ഇസ്‌ലാമിക ഭരണത്തിനകത്തെ ബഹുസ്വര വിശേഷങ്ങൾ- ഭാഗം 1

വൈവിധ്യമാർന്ന  സാംസ്കാരികത്തനിമകള്‍ നിലകൊള്ളുന്ന  സാമൂഹിക പരിസരത്തു എങ്ങനെ ഇടപെടണമെന്ന്  വളരെ കൃത്യമായി  പറഞ്ഞു തന്ന പ്രത്യയശാസ്ത്രമാണ് പരിശുദ്ധ ഇസ്‌ലാം. സമൂഹത്തിനിടയിലെ ബഹുസ്വരതയെ ഇസ്‌ലാം കൃത്യമായി പരിഗണിക്കുകയും നിയമനിര്‍മാണം നടത്തുകയും ചെയ്യുന്നുണ്ട്. അത് ഏത് കാലത്തേക്കും പര്യാപ്തവും യുക്തി ഭദ്രവുമായിരുന്നു.

ലോക ചരിത്രത്തിന്‍റെ ഇന്നോളമുള്ള പാഠങ്ങളില്‍ ഇസ്‌ലാമിനേക്കാൾ സുന്ദരമായി ബഹുസ്വരതയെ കൈകര്യം  ചെയ്ത മറ്റൊരു ദാര്‍ശനിക വ്യവസ്ഥിതിയെയും കാണാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന മുസ്‌ലിം ഭരണത്തിന് സാരഥ്യ മരുളിയ ഭരണാധിപന്മാർ, തങ്ങൾക്കു കീഴിലുള്ള സർവരെയും  പരിഗണിക്കുകയും നീതിപൂര്‍വ്വകമായ ചുറ്റുപാടുകളൊരുക്കിക്കൊടുക്കുകയും ചെയ്തു. വൈവിധ്യങ്ങളെയുള്‍ക്കൊണ്ട് ജീവിതപരിസരങ്ങളെ വഴി നടത്തിയതിന്‍റെ പരിണിതി എന്നോണം, ജനങ്ങൾക്കിടയിൽ   സമാധാന ബോധവും സുരക്ഷിതത്വവും കൈവന്നു. വിശാലവും വിപുലവുമായ  മുസ്‌ലിം ഭരണ ക്രമത്തിന് കീഴിൽ വിശ്വാസികളും അന്യ മതക്കാരും എങ്ങനെ ബഹുസ്വര സാംസ്കാരികതയോട്  ഇഴുകി ചേർന്ന് കഴിഞ്ഞു എന്നതിലേക്കുള്ള ചെറിയൊരു അന്വേഷണമാണിത്.

മാനവിക സമൂഹത്തെ ആത്യന്തിക  നന്മയിലേക്ക് വഴിനടത്തുക എന്ന മഹിത സന്ദേശവുമായായിരുന്നല്ലോ വിശുദ്ധ റസൂൽ (സ്വ) മദീനയിൽ വന്നിറങ്ങിയത്. ആ ദൗത്യ നിർവഹണത്തിന്റെ സിരാ കേന്ദ്രമായി  മദീന പിന്നീട് മാറിയെന്നത് ചരിത്രം. വ്യത്യസ്‌ത ജനവിഭാഗങ്ങൾ കൊണ്ടും വൈവിധ്യമാർന്ന  വിശ്വാസ ധാരകൾ കൊണ്ടും ഗോത്ര സമ്പന്നത കൊണ്ടും പ്രൗഢമായിരുന്നു അന്നത്തെ മദീന. ആ സാമൂഹികാവസ്ഥയുടെ മനഃശാസ്ത്രമറിഞ്ഞു കൊണ്ട് വിശുദ്ധ റസൂൽ (സ്വ) പുതിയ മദീനയുടെ നയരേഖ തയ്യാറാക്കി, പുതിയ സമീപനങ്ങൾ കൈകൊണ്ടു.

“മതകാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല”. (അൽ-ബഖറ.256)

“മതകാര്യങ്ങളില്‍ നിങ്ങളോട് പൊരുതുകയോ സ്വഭവനങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മയും നീതിയും ചെയ്യുന്നതില്‍ അല്ലാഹു നിങ്ങളെ വിലക്കുന്നില്ല; നീതിപാലകരെ   അവന്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു”. (അൽ-മുംതഹിന.9)

എന്നിങ്ങെനെ സാമൂഹിക സൌഹൃദത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി ഖുർആനിക അധ്യാപനങ്ങൾ റസൂലിന്റെ പ്രവർത്തനത്തിന് കരുത്ത്‌ പകരുന്നതായിരുന്നു. മത ഭേദമന്യേ പ്രദേശ വാസികളായ രോഗികളെ സന്ദർശിച്ചു,  ഇതര മതസ്ഥരുടെ പോലും ജനാസയെ മാനുഷിക പരിഗണനയോടെ ആദരിച്ചു, മദീനക്കാർക്കൊപ്പം വാണിജ്യ വ്യവഹാരങ്ങളിലേർപ്പെട്ടു, സാമ്പത്തിക ഇടപാടുകൾ നടത്തി,  മരണ സമയത് കൈവശമുണ്ടായിരുന്ന  അങ്കി പോലും ഒരു ജൂത വ്യാപാരിയിൽ നിന്ന്  പണയത്തിനെടുത്തതായിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന വിശ്വാസ സംഹിത ഇത്യാദി കാര്യങ്ങളോട് അന്യം നിൽക്കുന്നവയല്ലെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയായിരുന്നു റസൂൽ (സ്വ).

വിശുദ്ധ റസൂലി(സ്വ)നെ സന്ദർശിക്കാൻ വന്നിരുന്ന വ്യത്യസ്‍ത ജനവിഭാഗങ്ങൾ മസ്ജിദുന്നബവിക്കകത്തായിരുന്നു തങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ നിർവഹിച്ചിരുന്നത്. ഹിജ്‌റ ഒമ്പതാം വർഷം നജ്‌റാനിൽ നിന്ന് വന്ന പതിനാലംഗ ക്രിസ്തീയ സഹോദരങ്ങൾക്ക് മതകീയ ചടങ്ങുകൾ നടത്താൻ മസ്ജിദുന്നബവി സജ്‌ജീകരിച്ചു കൊടുത്ത സംഭവം സുവിദിതമാണ്. അന്യമതസ്ഥർ  നിങ്ങൾക്കെന്തെങ്കിലും ഇഷ്ടദാനം ചെയ്താൽ പ്രത്യുപകരമെന്നോണം "നിങ്ങളുടെ സമ്പത്തിലും സന്താനങ്ങളിലും അല്ലാഹു വർധനവ് നൽകട്ടെ” എന്ന് പ്രാർത്ഥിച്ചു നൽകണമെന്ന് തന്റെ അനുചരന്മാരെ പഠിപ്പിച്ചു. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവും മതപരവുമായ സർവ്വ തലങ്ങളിലും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം വിശ്വാസികൾക്കൊപ്പം ഇതര മതസ്ഥർക്കു കൂടി ഉറപ്പു നൽകുന്ന മാതൃകാ രാഷ്ട്രമായിരുന്നു പ്രവാചകരുടെ മദീന.

വിശുദ്ധ റസൂലും  ജൂതൻമാരും പരസ്പരം ഉണ്ടാക്കിയ മദീന ധാരണയുടെ അടിസ്ഥാനത്തിൽ ജൂതൻമാർ പല യുദ്ധങ്ങളിലും പ്രവാചകർക്കൊപ്പം അണിനിരക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. നള്റ് ഗോത്രക്കാരനായ മുഖൈരിക്  ഉഹ്ദ് യുദ്ധത്തിന് മുന്നോടിയായി റസൂലി (സ്വ) നെ സന്ദർശിച്ച്, ഞാൻ നിങ്ങൾക്കൊപ്പം ചേർന്ന് യുദ്ധത്തിന് തയ്യാറാണെന്നും കൊല്ലപ്പെടുകയാണെങ്കിൽ എന്റെ സമ്പാദ്യം മുഴുവൻ നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  പോർക്കളത്തിലിറങ്ങിയ അദ്ദേഹം കൊല്ലപ്പെടുകയും തുടർന്ന് അദ്ദേഹത്തിന്റെ സമ്പാദ്യം വഖ്ഫ് ഇനത്തിൽ പ്രവാചകർ (സ്വ) വിനിയോഗിക്കുകയും ചെയ്യുകയുണ്ടായി.

