്രധാന സങ്കൽപ്പമായ 'നൂറു മുഹമ്മദി'യുടെ (പ്രവാചക പ്രകാശം) സൃഷ്ടിപ്പിനെ വിവരിക്കുന്നു. ആദം നബിയുടെ സൃഷ്ടിപ്പിന് മുൻപ് തന്നെ അല്ലാഹു പ്രവാചക പ്രകാശത്തെ സൃഷ്ടിച്ചുവെന്നും ആ പ്രകാശം അല്ലാഹുവിന് തസ്ബീഹ് നിർവ്വഹിച്ചിരുന്നുവെന്നും ഇതിൽ സമർത്ഥിക്കുന്നു.

പൂർവ്വ പ്രവാചകന്മാരായ ആദം, നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ (അ.സ) എന്നിവരേക്കാൾ പ്രവാചക തിരുമേനിക്കുള്ള ആത്മീയവും ദൈവീകവുമായ മേന്മ, അല്ലാഹുവും മലക്കുകളും തമ്മിലുള്ള സംവാദ രൂപത്തിൽ ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. തുടർന്ന് പ്രവാചകന്റെ ശാരീരിക സൗന്ദര്യവും അമാനുഷിക വിശേഷണങ്ങളും വർണ്ണിച്ച ശേഷം "സ്വലാത്തുല്ലാഹി മാ ലാഹത്ത് കവാകിബ്..." എന്ന കാവ്യത്തിലൂടെ മദീനാ സന്ദർശനത്തിന്റെയും പ്രവാചക പ്രണയത്തിന്റെയും വൈകാരിക തലങ്ങൾ ഉദ്ദീപിപ്പിക്കുന്നു.

ദിബാഈ മൗലിദിന്റെ മറ്റൊരു സവിശേഷത, ഒരു ഹദീസ് പണ്ഡിതന്റെ സൂക്ഷ്മതയോടെ അതിൽ സംയോജിപ്പിച്ചിരിക്കുന്ന പ്രമാണബദ്ധമായ ഹദീസ് നിവേദനങ്ങളാണ്. പ്രധാനമായും രണ്ട് ഹദീസുകളാണ് ഇതിൽ വിസ്തരിച്ച് ഉദ്ധരിക്കുന്നത്. ഒന്നാമതായി, അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസാണ്; ആദം നബിയുടെ സൃഷ്ടിപ്പിന് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഖുറൈശികളുടെ പ്രകാശം ദൈവ സന്നിധിയിൽ തസ്ബീഹ് ചെയ്തിരുന്നുവെന്നും, പിന്നീട് അല്ലാഹു ആദം, നൂഹ്, ഇബ്രാഹീം (അ.സ) എന്നിവരിലൂടെ ശുദ്ധവും പവിത്രവുമായ പാരമ്പര്യ വഴിയിലൂടെ (അസ്വ്‌ലാബുത്ത്വാഹിറ - അർഹാമുസ്സകിയ്യ) വിഭിന്ന തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് അവിഹിത ബന്ധങ്ങളൊന്നുമില്ലാതെ പ്രവാചക ജനനത്തിലേക്ക് എത്തിച്ചേർന്നു എന്നും ഇത് വ്യക്തമാക്കുന്നു.

രണ്ടാമതായി, കഅ്ബുൽ അഹ്ബാറി(റ)ൽ നിന്ന് അത്വാഉബ്‌നു യസാർ(റ) നിവേദനം ചെയ്യുന്ന റിപ്പോർട്ടാണ്. തൗറാത്തിന്റെ വിജ്ഞാന ഏടുകളിൽ പ്രവാചകന്റെ ആഗമനം, മക്കയിലെ ജനനം, മദീനയിലേക്കുള്ള ഹിജ്റ, ശാം കേന്ദ്രീകരിച്ചുള്ള ഭരണം എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് ഇതിൽ വിവരിക്കുന്നു. കൂടാതെ പ്രവാചക ഉമ്മത്തിന്റെ മൂന്ന് വിഭാഗങ്ങളെക്കുറിച്ചും (വിചാരണകൂടാതെ സ്വർഗ്ഗത്തിൽ കടക്കുന്നവർ, തെറ്റുകൾ പൊറുക്കപ്പെടുന്നവർ, വലിയ പാപങ്ങൾ ചെയ്തുവെങ്കിലും തൗഹീദിലെ ആത്മാർത്ഥതയാൽ അല്ലാഹുവിന്റെ കരുണയാൽ മോചനം നേടുന്നവർ) ഇതിൽ വിശകലനം ചെയ്യുന്നു.

പ്രവാചകന്റെ ജനന നിമിഷത്തെ അതിവിശിഷ്ടമായ വാനലോക ആനന്ദത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജിബ്‌രീൽ(അ) മുഖേന പ്രപഞ്ചത്തിലുടനീളം സന്തോഷവാർത്ത വിളംബരം ചെയ്യാനും അല്ലാഹുവിന്റെ പവിത്രമായ രഹസ്യം മാതാവിന്റെ ഗർഭപാത്രത്തിലേക്ക് കൈമാറ്റം ചെയ്യാനും ഉത്തരവാകുന്നു. പ്രവാചകരുടെ ജനനസമയത്ത് തിരുമേനി സുജൂദ് ചെയ്തുകൊണ്ടും അല്ലാഹുവിന് സ്തുതി അർപ്പിച്ചുകൊണ്ടും ഭൂജാതനായ രംഗം വിവരിക്കുമ്പോൾ എഴുന്നേറ്റു നിന്ന് വന്ദന സ്വലാത്ത് യാ നബി സലാം അലൈക്ക... ആരംഭിക്കുന്നു. പ്രവാചകനെ പൗർണ്ണമി ചന്ദ്രനോടും സൂര്യനോടും ഹൃദയങ്ങളുടെ ദീപത്തോടും ഉപമിക്കുന്ന കീർത്തനങ്ങളിലൂടെ പ്രകൃതിയിലെ ജീവജാലങ്ങളും വൃക്ഷങ്ങളും തിരുമേനിയോട് കാണിച്ച അനുസരണവും ഈറ്റപ്പുലി അഭയം ചോദിച്ചതും ഈന്തപ്പനത്തടി കരഞ്ഞതുമെല്ലാം കാവ്യാത്മകമായി ഇതിൽ പ്രതിപാദിക്കുന്നു. തുടർന്ന് ഹലീമാ അസ്സഅ്ദിയ്യയുടെ സംരക്ഷണത്തിൽ വളർന്ന ബാല്യകാലവും അവരുടെ ആടുകളിൽ പ്രകടമായ ബറക്കത്തും, മലക്കുകൾ എത്തി പ്രവാചകന്റെ നെഞ്ച് പിളർന്ന് (ശഖ്ഖുസ്സ്വദർ) ഇഹ്സാനിന്റെ കത്തികൊണ്ട് ഹൃദയത്തെ ശുദ്ധീകരിച്ച് അറിവും സഹനവും ഈമാനും നിറച്ച സംഭവവും വിവരിക്കുന്നു. അതിനുശേഷം പ്രവാചകന്റെ ഉന്നതമായ സ്വഭാവ മഹിമകളും (ഖുലുഖുഹുൽ ഖുർആൻ) ബാഹ്യ ഭംഗിയും ഗദ്യരൂപത്തിൽ വിശദമായി വിചാരം ചെയ്യുന്നു. പാവപ്പെട്ടവരോടും അനാഥരോടും വിധവകളോടും കാണിച്ച കാരുണ്യം, പുഞ്ചിരിക്കുന്ന മുഖഭാവം, മുത്തുകൾ പൊഴിയുന്ന പോലുള്ള സംസാരം, മിസ്കിനേക്കാൾ സുഗന്ധപൂരിതമായ ശരീരം, ജവാമിഉൽ കലിമ് ഉൾപ്പെടെയുള്ള പ്രത്യേകതകൾ എന്നിവയെല്ലാം ഇതിൽ വർണ്ണിക്കുന്നു. ഗ്രന്ഥത്തിന്റെ ഒടുവിലായി "യാ ബദ്റത്തിൻ ഹാസ കുല്ല കമാലി..." എന്ന പ്രകീർത്തന കാവ്യവും പ്രവാചകന്റെ ശഫാഅത്ത്, ഹൗളുൽ കൗഥറിലെ പാനീയം, പരലോക മോക്ഷം, പാപമോചനം എന്നിവയ്ക്കായുള്ള ദീർഘമായ പ്രാർത്ഥനയും ഉൾപ്പെടുത്തിയിരിക്കുന്നു.

മൗലിദുദ്ദിബാഈയെ ചുറ്റിപ്പറ്റി അടുത്തകാലത്തുണ്ടായ ചില ദൈവശാസ്ത്ര സംവാദങ്ങളും ചരിത്രപരമായ വസ്തുതകളും പ്രത്യേകമായി പഠനവിധേയമാക്കേണ്ടതുണ്ട്. പ്രവാചക കുടുംബത്തെ (അഹ്‌ലുൽ ബൈത്ത്) പ്രകീർത്തനം ചെയ്യുന്ന വരികളിൽ ഖുലഫാഉർറാശിദീങ്ങളെ കുറിച്ച് പ്രത്യേകം പരാമർശിച്ചില്ല എന്ന കാരണം കാണിച്ച്, രചയിതാവായ ഇബ്‌നുദ്ദിബാഈ സൈദിയ്യ ഷിയാ ആശയക്കാരനായിരുന്നുവെന്ന് ചില അപക്വമായ അഭിപ്രായങ്ങൾ ഉയരുകയുണ്ടായി. എന്നാൽ അക്കാദമിക പഠനങ്ങളും ലൂസിയൻ ഗോൾഡ്മാന്റെ ജനെറ്റിക് സ്ട്രക്ചറലിസം (Genetic Structuralism) രീതിശാസ്ത്രവും മുൻനിർത്തി നടത്തിയ ഗവേഷണങ്ങൾ ഈ ആരോപണം ചരിത്രവിരുദ്ധമാണെന്ന് തറപ്പിച്ചു പറയുന്നു. യമനിലെ സബീദ് നഗരം ശാഫിഈ കർമ്മസരണിയുടെയും സമന്വിത തസ്വവ്വുഫിന്റെയും വൻകേന്ദ്രമായിരുന്നു. അവിടെ നിലനിന്നിരുന്ന ബഹുസ്വരവും സഹിഷ്ണുത നിറഞ്ഞതുമായ സംസ്കാരത്തിൽ, ഷിയാ രാഷ്ട്രീയ-ദൈവശാസ്ത്ര ചിന്തകളുടെ അടിസ്ഥാനത്തിലല്ലാതെ തന്നെ അഹ്‌ലുൽബൈത്തിനോടുള്ള അഗാധമായ സ്നേഹം ശാഫിഈ സുന്നി പണ്ഡിതന്മാർക്കിടയിൽ സ്വാഭാവികമായിരുന്നു. ഇബ്‌നുദ്ദിബാഈ സുന്നി-ശാഫിഈ പാരമ്പര്യത്തിൽ നിലകൊണ്ട ഹാഫിളും മുഹദ്ദിസുമായ പണ്ഡിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ മറ്റ് ചരിത്ര-ഹദീസ് കൃതികൾ അഹ്‌ലുസ്സുന്നയുടെ പ്രമാണങ്ങൾക്ക് പൂർണ്ണമായും അനുയോജ്യമാണെന്നും അക്കാദമിക ലോകം വ്യക്തമാക്കുന്നു.

മൗലിദുദ്ദിബാഈയുടെ സാമൂഹിക-സാംസ്‌കാരിക സ്വാധീനം വിശകലനം ചെയ്യുമ്പോൾ, ഇത് കേവലം ഒരു ഗ്രന്ഥം എന്നതിലുപരി മുസ്‌ലിം സമൂഹത്തിന്റെ ദൈനംദിന ആത്മീയ ജീവിതത്തിന്റെ ഭാഗമായി മാറിയതായി കാണാം. യമനിൽ നിന്ന് ആരംഭിച്ച ഈ പാരമ്പര്യം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലേക്കും ദക്ഷിണേന്ത്യയിലെ മലബാർ തീരങ്ങളിലേക്കും വ്യാപിച്ചു. മലബാറിലെ മാപ്പിള മുസ്‌ലിംകൾക്കിടയിൽ റബീഉൽ അവ്വൽ മാസത്തിലെ പ്രവാചക ദിനാഘോഷങ്ങൾ, അഖീഖഃ, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ജീവിതാചാരങ്ങൾ എന്നിവയിലെല്ലാം ദിബാഈ മൗലിദ് പാരായണം ആത്മീയവും സാംസ്കാരികവുമായ സാന്നിധ്യമായി നിലനിന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter