സംഘടന: പ്രമേയങ്ങള്‍ തീരുമാനങ്ങള്‍
സംഘടന; പ്രമേയങ്ങള്‍ തീരുമാനങ്ങള്‍
1945 മെയ് 27, 28 തിയ്യതികളില്‍ കാര്യവട്ടത്ത് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായയുടെ 16-ാം വാര്‍ഷിക യോഗത്തിനു ശേഷം 1945 ആഗസ്റ്റ് ഒന്നാം തിയ്യതി കോഴിക്കോട് മൂദാക്കര ജുമുഅത്ത് പള്ളിയില്‍വെച്ച് മൗലാനാ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഒന്നാമത്തെ മുശാവറ യോത്തിന്റെ പ്രധാന തീരുമാനങ്ങള്‍
1. സമസ്തക്കുവേണ്ടി അറബി മലയാളത്തിലും ശുദ്ധമലയാളത്തിലും ഒരു മാസിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പത്രാധിപരായി കെ.പി.എ. മൊയ്തീന്‍കുട്ടി മുസ്‌ലിയാരെയും സഹപത്രാധിപരായി പി.സി.എസ്. കുഞ്ഞഹമ്മദ് മുസ്‌ലിയാരെയും മാനേജരായി വി.കെ. മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. പത്രത്തിന്റെ ഓഫീസ് പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
4. ബഹു. അബ്ദുല്‍ കലാം ആസാദ് ഫലസ്തീന്‍ ദിനത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതിനിധി എന്ന നിലയില്‍ മുസ്‌ലിംകളുടെ മദ്ഹബുകള്‍ ഒന്നാക്കിത്തീര്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ കാര്യം താന്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രസ്താവിച്ചതിനെതിരില്‍ പ്രതിഷേധം രേഖപ്പെടുത്തി.
മൗലാനാ അബ്ദുല്‍ ബാരി വാളക്കുളം (ന.മ.) അവര്‍കള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
1947 മാര്‍ച്ച് 15-ന് ശനിയാഴ്ച രാത്രി 8 മണിക്ക് കോഴിക്കോട് മീഞ്ചന്ത ജുമുഅത്ത് പള്ളിയില്‍ അബുല്‍ ഹഖ് ജനാബ് മൗലാനാ അബ്ദുല്‍ ബാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മുശാവറയുടെ യോഗതീരുമാനങ്ങള്‍.
1. ജുമുഅയുടെ ഖുതുബയില്‍ അറബിയല്ലാതെ മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുന്‍കറത്തായ ബിദ്അത്തുമാണെന്ന് ഉണര്‍ത്തി.
2. കേരളത്തിലെ പ്രാഥമിക മദ്‌റസകള്‍ക്ക് ശരിയായ ഒരു പാഠ്യപദ്ധതി ഇല്ലാത്തതിനാല്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'സിലബസ്' തയ്യാറാക്കി അതനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖേന വിതരണം ചെയ്യാനും തീരുമാനിച്ചു.
4. കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന വഹാബീ സംഘടന പ്രസിദ്ധം ചെയ്ത അല്‍മുര്‍ശിദ്, അദ്ദുആവല്‍, ഇബാദഃ തുടങ്ങിയുള്ള പ്രസിദ്ധീകരണങ്ങളില്‍ സുന്നത്ത് ജമാഅത്തിനെതിരില്‍ പലതുമുണ്ടെന്നും മുസ്‌ലിം സഹോദരങ്ങള്‍ അതില്‍ വഞ്ചിതരാകരുതെന്നും ഉദ്‌ബോധിപ്പിച്ചു.
5. മതവിദ്യാഭ്യാസത്തില്‍ പരിഷ്‌കരണങ്ങള്‍ വരുത്താനും അതിന് പ്രത്യേക നിയമമുണ്ടാക്കി നടപ്പില്‍ വരുത്താനും എം.എല്‍.എ.മാര്‍ ശ്രമിച്ചുവരുന്നതായി അറിഞ്ഞപ്പോള്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്‌ലിംകളുടെയും ആധികാരിക സംഘടനയായ സമസ്തയുടെ സഹകരണത്തോടെയല്ലാതെ മത വിദ്യാഭ്യാസ പരിഷ്‌കരണത്തിന് പുതിയ നിമയമമുണ്ടാക്കരുതെന്ന് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
6. ഫറോക്കില്‍വെച്ച് നടന്ന ആറാം വാര്‍ഷിക സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ തീരുമാനിച്ചു. പ്രസ്തുത പ്രമേയം പിറ്റെ ദിവസം നടക്കുന്ന പതിനേഴാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു.
(ഈ തീരുമാനങ്ങളെല്ലാം പിറ്റെ ദിവസം (1947 മാര്‍ച്ച് 16-ന് ഞായറാഴ്ച) മീഞ്ചന്തയില്‍ ചേര്‍ന്ന പതിനേഴാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.)
9. സുപ്രസിദ്ധ പണ്ഡിതനും സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന മൗലാനാ നാലാങ്കല്‍ എ.പി. അഹമ്മദ് കുട്ടി മുസ്‌ലിയാരു(പാങ്ങ്)ടെയും കണ്ണൂര്‍- അറക്കല്‍ അലി രാജാ സുല്‍ത്താന്‍ അബ്ദുര്‍റഹ്‌മാന്‍ അവര്‍കളുടെയും കോഴിക്കോട് ഖാസിയും സമസ്ത മുശാവറ അംഗവും കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ പ്രസിഡണ്ടും സ്ഥാപകനുമായ സയ്യിദ് അലിയ്യുബ്‌നു സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അവര്‍കളുടെയും മൗലാനാ പി.കെ. മുഹമ്മദ് മീറാന്‍ മൗലവി അവര്‍കളുടെയും നിര്യാണത്തില്‍ അനുശോചിക്കുകയും അവരുടെ പരലോക മോക്ഷത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
1948 ഫെബ്രുവരി 8-ന് വൈകുന്നേരം 4.30-ന് കക്കാട് മിഫ്താഹുല്‍ ഉലൂം മദ്‌റസ ഹാളില്‍വെച്ച് ജനാബ് മൗലാനാ അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മുശാവറയുടെ പ്രധാന തീരുമാനം.
1. സമസ്തക്കുവേണ്ടി ഒരു പ്രസ്സ് വാങ്ങാനും അതിന്റെ നടത്തിപ്പിന് ഒരു മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. താഴെ പറയുന്നവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
1- എന്‍. അഹ്‌മദ് ഹാജി എലത്തൂര്‍ (കണ്‍വീനര്‍), 2- കെ.പി. മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി പറവണ്ണ, 3- പാലോട്ട് മൂസക്കുട്ടി ഹാജി, 4- റശീദുദ്ദീന്‍ കെ. മൂസ മൗലവി, 5- എം. അലി ഹസന്‍ മൗലവി തിരൂരങ്ങാടി, 6- ടി.കെ. അബ്ദുല്ല മൗലവി പരപ്പനങ്ങാടി, 7- കെ.പി. ഉസ്മാന്‍ സാഹിബ്. പ്രസ്സിന്റെ പണം 'ഷെയര്‍' മുഖേന രൂപീകരിക്കാനും ഒരു ഷയര്‍ 25 രൂപയായും തീരുമാനിച്ചു. പ്രസ്സ് ഓഫീസ് തിരൂരങ്ങാടിയോ പരപ്പനങ്ങാടിയോ സ്ഥാപിക്കാന്‍ തീര്‍ച്ചപ്പെടുത്തി.
1949 ഏപ്രില്‍ 17-ന് എടരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ വെച്ച് മൗലാനാ മുഹമ്മദ് അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മുശാവറ യോഗതീരുമാനം.
(പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ അതിന്റെ 47-ാം വാര്‍ഷിക യോഗത്തില്‍ സഭാ ഫണ്ട് ഹൈസ്‌കൂള്‍ ആവശ്യത്തിന് എടുക്കാമെന്ന് പാസാക്കുകയും സഭാ ഫണ്ട് ഹൈസ്‌കൂള്‍ ആവശ്യത്തിന് എടുക്കാന്‍ പാടില്ലെന്ന് അനവധി പണ്ഡിതന്മാര്‍ ഫത്‌വ കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് 06.04.1949-ന് സയ്യിദ് ഖാന്‍ ബഹദൂര്‍ പി.എം. ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉലമാക്കളുടെ യോഗത്തില്‍വെച്ച് സഭാഫണ്ട് ഹൈസ്‌കൂള്‍ ആവശ്യത്തിന് എടുക്കാന്‍ പാടില്ലെന്ന് ബോധ്യപ്പെടുത്തിയശേഷം വീണ്ടും വഖഫ് ആധാരങ്ങള്‍ പരിശോധിച്ച സഭാ ഫണ്ട് ഹൈസ്‌കൂള്‍ ആവശ്യത്തിന് എടുക്കാന്‍ പറ്റുമോ എന്ന് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഒരു കമ്മിറ്റിയെ ഏല്‍പിച്ചു. ഈ സാഹചര്യത്തില്‍ സമസ്ത അതിന്റെ തീരുമാനമെടുക്കുന്നു.)
1. സഭാ ഫണ്ട് ഒരു നിലയിലും ഹൈസ്‌കൂള്‍ ആവശ്യത്തിന് എടുക്കാന്‍ പാടില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉലമാക്കള്‍ തീര്‍പ്പ് കല്‍പിക്കുന്നതുവരെ പ്രത്യേകമായി ഒരു 'പൈ' പോലും ഹൈസ്‌കൂള്‍ എടുത്തുപോകരുതെന്നും അത് ശറഅ് അനുവദിക്കുന്നില്ലെന്നും ഈ യോഗം തീരുമാനിച്ചുകൊള്ളുന്നു.
4. സമസ്തയുടെ പതിനെട്ടാം വാര്‍ഷികം 1950 ഒക്‌ടോബര്‍ 29, 30 (ദുല്‍ഹിജ്ജ 15, 16) തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു.
6. പരേതരായ റശീദുദ്ദീന്‍ കെ. മൂസാ ഹാജി മൗലവി, വി.കെ. മുഹമ്മദ് മൗലവി, തെക്കരകത്ത് മമ്മദ്‌കോയ മൗലവി എന്നിവരുടെ പേരില്‍ ഫാതിഹ ഓതി ദുആ ചെയ്തു.
1949 സപ്തംബര്‍ 1-ന് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് മൂദാക്കര പള്ളിയില്‍ ചേര്‍ന്ന സമസ്ത മുശാവറ തീരുമാനം:
1. സമസ്തയുടെ നിയമങ്ങള്‍ പരിശോധിച്ച് ഭാവിക്ക് ആവശ്യമായ നിയമങ്ങള്‍ ചേര്‍ത്ത് വിപുലീകരിക്കാന്‍ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
2. ഹജ്ജിന് പോയി മക്കാ ശരീഫില്‍വെച്ച് 28.08.1949-ന് മരണപ്പെട്ട ചുറ്റാവീട്ടില്‍ ചെട്ടിയാട്ടില്‍ പുതിയ കത്ത് മമ്മദ് എന്നവര്‍ക്ക് വേണ്ടി അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രാര്‍ത്ഥന നടത്തി.
1949 ഒക്‌ടോബര്‍ 16-ന് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ മൂദാക്കര ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. കഴിഞ്ഞ യോഗം തെരഞ്ഞെടുത്ത നിയമാവലി കമ്മിറ്റി നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചു: 1- മുശാവറ യോഗം മുമ്മൂന്നു മാസം കൂടുമ്പോള്‍ ചേരുക, 2- മുശാവറ അംഗത്തില്‍പെടാത്തവര്‍ക്ക് പ്രസിഡണ്ടിന്റെ അനുമതിയോടുകൂടി മുശാവറയോഗത്തില്‍ സംസാരിക്കാമെന്നല്ലാതെ വോട്ടുചെയ്യാന്‍ അവകാശമില്ല. 3- യോഗത്തിന് ഹാജരാകാത്തവരെ തെരഞ്ഞെടുക്കാം.
3. ഇബ്തിദാഇയ്യ മദ്‌റസകളും ദര്‍സുകളും സ്ഥാപിക്കാനും സമസ്തയുടെ പ്രചാരണം നടത്താനും മുബല്ലിഗുകളെ നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി രണ്ടുപേരെ വള്ളുവനാട് താലൂക്കിലേക്ക് അയക്കാനും അവര്‍ക്ക് കെ.പി. മുഹ്‌യിദ്ദീന്‍ കുട്ടി മൗലവി പറവണ്ണ ക്ലാസ് എടുത്തുകൊടുക്കാനും തീരുമാനിച്ചു. മുബല്ലിഗുകളുടെ ശമ്പളം സമസ്ത വഹിക്കാനും തീരുമാനിച്ചു. മുബല്ലിഗുകള്‍ 1- കെ.പി. ഉസ്മാന്‍ സാഹിബ്, 2- എന്‍.കെ. അയമുമുസ്‌ലിയാര്‍.
1950 ഏപ്രില്‍ 29, 30 തിയ്യതികളില്‍ വളാഞ്ചേരിയില്‍ പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ ബാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന് യോഗതീരുമാനം.
4. പ്രസിഡണ്ടിന്റെ കീഴില്‍ വാളക്കുളത്തുവെച്ചു സെക്രട്ടറിയുടെ മുഴുവന്‍ ജോലിയും നിര്‍വഹിക്കുവാന്‍ ഓഫീസ് സെക്രട്ടറിയായി കെ.പി. ഉസ്മാന്‍ സാഹിബിനെ നിയമിച്ചു.
5. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അംഗങ്ങളുടെ മേല്‍ പൊതുവെയും ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുതലായവരുടെ പേരില്‍, പ്രത്യേകിച്ചും പ്രസിദ്ധീകരണം വഴിക്കും മറ്റും സമസ്തയുടെ ശത്രുക്കള്‍ ചുമത്തിയിട്ടുള്ള അവാസ്തവ പ്രസ്താവങ്ങളെ ആക്ഷേപിക്കുകയും അവക്കെതിരില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
14.10.1950-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന് ആര്‍.എസ്.എസ്. വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ യോഗത്തില്‍ മുസ്‌ലിംകളെ അപമാനിക്കുന്നതും പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കേളപ്പന്‍ നായരുടെ പ്രസ്താവനക്കെതിരെ പ്രതിഷേധ പ്രമേയം പാസ്സാക്കി.
1950 നവംബര്‍ 30-ന് മൂദാക്കര പള്ളിയില്‍ കൂടിയ മുശാവറ തീരുമാനം:
1. വടകരയില്‍വെച്ച് സ്ഥലം ഹിമായത്തുല്‍ അനാം സഭയുടെയും സമസ്തയുടെയും ഒരു സംയുക്തയോഗം റബീഉല്‍ അവ്വല്‍ 19-ന് വെള്ളിയാഴ്ച ചേരുവാനും സമസ്ത പത്തൊമ്പതാം വാര്‍ഷിക സ്വാഗതസംഘം രൂപീകരിക്കാനും തീരുമാനിച്ചു.
2. കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാര്‍ (കൈപറ്റ), ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍, വി.സി. അബ്ദുല്ലഹാജി (വടകര) എന്നിവരുടെ മഗ്ഫിറത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.
1951 മാര്‍ച്ച് 23, 24, 25 തിയ്യതികളില്‍ വടകരയില്‍ ചേര്‍ന്ന സമസ്ത പത്തൊമ്പതാം വാര്‍ഷികയോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍:
1. മദ്‌റസകളും ദര്‍സുകളും അഭിവൃദ്ധിപ്പെടുത്തുകയും അവകള്‍ ഇല്ലാത്ത മഹല്ലുകളില്‍ രൂപീകരിക്കുകയും കേന്ദ്ര അടിസ്ഥാനത്തില്‍ അവകളെ ഏകീകരിക്കപ്പെടുന്നതിന് പാഠപുസ്തകങ്ങളും ഉണ്ടാക്കുന്നതിനായി കെ.പി.എ. മുഹ്‌യിദ്ദീന്‍കുട്ടി മൗലവി കണ്‍വീനറായി 'സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്' എന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന് സഹായസഹകരണങ്ങള്‍ നല്‍കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.
മഹാത്മാക്കളുടെ പേരില്‍ കഴിച്ചുവരാറുള്ള നേര്‍ച്ചകളിലും മറ്റും നടന്നുവരുന്നതും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തില്‍പെട്ട ഉലമാഇന്റെ ദൃഷ്ടിയില്‍ വിരോധിക്കപ്പെട്ടതുമായ എല്ലാ അനാചാരങ്ങളെയും നിര്‍ത്തല്‍ ചെയ്ത് തല്‍സ്ഥാനങ്ങളില്‍ സുന്നത്തായ ആചാരങ്ങള്‍ മാത്രം നടപ്പില്‍വരുത്താന്‍ തീരുമാനിക്കുകയും ഉപദേശിക്കുകയും ചെയ്തു.
3. സ്‌കൂള്‍ വാര്‍ഷിക യോഗങ്ങളിലും മറ്റും നടക്കുന്ന നാടകാഭിനയം, പ്രഹസനം, ഡാന്‍സ് മുതലായവയില്‍നിന്ന് മുസ്‌ലിം വിദ്യാര്‍ത്ഥികളെ ഒഴിച്ചുനിര്‍ത്തുവാനും സ്‌കൗട്ട് മുതലായവയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതനിര്‍ബന്ധമായ വസ്ത്രങ്ങള്‍ നല്‍കാനും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
4. മുസ്‌ലിംകളുടെ മതപരമായ പൊതുയോഗങ്ങളില്‍ അമുസ്‌ലിംകള്‍ പ്രസംഗിക്കുന്നത് നിമിത്തം മുസ്‌ലിം ബഹുജനങ്ങളുടെ മൗലികവിശ്വാസങ്ങള്‍ക്ക് ഹാനി സംഭവിക്കുന്നതുകൊണ്ട് അതിനിടവരുത്താതിരിക്കാന്‍ എല്ലാ മുസ്‌ലിംകളോടും അഭ്യര്‍ത്ഥിച്ചു.
പ്രത്യേക ശ്രദ്ധയ്ക്ക്: വടകര സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ മദ്രാസ് ഖാസിയും മുഫ്തിയുമായിരുന്ന മൗലാനാ മൗലവി മുഹമ്മദ് ഹബീബുല്ലാ സാഹിബായിരുന്നു. ഉദ്ഘാടകന്‍ മൗലാനാ ഖലീലുര്‍റഹ്‌മാന്‍ ബിഹാരിയും ഇവര്‍ രണ്ടുപേരോടും നോട്ടിന് സക്കാത്തുണ്ടോ എന്ന് ചോദിച്ച സമസ്ത പണ്ഡിതരോട് ഉണ്ട് എന്ന അഭിപ്രായം അവര്‍ അറിയിച്ചു.
1951 സപ്തംബര്‍ 16 (1370 ദുല്‍ഹിജ്ജ 14) ഞായറാഴ്ച പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ വാളക്കുളത്ത് ചേര്‍ന്ന മുശാവറ യോഗ തീരുമാനം.
1. മിസ്റ്റര്‍ ദേവയുടെ സഹായത്താല്‍ വിരചിതമായതും മദ്രാസ് ഗവര്‍മെന്റ് പാഠപുസ്തകമായി അംഗീകരിച്ചതുമായ സാമൂഹിക ശാസ്ത്രം ഒന്നാം പുസ്തകത്തില്‍ ഇസ്‌ലാം മതത്തെയും അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)യേയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ അമര്‍ഷം രേഖപ്പെടുത്തുകയും പ്രസ്തുത ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതിനുവേണ്ടി പ്രമേയങ്ങള്‍ പാസാക്കി വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയരക്ടര്‍, മലബാര്‍ കലക്ടര്‍ എന്നിവര്‍ക്ക് അയച്ചുകൊടുക്കാന്‍ എല്ലാ മഹല്ലുകാരോടും അഭ്യര്‍ത്ഥിച്ചു.
1952 ഡിസംബര്‍ 10-ന് പ്രസിഡണ്ടിന്റെ വസതിയില്‍ മൗലാനാ പാനായിക്കുളം, അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കൂടിയ മുശാവറ തീരുമാനം:
1. ജനാസ കൊണ്ടുപോകുമ്പോള്‍ ദിക്‌റ് ചൊല്ലുന്നതിനെ സംബന്ധിച്ചും കൊടികുത്ത് നേര്‍ച്ചയെ സംബന്ധിച്ചും അല്‍ബയാന്‍ പത്രാധിപര്‍ പത്രത്തില്‍ എഴുതിയ ലേഖനങ്ങള്‍ രണ്ടും പരിശോധിച്ച് അവ രണ്ടും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഐക്യകണ്‌ഠേന അഭിപ്രായപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പത്രാധിപരെ പിരിച്ചുവിടേണ്ടതാണെന്ന് തീരുമാനിക്കാറാവുകയും ചെയ്തപ്പോള്‍ പത്രാധിപര്‍ 10.11.1952-ന് നല്‍കിയ രാജിക്കത്ത് പ്രസിഡണ്ട് യോഗത്തില്‍ വായിച്ചു സമര്‍പിച്ചു. പി. ഇബ്രാഹീം മുസ്‌ലിയാരുടെ എതിര്‍പോടെ രാജി സ്വീകരിച്ചു.
1954 ഫെബ്രുവരി 6-ന് (1373 ജമാദുല്‍ ഉഖ്‌റ 1) താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ അല്‍ഹാജ് ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനം:
5. അല്‍ബയാന്‍ പത്രാധിപരായി ജനാബ് കെ.പി.എ. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെയും സഹപത്രാധിപന്മാരായി എന്‍. അബ്ദുല്ല മുസ്‌ലിയാരേയും ഒ. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
7. സമസ്തയിലെ മുശാവറ അംഗങ്ങള്‍ക്കിടയില്‍ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടാവുകയാണെങ്കില്‍ അതിന് മുശാവറയില്‍വെച്ചു തീരുമാനം കാണുകയല്ലാതെ പ്രസിദ്ധീകരണങ്ങള്‍ മുഖേനയോ മറ്റോ യാതൊന്നും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്ന് തീരുമാനിച്ചു.
8. സമസ്തയുടെ കീഴില്‍ ഒരു ഉയര്‍ന്ന ദര്‍സ് നടത്താന്‍ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി റമളാന് ശേഷം നാല് മുദരിസുമാരും 40 വിദ്യാര്‍ത്ഥികളുമുള്ള ഒരു ദര്‍സ് തുടങ്ങുവാന്‍ നിശ്ചയിക്കുകയും ചെയ്തു. അതിന് ഒരു ഉലമാ കമ്മിറ്റിയും ഒരു ഉമറാ കമ്മിറ്റിയും തെരഞ്ഞെടുത്തു. രണ്ട് കമ്മിറ്റിക്കും ആവശ്യമായവരെ കൂടി നോമിനേറ്റ് ചെയ്യാന്‍ അധികാരം കൊടുത്തു.
9. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസ കെട്ടിടവും പള്ളി ദര്‍സും സ്വത്തുക്കളും അതിന്റെ ഭാരവാഹികള്‍ സമസ്തയെ ഏല്‍പിക്കാന്‍ തീരുമാനിച്ചത് ഏറ്റുവാങ്ങാന്‍ നിശ്ചയിച്ചു.
10. സമസ്തയുടെ ഇരുപതാം വാര്‍ഷികയോഗം 1953 ഏപ്രില്‍ 24, 25 തിയ്യതികളില്‍ (1373 ശഅ്ബാന്‍ 20,21) ശനി, ഞായര്‍ താനൂരില്‍ നടത്താന്‍ തീരുമാനിച്ചു.
1954 ഏപ്രില്‍ 24, 25 തിയ്യതികളില്‍ താനൂരില്‍ ചേര്‍ന്ന മുശാവറ യോഗത്തിന്റെ തീരുമാനങ്ങള്‍:
1. ഖുതുബ പരിഭാഷ ബിദ്അത്ത് മുന്‍കറത്താണെന്നു സമസ്തയുടെ തീരുമാനം അവഗണിച്ചു സമസ്തയിലെ വല്ല അംഗവും പരിഭാഷപ്പെടുത്തിയാല്‍ ആ അംഗത്തിന്റെ പേരില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
2. വാദപ്രതിവാദത്തിന് ക്ഷണിച്ചും വെല്ലുവിളിച്ചും വടകരയില്‍നിന്ന് വന്ന കത്ത് ചര്‍ച്ചക്കെടുക്കുകയം വെല്ലുവിളി സ്വീകരിക്കുകയും ഈ വിഷയത്തില്‍ വേണ്ടപ്പെട്ടത് ചെയ്യാന്‍ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തുകയും ചെയ്തു.
4. മുന്‍ അല്‍ബയാന്‍ പത്രാധിപരായിരുന്ന മൗലവി മുഹമ്മദ് അബുല്‍ കമാല്‍ കാടേരിയുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചു വേണ്ടപ്പെട്ട തിരുത്തുകളും റദ്ദുകളും നിര്‍ദ്ദേശിക്കാന്‍ ജനാബുമാര്‍ കെ.കെ. സദഖത്തുല്ല മുസ്‌ലിയാര്‍, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ ഭരമേല്‍പിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ പരിശോധിച്ച് അംഗീകരിച്ചശേഷം അബുല്‍കമാല്‍ മൗലവി അത് സമ്മതിക്കുകയും അദ്ദേഹം തന്നെ സമസ്തയുടെ മുഖപത്രമായ അല്‍ബയാനില്‍ പ്രസിദ്ധീകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
5. സമസ്തയുടെ കീഴില്‍ നടത്താന്‍ തീരുമാനിച്ച ഉയര്‍ന്ന ദര്‍സിന്റെ ആവശ്യാര്‍ത്ഥം പണം പിരിക്കാന്‍ ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു. കണ്‍വീനര്‍ കെ.പി.എ. മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ പറവണ്ണ.
1954 ജൂലൈ 18-ന് (1373 ദുല്‍ഖഅ്ദ് 17) ഞായറാഴ്ച താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്ന മുശാവറ യോഗതീരുമാനം അദ്ധ്യക്ഷന്‍ പി. ഇബ്രാഹീം മുസ്‌ലിയാര്‍.
2. മദ്‌റസ കൈമാറ്റകരാര്‍ പത്രം സെക്രട്ടറി തയ്യാറാക്കിക്കൊണ്ടുവന്നത് യോഗത്തില്‍ വായിച്ചു സര്‍വ്വസമ്മതമായി അംഗീകരിച്ചു. അത് ഒരു നിയമജ്ഞന് കാണിച്ചു രജിസ്റ്റര്‍ ചെയ്യുവാന്‍ തീരുമാനിച്ചു.
4. സമസ്ത നടത്താന്‍ തീരുമാനിച്ച ഉയര്‍ന്ന മദ്‌റസയുടെ ഭരണത്തിന് എണ്‍പത് അംഗങ്ങള്‍ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍.
6. മദ്‌റസയുടെ നാളിറും സ്വദ്ര്‍ മുദര്‍രിസുമായി ഖുതുബി മുഹമ്മദ് മുസ്‌ലിയാരെയും രണ്ടാം മുദര്‍രിസും നാഇബ് നാള്വിറുമായി കെ.പി.എ. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെയും മൂന്നാം മുദര്‍രിസായി പി. ഇബ്രാഹീം മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
18.06.1955-ന് (1374 ശവ്വാല്‍ 26) ശനിയാഴ്ച മൂദാക്കര പള്ളിയില്‍ മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
5. വിദ്യാഭ്യാസ ബോര്‍ഡിന്റെ പാഠകിതാബുകള്‍ അച്ചടിക്കുന്നതിനുമുമ്പ് പരിശോധിച്ച് അംഗീകരണം കൊടുക്കാനും നടപ്പിലുള്ളവ പരിശോധിച്ച് തിരുത്തുകള്‍ വേണമെങ്കില്‍ നിര്‍ദ്ദേശിക്കാനും നാലുപേരെ തെരഞ്ഞെടുത്തു. 1- ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, 2- ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍. 3- കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍. 4- കെ.കെ. സദഖത്തുല്ല മുസ്‌ലിയാര്‍.
6. ശിഹാബുദ്ദീന്‍ അഹ്‌മദ് കോയ മുസ്‌ലിയാരുടെ ഒഴിവിലേക്ക് കെ.വി. മുഹമ്മദ് മുസ്‌ലിയാരെ കമ്മിറ്റിയില്‍ ഒരംഗമായി എടുത്തു.
7. കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവന്നിരുന്ന വിശ്വാസാചാരങ്ങളില്‍ പലവിധ ആശയങ്ങളും കണ്ടെത്തി മുസ്‌ലിംകളില്‍ കക്ഷിതിരിവും കുഴപ്പങ്ങഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ഇംദാദുല്‍ ജിഹാദ്' (യുദ്ധം പ്രോത്സാഹിപ്പിക്കല്‍) എന്ന പേരില്‍ സംഘടനകളുണ്ടാക്കി പള്ളികള്‍ കയ്യേറുകയും ഒരു പള്ളിയില്‍ ഒരേ സമയം രണ്ട് ജുമുഅ നടത്തി കുഴപ്പമുണ്ടാക്കി പള്ളികള്‍ പൂട്ടിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന വഹാബി സംഘത്തിന്റെയും അതുപോലുള്ള മറ്റു കക്ഷികളുടെയും നയത്തെ ഉല്‍ക്കണ്ഠയോടെ വീക്ഷിക്കുകയും മതകാര്യത്തില്‍ പുതിയ വാദങ്ങളുന്നയിച്ച് വാദപത്രിവാദത്തിന് വെല്ലുവിളിക്കുകയും അതിനുള്ള അവസരം വന്നാല്‍ ഒഴിഞ്ഞുമാറി കള്ളനോട്ടീസുകള്‍ അടിച്ച് പൊതുജനങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഈ പുത്തന്‍ പ്രസ്ഥാനക്കാരുടെ നയത്തില്‍ കഠിനമായി പ്രതിഷേധിക്കുകയും ചെയ്തു.
1956 സപ്തംബര്‍ 29-ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം:
3. കെ.വി. മുഹമ്മദ് മുസ്‌ലിയാരെ ജോയന്റ് സെക്രട്ടറിയാക്കി. പി.പി. മുഹമ്മദ് കോയ മുസ്‌ലിയാരെ ഖജാഞ്ചിയുമാക്കി. കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍, വി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരെ മെമ്പര്‍മാരായി തെരഞ്ഞെടുത്തു.
1957 ഫെബ്രുവരി 9-ന് മൂദാക്കര പള്ളിയില്‍ കൂടിയ മുശാവറ യോഗ തീരുമാനങ്ങള്‍:
3. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് വക പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും സമസ്തയുടെ മുശാവറ യോഗത്തിന്റെ അംഗീകരണത്തോടെ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂവെന്നും ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ ബോര്‍ഡും അതിന്റെ മുഴുവന്‍ പ്രസിദ്ധീകരണങ്ങളും അതിന്മേലുള്ള പൂര്‍ണ്ണമായ അധികാരാവകാശങ്ങളും സമസ്ത തിരിച്ചെടുക്കാനും തീരുമാനിച്ചു.
1957 ഫെബ്രുവരി 23-ന് മൂദാക്കര പള്ളിയില്‍ കൂടിയ മുശാവറ യോഗത്തിന്റെ തീരുമാനങ്ങള്‍:
4. സമസ്തക്കും വിദ്യാഭ്യാസ ബോര്‍ഡിനും ഓഫീസ് വേണമെന്നും അത് ഒന്നുതന്നെ ആകണമെന്നും തല്‍ക്കാലം കോഴിക്കോട് തന്നെ ആയിരിക്കണമെന്നും തീരുമാനിച്ചു.
5. കഴിയുന്നത്ര അറബി കിതാബുകള്‍ക്ക് പ്രാധാന്യം നല്‍കി ഒരു പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഉണ്ടാക്കുവാന്‍ സിലബസ് കമ്മിറ്റി തെരഞ്ഞെടുത്തു. ഈ കമ്മിറ്റി സിലബസ് അടുത്ത മുശാവറയില്‍ സമര്‍പ്പിക്കണമെന്നും തീരുമാനിച്ചു.
6. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.പി.എ. മുഹയ്ദ്ദീന്‍ മുസ്‌ലിയുടെ രാജി സ്വീകരിക്കുകയും തല്‍സ്ഥാനത്ത് ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ അവര്‍കളെ തെരഞ്ഞെടുക്കുകും ചെയ്തു. അല്‍ബയാന്‍ പത്രാധിപരായി ടി. അബൂബക്കര്‍ മുസ്‌ലിയാരെയും അടുത്ത മുശാവറ യോഗം വരെ താനൂര്‍ കേന്ദ്രമദ്‌റസാ മാനേജറായി കെ.വി. മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
8. കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസിന്റെ തൊട്ടടുത്ത വിശാലമായ മുറി പ്രതിമാസം 15 ക. വാടകക്ക് എടുത്തു സമസ്തക്കും വിദ്യാഭ്യാസ ബോര്‍ഡിനും ഓഫീസായി ഉപയോഗിക്കന്‍ തീരുമാനിക്കുകയും മൂന്ന് മാസത്തെ വാടക മുന്‍കൂറായി കൊടുക്കുകയും ചെയ്തു.
9. പുതിയ ഓഫീസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗങ്ങളില്‍നിന്ന് 10ക. വീതം പിരിച്ചെടുത്തു.
24.03.1957-ന് മൂദാക്കര പള്ളിയില്‍ വെച്ചുകൂടിയ മുശാവറ യോഗത്തിന്റെ തീരുമാനം:
1. സിലബസ് കമ്മിറ്റി അവതരിപ്പിച്ച സിലബസ് അംഗീകരിച്ചു.
03.11.1957-ന് ഓഫീസില്‍ വെച്ചു സ്ഥിരം പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മുശാവറ യോഗത്തിന്റെ തീരുമാനം.
3. ഖുത്ബ പരിഭാഷയെ സംബന്ധിച്ചു കൊടിയത്തൂരുകാരന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരെഴുതിയ പുസ്തകത്തിന് ഖണ്ഡനമെഴുതി മറ്റുള്ളവരെകൊണ്ട് ഒപ്പ് വെപ്പിച്ച് പ്രസിദ്ധം ചെയ്യാന്‍ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരെ ഭാരമേല്‍പിച്ചു.
4. സമസ്തയിലേക്ക് ഫത്‌വക്കായി ഒരു ചോദ്യം വന്നാല്‍ സംഭവത്തെപറ്റി ശരിയായി അന്വേഷിച്ചശേഷം ഉത്തരമെഴുതി ഫത്‌വ കമ്മിറ്റിയടക്കം എട്ട് പേരെകൊണ്ട് ഒപ്പുവെപ്പിച്ചല്ലാതെ ഫത്‌വ കൊടുക്കരുതെന്നും അങ്ങനെയല്ലാതെ വല്ല മുശാവറ അംഗവും ഫത്‌വ കൊടുത്താല്‍ അയാളുടെ പേരില്‍ നടപടി എടുക്കേണ്ടതാണെന്നും തീരുമാനിച്ചു.
5. കെ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ മുശാവറ അംഗങ്ങളായി എടുത്തു.
24.12.1958-ന് ചേര്‍ന്ന മുശാവറ യോഗതീരുമാനം; അദ്ധ്യക്ഷന്‍ പി. ഇബ്രാഹീം മുസ്‌ലിയാര്‍ അയിനിക്കാട്.
3. വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയമാവലി വായിച്ചുവേണ്ട തീരുമാനത്തോടുകൂടി പാസ്സാക്കി.
4. ഒഴിവുവന്ന മുശാവറ മെമ്പര്‍സ്ഥാനങ്ങളിലേക്ക് പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ വാണിയമ്പലം, ഇ.എസ്. മുത്തുക്കോയ തങ്ങള്‍ രാമന്തളി, എ.കെ. കുഞ്ഞറുമുട്ടി മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
5. സമസ്തക്കും വിദ്യാഭ്യാസ ബോര്‍ഡിനും സ്വന്തമായി ഒരു എടുപ്പുണ്ടാവേണ്ടതാണെന്ന് തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്മിറ്റി തെരഞ്ഞെടുക്കുകയും ചെയ്തു.
21.04.1959-ന് സമസ്തയുടെ സ്ഥിരം പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരി അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗതീരുമാനം.
1. പാഠപുസ്തകങ്ങള്‍ അടിപ്പിക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. ടെണ്ടര്‍ വിളിക്കാനും മറ്റുമായി ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തി.
5. യോഗത്തിന് വരുന്ന അംഗങ്ങളുടെ യാത്ര ചെലവ് അനുവദിക്കണമെന്ന് തീരുമാനിച്ചു.8. പരേതനായ പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ പേരില്‍ ഫാതിഹ ഓതി ദുആ ചെയ്തു.
1.01.1960-ന് കോഴിക്കോട് സമസ്ത ഓഫീസില്‍ പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനം.
4. സദഖത്തുല്ല മുസ്‌ലിയാര്‍, പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരെ ചേര്‍ത്ത് പാഠപുസ്തക കമ്മിറ്റി വിപുലീകരിച്ചു.
24.12.1960-ന് ശനിയാഴ്ച സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ പാണ്ടികശാല മുകളില്‍വെച്ച് വൈസ് പ്രസിഡണ്ട് മൗലാനാ വി.ഇ. ഇബ്രാഹീം മുസ്‌ലിയാര്‍ അയനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മുശാവറ യോഗതീരുമാനം.
1. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇരുപത്തിയൊന്നാം വാര്‍ഷിക സമ്മേളനവും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ രണ്ടാം സമ്മേളനവും കക്കാട് (തിരൂരങ്ങാടി) വെച്ച് 1961 ഫെബ്രുവരി 7,8,9 ചൊവ്വ, ബുധന്‍, വ്യാഴം തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചു.
3. കേരള ഗവണ്‍മെന്റ് രൂപീകരിച്ച കേരള സ്റ്റേറ്റ് മുസ്‌ലിം വഖ്ഫ് ബോര്‍ഡില്‍ സുന്നത്ത് ജമാഅത്തില്‍പെട്ട ഒരു പണ്ഡിതനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ഒരു പണ്ഡിതനെ വഖ്ഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു.
4. മരണംമൂലം മുശാവറ മെമ്പര്‍സ്ഥാനത്ത് ഉള്ള ഒഴിവിലേക്ക് ജനാബുമാര്‍ എം. മുഹമ്മദ് ബശീര്‍ മുസ്‌ലിയാര്‍ (ചേറൂര്‍), എ.വി. മാനുപ്പ മുസ്‌ലിയാര്‍ (അലനല്ലൂര്‍), പി. അബ്ദുല്ല മുസ്‌ലിയാര്‍ (മദര്‌രിസ് ചെറുവണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
5. ശൈഖ് ആദം ഹസ്‌റത്ത് കോയക്കുട്ടി തങ്ങള്‍, എ.പി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ മഗ്ഫിറത്തിനായി ദുആ ചെയ്തു.
1961 ഫെബ്രുവരി 9-ന് വ്യാഴാഴ്ച മൗലാനാ വി. ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കക്കാട് മിഫ്താഹുല്‍ ഉലൂം മദ്‌റസയില്‍ ചേര്‍ന്ന സമസ്ത മുശാവറ തീരുമാനം.
5. സുന്നി യുവജന സംഘം നല്‍കിയ അപേക്ഷ സ്വീകരിക്കുകയും സുന്നി യുവജന സംഘത്തെ കീഴ്ഘടകമായി അംഗീകരിക്കുകയും ഇത് സംബന്ധിച്ച പൊതുയോഗത്തില്‍ അറിയിപ്പ് നല്‍കാന്‍ നിശ്ചയിക്കുകയും ചെയ്തു.
7. കേരള മസ്‌ലിംകള്‍ക്കിടക്ക് ഭിന്നിപ്പുണ്ടാക്കുന്ന കേരള ജംഇയ്യത്തുല്‍ ഉലമാ, നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാത്തെ ഇസ്‌ലാമി തുടങ്ങിയുള്ള സംഘടനകളുടെ നയത്തില്‍ പ്രതിഷേധിച്ചു.
1961 മെയ് 4-ന് താനൂര്‍ കേന്ദ്ര മദ്‌റസയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. സിനിമയെക്കുറിച്ച് വന്ന ചോദ്യത്തിന് 'സിനിമ പൊതുവെ ഹറാമാ'ണെന്ന് മറുപടി നല്‍കാന്‍ തീരുമാനിച്ചു.
2. കേരളത്തിലെ മുഴുവന്‍ പള്ളി ദര്‍സുകളും ഒരു പാഠ്യപദ്ധതിക്ക് കീഴില്‍ നടത്തുന്നതിന് ഒരു സിലബസുണ്ടാക്കാന്‍ കമ്മിറ്റി തെരഞ്ഞെടുത്തു.
21.10.1961-ന് കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
6. സി.എന്‍. അഹമ്മദ് മൗലവിയുടെ അനിസ്‌ലാമിക ഖുര്‍ആന്‍ പരിഭാഷയില്‍ പ്രതിഷേധിച്ചു.
04.04.1962-ന് ബഹു. പി. ഇബ്രാഹീം മുസ്‌ലിയാര്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. സമസ്തയുടെ അഭിമുഖ്യത്തില്‍ സനദ് കൊടുക്കത്തക്ക ഒരു ഉയര്‍ന്ന കോളേജ് ഉണ്ടായിരിക്കേണ്ടതാണെന്ന് തീരുമാനിച്ചു.
30.04.1962-ന് പ്രസിഡണ്ട് മൗലാനാ അബ്ദുല്‍ബാരിയുടെ അദ്ധ്യക്ഷതയില്‍ ബാഫഖി തങ്ങളുടെ മാളികമുകളില്‍ ചേര്‍ന്ന മുശാവറ കഴിഞ്ഞ യോഗം തീരുമാനിച്ച കോളേജിന് ഒരു കമ്മിറ്റിയുണ്ടാക്കി. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 500-ല്‍ കവിയാത്ത സംഖ്യ വിദ്യാഭ്യാസ ബോര്‍ഡില്‍നിന്ന് കടമെടുക്കാന്‍ തീരുമാനിച്ചു.
7. സമസ്തയുടെ വാര്‍ഷികം 1963-ല്‍ നടത്താന്‍ തീരുമാനിച്ചു.
15.09.1962-ന് ചേര്‍ന്ന മുശാവറ കോളേജ് കമ്മിറ്റി തീരുമാനം:
1. ഹൈദ്രാബാദുകാരന്‍ നൂരിഷയില്‍നിന്ന് ലഭിച്ച കത്ത് സെക്രട്ടറി വായിക്കുകയും കത്തില്‍പറഞ്ഞ പ്രകാരം കോളേജിന് ജാമിഅഃ നൂരിയ്യ എന്ന പേര് കൊടുക്കാനും കോളേജ് കമ്മിറ്റിയുടെ അന്വേഷണമെമ്പര്‍മാരുടെ അഭിപ്രായത്തോടനുസരിച്ച് കോളേജ് പട്ടിക്കാട് തന്നെ ആകണമെന്നും തീരുമാനിച്ചു.
01.11.1962-ന് പ്രസിഡണ്ട് മൗലാനാ മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. അറബിക് കോളേജ് കമ്മിറ്റിയുടെ ഭരണഘടന വായിച്ചു പാസ്സാക്കി.
7. ഇന്ത്യയെ ചൈന ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രമേയം പാസ്സാക്കി.
22.12.1962-ന് വൈസ് പ്രസിഡണ്ട് ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മുശാവറ തീരുമാനം:
1. കോളേജ് കമ്മിറ്റിയുടെ നിയമാവലി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കി.
06.07.1963-ന് ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. ജാമിഅഃ നൂരിയ്യ അറബിക് കോളേജിലെ ഉസ്താദുമാരുടെ പ്രവൃത്തി ദിവസം 220 ദിവസമായും ഒഴിവ് ദിവസങ്ങള്‍ ക്യാഷ്വല്‍ ലീവടക്കം 136 ആയും തീരുമാനിച്ചു. (റമളാന്‍ 60, വെള്ളിയാഴ്ച 45, വലിയ പെരുന്നാള്‍ 10, റബീഉല്‍ അവ്വല്‍ 3, ആശൂറാ- താസുആ, മിഅ്‌റാജ് 3, ക്യാഷ്വല്‍ ലീവ് 15)
21.09.1963-ന് വൈസ് പ്രസിഡണ്ട് കെ.കെ. സ്വദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. എ.പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാരെ മുശാവറയില്‍ അംഗമായി തെരഞ്ഞെടുത്തു.
2. ഈ വര്‍ഷം സമസ്തയുടെ വാര്‍ഷിക സമ്മേളനം വേണമെന്നും അതോടൊന്നിച്ചുതന്നെ വിദ്യാഭ്യാസ ബോര്‍ഡിന്റെ സമ്മേളനവും വേണമെന്നും തീരുമാനിച്ചു.
4. സ്ത്രീധനം (കാഷ്- പണം വാങ്ങല്‍) സംബന്ധിച്ചു ഓര്‍ക്കാട്ടേരിക്കാരുടെ ചോദ്യത്തിന് അത് ശറഅ് വിരോധിച്ചിട്ടില്ലെന്ന് മറുപടി കൊടുക്കാന്‍ ജോ. സെക്രട്ടറിയെ അധികാരപ്പെടുത്തി.
12.10.1963-ന് സ്വദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ ീരുമാനം:
3. 1963 ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. (സമ്മേളനം കാസര്‍കോട്ടാക്കണമെന്ന് കാസര്‍ക്കോട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടതിനാലും അന്വേഷണത്തില്‍ വിരോധമില്ലെന്ന് ബോധ്യപ്പെട്ടതിനാലും അവിടെതന്നെ ആക്കാനാണ് മുശാവറ തീരുമാനിച്ചത്. അതാണ് ഈ യോഗത്തിലെ ഒന്നാമത്തെ തീരുമാനം.)
14.12.1963-ന് സ്വദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. വാര്‍ഷിക സമ്മേളനത്തില്‍ (സമസ്ത) താഴെ പറയുന്നവര്‍ നിശ്ചിത വിഷയം പ്രസംഗിക്കണമെന്ന് തീരുമാനിച്ചു.
1- മൗദൂദി ഖണ്ഡനം- വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍. 2- വിലായത്ത്- കറാമത്ത്- ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, 3- ഇജ്തിഹാദ്, തഖ്‌ലീദ്- സദഖത്തുല്ല മുസ്‌ലിയാര്‍. 4- പ്രശ്‌നം വെക്കലും കണക്കുപറയലും- കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍.
ബോര്‍ഡ് സമ്മേളനത്തില്‍: 1- ഖുര്‍ആന്‍- ദുര്‍വ്യാഖാനങ്ങളുടെ ഖണ്ഡനം- കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, 2- മത വിദ്യാഭ്യാസം- കെ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍. 3- ഇസ്‌ലാമിക സംസ്‌കാരം- എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, 4- ആദാബ്- സി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍.
29.12.1963-ന് ഞായറാഴ്ച കാസര്‍ക്കോട് ജുമുഅത്ത് പള്ളിയില്‍ സദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
2. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമായുടെ പതാക അതിലുള്ള എഴുത്തില്ലാത്ത നിലയില്‍ സമസ്തയുടെ പതാകയായി അംഗീകരിച്ചു.
4. താഴെ കൊടുക്കുന്ന പ്രമേയം അംഗീകരിക്കുകയും സമ്മേളനത്തില്‍ പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളികള്‍, മദ്‌റസകള്‍ മുതലായ മതസ്ഥാപനങ്ങള്‍ സുന്നികളാല്‍ സ്ഥാപിക്കപ്പെട്ടതായിരിക്കയാല്‍ അത്തരം സ്ഥാപനങ്ങളുടെ കൈകാര്യങ്ങള്‍ നടത്തുവാനോ, ഖാസിസ്ഥാനം, ഖതീബ് സ്ഥാനം, ഇമാമത്ത്, മുദരിസ് എന്നീ സ്ഥാനങ്ങളും പദവികളും വഹിക്കാനോ സുന്നത്ത് ജമാഅത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവര്‍ക്കല്ലാതെ കൈ നെഞ്ചത്ത് വെക്കല്‍, ഖുതുബ പരിഭാഷ ചെയ്യല്‍, തറാവീഹ് എട്ട് റക്അത്താക്കല്‍, നിസ്‌കാരാനന്തരം ദുആ കഴിയാതെ അനാവശ്യമായി സ്ഥലം വിടല്‍ മുതലായ അനാചാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വഹാബീ- മൗദൂദ്യാദികക്ഷികള്‍ക്ക് മതദൃഷ്ട്യാ അവകാശവും അധികാരവുമില്ലെന്നും അങ്ങനെയുള്ളവരെ അധികാരത്തില്‍വെക്കാന്‍ പാടില്ലെന്നും ഈ യോഗം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.'
5. താഴെ പറയുന്ന അഞ്ചംഗങ്ങളുള്ള ഒരു ഫത്‌വാ കമ്മിറ്റി രൂപീകരിച്ചു.
1- പി. ഇബ്രാഹീം മുസ്‌ലിയാര്‍, 2- കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍, 3- ടി. അബൂബക്കര്‍ മുസ്‌ലിയാര്‍ കോട്ടുമല (കണ്‍വീനര്‍), 4- കെ.കെ. സദഖത്തുല്ല മുസ്‌ലിയാര്‍, 5- ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.
6. ഈ അഞ്ചംഗങ്ങളും ചേര്‍ന്നുകൊണ്ടുള്ള ഫത്‌വ മാത്രമേ സമസ്തയുടെ ഔദ്യോഗിക ഫത്‌വയായി അംഗീകരിക്കുകയുള്ളൂ എന്ന് തീരുമാനിച്ചു. (13.08.1964-ന് ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അഞ്ചാളും യോജിക്കുക എപ്പോഴും പ്രായോഗികമല്ലെന്ന് കണ്ടതിനാലാണ് ഇങ്ങനെ മാറ്റം വരുത്തിയത്. മാറ്റപ്രകാരം അഞ്ചില്‍ മൂന്നാള്‍ യോജിച്ചാല്‍ അത് സമസ്തയുടെ ഫത്‌വയായി. അഞ്ചില്‍ മൂന്ന് ലഭിക്കാത്തിടത്ത് അത് മുശാവറയില്‍ വെക്കണമെന്നാണ് മാറ്റപ്രകാരമുള്ള തീരുമാനം).
13.08.1964-ന് ചേര്‍ന്ന മുശാവറയുടെ തീരുമാനം:
3. ബേങ്ക് പലിശയെപ്പറ്റി വഖഫ് ബോര്‍ഡില്‍നിന്ന് വന്ന കത്തിന് 'പാടില്ല' എന്ന് മറുപടി കൊടുക്കാന്‍ തീരുമാനിച്ചു.
29.08.1965-ന് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. ഇക്കൊല്ലം പട്ടിക്കാട് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സനദ് കൊടുക്കേണ്ടതാണെന്ന് തീരുമാനിച്ചു. പാസ് മാര്‍ക്ക് 41 ആയി നിശ്ചയിച്ചു.
4. സനദിന്റെ രൂപവും മറ്റും ഉണ്ടാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സദഖത്തുല്ല മുസ്‌ലിയാര്‍ കണ്‍വിനറായി താഴെ പറയുന്ന കമ്മിറ്റി രൂപീകരിച്ചു. 1- സദഖത്തുല്ല മുസ്‌ലിയാര്‍, 2- പി. ഇബ്രാഹീം മുസ്‌ലിയാര്‍, 3- വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, 4- കാടേരി മുഹമ്മദ് മുസ്‌ലിയാര്‍.
5. കോളേജിന്റെ സനദ് കൊടുക്കന്നതിനോടനുബന്ധിച്ച് സമസ്തയുടെ വാര്‍ഷികം പട്ടിക്കാട് ചേരാന്‍ തീരുമാനിച്ചു.
6. തബ്‌ലീഗ് ജമാഅത്തിനെപറ്റി ആലോചിച്ച് അടുത്ത മുശാവറക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താഴെ പറയുന്ന കമ്മിറ്റിയ തെരഞ്ഞെടുത്തു. 1- കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, 2- കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍. 3- പി. ഇബ്രാഹീം മുസ്‌ലിയാര്‍ അയനിക്കാട്, 4- വാണിയമ്പലം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, 5. കൊല്ലോളി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (കണ്‍വീനര്‍).
7. സമസ്ത തീരുമാനത്തിലെത്തുന്നതുവരെ തബ്‌ലീഗ് ജമാഅത്തുമായി സഹകരിച്ചുകൊണ്ട് യാതൊന്നും പ്രവര്‍ത്തികരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചു. (29.08.1965-ന് ചേരുന്ന മുശാവറ തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി തീരുമാനമെടുക്കണമെന്ന് 28.08.1965-നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ പ്രത്യേകം എഴുതി അറിയിച്ചിരുന്നു. തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി സമസ്തക്ക് പല ചോദ്യങ്ങളും വരികയും ചെയ്തിരുന്നു.)
16.10.1965-ന് ബഹു കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. 'കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെപ്പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങളെപ്പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ 'മുബ്തദിഉ'കളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.' (ഈ തീരുമാനം പാസ്സാക്കിയതായി അധ്യക്ഷനുവേണ്ടി ഒപ്പുവെച്ചിരിക്കുന്നത് സദഖത്തുല്ല മുസ്‌ലിയാരാണ്.)24.10.1965-ന് വൈസ് പ്രസിഡണ്ട് കെ.കെ. സദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനം:
1. സുന്നി യുവജന സംഘത്തിന്റേതായ സുന്നി ടൈംസ് പ്രസ്സ് ഇന്നുള്ള നിലക്ക് മുഴുവനും വിദ്യാഭ്യാസ ബോര്‍ഡിലേക്ക് ലയിപ്പിക്കാനും അതിന്റെ നടത്തിപ്പിനുവേണ്ടി ഒരു പ്രത്യേക കമ്മിറ്റി ഉണ്ടാക്കാനും പ്രസ്സിന്റെ ആദായത്തില്‍നിന്ന് ഒരു വിഹിതം സുന്നി യുവജനസംഘത്തിന് കൊടുക്കുന്നതിനെപ്പറ്റി ഒരു കരാര്‍ നിശ്ചയം ചെയ്യാനും തീരുമാനിക്കുകയുണ്ടായി.
5. സുന്നി യുവജന സംഘത്തെ ഒരു പൂര്‍ണ കീഴ്ഘടകമായി അംഗീകരിക്കാന്‍ തീരുമാനിച്ചു. അതിന്റെ നിയമാവലി പരിശോധിച്ചു അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
12.01.1966-ന് ചേര്‍ന്ന മുശാവറ തീരുമാനം.
2. സുന്നി യുവജനസംഘത്തിന്റെ നിയമാവലിയില്‍ സമസ്തയുടെ പരമാധികാരത്തെപ്പറ്റിയുള്ളതും വിദ്യാഭ്യാസ ബോര്‍ഡിനോട് തുല്യമായതുമായ ഒരു വകുപ്പ് ചേര്‍ക്കേണ്ടതാണെന്ന് തീരുമാനിച്ചു.
05.03.1966-ന് വൈസ് പ്രസിഡണ്ട് കെ.കെ. സദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. സമസ്തയുടെ പ്രസിഡണ്ടായി കെ.കെ. സദഖത്തുല്ല മുസ്‌ലിയാരെ തെരഞ്ഞെടുത്തു.
2. 03.04.1966-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സമസ്തയുടെ ജനറല്‍ബോഡിയും അന്നുതന്നെ സൗകര്യപ്പെടുന്ന സ്ഥലത്തുവെച്ച് ഒരു പൊതുയോവും നടത്താന്‍ തീരുമാനിച്ചു.
(ഈ തീരുമാനപ്രകാരം 03.04.1966-ന് ചേര്‍ന്ന ജനറല്‍ബോഡി സമസ്തയുടെ നിയമാവലി അച്ചടിച്ചു ജനറല്‍ബോഡി മെമ്പര്‍മാര്‍ക്ക് ഓരോ കോപ്പി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 15.04.1966-ന് നിയമാവലി അച്ചടിച്ചു.)
10.06.2966-ന് സ്ഥിരം പ്രസിഡണ്ട് കെ.കെ. സദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം:
2. സമസ്തയുടെ നിയമാവലി വായിച്ചശേഷം അതില്‍വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു അടുത്ത യോഗത്തില്‍ സമര്‍പ്പിക്കാന്‍ താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. 1- സദഖത്തുല്ല മുസ്‌ലിയാര്‍, 2- പി. ഇബ്രാഹീം മുസ്‌ലിയാര്‍, 3- ബാഫഖി തങ്ങള്‍, 4- മുത്തുക്കോയ തങ്ങള്‍, 5. ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍.
23.09.1966-ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ നിയമാവലി ഭേദഗതി കമ്മിറ്റി താഴെ പറയുന്ന ഭേദഗതി നിര്‍ദ്ദേശിക്കുകയും ജനറല്‍ബോഡിയുടെ അംഗീകാരത്തിന് വിധേയമായ നിലയില്‍ അത് സ്വീകരിക്കുകയും ചെയ്തു. ഭേദഗതി ഇപ്രകാരമായിരുന്നു.
1. 3/2-ല്‍ മുശാവറ അംഗങ്ങള്‍ക്ക് കൊടുത്ത നിര്‍വചനത്തിനും യോഗ്യതകള്‍ക്കും ശേഷം ഇപ്രകാരം കൂട്ടിച്ചേര്‍ക്കേണ്ടതാണ്. 'എന്നാല്‍ വോട്ടവകാശമില്ലാതെ ആവശ്യമെന്ന് കാണുന്നപക്ഷം 4-ല്‍ അധികരിക്കാത്ത സാദാത്തുക്കളെ മുശാവറയില്‍ അംഗമാക്കാവുന്നതാണ്' എന്നും പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ഖജാഞ്ചി മുതലായ ഉദ്യോഗസ്ഥന്മാരെ മുശാവറ തെരഞ്ഞെടുക്കേണ്ടതാണ്' എന്നും ഇതിനും പുറമെ ജനറല്‍ കമ്മിറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ട എന്ന വാചകത്തിനു ശേഷം 'പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് മുതലായ ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ' എന്ന വാചകം തടയാനും തീരുമാനിച്ചു.
2. വൈസ് പ്രസിഡണ്ടിന്റെ അധികാരം പറഞ്ഞിടത്ത് 'പ്രസിഡണ്ടിന്റെ അഭാവത്തിലും' എന്ന വാചകം ചേര്‍ക്കാന്‍ തീരുമാനിച്ചു.
3-6 സിയില്‍ അംഗത്വം നഷ്ടപ്പെടുന്നതു സംബന്ധിച്ചു പറഞ്ഞിടത്തു 'എതിരായ വിശ്വാസനടപടികള്‍ അനുഷ്ഠിക്കുന്നവര്‍' എന്ന് പറഞ്ഞതിനോട് 'അനുഷ്ഠിക്കുന്നവരോ സംഘത്തിനു എതിരായി പ്രവര്‍ത്തിക്കുന്നവരോ ആയി' എന്ന് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.
4-6 എഫില്‍ അംഗമാകാന്‍ ശരിയായ ത്രാണിയുള്ളവര്‍ യോഗത്തില്‍ ഹാജരായതിനുശേഷം 'വോട്ടു ചെയ്യാവുന്നതുമാണ്' എന്ന വാചകം തടയാന്‍ തീരുമാനിച്ചു.
മുശാവറ അംഗങ്ങളിലുള്ള ഒഴിവിലേക്കു താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
2- കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, 2- കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, 3- കൊയിലാണ്ടി ഖാസി മുഹമ്മദ് മുസ്‌ലിയാര്‍, 4- സി.എച്ച്. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍.
0.11.1966-ന് ജാമിഅഃ നൂരിയ്യ വാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ബോഡിയില്‍ പി. അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ഈ ഭേദഗതി അംഗീകരിക്കപ്പെട്ടു.
08.04.1967-ന് മൗലാനാ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം.
3. പി. ഇബ്രാഹീം മുസ്‌ലിയാര്‍ വാങ്ക്, ഖുതുബ എന്നിവയില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനെപ്പറ്റി നല്‍കിയ ചോദ്യത്തെപ്പറ്റി ദീര്‍ഘമായി ആലോചന നടത്തുകയും ലൗഡ് സ്പീക്കര്‍ വാങ്കിലും ഖുതുബയിലും മറ്റും ഉപയോഗിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഏകാഭിപ്രായമായി തീരുമാനിക്കുകയും ചെയ്തു.
4. ഈ സംഗതി പത്രത്തില്‍ റിപ്പോര്‍ട്ട് കൊടുക്കാനും തീരുമാനിച്ചു. (ഈ തീരുമാനങ്ങളെല്ലാം 04.05.1967-ന് ചേര്‍ന്ന മുശാവറയില്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കുകയും അന്നത്തെ അദ്ധ്യക്ഷന്‍ സദഖത്തുല്ല മുസ്‌ലിയാര്‍ റിപ്പോര്‍ട്ടിന് താഴെ ഒപ്പുവെച്ചിട്ടുമുണ്ട്. തീരുമാനം ഏകാഭിപ്രായപ്രകാരമായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.)
04.05.1967-ന് പ്രസിഡണ്ട് സദഖത്തുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഓഫീസില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. ലൗഡ് സ്പീക്കര്‍ തീരുമാനത്തെപ്പറ്റി ഒന്നുകൂടി പുനരാലോചന ചെയ്യേണ്ടതാണെന്ന് ആവശ്യപ്പെടുന്ന ജനറല്‍ബോഡി അംഗങ്ങളാകുന്ന ഒന്നുരണ്ട് പേരുടെ കത്ത് വായിക്കുകയും തള്ളുകയും ചെയ്തു.
3. സംഘടനാപരമായ കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു കൂട്ടത്തില്‍ 13.04.1967-ന് മാതൃഭൂമിയില്‍ പ്രസിഡണ്ടിന്റെ പേരില്‍ വന്നതും 08.04.1967-ന് മുശാവറ ലൗഡ്‌സ്പീക്കര്‍ സംബന്ധിച്ചെടുത്ത തീരുമാനത്തെ ധിക്കരിക്കുന്ന നിലയിലുള്ളതുമായ പരസ്യത്തെപ്പറ്റിയാണ് ആലോചിച്ചത്. അനന്തരം ഈ പരസ്യം സമസ്തയോടുള്ള ധിക്കാരമാണെന്നും അതിന് പരിഹാരമായി താഴെ കാണുന്ന പ്രസ്താവനയില്‍ പ്രസിഡണ്ട് ഒപ്പുവെച്ച് പ്രസിദ്ധീകരിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം പ്രസിഡണ്ട് സ്ഥാനത്തിന് അദ്ദേഹം അര്‍ഹനല്ലെന്നും യോഗം തീരുമാനിച്ചു. പ്രസ്താവനയുടെ വാചകം ഇതാണ് 'ഖുതുബയും ബാങ്കും ഉച്ചഭാഷിണിയിലൂടെ ഓതുന്നതിന് യാതൊരു വിരോധവുമില്ല' എന്ന് കഴിഞ്ഞ 08.04.1967-ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം എടുത്ത തീരുമാനത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായം ഈ തീരുമാനത്തിന് ബാധകമല്ല.' അല്‍പം ദീര്‍ഘിച്ച ചര്‍ച്ചകള്‍ക്ക് ശേഷം ഈ വാചകങ്ങളില്‍ ഒപ്പ് വെക്കാന്‍ പ്രസിഡണ്ട് സമ്മതിക്കുകയും ഒപ്പ് വെക്കുകയും ചെയ്തു.
06.05.1967-ന് സമസ്തയുടെ ഒരു ജനറല്‍ ബോഡി മൂദാക്കര പള്ളിയില്‍വെച്ച് ചേര്‍ന്നു. പ്രസിഡണ്ട് സദഖത്തുല്ല മുസ്‌ലിയാര്‍ വന്നിട്ടുണ്ടായിരുന്നില്ല. യോഗ അദ്ധ്യക്ഷനായി ബേപ്പൂര്‍ പി.പി. മുഹമ്മദ് കോയ മുസ്‌ലിയാരെ തെരഞ്ഞെടുത്തു. ആ യോഗത്തിലേക്ക് പ്രസിഡണ്ട് രാജിക്കത്ത് അയച്ചിരുന്നു. പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍സ്ഥാനവും കോളേജ് കമ്മിറ്റി സ്ഥാനവും എല്ലാം രാജിവെക്കുന്നതായിരുന്നു കത്ത്. കത്ത് യോഗത്തില്‍ വായിച്ചു. തീരുമാനം അടുത്ത മുശാവറക്ക് വിട്ടു.
25.05.1967-ന് ചേര്‍ന്ന മുശാവറ വൈസ് പ്രസിഡണ്ട് പി. ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിലായിരുന്നു.
തീരുമാനം: 1. പ്രസിഡണ്ടിന്റെ രാജിക്കത്തിനെപ്പറ്റി ആലോചന ചെയ്യുകയും രാജി സ്വീകരിക്കേണ്ടതാണെന്ന് എല്ലാവരും ഐക്യകണ്‌ഠേന അഭിപ്രയപ്പെടുകയും രാജി സ്വീകരിക്കുകയും ചെയ്തു.
2. കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
4. കമ്പൂല്‍ മുദരിസ് ആലകുഞ്ഞു മുസ്‌ലിയാര്‍, കെ. വീരാന്‍കുട്ടി മുസ്‌ലിയാര്‍, മുഹമ്മദുണ്ണി മുസ്‌ലിയാര്‍ കൈത്തക്കര, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍ എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
5. വൈസ് പ്രസിഡണ്ടായി മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, ഐ.പി. കുഞ്ഞിക്കോയ മുസ്‌ലിയാര്‍ കുറ്റിച്ചിറ എന്നിവരെ തെരഞ്ഞെടുത്തു.
11.01.1969-ന് ചേര്‍ന്ന മുശാവറ തീരുമാനം:
4. ചേളാരിയില്‍ ഒരു ബില്‍ഡിംഗ് ഉണ്ടാക്കുന്നതിനെപ്പറ്റി വിദ്യാഭ്യാസ ബോര്‍ഡില്‍നിന്ന് വന്ന കത്ത് അംഗീകരിച്ചു.
15.05.1969-ന് ചേര്‍ന്ന മുശാവറ തീരുമാനം:
2. ചേളാരിയിലെടുക്കാന്‍ തീരുമാനിച്ച ബില്‍ഡിംഗിന് 1969 ആഗസ്റ്റ് 24-ന് തറക്കല്ലിടാന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കമ്മിറ്റി രൂപീകരിച്ചു. 1- മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, 2- കെ.പി. ഉസ്മാന്‍ സാഹിബ്, 3- ജമലുല്ലൈലി തങ്ങള്‍, 4- സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍, 5- അബൂബക്കര്‍ നിസാമി, 6- വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, 7- കെ.ടി. മാനു മുസ്‌ലിയാര്‍.
4. ഫത്‌വാ കമ്മിറ്റിയിലേക്ക് സദഖത്തുല്ല മുസ്‌ലിയാരുടെ ഒഴിവില്‍ മലയമ്മ അബൂബക്കര്‍ മുസ്‌ലിയാരെ തെരഞ്ഞെടുത്തു.
12.03.1970-ന് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
8. എ.സി.എസ്. ബീരാന്‍ മുസ്‌ലിയാരെ സമസ്തയുടെ മുബല്ലിഗായി നിയമിക്കാന്‍ തീരുമാനിച്ചു.
27.10.1970-ന് ടി. അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. കോളേജ് സിലബസില്‍നിന്ന് 'മുല്ലാഹസന്‍' എന്ന കിതാബ് നീക്കം ചെയ്യാനും ഒരു കിതാബ് കണ്ടുപിടിക്കാനും തീരുമാനിച്ചു.
7. എം.ഇ.എസിനപ്പറ്റിയും ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ഡഡ് സൊസൈറ്റിയെ പറ്റിയും താഴെ കാണുന്ന പ്രമേയം പാസ്സാക്കി. 'എം.ഇ.എസ്. ജേര്‍ണല്‍ പുസത്കം രണ്ട്: ലക്കം- അഞ്ച് (സപ്തംബര്‍ 25) പേജ് 13-ല്‍ വിശുദ്ധ ഖുര്‍ആന്റെ കൈയെഴുത്ത് രേഖ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങളുടെ ദൃഷ്ടിയില്‍പെടുകയുണ്ടായി. അതില്‍ ഇപ്രകാരം പറയുന്നു: 'ഹസ്‌റത്ത് ഉസ്മാന്റെ പരിശുദ്ധ ഖുര്‍ആന്‍ താഷ്‌ക്കണ്ടിലെ ഉസ്ബക് ചരിത്ര മ്യൂസിയത്തില്‍ പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പുരാതനമായ അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുര്‍ആന്‍. ഇസ്‌ലാം മത സ്ഥാപകനായ മുഹമ്മദ് നബിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സൈദുബിന്‍ സാബിത് പ്രവാചകന്റെ വചനങ്ങള്‍ എല്ലാം ശേഖരിച്ചു ഗ്രന്ഥത്തിലാക്കിയതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്നു ഉസ്മാന്‍ ഒരു പുതിയ ഖുര്‍ആന്‍ തയ്യാറാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതില്‍ വ്യത്യസ്ത നിലയിലാണ് സൂറകള്‍ ക്രമീകരിക്കപ്പെട്ടിരുന്ന് '.
അല്ലാഹുവിന്റെ തിരുവചനങ്ങളായ പരിശുദ്ധ ഖുര്‍ആന്‍ വെറും മനുഷ്യവചനങ്ങളാണെന്ന് വരുത്തിതീര്‍ക്കുന്ന എം.ഇ.എസിന്റെ ഇത്തരം പ്രസിദ്ധീകരണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചു മുസ്‌ലിംകള്‍ ബോധവാന്മാരാകണമെന്നും അര്‍ഹിക്കുന്ന വിധത്തില്‍ എം.ഇ.എസിനോട് പെരുമാറണമെന്നും ഉദ്‌ബോധിപ്പിക്കുന്നതോടൊപ്പം എം.ഇ.എസിന്റെ ഇത്തരം അനിസ്‌ലാമിക വിശ്വാസപ്രമാണങ്ങളില്‍ മുസ്‌ലിം ബഹുജനങ്ങള്‍ അകപ്പെടരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇന്ന് ചേര്‍ന്ന യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഈ ആശയങ്ങളില്‍നിന്ന് ഒരുപടി മുന്നോട്ടുപോയ ഇസ്‌ലാം ആന്റ് മോഡേണ്‍ എയ്ജ് സൊസൈറ്റിയുടെ ഉദ്ഘാടനയോഗത്തിലെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ ആശയാദര്‍ശങ്ങള്‍ തനി അനിസ്‌ലാമികവും ഇസ്‌ലാമിന്റെ നാരായവേരിന് തന്നെ കത്തിവെക്കുന്നതാണെന്ന് ബോധ്യമാകയാല്‍ പ്രസ്തുത സൊസൈറ്റിയെ സര്‍വശക്തിയും ഉപയോഗിച്ചു എതിര്‍ക്കേണമെന്ന് മുസ്‌ലിം സുഹൃത്തുക്കളോട് സമസ്തയുടെ ഈ യോഗ അഭ്യര്‍ത്ഥിക്കുന്നു.
(ഈ സൊസൈറ്റി മൗലവി ചേകനൂരിന്റെ നേതൃത്വത്തിലായിരുന്നു)
19.12.1970-ന് ചേളാരിയില്‍ ബഹു. പി. ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. നിലവിലുള്ള ഫത്‌വാ കമ്മിറ്റി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റി രൂപീകരണം അടുത്ത യോഗത്തിലേക്ക് നീട്ടിവെച്ചു.
4. മുശാവറ അംഗങ്ങളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. 1- കെ.ടി. മാനുമുസ്‌ലിയാര്‍, 2- ടി. ഉണ്ണിമോയിന്‍ ഹാജി, 3- ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍.
19.12.1970-ന് ചേര്‍ന്ന ജനറല്‍ബോഡിയില്‍വെച്ചു താലൂക്ക്, ജില്ലാ ഘടകങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും അതിന് ജില്ല തിരിച്ചു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
02.05.1971-ന് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാര്‍ (മുന്‍ മുദര്‍രിസ് അഴീക്കോട്) അവര്‍കളെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
26.06.1971-ന് ഓഫീസില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലാ കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി.
20.09.171-ന് ചേര്‍ന്ന മുശാവറ സമസ്തക്ക് ഒരു ഓഫീസ് സെക്രട്ടറി വേണമെന്ന് തീരുമാനിക്കുകയും തല്‍കാലം ആ സ്ഥാനത്തേക്ക് ബശീര്‍ മുസ്‌ലിയാരെ നിയോഗിക്കുകയും ചെയ്തു.
07.10.1971-ന് ഓഫീസില്‍വെച്ച് ചേര്‍ന്ന മുശാവറ തീരുമാനം:
1. സെക്രട്ടറി ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ സ്ഥാനം രാജിവെച്ചുകൊണ്ടെഴുതിയ രാജിക്കത്ത് പിന്‍വലിക്കാന്‍ ആവശ്യപ്പെടാനും ഇക്കാര്യം സെക്രട്ടറിയെ പറഞ്ഞധരിപ്പിക്കാനും തീരുമാനിച്ചു. ഇതിന് ഇബ്രാഹീം മുസ്‌ലിയാര്‍, കോട്ടുമല, ഇമ്പിച്ച മുസ്‌ലിയാര്‍, ഉസ്മാന്‍ സാഹിബ് എന്നിവരെ അധികാരപ്പെടുത്തി.
3. സമസ്ത ഇരുത്തിമൂന്നാം വാര്‍ഷിക സമ്മേളനം 1972 മാര്‍ച്ചില്‍ തിരുന്നാവായ നടത്താന്‍ ശ്രമിക്കേണ്ടതാണെന്ന് തീരുമാനിച്ചു.
25.12.1971-ന് ഓഫീസില്‍ പി. ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:3. ഓഫീസ് ജോലി ചെയ്തുവരുന്ന ഉസ്മാന്‍ സാഹിബിന് വര്‍ഷാന്ത അലവന്‍സായി 2400 ക. (രണ്ടായിരത്തി നാനൂറ് രൂപ) നല്‍കാന്‍ തീരുമാനിച്ചു.
23.03.1972-ന് ജാമിഅഃ നൂരിയ്യില്‍ ചേര്‍ന്ന മുശാവറ യോഗ തീരുമാനം:
1. കോളേജിലെ മുതവ്വല്‍ ക്ലാസില്‍ കൊല്ലം വര്‍ദ്ധിപ്പിക്കാതെ തന്നെ ഹോമിയോപതി, മുഅല്ലിം ട്രെയ്‌നിങ് എന്നിവ ഏര്‍പ്പെടുത്താന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ചു.
13.11.1972-ന് ചേര്‍ന്ന മുശാവറ തീരുമാനം:
2. ശരീഅത്ത് ഭേദഗതി ആവശ്യപ്പെടുന്ന അപശബ്ദങ്ങള്‍ അംഗീകരിക്കരുതെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
25.01.1972-ന് ചേര്‍ന്ന മുശാവറ തീരുമാനം:
3. കൊച്ചിന്‍ നേവല്‍ബെയിസിലെ മുസ്‌ലിംപള്ളി പൊളിക്കുന്നതിനെപറ്റി പ്രതിഷേധം അറിയിക്കുന്ന പ്രമേയം പാസ്സാക്കി. പ്രമേയം ബന്ധപ്പെട്ടവര്‍ക്കെല്ലാം അയച്ചുകൊടുത്തു.
24.02.1973-ന് ചേര്‍ന്ന മുശാവറ പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ അവര്‍കളെ മുശാവറ അംഗമായിതെരഞ്ഞെടുത്തു.
16.12.1974 കെ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഓഫീസില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. നൂരിഷാ ത്വരീഖത്തിനെപ്പറ്റി താഴെ കാണുന്ന പ്രമേയം പാസ്സാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു.
''ഹൈദ്രാബാദിലെ നൂരിഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഖുലഫാക്കള്‍ കേരളത്തില്‍ നടത്തിവരുന്ന തരീഖത്ത് പ്രസ്ഥാനത്തെ സംബന്ധിച്ചു പൊട്യാറ, ഇരിങ്ങാട്ടിരി, മാമ്പുഴ എന്നീ മഹല്ലുകളില്‍നിന്ന് വന്ന ചോദ്യങ്ങളില്‍ വിവരിച്ച സംഗതികളെ സംബന്ധിച്ചും 'സില്‍സില നൂരിയഃ കേരള' പ്രസിദ്ധം ചെയ്തിട്ടുള്ള അഹമ്മദിയ്യ ത്വരീഖത്ത്, 'മജ്‌ലിസെ ഖുലഫാസില്‍ സിലാനൂരിയ്യ നിയമങ്ങളും ചട്ടങ്ങളും' എന്നിവയെപ്പറ്റിയും മറ്റും ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. മേല്‍ പറഞ്ഞ പുസ്തകങ്ങളിലെ വിഷയങ്ങളില്‍ ചോദ്യങ്ങളില്‍ പറഞ്ഞപോലെ പലതും ശറഇനോട് യോജിക്കാത്തതാണെന്ന് മുശാവറ തീരുമാനിക്കുന്നു. അതിനാല്‍ ഈ പ്രസ്ഥാനയുമായി അകന്ന് നില്‍ക്കാന്‍ പൊതുജനങ്ങളോട് ഈ യോഗം ഉപദേശിക്കുന്നു.''
21.04.1974-ന് പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളേജില്‍വെച്ച് സ്ഥിരം പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. ബി. കുട്ടിഹസ്സന്‍ ഹാജിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍നിന്നും നീക്കം ചെയ്യേണ്ടതാണെന്നു പാലക്കാട് ജില്ലാ ഘടകത്തിന്റെ പ്രമേയം അംഗീകരിച്ചു.
3. എന്‍. അബൂബക്കര്‍ മുസ്‌ലിയാരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
25.07.1974-ന് ചേര്‍ന്ന മുശാവറ തീരുമാനം:
2. നൂരിഷായുടെ ത്വരീഖത്തിനെപ്പറ്റി അദ്ദേഹവുമായി സമസ്തയുടെ തീരുമാനം വെച്ചുകൊണ്ട് സലഫുസാലിഹുകളുടെ കിതാബുകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ സമസ്ത തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ തീരുമാനിച്ചു. വ്യവസ്ഥകളെപ്പറ്റിയും മറ്റും തീരുമാനങ്ങളെടുക്കുവാന്‍ താഴെ പറയുന്നവരെ അധികാരപ്പെടുത്തി. 1- ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, 2- കോട്ടുമല, 3- വാണിയമ്പലം, 4- മാനു മുസ്‌ലിയാര്‍, 5- എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
07.12.1974-ന് സമസ്ത ഓഫീസില്‍ വൈസ് പ്രസിഡണ്ട് ഇബ്രാഹീം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. ലീഗ് പ്രസിഡണ്ട് സേട്ടുവിന്റെ പ്രസ്താവനയപ്പറ്റി പാണക്കാട് തങ്ങളുമായി ആലോചിച്ചു വേണ്ടത് ചെയ്യാമെന്നു വെച്ചു.
06.03.1975-ന് കെ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. 'ബഹുമാനപ്പെട്ട സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങള്‍ അവര്‍കളുടെ കാലത്ത് മാറ്റിനിര്‍ത്തപ്പെട്ടിരുന്നതും മാനാഞ്ചിറ മൈതാനിയില്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ അര്‍ദ്ധനഗ്നകളായി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക തുടങ്ങിയ അനിസ്‌ലാമിക പ്രവണതകള്‍ വഴി ഇസ്‌ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം.ഇ.എസുമായി സഹകരിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാക്കളോട് പ്രത്യേകമായും മുസ്‌ലിം ബഹുജനങ്ങളോട് പൊതുവായും ഈ യോഗം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.' (പ്രമേയം)
16.10.1975-ന് എന്‍.കെ. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. റാബിഅത്തുല്‍ ആലമില്‍ ഇസ്‌ലാമിയോട് അവര്‍ ജുമുഅഃ ഖുതുബ, സ്ത്രീകളുടെ ജുമുഅഃ ജമാഅത്ത് എന്നീ വിഷയങ്ങളില്‍ എടുത്ത തീരുമാനത്തിന്റെ സാധുതയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു.
(റാബിതയുടെ കീഴില്‍ സംഘടിപ്പിക്കപ്പെട്ട മസ്ജിദ് കോണ്‍ഫ്രന്‍സില്‍ ജുമുഅഃ ഖുതുബ പരിഭാഷപ്പെടുത്തണമെന്നും സ്ത്രീകള്‍ പരപുരഷന്മാരൊന്നിച്ചു ജുമുഅഃ ജമാഅത്തില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. ഈ തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്യാനാണ് സമസ്ത മേല്‍ മുശാവറയില്‍ തീരുമാനിച്ചത്. തീരുമാനപ്രകാരം ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ സമസ്ത ചില ചോദ്യങ്ങളില്‍ ഉന്നയിച്ചുകൊണ്ടും ഖുര്‍ആന്‍- ഹദീസ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടും അവര്‍ക്ക് രണ്ട് കത്തയച്ചു. ഒന്നാമത്തേത് സാധാരണ കത്ത്. രണ്ടാമത്തേത് രജിസ്റ്റര്‍ ചെയ്തു. രണ്ടാമത്തെ കത്തിന് റാബിത മറുപടി അയച്ചു. പക്ഷേ, ചോദ്യങ്ങള്‍ക്കൊന്നും അതില്‍ മറുപടിയുണ്ടായിരുന്നില്ല. 'ജനങ്ങള്‍ക്ക് തിരിയാന്‍' എന്ന ഒരു വാദം മാത്രമാണ് അവരുടെ കത്തില്‍ കണ്ടത്. തിരിയണമെന്നതിന് തെളിവും കത്തിലില്ല.)
31.07.1976-ന് കൊയിലാണ്ടി ഖാസി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. സമസ്തയുടെ പ്രവര്‍ത്തനം അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ 'ഓള്‍ ഇന്ത്യാ സുന്നി ജമാഅത്ത്'മായി ബന്ധപ്പെട്ടു വേണ്ടത് ചെയ്യാന്‍ വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
2. തമിഴ്‌നാട്ടില്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ അവിടെ പര്യടനം നടത്തി കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളും നടത്തുവാന്‍ കെ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവരെ ഭാരമേല്‍പിച്ചു.
3. ശരീഅത്ത് നിയമം ഭേദഗതി ചെയ്യരുതെന്നും നിര്‍ബന്ധി വന്ധീകരണത്തില്‍നിന്ന് മുസ്‌ലിംകളെ ഒഴിവാക്കണമെന്നും ഇന്ത്യാ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി.
4. വെളിമുക്ക് ബാവ മുസ്‌ലിയാരെ മുശാവറ അംഗമായി തെരഞ്ഞെടുത്തു.
5. കേരള ഗവണ്‍മെന്റ് 4-ാം ക്ലാസിലേക്ക് അംഗീകരിച്ച അറബി പാഠപുസ്തകത്തിലെ 15-ാം പാഠം ശരീഅത്ത് വിരുദ്ധമാകയാലും അത് സുന്നികളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതായതിനാലും ആ പാഠം പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നടത്താന്‍ ടി. അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, കെ.പി. ഉസ്മാന്‍ സാഹിബ് എന്നിവരെ ഉത്തരവാദപ്പെടുത്തി.
30.09.1976-ന് ചേര്‍ന്ന മുശാവറ ഗവണ്‍മെന്റ് പ്രസ്തുത പാഠം പിന്‍വലിക്കാത്തതില്‍ അമര്‍ഷം രേഖപ്പെടുത്തുകയും വീണ്ടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. (പിന്നീട് ആ പാഠം പിന്‍വലിച്ചു.)
29.11.1976-ന് പി.എ. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തീരുമാനം:
എം.ഇ.എസിനെക്കുറിച്ചു വന്ന ചോദ്യത്തിന് താഴെ കാണിക്കുന്ന മറുപടി കൊടുക്കാന്‍ തീരുമാനിച്ചു.
'എം.ഇ.എസിനെക്കുറിച്ച് സമസ്ത മുമ്പെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. സുന്നത്ത് ജമാഅത്തിന് എതിരായ ഏത് കക്ഷിയേയും സമസ്ത ശക്തിയുക്തം എതിര്‍ക്കും. അതിനാല്‍ ഇത്തരം സംഘടനകളപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്മാരാകണം.
2. വഖഫ് സ്വത്തുക്കളെക്കുറിച്ചു മൊത്തത്തില്‍ വന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി കൊടുത്തു. 'വഖഫ് സ്വത്തുക്കള്‍ വാഖിഫിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് വിരുദ്ധമായി വിനിയോഗിക്കാന്‍ പാടുള്ളതല്ല.'
4. സമസ്തയുടെ വൈസ് പ്രസിഡണ്ടുമാരായി ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
02.06.1977-ന് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
1. കുറച്ച് മുമ്പ് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഇപ്പോള്‍ സമസ്തയുടെ ഒരു സമാന്തര സംഘടന എന്നോണം കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ 'ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദി'നെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അവരുടെ വിശദീകരണം കിട്ടിയ ശേഷം വേണ്ടത് ചെയ്യാമെന്ന് തീരുമാനിക്കുകയും വിശദീരണം തേടാന്‍ പി.എ. അബ്ദുല്ല മുസ്‌ലിയാര്‍, എം.എം. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തുകയും ചെയ്തു.
2. സമസ്തയുടെ അംഗീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്.എസ്.എഫിന്റെ കത്ത് വായിക്കുകയും എസ്.എസ്.എഫിന്റെ ഭരണം വിലയിരുത്തിയശേഷം അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് വേണ്ടത് ചെയ്യാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
04.02.1978-ന് അബ്ദുര്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. ജാമിഅഃ നൂരിയ്യ കോളേജില്‍ ഉസ്താദുമാരെയും പ്രിന്‍സിപ്പലിനെയും നിയമിക്കുന്നതും പിരിച്ചയക്കുന്നതും സമസ്ത മുശാവറയുടെ അംഗീകാരത്തോടെ മാത്രമേ ചെയ്യാവൂ എന്ന് കോളേജ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചു. ഈ വിഷയം കോളേജ് കമ്മിറ്റിയിലെ കുഞ്ഞിക്കോയ തങ്ങള്‍, എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
26.10.1978-ന് ചേര്‍ന്ന മുശാവറ തീരുമാനം.
സമസ്ത മുശാവറയിലേക്ക് കണ്ണൂര്‍ ജില്ലയില്‍നിന്ന് മൂസ മുസ്‌ലിയാരെയും മലപ്പുറം ജില്ലയില്‍നിന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
26.10.1978-ന് ചേര്‍ന്ന മുശാവറ- വിവാഹപ്രായം പുരുഷന്മാര്‍ക്ക് 21ഉം സ്ത്രീകള്‍ക്ക് 18ഉം നിശ്ചയിച്ചുകൊണ്ടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ വിവാഹ പ്രായ ബില്ലിനെതിരില്‍ പ്രതിഷേധിക്കുകയും അത് പിന്‍വലിക്കാന്‍ ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയും അതു സംബന്ധിച്ച് വേണ്ടത് ചെയ്യാന്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.
30.12.1978-ന് ചേര്‍ന്ന മുശാവറ തീരുമാനം:
3. ബറാഅത്ത് നോമ്പ് സുന്നത്താണോ എന്ന ചോദ്യവും മറ്റും അടങ്ങുന്ന ഒരു കത്തിന് ഇപ്രകാരം മറുപടി കൊടുക്കാന്‍ തീരുമാനിച്ചു. 'ബറാഅത്ത് നോമ്പ് സുന്നത്തുണ്ട്. കിതാബുകള്‍ പരിശോധിച്ചുതന്നെയാണ് അത് പാഠപുസ്തകത്തില്‍ ചേര്‍ത്തത്. അതിനാല്‍ അത് പിന്‍വലിക്കേണ്ട യാതൊരു ആവശ്യവുമില്ല.
16.06.1979-ന് ചേര്‍ന്ന മുശാവറ ഐക്യവേദിയിലേക്ക് പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാര്‍ അയച്ച കത്തിന് ഇപ്രകാരം മറുപടി കൊടുക്കാന്‍ തീരുമാനിച്ചു. 'മുസ്‌ലിം ഐക്യവേദിയാണല്ലൊ ആവശ്യം. അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്ന് നിങ്ങള്‍ തീരുമാനിച്ചാലെ ആ വേദിയിലേക്ക് സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകളല്ലെന്നും ആദ്യമായി തീരുമാനിക്കുക. എന്നിട്ട് ക്ഷണിക്കുക. പരിഗണിക്കാം.'
28.07.1979-ന് അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ അതിന്റെ പ്രധാനമായ രാഷ്ട്രീയ തീരുമാനമെടുത്തു.
28.07.1979-ന് അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം:
'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും അതിന്റെ കീഴ്ഘടകങ്ങളും രാഷ്ട്രീയമായി സംഘടിക്കേണ്ടതില്ല എന്നും എന്നാല്‍ സുന്നത്ത് ജമാഅത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയക്കാരനെയും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ യുക്തമായ നടപടികള്‍ സാന്ദര്‍ഭികമായി സ്വീകരിക്കുമെന്നും 16.06.1979-ന് ചേര്‍ന്ന മുശാവറയുടെ തീരുമാനം സുന്നി വോയ്‌സിലും മറ്റു പത്രങ്ങളിലും കൊടുത്തത് വായിച്ചുകേള്‍പ്പിച്ചു.'
2. സമസ്തയുടെ ഓഫീസും ബുക്ക് ഡിപ്പോയും ഫ്രാന്‍സിസ് റോഡില്‍ ചക്കളത്തോപ്പ് പറമ്പില്‍ പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനും അതിന്റെ ഉദ്ഘാടനം 06.08.1979-ന് നിര്‍വഹിക്കാനും തീരുമാനിച്ചു.
07.10.1979-ന് ചേര്‍ന്ന മുശാവറ തീരുമാനം:
സമസ്തയുടെ രാഷ്ട്രീയ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കളെ കണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മുസ്‌ലിംകളില്‍നിന്ന് സുന്നികളല്ലാത്തവരെ നിര്‍ത്തരുതെന്ന് ഉണര്‍ത്തുവാന്‍ തീരുമാനിച്ചു. ഇതിന് താഴെ പറയുന്ന സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 1- ടി.എ. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, 2- ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍, 3- കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍, 4- മുഹമ്മദ് ഇമ്പിച്ചി മുസ്‌ലിയാര്‍.
3. സുന്നി യുവജനസംഘത്തിന്റെ കത്ത് വായിച്ചു. പഴയ ഓഫീസ് കെട്ടിടം സുന്നി യുവജനസംഘത്തിന് ഓഫീസായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.
29.11.1979-ന് ഉള്ളാള്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തീരുമാനം.
1. ചില സ്ഥലങ്ങളില്‍ സമസ്തയെപ്പറ്റി രാഷ്ട്രീയമായി ചില തെറ്റ് ധാരണകള്‍ ഉണ്ടെന്ന് അറിവുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ താഴെ കാണുന്ന പ്രസ്താവന പുറപ്പെടീക്കാന്‍ തീരുമാനിച്ചു. 'സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവുമില്ല. ഈ സംഗതി സമസ്ത പലവുരു പ്രഖ്യാപിച്ചിട്ടുണ്ട്. വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയപാര്‍ട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കില്‍ പൊതുജനങ്ങള്‍ അതില്‍ വഞ്ചിതരാകരുത്.'
27.06.1981 ചേര്‍ന്ന മുശാവറ താഴെ പറയുന്നവരെ മുശാവറ മെമ്പര്‍മാരായി തെരഞ്ഞെടുത്തു.
1- കമ്പൂല്‍ അഹ്‌മദ് മുസ്‌ലിയാര്‍, 2- വി.പി. ഇബ്രഹീം മുസ്‌ലിയാര്‍, 3- കെ.വി. ഹംസ മുസ്‌ലിയാര്‍, 5- എന്‍. ബാവ മുസ്‌ലിയാര്‍, 6- പി.കെ. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍.
വരുന്ന മാര്‍ച്ചില്‍ സമസ്തയുടെ വാര്‍ഷികം നടത്താന്‍ തീരുമാനിച്ചു.
10.08.1981-ന് ചേര്‍ന്ന മുശാവറ തീരുമാനം.
1. ഔദ്യോഗികമായ നിലയില്‍ വല്ല വാദപ്രതിവാദവും നടത്തേണ്ടിവന്നാല്‍ ആ കാര്യം കയ്യാളാന്‍ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.കെ. അബൂക്കര്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സി.എച്ച്. ഹൈദ്രോസ് മുസ്‌ലിയാര്‍ എന്നിവരെ ഏല്‍പിച്ചു.
07.12.1982-ന് ചേര്‍ന്ന മുശാവറ തീരുമാനം.
5. ചന്ദ്രിക വാരാന്തപതിപ്പില്‍ സംഘടനാവിരുദ്ധമായ ലേഖനമെഴുതിയതിനാല്‍ സെയ്തുമുഹമ്മദ് നിസാമിയെ സമസ്തയുടെ എല്ലാ കീഴ്ഘടകങ്ങളില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു.
6. ഇടമറുകിന്റെ 'ഖുര്‍ആന്‍ വിമര്‍ശപഠനം' എന്ന പുസ്തകത്തില്‍ പ്രതിഷേധിക്കുകയം ആ വിഷയത്തില്‍ ആകുന്നത് ചെയ്യാന്‍ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു.
7. കുട്ടശ്ശേരിയുടെ ചന്ദ്രിക ലേഖനത്തില്‍വരുന്ന ഇസ്‌ലാംമത വിരുദ്ധ ഫത്‌വകളെപ്പറ്റി ചന്ദ്രികക്ക് പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചു.
9.12.1982 ല്‍ ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
1. എസ്. എസ്. എഫിന്റെ ഭാരവാഹികളെ വിളിച്ചു അവരുമായി സംസാരിച്ചു സമസ്തക്കു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. അതിനായി ബഹു ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
01.06.1983-ന് ചേര്‍ന്ന മുശാവറ തീരുമാനം:
1. എസ്. എസ്. എഫുമായി ബന്ധപ്പെടുവാന്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കണ്‍വീനറായി കൊണ്ട് മുന്‍ കമ്മറ്റിയെ തന്നെ അധികാരപ്പെടുത്തി.
5. അമ്മിനിക്കാട് മഹല്ലിലെ 'തലാഖി'നെ സംബന്ധിച്ചു ഫത്‌വാ കമ്മിറ്റി എടുത്ത തീരുമാനം സ്ഥലം ഖാളിയായ പാണക്കാട് ശിഹാബ് തങ്ങളെ അറിയിക്കാന്‍ തീരുമാനിച്ചു.
04.08.1983-ന് ചേര്‍ന്ന മുശാവറ തീരുമാനം.
1. എസ്. എസ്. എഫിന്റെ ഭരണഘടനവരുത്തി അതില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനു മേല്‍ സംഗതി ഉത്തരവാദിത്തപ്പെടുത്തിയ കമ്മറ്റിയെ വിളിച്ചുകൂട്ടാനും അടുത്തയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ചുമതലപ്പെടുത്തി.
5. സൂറത്തുന്നൂര്‍ പരിഭാഷ പെണ്‍കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നത് അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനും ആ സ്ഥാനത്ത് സമസ്ത അംഗീകരിക്കുന്ന വേറെ വല്ല ദീനിയയായ പുസ്തകവും നല്‍കാനും തീരുമാനിച്ചു.
09.07.1984-ന് സമസ്ത പ്രസിഡണ്ട് ബഹു. കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ഓഫീസില്‍ ചേര്‍ന്ന മുശാവറയുടെ തീരുമാനം:
അരീക്കാട് പള്ളിക്കമ്മിറ്റിയുടെ കത്തും അതിനെസംബന്ധിച്ചു അബൂദാബിയിലെ സയ്യിദ് അബ്ദുല്ലാ കലൈബ് സമസ്തയിലേക്ക് അയച്ച കത്തും യോഗത്തില്‍ വായിച്ചു. താഴെ കാണുന്ന തീരുമാനം പള്ളിക്കമ്മിറ്റിയെ അറിയിക്കാന്‍ തീരുമാനമെടുത്തു. 'അരീക്കാട് പള്ളിക്കാരുടെ ഹരജി വായിച്ചു. ഹരജിയില്‍പറയുന്ന കാര്യങ്ങളെപ്പറ്റി ഖണ്ഡിതമായ ഒരു തീരുമാനം എടുക്കുക എന്നത് സമസ്തയുടെ പരിധിക്കപ്പുറത്തായതുകൊണ്ട് വേണ്ടപ്പെട്ടവരുമായി നിങ്ങള്‍തന്നെ ബന്ധപ്പെട്ടു നിവാരണം ഉണ്ടാക്കേണ്ടതാണ്.
12.11.1984-ന് പ്രസിഡണ്ട് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
1985 ഫെബ്രുവരി 1, 2, 3 തിയ്യതികളില്‍ വാര്‍ഷിക സമ്മേളനം നടത്താനുള്ള സമ്മേളന സ്വാഗതസംഘം കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചു. വാര്‍ഷിക സമ്മേളനത്തിന് മുമ്പായി ഉലമാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള വിയോജിപ്പുകള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു അനുരജ്ഞന കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങള്‍ ഇവരാണ്. 1- സയ്യിദ് അബ്ദുറഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍. 2- കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, 3- എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, 4- സൈനുദ്ദീന്‍ മുസ്‌ലിയാര്‍, 5- കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍. ഈ കമ്മിറ്റി അടിയന്തിര നടപടി സ്വീകരിക്കാനും തീരുമാനിച്ചു. (അരീക്കാട് പള്ളി പ്രശ്‌നം സംബന്ധിച്ചു സമസ്ത നേതാക്കല്‍ക്കിടക്കും മലപ്പുറം ജില്ലയില്‍ സമസ്ത കേരള സുന്നി യുജനസംഘത്തിന്റെ തന്നെ രണ്ട് ജില്ലാ ഘടകം ഒരേ സമയത്ത് രൂപംകൊണ്ടപ്പോള്‍ സുന്നി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ വിയോജിപ്പുകളായിരുന്നു കമ്മിറ്റിക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.)
അനുരജ്ഞനക്കമ്മിറ്റി അതിന്റെ പ്രവര്‍ത്തനം നന്നായി നിര്‍വഹിച്ചതിന്റെ പേരില്‍ 22.12.1984-ന് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് തൊട്ട് മുമ്പായി എല്ലാ പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ന്നു നേതാക്കളും പ്രവര്‍ത്തകരും യോജിപ്പിലെത്തി. പിന്നീട് മുശാവറ (22.12.1984) ജില്ല സുന്നി യുവജനസംഘത്തിന്റെ രണ്ട് ഘടകത്തെയും പിരിച്ചുവിട്ടു. അടുത്ത കമ്മിറ്റി രൂപീകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നേരത്തെ തീരുമാനിച്ച വാര്‍ഷികം 1985 ഫെബ്രുവരി 1, 2, 3, തിയ്യതികളില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. മുശാവറ സമംഗളം പിരിഞ്ഞു.
08.08. 1985 നു ഉള്ളാള്‍ കുഞ്ഞിക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
താഴെ പറയുന്ന പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
1. പൂര്‍വ്വ മുസ്‌ലിംകളായ സ്വഹാബത്ത്, താബിഉകള്‍, ഇമാമുകള്‍ എന്നിവരുടെ കാലം മുതല്‍ മുസ്‌ലിംകള്‍ പിന്തുടരുന്ന ശരീഅത്ത് നിയമങ്ങള്‍ ഒരിക്കലും ഭേദഗതിചെയ്യാവതല്ല.
2. ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ശരീഅത്തിന്റെ യഥാര്‍ത്ഥ രൂപം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കാനും മറ്റും പൊതുയാഗങ്ങള്‍ സംഘടിപ്പിച്ചു ആവശ്യമായത് ചെയ്യേണ്ടതാണെന്നും കീഴ്ഘടങ്ങളോട് ആവശ്യപ്പെടുന്നു.
3. ശരീഅത്ത് സംബന്ധമായ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും മെമ്മോറാണ്ടം തയാറാക്കി പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനും ജനറല്‍ സെക്രട്ടറി ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡണ്ട് കുഞ്ഞിക്കോയ തങ്ങള്‍, എസ് .വൈ. എസ് സെക്രട്ടറി എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
4. അന്ത്രോത്ത് ദീപുകാരനായ പൂക്കോയ തങ്ങള്‍ എന്നയാള്‍ പ്രചരിപ്പിച്ചുവരുന്ന ശംസിയ്യ ത്വരീഖത്തിനെ കുറിച്ച് വിവിധ കേന്ദ്രങ്ങളില്‍നിന്നും ലഭിച്ച കത്തുകള്‍ വായിക്കുകയും പ്രസ്തുത ത്വരീഖത്ത് തെറ്റായതും വഴി പിഴച്ചതും ആകയാല്‍ മുസ്‌ലിംകള്‍ അതുമായി ബന്ധപ്പെടാനോ സഹകരിക്കാനോ പാടില്ല.
(84 മുതല്‍ 1993 വരെയുള്ള മിനുട്‌സുകള്‍ പരിശോധിക്കാന്‍ സാധിച്ചിട്ടില്ല)
20.11.1993 ശനിയാഴ്ച പകല്‍ 11 മണിക്ക് സമസ്ത വൈസ് പ്രസിഡണ്ട് സി.എച്ച്. ഐദ്രോസ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന മുശാവറ തീരുമാനങ്ങള്‍.
1. മണ്‍മറഞ്ഞ മഹാന്മാര്‍ കെട്ടിപ്പടുത്ത ഈ മഹാപ്രസ്ഥാനം നശിപ്പിക്കുവാന്‍ തയ്യാറെടുത്തതിന്റെ തെളിവാണ് ടി.സി. മുഹമ്മദ് മുസ്‌ലിയാര്‍ കൊടുത്ത 05/697/88-ാം നമ്പര്‍ കേസെന്നും അദ്ദേഹം കൊടുത്ത അന്യായം തള്ളിയ വിവരം അറിയിക്കുകയും സമസ്തയുടെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാ ദീനീ സ്‌നേഹികളെയും അഭിനന്ദിക്കുകയും സത്യം മനസ്സിലാക്കി എല്ലാവരോടും ഒറ്റക്കെട്ടായി സമസ്തക്കു പിന്നില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.
2. റഈസുല്‍ മുഹഖിഖീന്‍ ഉസ്താദുല്‍ അസാതീദ് കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍ 19.11.1993-ന് പരലോകം പ്രാപിച്ചതിനെ തുടര്‍ന്ന് ഒഴിവുവെന്ന പ്രസിഡണ്ട് സ്ഥാനത്തേക്ക് വൈസ് പ്രസിഡണ്ടായിരുന്ന കെ.കെ. അബൂബക്കര്‍ ഹസ്‌റത്തിനെയും അതോടെ ഒഴിവുവന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അസ്ഹരി വളാഞ്ചേരി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ചാവക്കാട് എന്നിവരെയും ഐക്യകണ്‌ഠേന തെരഞ്ഞെടുക്കുകയും അതോടെ മുശാവറയില്‍ വന്ന ഒഴിവിലേക്ക് തേഞ്ഞിപ്പലത്തെ ഇബ്രാഹീം പുത്തൂര്‍ ഫൈസിയെയും തെരഞ്ഞെടുത്തു.
3. സമസ്തയുടെ ജനറല്‍ സെക്രട്ടറിയുടെ ഒപ്പിന്റെ വ്യാജസീല്‍ പതിച്ചു അംഗത്വഫീസ് അടച്ചു എന്ന് കളവായി തേര്‍ച്ചപ്പെടുത്തികൊണ്ട് പലരും കോഴിക്കോട് കോടതിയിലെ 05/697/88-ാം നമ്പര്‍ കേസിലെ അന്യായക്കാരനെപോലെ സമസ്തയുടെ അംഗത്വം ചമഞ്ഞുകൊണ്ട് മുന്നോട്ടുവന്നത് കണക്കിലെടുത്ത് ആവക വ്യാജന്മാരുടെ അവകാശവാദങ്ങള്‍ ഇല്ലാതാക്കുവാനും, സത്യസ്ഥിതി ബോധ്യപ്പെടുത്തുവാനും വേണ്ടുന്നവിധം കൈകാര്യം ചെയ്തു സമസ്തയെ രക്ഷിക്കാന്‍ ആവശ്യമായ നടപടിയും സ്വീകരിക്കുവാനും ജനറല്‍ സെക്രട്ടറി ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരെ അധികാരപ്പെടുത്തി.
18.05.1994 ബുധന്‍ പകല്‍ 11 മണിക്ക് കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ടി.കെ.എം. ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. കളമശ്ശേരിയില്‍നിന്നുള്ള എം.എം. മുഹ്‌യിദ്ദീന്‍ മൗലവി, പാപ്പിനിശ്ശേരിയില്‍നിന്നുള്ള പി.കെ.പി. അബ്ദുസ്സലാം മൗലവി, കാസര്‍ഗോഡ് മൊഗ്രാലില്‍നിന്നുള്ള യു.എം. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
10.11.1994 വ്യാഴാഴ്ച 11 മണിക്ക് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. എസ്.കെ.ഐ.എം.വി.ബി.യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ചേളാരിയിലെ ഖാദിരിയ്യാ ജുമാ മസ്ജിദ് വകയുള്ള കെട്ടിടത്തില്‍ തല്ലിപൊളിയും തീവെച്ചും നാശനഷ്ടങ്ങള്‍ വരുത്തിയവരെ കണ്ടുപിടിച്ചു നിയമപരമായി ശിക്ഷിക്കണമെന്ന് കേരള ഗവണ്‍മെന്റിനോടും മറ്റു ബന്ധപ്പെട്ടവരോടും അഭ്യര്‍ത്ഥിച്ചു.
06.05.1995 വ്യാഴാഴ്ച പകല്‍ 11 മണിക്ക് അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
01.06.1995-ന് മരണപ്പെട്ട കെ.കെ. അബൂബക്കര്‍ ഹസ്‌റത്തിന്റെ ഒഴിവിലേക്ക് പ്രസിഡണ്ടായി നിലവിലെ വൈസ് പ്രസിഡണ്ട് അസ്ഹരി തങ്ങളെയും വൈസ് പ്രസിഡണ്ടിന്റെ ഒഴിവിലേക്ക് ഖജാഞ്ചിയായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെയും ഖജാഞ്ചിയുടെ ഒഴിവിലേക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
2. 1996 മാര്‍ച്ചില്‍ കോഴിക്കോട് എഴുപതാം വാര്‍ഷിക സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
18.05.1995-ന് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ പ്രമേയം:
1. മുസ്‌ലിംകള്‍ ഇന്ത്യയില്‍ അവരുടെ ശരീഅത്ത് നിയമമനുസരിച്ച് ജീവിച്ചുവരുന്ന സമുദായമാമ്. കേന്ദ്ര ഗവണ്‍മെന്റ് ഏക സിവില്‍കോഡിനെ സംബന്ധിച്ചു അഭിപ്രായം രൂപീകരിക്കുകയോ, പാര്‍ലിമെന്റില്‍ അതിനെ സംബന്ധിച്ച് വല്ലതും അവതരിപ്പിക്കുവാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്ന പക്ഷം മുസ്‌ലിം സമുദായത്തെ അതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോടും മറ്റു ബന്ധപ്പെട്ടവരോടും ഇതിനാല്‍ അപേക്ഷിക്കുന്നു.
മുസ്‌ലിം സമുദായം അപകടം മനസ്സിലാക്കി പരിപൂര്‍ണമായി യോജിച്ചു ഈ പ്രശ്‌നത്തില്‍ വേണ്ടത് ചെയ്യണമെന്നും ഏക സിവില്‍ കോഡില്‍നിന്നും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന ശബ്ദം ഒറ്റക്കെട്ടായി ഉയര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
2. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മെയ് 24-ന് ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് വിപുലമായ ശരീഅത്ത് വിശദീകരണ പൊതുയോഗം നടത്തുവാന്‍ തീരുമാനിച്ചു. മുതലക്കുളത്തു സമ്മേളനം നടത്തുന്നതിന് ആവശ്യമായത് ചെയ്യുവാന്‍ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍, എം.പി. മൂസ മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
3. എല്ലാ മഹല്ലുകളിളും, സ്ഥാപനങ്ങളും, ഏക സിവില്‍കോഡിനെതിരെ സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രതിഷേധമറിയിക്കാനും ഇന്ത്യന്‍ പ്രസിഡണ്ട്, പ്രധാനമന്ത്രി, നിയമമന്ത്രി, ആഭ്യന്തര മന്ത്രി മുതലായവര്‍ക്ക് കമ്പി സന്ദേശമയക്കാനും അഭ്യര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു.
4. ഏക സിവില്‍കോഡ് സംബന്ധിച്ച് മുസ്‌ലിംകളുടെ വികാരം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ഡല്‍ഹിയിലേക്ക് പ്രതിനിധികളെ അയക്കുവാന്‍ തീരുമാനിച്ചു.
5. കാശ്മീരിലെ ചരാരെ ശരീഫ് പള്ളി അഗ്നിക്കിരയാക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്തു. തല്‍സംബന്ധമായി പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ അവതാരകനായും യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അനുവാദകനായും താഴെ പറയുന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
ബാബരി മസ്ജിന്റെ തകര്‍ച്ചക്കു ശേഷം ചരാരെ ശരീഫ് പള്ളി അഗ്നിക്കിരയാക്കപ്പെട്ടതില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതും ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും മതിയായ സംരക്ഷണം നല്‍കണമെന്നും കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളോട് അപേക്ഷിക്കുന്നു.
20.07.1995-ന് സയ്യിദ് അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, പെരുവള്ളൂര്‍ ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍, പനങ്ങാട്ടൂര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പൊന്മള കെ.പി. ഫരീദ് മുസ്‌ലിയാര്‍, ചെമ്പിട്ടപ്പള്ളി മുദരിസ് കെ. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരെ ുശാവറയിലേക്ക് തെരഞ്ഞെടുത്തു.
28.03.1996 വ്യാഴാഴ്ച അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ പ്രമേയം.
1. മത സ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിച്ച മതേതര ജനാധിപത്യ ഇന്ത്യയില്‍ ഏത് മതവിഭാഗത്തിന്നും ഭരണഘടനാനുസൃതമായി ഉറപ്പുനല്‍കപ്പെട്ട മത വിശ്വാസാനുഷ്ഠാന പ്രചരണ സ്വാതന്ത്ര്യത്തിന്ന് നിരക്കാത്ത ഏക സിവില്‍ കോഡ് ഇന്ത്യന്‍ മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പിക്കരുതെന്ന് ഈ യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു എന്ന പ്രമേയം കെ.ടി. മാനു മുസ്‌ലിയാര്‍ അവതാരകനായും സി. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുവാതകനായും അവതരിപ്പിക്കുകയും യോഗം പാസ്സാക്കുകയും ചെയ്തു.
2. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വളരെയധികം വേദനിപ്പിച്ചുകൊണ്ട് 1992 ഡിസംബര്‍ 6-ാം തിയ്യതി വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ക്കുക വഴി മുസ്‌ലിം സമുദായത്തിനു നേരെ വമ്പിച്ച അനീതിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.
കയ്യൂക്കിന്റെ വിജയം ആഘോഷിച്ച ഫാസിസ്റ്റുകള്‍ ഏതാനും പള്ളികളുടെ മേല്‍കൂടി അവകാശവാദം ഉന്നയിച്ചതായി കേള്‍ക്കുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മതേതരത്വവും രാജ്യത്തിന്റെ സര്‍വ്വമത സൗഹൃദ പൈതൃകവും നിലനിര്‍ത്തുന്നതിന്നായി ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈ യോഗം കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയം സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ അവതാരകനായും പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ അനുവാതകനായും അവതരിപ്പിക്കുകയും മുശാവറ സര്‍വ്വസമ്മതമായി പാസ്സാക്കുകയും ചെയ്തു.
3. മുസ്‌ലിം സമുദായത്തിന്റെ മതാചാരവും സാമുദായികവുമായ അവകാശാധികാരങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാമദ്ധമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏഴ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയതനുസരിച്ച് സമുദായത്തിന്റെ നിലനില്‍പിന്നും ഭദ്രതയ്ക്കും വേണ്ടി ഒറ്റക്കെട്ടായി മുന്നേറണമെന്നും ഇന്ത്യന്‍ മതേതരത്വത്തെ വെല്ലുവിളിച്ചു വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ശക്തിയാര്‍ജ്ജിച്ചു വരുന്ന ഈ ചുറ്റുപാടിന്റെ ഗൗരവം മനസ്സിലാക്കി ബോധപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും, എല്ലാ മുസ്‌ലിംകളോടും ഈ യോഗം അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അവതാരകനായും ഒ.കെ. അര്‍മിയാഅ് മുസ്‌ലിയാര്‍ അനുവാദകനായും അവതരിപ്പിച്ചത് യോഗം സര്‍വ്വസമ്മതമായി പാസ്സാക്കി.
4. അന്ത്യപ്രവാചകരും പുണ്യസ്വഹാബാക്കളും, സച്ചരിതരായ പൂര്‍വ്വഗാമികളും വ്യക്തമായി വരച്ചുകാണിച്ച യഥാര്‍ത്ഥ ഇസ്‌ലാമിക പാന്ഥാവ് അഹ്‌ലുസുന്നത്തി വല്‍ ജമാഅയുടെ ആധികാരിക പ്രചരണ പ്രബോധന വേദിയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഇന്ത്യക്കകത്തും പുറത്തും തുല്യതയില്ലാത്ത പണ്ഡിത സഭയാണെന്ന വസ്തുത ഏവരാലും അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്.
ഈ മഹല്‍ പ്രസ്ഥാനത്തെ ആക്ഷേപിക്കുവാനും അവഹേളിക്കുവാനും ശിഥിലമാക്കുവാനും വിവിധ തലങ്ങളില്‍ ശ്രമം നടന്നുവരുമ്പോള്‍ ജമാഅത്തിന്റെ നിലനില്‍പ്പും പ്രചരണവും ആഗ്രഹിക്കുന്ന മുഴുവന്‍ മുസ്‌ലിം സഹോദരങ്ങളും സമസ്തയെ ശക്തിപ്പെടുത്തുന്നതിന് ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഈ യോഗം ആഹ്വാനം ചെയ്യുന്നു എന്ന പ്രമേയം ഇബ്രാഹീം പുത്തൂര്‍ ഫൈസി അവതാരകനായും എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അനുവാദകനായും അവതരിപ്പിക്കുകയും മുശാവറ സര്‍വ്വസമ്മതമായി പാസ്സാക്കുകയും ചെയ്തു.
29.08.1996 വ്യാഴാഴ്ച അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. 19.08.1999-ന് തിങ്കള്‍ പുലര്‍ച്ചെ 5.05-ന് മരണപ്പെട്ട ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ ഒഴിവിലേക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
2. പുതിയ ഫത്‌വ കമ്മിറ്റിയിലേക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കണ്‍വീനറും സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എം. അബ്ദുല്ല മുസ്‌ലിയാര്‍, എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു. പ്രസ്തുത കമ്മിറ്റിയുടെ യോഗം എല്ലാ ഒന്നാം ശനിയാഴ്ചയും ചേരാനും ഏഴു പേരില്‍ നാലുപേരെങ്കിലും എടുക്കുന്ന തീരുമാനം ഫത്‌വയായി നല്‍കാനും തീരുമാനിച്ചു.
3. ശംസുല്‍ ഉലമയുടെ സ്മരണിക ഇറക്കാനും വരക്കന്‍ മഖാമും പള്ളിയും പുതുക്കിപണിയുന്നതോടെ ശംസുല്‍ ഉലമയുടെ മഖാമും അതില്‍പെടുത്താനും തറക്കല്ലിടല്‍ 27.06.1996-ന് ഉമറലി ശിഹാബ് തങ്ങളെകൊണ്ട് നടത്തിക്കാനും തീരുമാനിച്ചു.
4. വല്ലപ്പുഴ ദാറുല്‍ ഇസ്‌ലാം യതീംഖാന കമ്മിറ്റിയിലേക്ക് മുശാവറ പ്രതിനിധികളായി പി.എം. ഇമ്പിച്ചി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ എന്നിവരെ അനുവദിക്കുന്ന പക്ഷം പ്രവര്‍ത്തനത്തിനു സൗകര്യമായിരുന്നു എന്ന കമ്മിറ്റിയുടെ അപേക്ഷ സ്വീകരിച്ചു.
12.10.1996-ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. പൊട്ടച്ചിറ അന്‍വരിയ്യാ അറബിക് കോളേജിന്റെ അപേക്ഷ വായിച്ചു. കമ്മിറ്റിയിലേക്ക് കെ.ടി. മാനു മുസ്‌ലിയാര്‍, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ബാപ്പു മുസ്‌ലിയാര്‍ എന്നിവരെ പ്രവര്‍ത്തക സമിതിയിലേക്കുള്ള മുശാവറ പ്രതിനിധികളായി അറിയിച്ചുകൊണ്ടുള്ള വിവരം അയക്കാന്‍ തീരുമാനിച്ചു.
2. ശംസുല്‍ ഉലമയുടെ മഖാമില്‍ വെച്ച് എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച രാവില്‍ സ്വലാത്ത് നടത്താനും 17.10.1996-ന് വ്യാഴാഴ്ച മഗ്‌രിബിനു ശേഷം തുടങ്ങാനും തീരുമാനിച്ചു.
24.02.1997-നു കൂടിയ യോഗത്തില്‍ ഒരു പത്രം തുടങ്ങന്നതു സംബന്ധിച്ച് തിരൂര്‍ക്കാട് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുതല്‍ 17 പേര്‍ ഒപ്പിട്ടയച്ച അപേക്ഷ വായിച്ചു ചര്‍ച്ച ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന കാലത്തോളം സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന് അറിയിക്കാന്‍ തീരുമാനിച്ചു.
ടി.സി. മുഹമ്മദ് മുസ്‌ലിയാരുടെ സമസ്തക്ക് എതിരെയുള്ള കേസിന് ബഹു. ഹൈക്കോടതിയില്‍ ആവശ്യമായത് ചെയ്യാന്‍ ജനറല്‍ സെക്രട്ടറിയെ അധികാരപ്പെടുത്തി. ബഹു. ഹൈക്കോടതിയിലെ അ 1494/97 കേസില്‍ സമസ്തയ്ക്ക് അനുകൂലമായി ലഭിച്ച വിധിക്കെതിരെ ബഹു. സുപ്രീം കോടതിയില്‍ എ.പി. അബൂബക്കര്‍ മുസ്‌ലിയാരോ മറ്റോ വല്ല നടപടിയും സ്വീകരിക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ ജനറല്‍ സെക്രട്ടറിയെ അധികാരപ്പെടുത്തി.
തിരൂര്‍ക്കാട് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതാരകനായും എം. ഇബ്രാഹീം പുത്തൂര്‍ ഫൈസി അനുവാദകനുമായും അവതരിപ്പിച്ച താഴെ പറയുന്ന പ്രമേയം ഐക്യകണ്‌ഠേന പാസ്സാക്കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1945 മുതല്‍ തയ്യാറാക്കി അംഗീകരിച്ചുവരുന്നതും താഴെ പറയുന്ന രൂപത്തിലുള്ളതുമായ പതാക സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എംബ്ലം (ചിഹ്നം) മായി നിയമാവലിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഈ യോഗം അംഗീകാരിക്കുന്നു.
നീളത്തിന്റെ മൂന്നില്‍ രണ്ട് വീതിയെന്ന തോതിലുള്ളതും താഴ് ഭാഗം വീതിയുടെ നാലില്‍ ഒന്ന് മുഴുവന്‍ നീളത്തില്‍ പച്ചയും മുകളില്‍ ഇടത് വശത്ത് ബാക്കിയുള്ള നീളത്തിന്റെ മുന്നില്‍ ഒന്ന് മാന്തളിരും അതില്‍ മുകളിലായി വെള്ളയില്‍ ചന്ദ്രക്കലയും നക്ഷത്രവും, നീളത്തില്‍ പച്ച കഴിച്ചു ബാക്കി വരുന്നതായ ആകെ നീളത്തിന്റെ മൂന്നില്‍ രണ്ട് വെള്ളയും വെള്ളയുടെ ഇടത് വശത്തായി നീലയില്‍ മിനാരവും അതിന്റെ വലത് വശത്തായി നീലയില്‍ ഖുബ്ബയും ആലേഖനം ചെയ്യപ്പെട്ടതുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എംബ്ലം (ചിഹ്നം) ഇവതന്നെ പതാകയായും ഉപയോഗിക്കുക.
ശേഷം നടന്ന ചര്‍ച്ചയില്‍ നിയമാവലിയുടെ 6-ല്‍ (എല്‍) ആയി എംബ്ലം (ചിഹ്നം) എന്ന തലക്കെട്ടില്‍ നീളത്തിന്റെ മൂന്നില്‍ രണ്ട് വീതിയെന്ന തോതിലുള്ളതും താഴ്ഭാഗം വീതിയുടെ നാലില്‍ മൂന്ന് മുഴുനീളത്തില്‍ പച്ചയും അതിന്റെ മുകളില്‍ ഇടത് വശത്ത് ബാക്കിയുള്ള നീളത്തിന്റെ മൂന്നില്‍ ഒന്ന് മാന്തളിരും അതില്‍ മുകളിലായി വെള്ളയില്‍ ചന്ദ്രക്കലയും നക്ഷത്രവും, നീളത്തില്‍ പച്ച കഴിച്ചു ബാക്കി വരുന്നതായ ആകെ നീളത്തിന്റെ മൂന്നില്‍ രണ്ട് വെള്ളയും വെള്ളയുടെ ഇടത് വശത്തായി നീലയില്‍ ഖുബ്ബയും ആലേഖനം ചെയ്യപ്പെട്ടതുമായിരിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ചിഹ്നം. ഇവ തന്നെ പതാകയായും ഉപയോഗിക്കുക എന്ന് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
താമസിയാതെ ജനറല്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് മേല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുവാനും എംബ്ലം (ചിഹ്നം) രജിസ്റ്റര്‍ ചെയ്യുവാനും തീരുമാനിച്ചു.
22.03.1997 ശനി 11 മണിക്ക് ടി.കെ.എം. ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ പ്രമേയം:
1. ഒരു പ്രദേശത്ത് ഒരാള്‍ ഖാളിയാകണമെങ്കില്‍ ആ പ്രദേശത്തെ 'അഹ്‌ലുല്‍ ഹല്ലി വല്‍ അഖദ്' (ഒരു കാര്യം തീരുമാനിക്കാനും ദുര്‍ബലപ്പെടുത്താനും അര്‍ഹതയുള്ളവര്‍) അയാളെ ഖാളിയായി നിശ്ചയിക്കണം. അങ്ങനെ നിശ്ചയിക്കാതെ ഒരാള്‍ ഖാളിയാണെന്ന് അയാള്‍ സ്വന്തമായോ, അനര്‍ഹരായ ഏതാനും പര്‍ ചേര്‍ന്നോ പ്രഖ്യാപിക്കുന്നതുകൊണ്ട് അയാള്‍ ഖാളിയാവുകയില്ല. അതുകൊണ്ടുതന്നെ ഖാളിയെന്ന നിലക്ക് അയാളുടെ വിധിയോ തീരുമാനങ്ങളോ സ്വീകാര്യമല്ല എന്ന പ്രമേയം കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ അവതാരകനായും ഒ.കെ. അര്‍മിയാ മുസ്‌ലിയാര്‍ അനുവാതകനായും അവതരിപ്പിച്ചു ഐക്യകണ്‌ഠേന പാസ്സാക്കി.
2. പരപുരുഷ സങ്കലനത്തിന്നിട നല്‍കുന്നവിധം അനിവാര്യഘട്ടങ്ങളിലല്ലാതെ സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് ഇസ്‌ലാം നിരോധിച്ചതാകുന്നു. ഫിത്‌നയും ഫസാദും ഉള്ളതിനാല്‍ ജുമുഅ ജമാഅത്തിനായി സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് നിഷിദ്ധവുമാണ്. സ്ത്രീകളുടെ സംരക്ഷണ ചുമതല പുരുഷന്മാരെ ഏല്‍പിച്ചുകൊണ്ട് പൊതു രംഗം പുരുഷന്മാര്‍ക്കും ഗാര്‍ഹികരംഗം സ്ത്രീകള്‍ക്കുമായി ഇസ്‌ലാം വിഭജിച്ചിരിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാതെ സ്ത്രീകളെ പുറത്തിറക്കാനും പള്ളിയില്‍ കൊണ്ടുപോകാനും ചിലര്‍ കാണിക്കുന്ന വ്യഗ്രതയില്‍ ഈ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തുന്നു. മുസ്‌ലിം സമുദായവും സമുദായ നേതാക്കളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഈ യോഗം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു എന്ന പ്രമേയം കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവതാരകനായും എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ അവനുവാതകനായും അവതരിപ്പിക്കുകയും സര്‍വ്വസമ്മമായി പാസ്സാക്കുകയും ചെയ്തു.
3. നമ്മുടെ കോളേജുകളിലെ പരീക്ഷയും സനദും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തിലാവണമെന്നത് സംബന്ധിച്ചു ചര്‍ച്ച ചെയ്തു. അതത് കോളേജിലെ ബന്ധപ്പെട്ടവരുമായി ആലോചിച്ചു ആവശ്യമായത് ചെയ്യാന്‍ തീരുമാനിച്ചു.
07.08.1997-ന് വ്യാഴം ഉച്ചക്ക് 1 മണിക്ക് അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മുശാവറ
1. ടി.സി. മുഹമ്മദ് മുസ്‌ലിയാര്‍ സമസ്തക്കെതിരെ കോഴിക്കോട് ജില്ലാ കോടതിയില്‍ അഡീഷണല്‍ ഡി.സി.ക്ക് കൊടുത്തിരുന്ന അപ്പീല്‍ ചെലവ് സഹിതം തള്ളിയ വിവരവും അത് സംബന്ധമായും മറ്റു കേസുകള്‍ സംബന്ധമായും ചെയ്ത കാര്യങ്ങള്‍ വിവരിച്ചു.
2. ആന്ത്രോത്ത് ദ്വീപിലെ ജുമാ മസ്ജിദിലേക്ക് ഒരു ഖാളിയെ ഇന്റര്‍വ്യൂ ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ഭരണകൂടത്തില്‍നിന്നും അഡ്മിനിഷ്‌ട്രേറ്റര്‍ അയച്ച കത്തു വായിച്ചു പ്രസ്തുത അപേക്ഷയില്‍ പറഞ്ഞ പ്രകാരം ഇന്റര്‍വ്യൂ നടത്തുന്നതിനു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, ഖാരിഅ് പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
3. എസ്.കെ.എസ്.എസ്.എഫിനെ അംഗീകരക്കണമെന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവരുടെ നിയമാവലി വായിച്ചു പരമാധികാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കാണെന്ന് വ്യക്തമാക്കുന്ന രീതിയില്‍ നിയമാവലി ഭേദഗതി വരുത്തേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുകയും പ്രസ്തുത വിവരം അവരെ അറിയിക്കാനും അതുപ്രകാരം നിയമാനുസൃതം മാറ്റം വരുത്തി സര്‍ട്ടിഫൈഡ് കോപ്പി ഹാജറാക്കിയാല്‍ അംഗീകാരത്തെക്കുറിച്ച് ആലോചിക്കാമെന്നും തീരുമാനിച്ചു.
4. ഫത്‌വാ കമ്മിറ്റിയിലേക്ക് കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരെ കൂടി തെരഞ്ഞെടുത്തു.
5. കോളേജുകളിലെ സിലബസും പരീക്ഷയും ഏകീകരിക്കുന്നതു സംബന്ധിച്ചു ആലോചിക്കാന്‍ തീരുമാനിച്ചു.
ജാമിഅഃ നൂരിയ്യ പട്ടിക്കാട്, നന്തി ദാറുസ്സലാം, കടമേരി റഹ്‌മാനിയ്യ, പൊട്ടച്ചിറ അന്‍വരിയ്യ, പാപ്പിനിശ്ശേരി അത്തര്‍ബിയ്യത്തു സുന്നിയ്യ, എടവണ്ണപ്പാറ റശീദിയ്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഔദ്യോഗിക ഭാരവാഹികളെയും പ്രിന്‍സിപ്പാള്‍മാരെയും വിളിച്ചുകൂട്ടി ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, കെ.ടി. മാനു മുസ്‌ലിയാര്‍, സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
08.09.1997 തിങ്കള്‍ രാവിലെ 11 മണിക്ക് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. കോഴിക്കോട് ജില്ലയിലെ സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തകരും പുതുതായി രൂപംകൊണ്ട സംയുക്ത മഹല്ല് ജമാഅത്തിന്റെ പ്രവര്‍ത്തകരും തമ്മിലുള്ള അനൈക്യം കാരണം സുന്നത്തു ജമാഅത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നു കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പരാതി വായിച്ചു ചര്‍ച്ച ചെയ്തു. ഇരുകൂട്ടരെയും വിളിച്ചുകൂട്ടി ആവശ്യമായതു ചെയ്തു പ്രശ്‌നം പരിഹരിക്കാന്‍ കെ.ടി. മാനു മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
2. തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ഇരുമ്പശ്ശേരിക്കാരുടെ കത്തു വായിച്ചു തബ്‌ലീഗ് ജമാഅത്തിനെകുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെടുത്ത മുന്‍ തീരുമാനത്തിനു യാതൊരു മാറ്റവുമില്ലെന്നു സുന്നി അഫ്കാര്‍ മുഖേന പ്രസിഡണ്ടിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ട് കൊടുക്കാനും ഹരജിക്കാര്‍ക്ക് മറുപടി കൊടുക്കാനും തീരുമാനിച്ചു.
3. നമ്മുടെ പാവപ്പെട്ട മഹല്ലുകളെ സഹായിക്കാന്‍ മസ്ജിദ് ഫണ്ട് ഉണ്ടാക്കണമെന്നും മറ്റും കാണിച്ചുകൊണ്ടുള്ള പരപ്പന്‍ പൊയില്‍ നുസ്‌റത്തുല്‍ മുസ്തജീന്‍ സംഘത്തിന്റെ അപേക്ഷ വായിച്ചു. മേല്‍കാര്യം സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യേണ്ടതാകയാലും മറ്റു പ്രായോഗിക പ്രയാസങ്ങളുള്ളതിനാലും മുശാവറ നേരിട്ട് ഇടപെടേണ്ടതില്ലെന്നും അവരുന്നയിച്ച പ്രശ്‌ന പരിഹാരത്തിനു മറ്റു നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു.
4. കേരള ഹൈക്കോടതിയിലുള്ള ഛജ/9323/90 കേസില്‍ ജില്ലാ റജിസ്ട്രാഫീസില്‍ ഭരണസമിതി അംഗങ്ങലുടെ പേരുകള്‍ സംബന്ധിച്ച ഫയലാക്കുന്ന ലിസ്റ്റുകളില്‍ തര്‍ക്കം വന്നാല്‍ അവ പരിശോധിച്ചു ശരിയായവ കണ്ടെത്തി ഫയലില്‍ സ്വീകരിക്കുന്നതിനു ജില്ലാ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്ന ബഹു ഹൈക്കോടതിയുടെ വിധിയിന്മേല്‍ സമസ്തക്കു ദോഷം വരാന്‍ ഇടയുള്ളതുകൊണ്ട് അപ്പീല്‍ കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്ത വിവരം ജനറല്‍ സെക്രട്ടരി വിവരിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.
26.04.1998 ഞായര്‍ രാവിലെ 11 മണിക്ക് രാമപുരത്തു നടക്കുന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളന നഗരിയില്‍ അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കീഴ്ഘടകങ്ങളായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, എസ്.വൈ.എസ്., എസ്.എം.എഫ്. എന്നിവയില്‍നിന്നു രണ്ടു പ്രതിനിധികള്‍ വീതവും സമസ്തയോട് അംഗീകാരത്തിന് ആവശ്യപ്പെട്ടു. അതു സംബന്ധിമായ നടപടികള്‍ തുടര്‍ന്നുവരുന്ന സ്ഥിതിക്ക് എസ്.കെ.എസ്.എസ്.എഫിന്റെ രണ്ട് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ആസൂത്രണ സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
03.09.1998 വ്യാഴം രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന മുശാവറ.
1. മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശം സംബന്ധിച്ചു വന്ന കത്തു ചര്‍ച്ച ചെയ്യുകയും ഈ അടുത്ത കാലത്തായി രാഷ്ട്രീയ സ്റ്റേജുകളില്‍ പരപുരുഷന്മാരോടൊപ്പം വേദി പങ്കിടുന്നത് സംബന്ധിച്ച് രാഷ്ട്രീയ നേതാക്കളെ വിളിച്ചുവരുത്തി പ്രസ്തുത കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായതു ചെയ്തു റിപ്പോര്‍ട്ട് നല്‍കാന്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
07.11.1998-ന് അസ്ഹരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. വളപുരം ത്വലാഖ് പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യവേ, മേല്‍ വിഷയത്തില്‍ ഉണ്ടായ കാര്യങ്ങളെല്ലാം ജനറല്‍ സെക്രട്ടറി വിവരിക്കുകയും പ്രസ്തുത വിഷയം സംബന്ധിച്ചു നല്‍കിയ ഫത്‌വ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. പ്രസ്തുത ഫത്‌വക്കെതിരില്‍ ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ വഞ്ചിതരാകരുതെന്നും പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
2. യു.എ.ഇ.യില്‍വെച്ച് ബഹു സമസ്ത പ്രസിഡണ്ടിനോട് അവിടെയുള്ള അലിയ്യുല്‍ ഹാശിമി ഈ അടുത്ത കാലത്ത് സമസ്തയില്‍നിന്നു വിട്ടുപോയവരുമായി മസ്‌ലഹത്ത് ആവണമെന്ന് ആവശ്യപ്പെടുകയും പ്രസ്തുത വിഷയം ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ വെച്ചാവാമെന്നും പറഞ്ഞ വിവരം പ്രസിഡണ്ട് അറിയിക്കുകയും മസ്വ്‌ലഹത്ത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. മേല്‍ വിഷയത്തില്‍ 1993-ല്‍ ശംസുല്‍ ഉലമ വെച്ചിരുന്ന നിബന്ധനകള്‍ ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും മറ്റുമായി പ്രസിഡണ്ട്, സെക്രട്ടറി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, എം.പി. മൂസ മുസ്‌ലിയാര്‍ എന്നിവരെയും മറ്റു ആവശമുള്ളവരെയും ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
17.07.1999-ന് രാവിലെ 10.30-ന് ടി.കെ.എം. ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
കണിയാപുരത്തെ അബ്ദുറസാഖ് മസ്താന്‍ മഖാം എന്ന പേരില്‍ പറയപ്പെടുന്ന മഖാമിനെകുറിച്ച് അന്വേഷിക്കുവാന്‍ അധികാരപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വായിച്ചു റിക്കാര്‍ഡാക്കി. പ്രസ്തുത പരാതിക്കാരന്‍ തന്നെ മേല്‍ പരാതിയെക്കുറിച്ച് പരസ്യമായി രംഗത്തുവരാന്‍ തയ്യാറാകാത്ത സാഹചര്യത്തിലും തീരുമാനം അവിടെ നടപ്പിലാക്കേണ്ട ബന്ധപ്പെട്ടവര്‍ പരാതി നല്‍കാത്തതിനാലും മേല്‍ വിഷയത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടതില്ലെന്നു തീരുമാനിച്ചു.
01.12.1999 ബുധന്‍ കെ.ടി. മാനു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
2. എറണാകുളത്തെ യൂസുഫ് സുല്‍ത്താനെ സംബന്ധിച്ച് എറണാകുളം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരാതിയെ കുറിച്ച് റൈഞ്ചിനോട് വിശദീകരണം ചോദിച്ചതില്‍ അവര്‍ തന്ന മറുപടി വായിച്ചു ചര്‍ച്ചചെയ്തു. മേല്‍ വിഷയത്തില്‍ അവിടെ പോയി നേരില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, എം.കെ.എ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ എന്നിവരെ അധികാരപ്പെടുത്തി.
3. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നും വന്ന കത്ത് വായിച്ചു. അതില്‍ ആവശ്യപ്പെട്ട പ്രകാരം ബിരുദാനന്തര കോഴ്‌സ് ആരംഭിക്കുവാന്‍ അനുമതി നല്‍കി. ആവശ്യമായ സിലബസ് ഉണ്ടാക്കുന്നതിനും ഉസ്താദുമാരെ കണ്ടെത്തുന്നതിനും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവരെയും അവിടുത്തെ ഉസ്താദുമാരെയും ചുമതലപ്പെടുത്തി.
24.05.2000 ബുധന്‍ രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
1. മുശാവറയില്‍ വൈസ് പ്രസിഡണ്ടുമാരുടെ ഒഴിവിലേക്ക് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരെയും സെക്രട്ടരി സ്ഥാനത്തേക്ക് കെ.ടി. മുഹമ്മദ് എന്ന മാനു മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
2. ബഹു ശംസുല്‍ ഉലമയെ കുറിച്ച് ഉള്ളാള്‍ ഉറൂസില്‍ വെച്ച് അവിടുത്തെ മുദരിസ് കുഞ്ഞിക്കോയ തങ്ങള്‍ നടത്തിയ വളരെ ഹീനമായ പരാമര്‍ശത്തെ കുറിച്ച് ചര്‍ച്ചചെയ്തു. അതിനെതിരെ ശക്തമായ പ്രതിഷേധവും അമര്‍ശവും രേഖപ്പെടുത്തുന്ന താഴെ പറയുന്ന പ്രമേയം പാസ്സാക്കി.
ആയിരക്കണക്കിനു മത പണ്ഡിതന്മാരുടെ ഗുരുവര്യരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല സെക്രട്ടറിയും, ജീവിത കാലം മുഴുവന്‍ ഇസ്‌ലാമിനു വേണ്ടിയര്‍പ്പിച്ച വിശ്വ പണ്ഡിതനുമായ ശംസുല്‍ ഉലമയെ തന്റെ ഒരു ശിഷ്യനും, വിഘടിത സുന്നി നേതാവുമായ കുഞ്ഞിക്കോയ തങ്ങള്‍ ഹീനവും നിന്ദ്യവും ഇസ്‌ലാമില്‍ നിന്നു പുറത്തുപോകാന്‍ പോലും കാരണമായേക്കാവുന്നതുമായ ഭാഷയില്‍ ആക്ഷേപിച്ചു പ്രസംഗിക്കുകയും വിഘടിത മുശാവറ അതിനെ ശരിവെക്കുകയും ചെയ്തതില്‍ ഈ യോഗം ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു.
ഒരു സാധാരണ മുസ്‌ലിമിന്റെ പേരില്‍ പോലും ഇത്തരം ആരോപണം ഉന്നയിക്കുന്നതിനെ ശക്തിയായി താക്കീത് ചെയ്ത മതമാണ് ഇസ്‌ലാം. എന്നിരിക്കെ മഹാനും യുഗ പുരുഷനുമായ ശംസുല്‍ ഉലമയുടെ പേരില്‍ ഈ ആരോപണം ഉന്നയിക്കുകയും, അതിനെ ശരിവെക്കുകയും ചെയ്ത വിഘടിത നേതാവിനെയും വിഘടിത മുശാവറയെയും വിലയിരുത്തി വേണ്ടത് ചെയ്യണമെന്ന് മുസ്‌ലിം ബഹുജനങ്ങളോട് ഈ യോഗം അഭ്യര്‍ഥിക്കുന്നു.
15.11.2000 ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
1. ജാമിഅ നൂരിയ്യ കമ്മറ്റിയിലേക്ക് മുശാവറയില്‍ നിന്നും ചെറുശ്ശേരി സൈനുദ്ദീന്‍ ുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, ഉമറലി ശിഹാബ് തങ്ങള്‍, പി.എം ഇമ്പിച്ചി മുസ്‌ലിയാര്‍, സി. കോയക്കുട്ടി മുസ്‌ലിയാര്‍, എം.കെ.എ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ എന്നിവര്‍ക്കു പുറമെ പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, പൊന്മള ഫരീദ് മുസ്‌ലിയാര്‍, അര്‍മിയാഅ് മുസ്‌ലിയാര്‍ എന്നിവരെക്കൂടി കൊടുക്കുക്കുവാനും നിലവിലെ മൊത്തം അംഗങ്ങളുടെ പേരുവിവരം അറിയിക്കാന്‍ കമ്മറ്റിക്ക് നിര്‍ദേശം കൊടുക്കുവാനും തീരുമാനിച്ചു.
2. വയനാട്ടിലെ മുട്ടില്‍ യതീംഖാന വര്‍ക്കിംഗ് കമ്മറ്റിയിലേക്ക് മുശാവറയില്‍ നിന്ന് മൂന്ന് പ്രതിനിധികളെ അയക്കണമെന്ന പ്രസ്തുത കമ്മറ്റിയുടെ ആവശ്യം ഉമറലി ശിഹാബ് തങ്ങള്‍ മുശാവറയില്‍ അറിയിക്കുകയും അത് പരിഗണിച്ച് പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ അയക്കാന്‍ തീരുമാനിച്ചു.
15.03.2001-നു ചേര്‍ന്ന മുശാവറ
1. കോഴിക്കോട് വരക്കല്‍ മഖാമിനോട് അനുബന്ധിച്ചു റിസര്‍ച്ച് സെന്ററിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ താല്‍കാലികമായി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അനുവദിക്കുന്നതിനു എസ്.കെ.ഐ.എം.വി.ബി.യില്‍നിന്നു വന്ന കത്തു വായിച്ചു. റിസര്‍ച്ചു സെന്റര്‍ ആരംഭിക്കുന്നതിനു യാതൊരു തടസ്സവുമില്ലാത്ത രീതിയില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിനു അനുമതി നല്‍കാന്‍ തീരുമാനിച്ചു.
2. എറണാകുളത്തെ യൂസുഫ് സുല്‍ത്താനെകുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വായിച്ചു ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് യൂസുഫ് സുല്‍ത്താനോട് നേരിട്ട് അന്വേഷിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നു തീരുമാനിച്ചു.
25.07.2001 ബുധന് രാവിലെ 11 മണിക്ക് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും പട്ടിക്കാട് ജാമിഅഃ നൂരിയ്യയും സംയുക്തമായി പട്ടിക്കാട് ഒരു എഞ്ചിനിയറിംഗ് കോളേജ് ആരംഭിക്കുവാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് വായിച്ചു. ചര്‍ച്ച ചെയ്തു. ജാമിഅഃയുടെ കമ്മിറ്റിയുമായി സംസാരിച്ചു വേണ്ടതു ചെയ്യാന്‍ അനുമതി കൊടുത്തു.
19.12.2002 വ്യാഴം 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ
1. എസ്.കെ.എസ്.എസ്.എഫിനെ സമസ്തയുടെ കീഴ്ഘടകമായി അംഗീകരിക്കണമെന്നു കാണിച്ചു വീണ്ടും തന്ന അപേക്ഷ വായിച്ചു മേല്‍ സംഘടനാ ഭാരവാഹികള്‍ക്കുവേണ്ട നിര്‍ദ്ദേശം കൊടുക്കുവാന്‍ തീരുമാനിക്കുകയും മേല്‍ സംഘടനയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകരിക്കുകയും ചെയ്തു.
18.10.2003 ശനി 11 മണിക്ക് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. ആലുവയിലെ യൂസുഫ് സുല്‍ത്താനെ സംബന്ധിച്ചു അന്വേഷിക്കുവാനുള്ള സമിതിയിലേക്ക് കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, തിരൂര്‍ക്കാട് കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിക്കൂടി ഉള്‍പ്പെടുത്തി.
14.01.2004 ബുധന്‍ 11 മണിക്ക് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് മുശാവറ തീരുമാനങ്ങള്‍.
സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താഴെ പറയുന്ന തീരുമാനങ്ങള്‍ മുശാവറ അംഗീകരിച്ചു.
1. സമസ്തയുടെ എല്ലാകീഴ്ഘടകങ്ങളുടെയും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ്ഘടകങ്ങളുടെയും സബ്കമ്മറ്റികളുടെയും നിയമാവലിയില്‍ സംഘത്തിന്റെ ഏതു പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും നിര്‍ത്തല്‍ ചെയ്യാനുമുള്ള പരമാധികാരം 1925ല്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു വരുന്നതും സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം കോഴിക്കോട് സബ് ജില്ലാ രജിസ്ട്രാപ്പീസില്‍ 1934-35ല്‍ ഒന്നാം നമ്പറായി രജിസ്റ്റര്‍ ചെയ്തു ഇപ്പോള്‍ ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്നതുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിക്ഷിപ്തമായിരിക്കുന്നതാണ് എന്ന് ഉള്‍പ്പെടുത്തേണ്ടതാണ്.
2. മേല്‍ പറഞ്ഞ കമ്മറ്റികളില്‍ ഒരാള്‍ക്ക് രണ്ട് കമ്മികളുടെ ഔദ്യോഗിക സ്ഥാനവും മറ്റൊരു കമ്മറ്റിയില്‍ ഒരു അംഗത്വവും ഉള്‍പ്പെടെ മൂന്ന് സംസ്ഥാന പദവികളേ ഉണ്ടാകാവൂ. എന്നാല്‍ മുശാവറ അംഗത്തിന് മേല്‍ പറഞ്ഞ മൂന്ന് പദവിവരെ നല്‍കാവുന്നതാണ്.
14.04.2004 ബുധന്‍ രാവിലെ 11 മണിക്ക് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. ബഹു. സമസ്ത പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി 09.04.2004-ന് കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ വിഘടിതര്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംബന്ധിച്ചു. സമസ്ത നേതാക്കളെ പേരെടുത്തു പറഞ്ഞു പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്നു കാണിച്ചു പരാതിപ്പെട്ട് കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ, സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി, സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി, ആയഞ്ചേരിയില്‍നിന്നും ടി.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ മുതല്‍ 81 പേര്‍ എഴുതി ഒപ്പിട്ടു സമര്‍പ്പിച്ച ഹര്‍ജി എന്നി ചര്‍ച്ച ചെയ്തു. മേല്‍ വിഷയം 21.04.2004-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ കണ്‍വീനറായും ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, എം. ഇബ്രാഹീം പുത്തൂര്‍ ഫൈസി എന്നിവര്‍ അംഗങ്ങളായുംകൊണ്ടുള്ള മൂന്നംഗ കമ്മിറ്റിയെ അധികാരപ്പെടുത്തുകയും ചുമതലപ്പെടുത്തുകയും ചെയ്തു.
21.04.2004-ന് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1.കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ കണ്‍വീനറായും ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍, എം. ഇബ്രാഹീം പുത്തൂര്‍ ഫൈസി എന്നിവര്‍ അംഗങ്ങളായുംകൊണ്ടുള്ള മൂന്നംഗ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്, വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ സയ്യിദ് അബ്ദു റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ യോഗ്യനല്ലെന്ന് മുശാവറക്ക് ബോധ്യപ്പെടുകയും പ്രസ്തുത സ്ഥാനത്തു നിന്നും തങ്ങളെ നീക്കാതിരിക്കാന്‍ വല്ലകാരണവും ഉണ്ടെങ്കില്‍ പതിനഞ്ചു ദിവസത്തിനകം രേഖാമൂലം അറിയിക്കാന്‍ ഇന്നുതന്നെ രജിസ്ട്രര്‍ തപാലില്‍ കത്തയക്കാന്‍ തീരുമാനിച്ചു.
2. തങ്ങളവര്‍കളുടെ രേഖാമൂലമുള്ള വിശദീകരണം ചര്‍ച്ച ചെയ്യുന്നതിനു വേണ്ട് 2004 മെയ് 13 നു കാലത്ത് 10 മണിക്ക് മുശാവറ വിളിക്കാന്‍ തീരുമാനിച്ചു.
13.05.2004 നു ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
കഴിഞ്ഞ മുശാവറ തീരുമാന പ്രകാരം 21.04.2004 നു അയച്ച കാരണം കാണിക്കല്‍ നോട്ടീസ് പ്രസിഡണ്ട് അവര്‍കള്‍ 22.04.2004നു തന്നെ കൈപറ്റിയതായി മടക്ക് രശീതി ലഭിച്ചെങ്കിലും ഇതുവരെ ഒരു മറുപടിയും അയക്കാതെ സംഘടനയെ അവഹേളിച്ച പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി യെ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു. എന്നാല്‍ മുശാവറ അംഗമായി തുടരുന്നതിനു ഈ തീരുമാനം വിലക്കല്ലെന്നു തീരുമാനിക്കുകയും ചെയ്തു.
08.09.2004 ബുധന്‍ ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. ബഹു. സുപ്രീം കോടതി, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സ്ഥിരപ്പെടുത്തി സമസ്തക്ക് അനുകൂലമായി വന്ന വിധി വിഘടിതര്‍ വളച്ചൊടിച്ചു പത്ര പ്രസ്താവനകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതു സംബന്ധിച്ചും നമ്മുടെ പേരും മറ്റും ഉപയോഗിക്കുന്നതിനെ നിയമപരമായി തടയണമെന്നും ഐക്യകണ്‌ഠേന അഭിപ്രായപ്പെടുകയും, മേല്‍വിഷയത്തില്‍ നിയമോപദേശം തേടി ആവശ്യമായതു ചെയ്യാന്‍ ജനറല്‍ സെക്രട്ടറിയെ അധികാരപ്പെടുത്തുകയും ചുമതലപ്പെടുത്തുകയും ചെയ്തു.
2. ഒഴിവുവന്ന മുശാവറയിലേക്ക് ടി. മുഹമ്മദ് (ബാപ്പു)മുസ്‌ലിയാര്‍ കാളമ്പാടി, കെ. ഉമര്‍ മുസ്‌ലിയാര്‍ കാപ്പില്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നാദാപുരം, എം.എ. ഖാസിം മുസ്‌ലിയാര്‍ കുമ്പള എന്നിവരെ തെരഞ്ഞെടുത്തു.
3. പ്രസിഡണ്ടിന്റെ ഒഴിവു നികത്തണമെന്നു കാണിച്ചു കാസര്‍കോഡ് ജില്ലാ ജംഇയ്യത്തുല്‍ ഉലമയില്‍നിന്നും വന്ന കത്തു ചര്‍ച്ച ചെയ്തു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സംഘടനിയില്‍ വളരെ തഴക്കവും പഴക്കവും പ്രായവുമുള്ള ഒരാളായിരിക്കലാണ് ഉത്തമമെന്നും, 35 വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഹു. കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാരെ അഭിപ്രായപ്പെടുകയും ഐക്യകണ്‌ഠേന തക്ബീര്‍ മുഴക്കി അംഗീകരിക്കുകയും ചെയ്തു.
4. ആലുവയിലെ യൂസുഫ് സുല്‍ത്താന്റെ ത്വരീഖത്തിനെ സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരപ്പെടുത്തിയ സമിതി താമസിയാതെ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ നിര്‍ദ്ദേശിച്ചു.
5 കുടക് ജില്ലാ പണ്ഡിത സഭക്ക് അംഗീകാരം നല്‍കി.
10.03.2005 വ്യാഴം 11 മണിക്ക് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന മുശാവറ.
1. എം.പി. മുസ്തഫല്‍ ഫൈസിയുടെ അപേക്ഷ വായിച്ചു ചര്‍ച്ച ചെയ്തു. താഴെ പറയുന്ന മറുപടി കൊടുക്കുവാന്‍ തീരുമാനിച്ചു.
ബാങ്ക് പലിശ, ഇന്‍ഷൂറന്‍സ് മുതലായവ സംബന്ധിച്ചു താങ്കള്‍ എഴുതിയ പുസ്തകങ്ങള്‍ പിന്‍വലിച്ച് ക്ഷമാപണം ചോദിച്ചുകൊണ്ടുള്ള 09.03.2005-ന് താങ്കള്‍ സമര്‍പ്പിച്ച കത്തു വായിച്ചു ചര്‍ച്ച ചെയ്തു.
മേല്‍ വിഷയങ്ങളിലെ ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മുതലായ വിഷയങ്ങളെ കുറിച്ച് താങ്കളുടെ വാദങ്ങളില്‍ സ്വയം പിന്‍മാറുകയും പ്രസ്തുത പുസ്തകങ്ങള്‍ പിന്‍വലിക്കുകയും ചെയ്തുകൊണ്ടുള്ള പരസ്യപ്രസ്താവന നടത്തിയും, സമസ്തക്ക് അത് അറിയിച്ചുകൊണ്ടുള്ള അപേക്ഷ നല്‍കുകയും ചെയ്യാത്തതിനാല്‍ താങ്കളുടെ മേല്‍ അപേക്ഷ സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നു അറിയിക്കുന്നതോടൊപ്പം ബാങ്ക് പലിശ, ഇന്‍ഷൂറന്‍സ് മുതലായവ അനുവദനീയമാണെന്ന വാദത്തില്‍ നിന്നു പിന്മാറിയതായും മേല്‍പുസ്തകങ്ങള്‍ പിന്‍വലിച്ചതായുമുള്ള പരസ്യപ്രസ്താവന നടത്തിയ ശേഷം അപേക്ഷ സമര്‍പ്പിച്ചാല്‍ മേല്‍ വിഷയത്തില്‍ ആവശ്യമായത് ചെയ്യുന്നതാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
2. എം.പി. മുസ്തഫല്‍ ഫൈസിയുടെ അപേക്ഷ പരിഗണിക്കണമെന്നു കാണിച്ചു അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ പ്രസിഡണ്ട് പി. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ മുതല്‍ ആറു പേര്‍ ഒപ്പിട്ടു സമര്‍പ്പിച്ച അപേക്ഷക്കും ഉമര്‍ ദര്‍സി തച്ചണ്ണ സമര്‍പിച്ച അപേക്ഷക്കും പാലമഠത്തിയില്‍ കെ. അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവരുടെ അപേക്ഷക്കും മറുപടി കൊടുക്കാന്‍ തീരുമാനിച്ചു.
30.11.2005 ബുധന് രാവിലെ 11 മണിക്ക് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. കഴിഞ്ഞ മുശാവറ യോഗ തീരുമാന പ്രകാരം എം.പി. മുസ്തഫല്‍ ഫൈസിയുടെ പത്രപ്രസ്താവനയെകുറിച്ചും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ അപേക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും മുന്‍മുശാവറ നിര്‍ദ്ദേശിച്ച പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തതായി മുശാവറക്കു ബോധ്യപ്പെടുകയും അദ്ദേഹത്തിന്റെ പേരിലുള്ള നടപടി പിന്‍വലിക്കണമെന്ന അപേക്ഷ അംഗീകരിക്കുകയും ചെയ്തു.
2. സമസ്തയുടെ കീഴ്ഘടകങ്ങളുടെ സ്വത്തുക്കളുടെ ആധാരങ്ങളുടെ കോപ്പികള്‍ മുശാവറക്കു സമര്‍പ്പിക്കുവാനും മേലില്‍ സ്വത്തുക്കള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മുശാവറയുമായി ബന്ധപ്പെട്ട് ചെയ്യണമെന്നും അവയുടെ ആധാരങ്ങള്‍ യഥാസമയം മുശാവറക്കു സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം കൊടുക്കാന്‍ തീരുമാനിച്ചു.
3. പട്ടിക്കാട് ജാമിഅഃ നൂരിയ്യ കമ്മിറ്റിയുടെ കത്തു വായിച്ചു. പ്രസ്തുത കമ്മിറ്റിയിലെ മുശാവറ പ്രതിനിധികളുടെ ഒഴിവിലേക്ക് വി. ഉമര്‍ മുസ്‌ലിയാര്‍ കാപ്പില്‍, കെ.പി. ഫരീത് മുസ്‌ലിയാര്‍ പൊന്മള, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ പനങ്ങാങ്ങര എന്നിവരെ തെരഞ്ഞെടുത്തു. പ്രസ്തുത വിവരം ജാമിഅഃ നൂരിയ്യയെ അറിയിക്കാന്‍ തീരുമാനിച്ചു.
29.03.2006 ബുധന് രാവിലെ 10 മുതല്‍ രാത്രി 9.30 വരെ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ.
01.12.1999നു ആലുവയിലെ യൂസുഫ് സുല്‍ത്താന്‍ എന്നയാളുടെ ത്വരീഖത്തിനെ കുറിച്ച് അന്വേഷിച്ച സമിതി സുദീര്‍ഘമായ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തഥടിസ്ഥാനത്തില്‍ അദ്ദേഹം പ്രചരിപ്പിക്കുന്ന ത്വരീഖത്ത് പിഴച്ചതാണെന്നും അതുമായി മുസ്‌ലിം ബഹുജനങ്ങള്‍ അകന്നു നില്‍ക്കണമെന്നും ആഹ്വാനം ചെയ്യാന്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.
09.05.2006 ചൊവ്വ രാവിലെ പത്തുമണിക്ക് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. ആലുവാ ത്വരീഖത്തിനെകുറിച്ച് വിശദീകരിക്കാന്‍ പൊതുയോഗം സംഘടിപ്പിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം സാധിക്കാതെ വന്നതിനുപകരം ഇന്ന് വൈകിട്ട് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
22.11.2006 ബുധന് രാവിലെ 11 മണിക്ക് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുശാവറ.
1. സമസ്തയുടെ നിയമാവലിയില്‍ താഴെ പറയുന്നതുകൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു.
6. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും അതത് വര്‍ഷം ചെലവു കഴിച്ച് ബാക്കിവരുന്ന സംഖ്യ ഉപയോഗിച്ച് ഭൂമിയും കെട്ടിടങ്ങളും വാങ്ങുവാനും കെട്ടിടം നിര്‍മിക്കുവാനും അവ വാടകക്ക് കൊടുക്കുവാനും അധികാരമുണ്ടായിരിക്കും.
14.03.2007-ന് ബുധന്‍ 11 മണിക്ക് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. സമസ്തയിലെ കീഴ്ഘടകങ്ങള്‍ അവയിലെ അംഗങ്ങളുടെ പേരില്‍ വല്ല നടപടിയും സ്വീകരിച്ചു അവ നടപ്പിലാക്കുന്നതിനു മുമ്പ് മുശാവറയുടെ അനുമതി വാങ്ങിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം കൊടുക്കാവന്‍ തീരുമാനിച്ചു.
09.07.2008-ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഒ. കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ് എന്നിവരെ മുശാവറയിലെടുക്കാന്‍ തീരുമാനിച്ചു.
12.11.2008-ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
1. കോട്ടുമല എം.കെ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.എ. അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മംഗലാപുരം, കെ.പി. തങ്ങള്‍ വല്ലപ്പുഴ, ടി.പി. മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യം, എം.പി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, പി.പി. മുഹമ്മദ് ഫൈസി കുറ്റാളൂര്‍ എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
28.01.2009-ന് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ.
അരീക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്നിവരെ മുശാവറയിലേക്ക് തെരഞ്ഞെടുത്തു.
08.07.2009-ന്
1. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേരില്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഇന്നു നടത്താന്‍ തീരുമാനിച്ചതായി അവകാശപ്പെട്ടു സിറാജ് ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെയും വാള്‍പോസ്റ്റിന്റെയും എതിരില്‍ സമസ്തക്കുവേണ്ടി ജനറല്‍ സെക്രട്ടറിയുടെ രേഖാമൂലമുള്ള പരാതി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം. ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ മുഖേന കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിവരം അറിയിക്കുകയും പ്രസ്തുത പരാതി വായിച്ചു റിക്കാര്‍ഡാക്കുകയും ചെയ്തു. പ്രസ്തുത പരാതി നല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് മുതലക്കുളത്ത് സമസ്തയുടെ പേരില്‍ ഇന്നു നടക്കുമെന്നറിയിച്ച പൊതുയോഗം 'സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ'യുടെ കീഴിലാണ് നടത്തുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഇന്നത്തെ സിറാജ് ദിനപത്രത്തിലെ പ്രസ്താവനയും യോഗം വിലയിരുത്തി.
2. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേരില്‍ വ്യാജമായി വന്നുകൊണ്ടിരുന്ന ഇത്തരം പ്രസ്താവനകളും വ്യാജമായി പ്രസിദ്ധീകരണങ്ങളും മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായതു ചെയ്യാന്‍ ജനറല്‍ സെക്രട്ടറിയെ അധികാരപ്പെടുത്തുകയും ചുമതലപ്പെടുത്തുകയും ചെയ്തു.
3. കേരള സര്‍ക്കാര്‍ മദ്യനയത്തില്‍ കാണിക്കുന്ന അയഞ്ഞ സമീപനം ഉള്‍ക്കണ്ഠാജനകവും വലിയ ഭവിഷത്ത് ഉളവാക്കുന്നവയുമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 145 മദ്യ വില്‍പന ശാലകള്‍ക്കും 44 ബാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കിയ നടപടി വഴി മദ്യപാനത്തിനു സാഹകരമായ സമീപനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു കാണുന്നതെന്നും പൊതു നന്മ ലക്ഷ്യം വെക്കുന്നവര്‍ മദ്യവിമുക്തമായ ഒരു രാജ്യമാണ് ഉണ്ടാക്കുവാന്‍ ശ്രമിക്കേണ്ടതെന്നും ബന്ധപ്പെട്ടവര്‍ ഇത്തരം നീക്കങ്ങളില്‍നിന്നും പിന്തിരിയണമെന്നുമുള്ള പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.
03.10.2009-ന് നടന്ന മുശാവറയിലെ തീരുമാനം:
ജാമിഅഃ നൂരിയ്യയിലേക്ക് മുശാവറയില്‍നിന്നു കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ടി.പി. ഇപ്പ മുസ്‌ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ എന്നിവരെ തെരഞ്ഞെടുത്തു.
06.03.10-ന് ചേര്‍ന്ന യോഗത്തിലെ മുശാവറ: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
02.10.2010-ന് ചേര്‍ന്ന മുശാവറയിലെ തീരുമാനം:
ഹൈദരലി ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരെ വൈസ് പ്രസിഡണ്ട് പദവിയിലേക്കും കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ സെക്രട്ടറി പദവിയിലേക്കും തെരഞ്ഞെടുത്തു.
20.04.2011-ലെ മുശാവറ:
1. അടിസ്ഥാനം തെളിയിക്കപ്പെടുന്നതുവരെ വിവാദ മുടിയില്‍ പൊതുജനം വഞ്ചിതരാകരുതെന്ന് ആഹ്വാനം ചെയ്തു.
2. ഡിസംബര്‍ 23-25 തിയ്യതികളില്‍ സമസ്തയുടെ 85-ാം വാര്‍ഷിക സമ്മേളനം നടത്താന്‍ തീരുമാനിച്ചു.
28.09.2011-ന് ചേര്‍ന്ന മുശാവറ.
1. സമ്മേളനം സ്ഥലസൗകര്യാര്‍ത്ഥവും മറ്റും 2011 ഫെബ്രുവരി 23-26 തിയ്യതികളിലേക്കു മാറ്റി.
2. എസ്.കെ.ജെ.എം.സി.സിയുടെ പുതിയ വിദ്യാഭ്യാസ രീതിയായ തദ്‌രീബ് 2011 അംഗീകരിച്ചു.
3. ബഹു. ചെമ്പരിക്ക സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം എവിടെയും എത്താത്തതില്‍ യോഗം ശക്തമായ അമര്‍ശം രേഖപ്പെടുത്തുകയും മേല്‍ അന്വേഷണ പുരോഗതിപ്പെടുത്താന്‍ ആവശ്യമായതു ചെയ്യാന്‍ കേന്ദ്രമന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ടു സംസാരിക്കാന്‍ തീരുമാനിച്ചു.
4. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായികൊണ്ട് രൂപീകരിച്ച വുമണ്‍ കോഡ് പരിഷ്‌കരണ സമിതി സംസ്ഥാന സര്‍ക്കാറിനു സമര്‍പിച്ച പ്രാകൃതവും മതവിരുദ്ധവും അശാസ്ത്രീയവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
30.11.2011-ലെ മുശാവറ:
1. കോടതികളും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സംയോജിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പകരം ബദല്‍ അണക്കെട്ടു നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും തമിഴ്‌നാടിന്റെ വെള്ള പ്രശ്‌നവും കേരളത്തിന്റെ ജീവല്‍ പ്രശ്‌നവും ഒരുപോലെ പരിഹാരമുണ്ടാക്കണമെന്ന പ്രമേയം സര്‍വ്വസമ്മതം പാസാക്കി.
2. മുസ്‌ലിം ലീഗ് സമസ്തയുമായുള്ള നിലപാടില്‍ ഇന്ന് ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ഇരു സംഘടനകളുടെയും നേതാക്കള്‍ ഒന്നിച്ചു ചേര്‍ന്നു സംയുക്ത പ്രസ്താവന ഇറക്കുന്നതിനു മുശാവറ അനുമതി നല്‍കി.



Leave A Comment