പ്രവാചക ശേഷം നാലു ഖലീഫമാർ ഭരണത്തിന് സാരഥ്യമരുളി. തുടർന്ന് മുസ്‍ലിം ലോകത്ത്‌ നിരവധി ഭരണകൂടങ്ങൾ നിലവിൽ വന്നു, അനവധി മുസ്‍ലിം രാഷ്ട്രങ്ങൾ പിറവി കൊണ്ടു. അവെയെല്ലാം തന്നെ മതകാര്യങ്ങൾ നടപ്പിൽ വരുത്തുന്ന കണിശതയോടെ, തിരുദൂതർ കൈമാറിയ മൂല്യങ്ങളും മാതൃകകളും പകർത്തി പരസ്പര സഹവർതിത്വത്തോടെ  ഭരണീയരെ നയിക്കാൻ ബദ്ധ ശ്രദ്ധ ചെലുത്തിയിരുന്നു. ഇതര രാജ്യങ്ങളിലേക്ക് അധിനിവേശം നടത്തേണ്ടി വന്ന നിർബന്ധിത സാഹചര്യങ്ങളിൽ, അവിടെയുള്ള മതചിഹ്നങ്ങൾക്കും ആരാധനാലയങ്ങൾക്കും സുരക്ഷിതത്വം നൽകണമെന്ന് പ്രത്യേക നിർദേശം നൽകി. ഭരണ വ്യവസ്ഥയുടെ  നിയമ നിർമ്മാണ കേന്ദ്രങ്ങളിൽ ജൂത-ക്രിസ്തീയ നിയമജ്ഞരുടെ സാന്നിദ്ധ്യം കൂടി ഉറപ്പ് വരുത്തിയിരുന്നു, “അൽ നാജിദ്” എന്ന പ്രത്യേക വിളിപ്പേരിലായിരുന്നു ഈ വിഭാഗം അറിയപ്പെട്ടിരുന്നത്.

ഇമാം ഇബ്നു കസീർ (റ) തന്റെ “അൽ ബിദായ വന്നിഹായ"യിൽ വിവരിക്കുന്നു:- ദമസ്കസിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഏഴ് പതിറ്റാണ്ടു കാലം ഒരേ ആരാധനാലയ സമുച്ചയം തങ്ങളുടെ ആരാധന കർമങ്ങൾക്കായി പങ്കിട്ടിരുന്നു, ഒരു വശം മസ്ജിദായും മറുവശം  ക്രിസ്തീയ ദേവാലയവുമായി ഉപയോഗിച്ചിരുന്ന ഈ കേന്ദ്രത്തിന് ഒരു പ്രവേശന കവാടം മാത്രമാണുണ്ടായിരുന്നത് . ഇരു വിഭാഗവും ഒരുമിച്ച് അകത്തു കയറി പിന്നീട് ഇരു വശങ്ങളിലായി ഇഴമുറിഞ്ഞു പ്രാർത്ഥിക്കുന്ന ആ സുമോഹന കാഴ്ച പതിറ്റാണ്ടുകളോളം നീണ്ടു നിന്നു. ഹിജ്റ 86 / എ.ഡി. 705-ൽ ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയത് പ്രകാരം പില്‍ക്കാലത്ത് അത്  “അമവി മസ്ജിദ്” എന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

പരസ്പര വൈജ്ഞാനിക കൈമാറ്റം

ക്രിയാത്മക സഹവർതിത്വത്തിന്റെ മറ്റൊരു മകുടോദാഹരണമാണ് ഇക്കാലയളവിൽ പരസ്പരം സൂക്ഷിച്ചുപോന്നിരുന്ന വൈജ്ഞാനിക ധൈഷണിക കൈമാറ്റങ്ങൾ. വിശുദ്ധ റസൂലി(സ്വ)ന്റെ കാലത്തു തന്നെ സ്വഹാബികൾ ഇതര മതത്തിൽ നിന്നുള്ള പണ്ഡിതരിൽ നിന്നും വിദ്യ അഭ്യസിക്കുന്നത് സാർവത്രികമായിരുന്നു. തങ്ങളുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമല്ലാത്ത ജ്ഞാനങ്ങളും ചരിത്ര കണ്ടെത്തലുകളും യഹൂദ-ക്രിസ്ത്യൻ പണ്ഡിതരിൽ നിന്നും പല മുസ്‌ലിംകളും സ്വായത്തമാക്കിയതിന്റെ ഫലമാണ് പിൽക്കാലത്തു ഖുർആൻ തഫ്സീറുകളിൽ ‘ഇസ്രാഈലിയ്യാത്ത്’ എന്ന ഒരു പദപ്രോയോഗം തന്നെ വന്നത്. വിവിധ വൈജ്ഞാനിക ശാഖകൾക്ക് അടിത്തറ പാകിയ ആദ്യകാല മുസ്‌ലിംകൾ അറിവുകൾ സ്വീകരിക്കാൻ ഇതര സമൂഹങ്ങളിൽ വിരചിതമായ കൃതികളും ആശ്രയിച്ചിരുന്നു. ഗ്രീക്കിൽ നിന്നും പേർഷ്യൻ ഭാഷയിൽ നിന്നും നിരവധി ഗ്രന്ഥങ്ങൾ ഇക്കാലയളവിൽ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

വിശ്രുത ഖുർആൻ പണ്ഡിതൻ മുഖാതിൽ ബിൻ സുലൈമാൻ, തന്റെ ഖുർആൻ പഠനത്തിന്റെ ഭാഗമായി പലപ്പോഴും ക്രിസ്തീയ-ജൂത  പുരോഹിതെരെ സമീപിക്കുകയും അവരിൽ നിന്ന് പഴയ വേദങ്ങളിലെ അറിവുകൾ കൂടി കരഗതമാക്കുകയും ചെയ്തിരുന്നു.(തഹ്ദീബ് അത്തഹ്ദീബ് -അൽ ഹാഫിള് ഇബ്ൻ ഹജർ അൽ അസ്ഖലാനി). ഇമാം അൽ മഗാസീ മുഹമ്മദ് ബിൻ ഇസ്ഹാഖ് എന്നവർ  ജൂത-ക്രിസ്തീയ പണ്ഡിതരിൽ നിന്നും സ്വീകരിച്ച അറിവുകൾ പ്രത്യേകമായി  തരം തിരിച്ച് തന്റെ രചനയിൽ ചർച്ചാ വിധേയമാക്കിയിട്ടുണ്ട്. അമുസ്‌ലിം വിദ്യാത്ഥികൾ അവരുടെ മതാദ്ധ്യാപകരിൽ നിന്ന് തന്നെ അറിവ് നേടണമെന്നുള്ള പ്രത്യേക വിജ്ഞാപനം ഇടക്കാലത്ത്  അബ്ബാസി ഖലീഫ അൽ മുതവക്കിൽ പുറപ്പെടുവിച്ചിരുന്നു. ഈ സംഭവം ഉദ്ധരിച്ചു കൊണ്ട് ഇമാം ത്വബ്‍രി വിവരിക്കുന്നത്, അത് വരെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ഒരേ പാഠശാലയിൽ പഠിച്ചിരുന്നെന്നും, മത പഠനത്തിന് കൂടുതൽ പ്രാമുഖ്യം നല്കുന്നതിനായാണ് ഖലീഫ ഇങ്ങനെയൊരു നീക്കം നടത്തിയെതെന്നുമാണ്.

വിശിഷ്ട ക്രിസ്ത്യൻ ഭിഷഗ്വരൻ യഹ്‌യ ബിൻ ജസ്‌ലാ, ഭരണ നേതൃ- സ്ഥാനത്തുണ്ടായിരുന്ന അബു അലി ബിൻ വലീദിന് വൈദ്യശാസ്ത്ര അറിവുകൾ പകർന്നതും തന്റെ ചികിത്സാ മുറകൾ പഠിപ്പിച്ചതും 'വഫയാത്തി' ൽ ഇബ്നുഖല്ലികാൻ ഉദ്ധരിക്കുന്നത് കാണാം. അക്കാലത്തെ ദമസ്‌ക്കസിലെ പേരുകേട്ട പണ്ഡിത ശ്രേഷ്ഠർ ഇമാം മുഹമ്മദ് അൽ ഗാനവി എന്നവരുടെ സദസ്സിൽ മുസ്‌ലിം-ക്രിസ്ത്യൻ-ജൂത വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു ജനക്കൂട്ടം തന്നെയുണ്ടായിരുന്നുവത്രേ.

ഭരണത്തിന്റെ ഔദ്യോഗിക പദവികൾ അലങ്കരിച്ചിരുന്ന നിരവധി മുസ്‌ലിമേതര അധ്യാപകർ, മതമേധാവികൾ, ഭിഷഗ്വരർ അക്കാലത്തെ ദർബാറുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറം അവരെല്ലാം തോളുരുമ്മി നിന്ന് പരസ്പര സഹകരണത്തിന്റെ സ്നേഹ ശീലുകൾ തീർത്തു. സൂഫീ സംഗീത വിരുന്നുകളിൽ ഇതര മതസ്ഥരെയും ശ്രോതാക്കളായി പരിഗണിച്ചിരുന്നത് കൊണ്ടാണ് 'സമാ' എന്ന സൂഫീ കലാരൂപത്തിന്. പിൽക്കാലത്തു ഇത്രയേറെ ജനപ്രീതി കൈവരാൻ ഹേതുകമായത്.

പ്രതിസന്ധികളിലെ സംഘടിത പ്രതിരോധം

ഭരണകൂടങ്ങളെ  അസ്ഥിരപ്പെടുത്തുക എന്ന ദുഷ്ടലാക്കോടെ വൈദേശികവും സ്വദേശീയവുമായ ആക്രണമങ്ങൾക്കും നീക്കങ്ങള്‍ക്കും പലവുരു ഇസ്‌ലാമിക ഭരണകൂടങ്ങൾ വിധേയമായിട്ടുണ്ട്. അബ്ബാസി ഖിലാഫത്തിന്റെ അവസാന ദശകങ്ങളിൽ അക്രമങ്ങൾ തുടർ സംഭവങ്ങളായി മാറി. ഭരണത്തിനെതിരെ ഫാത്തിമികള്‍ അഴിച്ചു വിട്ട കിരാത ആക്രമണങ്ങളും സല്‍ജൂഖികളുടെ നീക്കങ്ങളും ചരിത്രത്തിൽ നിരവധിയാണ്. ഇതിനെയൊക്കെയും ജനങ്ങൾ സംഘടിതമായായിരുന്നു ചെറുത്തു തോൽപ്പിച്ചത്. ഇത്തരം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ദമസ്കസിലെ പള്ളിയിൽ തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളുമായി എല്ലാ മതസ്ഥരും ഒരുമിച്ചു കൂടി പ്രാത്ഥനകൾ സംഘടിപ്പിക്കുന്നത് പതിവ് കാഴ്ചയായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം.

അബു മഹ്‍മൂദ് ഇബ്രാഹീം ബിൻ ജാഫർ ബാർബറി എന്ന ക്രൂര സൈനികൻ ദമസ്കസിൽ രക്‌തച്ചൊരിച്ചിലുകൾ നടത്തിയപ്പോൾ അദ്ദേഹത്തിനെതിരെ നഗര മധ്യത്തിൽ  പടുകൂറ്റൻ പ്രധിഷേധ പ്രകടനം നടന്നിരുന്നു. മുസ്‌ലിംകൾ വിശുദ്ധ ഖുറാനും, ക്രിസ്ത്യാനികൾ ബൈബിളും ജൂതന്മാർ തൗറാത്തും ഉയർത്തിപിടിച്ചായിരുന്നു ആ പ്രകടനത്തിൽ സംബന്ധിച്ചത്. (ഇത്തിആളുല്‍ ഹുനഫാ - അൽ-മഖ്‍രീസി). അത് പോലെ തന്നെ, ഹിജ്റ 394/ ക്രി. 1005 ൽ ശാമിലെ മുസ്‌ലിംകൾക്ക് നേരെ ഫാത്വിമി ഭരണ കൂടം അഴിച്ചു വിട്ട നരനായാട്ട്  അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  ക്രിസ്തീയ മേലധ്യക്ഷന്മാർ ഫാത്തിമി രാജാക്കന്മാർക്ക് കത്തെഴുതിയതും ചരിത്രത്തിൻറെ ഭാഗമാണ്.

മതവിഭാഗങ്ങൾ തമ്മിലെ രഞ്ജിപ്പിൻറെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ്  സന്താപ-സന്ദേഹ സന്ദർഭങ്ങളിൽ അവർ കൈകൊണ്ട ഐക്യദാർഢ്യവും സഹാനുഭൂതിയും. യുദ്ധങ്ങളിൽ ഒരുമിച്ച് പോരാടുകയും അവശ്യ  സന്ദർഭങ്ങളിൽ മുസ്‌ലിംകൾ അമുസ്‍ലിംകൾക്കും തിരിച്ചും സംരക്ഷണവും അഭയവും നൽകുകയും ചെയ്തിരുന്ന അനവധി ചരിത്ര സാക്ഷ്യങ്ങൾ കണ്ടെടുക്കാനാകും. യുദ്ധങ്ങളിൽ ജീവഹാനി സംഭിവിച്ചിരുന്ന സർവരുടെയും  സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുകയും മത-ഭേദമന്യ ബന്ധുക്കളെ സമാശ്വസിപ്പിക്കുകയും ചെയ്തു പോന്നിരുന്നു അന്ന്.

അബ്ദുല്ലാഹി ബ്ൻ അബീ റബീഅ (റ) എന്ന സ്വഹാബിവര്യന്റെ ക്രിസ്ത്യന്‍ പത്നി മക്കയിൽ വെച്ചു മരണമടഞ്ഞ സംഭവം, ഇമാം ബുഖാരി (റ) തന്റെ ‘താരീഖുൽ  ഔസതിൽ’ പ്രതിപാദിക്കുന്നുണ്ട്. ഭർത്താവ് അബ്ദുല്ലാഹ് ബിൻ റബീഅ (റ) നേരത്തെ മരണപ്പെട്ടിരുന്നു, ഭാര്യ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നില്ല. ക്രിസ്ത്യാനിയായ ആ സ്‌ത്രീയുടെ   സംസ്കാര  സമയത്ത് പോലും നിരവധി സ്വഹാബികൾ സന്നിഹിതരായിരുന്നുവത്രെ. പ്രസ്തുത സംഭവത്തെ തുടർന്ന് അന്യ- മതസ്ഥരുടെ അന്ത്യ കർമങ്ങളിൽ സംബന്ധിക്കാമോ എന്ന സംശയം സ്വഹാബികൾക്കിടയിൽ ചർച്ചാവിഷയമായി. പങ്കടുക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നായിരുന്നു  തദ്വിഷയ സംബന്ധിയായി  അബ്ദുല്ലാഹി ബിൻ ഉമർ (റ) അടക്കമുള്ളവരുടെ നിലപാട്. സൂഫി പണ്ഡിതൻ മൻസൂർ ബിൻ  സാദാൻ    അൽ-വാസിതിന്റെയും ഇമാം ഫസാരിയുടെയും വിയോഗാനന്തരം ഖബ്റിടത്തിലേക്ക് മണ്ണ് വാരിയിടാൻ വരെ വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. ഹമ്പലീ മദ്ഹബിനു ബീജവാപം നൽകിയ ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ ജനാസയെ അനുഗമിച്ചു കൊണ്ട് മുസ്‌ലിം- ക്രിസ്ത്യ-ജൂത-സൗരാഷ്ട്ര മതവിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രത്യേക സംഘം തന്നെയുണ്ടായിരുന്നു.

സംഘടിത പടയൊരുക്കങ്ങൾ

രാജ്യത്തെ സൈനിക വ്യൂഹത്തിൽ അന്യമതസ്ഥരുടെ സ്ഥിര സാന്നിധ്യം അക്കാലത്തുണ്ടായിരുന്നു. ഭരണകർത്താക്കളുടെ ആജ്ഞക്കനുസരിച്ച് നിരവധി പോരാട്ടങ്ങളിൽ അവർ പങ്കെടുത്തു, 'രാഷ്ട്രങ്ങളുട ലഘു ചരിത്ര' ത്തിൽ ബാര്‍ ഹബ്രിയോസ് വിവരിക്കുന്നതനുസരിച്ച്, ഹിജ്റ 644 / ക്രി.1246 ൽ ബാബ തുർക്ക്മാനി  തനിക്ക് പ്രവാചകത്വം ലഭിച്ചുവെന്ന മൗഢ്യ വാദം  ഉന്നയിച്ച് ആറായിരത്തിൽ പരം യോദ്ധാക്കളുമായി മുസ്‌ലിംകൾക്കെതിരെ തിരിഞ്ഞു. സുൽത്താൻ ഗിയാസുദ്ദീൻ ആയിരുന്നു അന്ന് ഭരണ നേതൃസ്ഥാനത്ത്. ഈ വൻ ശത്രു പടയെ നേരിടാൻ സുൽത്താൻ അയച്ച സായുധ സംഘത്തിൽ പറങ്കിപ്പടയും മുസ്‌ലിംകളുടെ സഹായത്തിനെത്തിയിരുന്നു. മുസ്‍ലിംകള്‍ക്കൊപ്പം ചേര്‍ന്ന് പറങ്കികള്‍ കൂടി നടത്തിയ ശക്‌തമായ പ്രതിരോധത്തിനൊടുവിലായിരുന്നു പ്രസ്തുത കള്ളപ്രവാചകനെയും ശിങ്കിടികളെയും നിലം പരിശാക്കിയത്.

വിശ്വാസധാരകൾക്കപ്പുറം, ഭരണീയരുട സുരക്ഷിതത്വത്തിനു പരിശുദ്ധ മതം അത്രകണ്ട്  വില കല്പിക്കുന്നത് കൊണ്ടാണ് അങ്ങോട്ടുമിങ്ങോട്ടുമുള്ള സഹായ സഹകരണങ്ങൾ ചെയ്യുന്നതിന്  ഭരണകർത്താക്കൾ ഇത്രത്തോളം ശ്രദ്ധ ചെലുത്തിയത്. പരിശുദ്ധ ഖുർആൻ തന്നെ തദ്വിഷയകമായി പരാമർശിക്കുന്നത് ഇങ്ങനെയാണ്, “അല്ലാഹു  ചില ജനങ്ങളെ  മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു” (അൽ-ഹജ്ജ്.40).

ഹിജ്റ 597/ ക്രി .1200 ൽ കുരിശ്പട ഹുർഫ (ഇന്നത്തെ തുർക്കി പ്രവിശ്യ) കീഴടക്കിയ സമയം, പ്രദേശവാസികളായ ജൂത-ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങൾ ബന്ദികളാക്കപ്പെട്ടു. ഇതറിഞ്ഞ മുസ്‌ലിം സൈന്യം ധ്രുതഗതിയിൽ അവിടെ ക്യാമ്പ്ചെയ്യുകയും മുഴുവൻ ബന്ദികളെയും അധിനിവേശ ശക്തിയിൽ നിന്നും മോചിപ്പിച്ചെടുക്കുകയും ചെയ്തു. കുരിശ് പട ക്രിസ്താനികളെ കൂടി ആക്രമിച്ച സാഹചര്യത്തിലായിരുന്നു മുസ്‍ലിം സൈന്യം മതം നോക്കാതെ സർവ്വരുടെയും സംരക്ഷകരായി എത്തിയതെന്നോർക്കണം. ബുസ്താനുൽ ജാമിഇൽ ഇമാം ഇസ്ഫഹാനി പ്രസ്തുത സംഭവം പരാമർശിക്കുന്നുണ്ട്. ഹിജ്റ 699/ ക്രി. 1300 ൽ താർത്താരികൾ ദമസ്കസ് അക്രമിച്ചപ്പോഴും സമാന രീതിയിൽ ഇതര വിഭാഗങ്ങള്‍ക്ക് സംരക്ഷണ വലയം തീര്‍ത്തത് മുസ്‍ലിം സൈന്യമായിരുന്നു.

Read Also: പരസ്പര പൂരകങ്ങളായി വര്‍ത്തിച്ച ചാരുദൃശ്യങ്ങള്‍ - ഭാഗം 2

അവലംബം / അൽ-ജസീറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter