ശൈഖ് അഹ്മദ് ഖട്ടു: ഗുജറാത്തിൻ്റെ "ഗഞ്ച് ബക്‍ഷ്"
അഹ്മദാബാദിലെ മത സാംസ്കാരികാന്തരീക്ഷത്തെ കെട്ടിപ്പടുക്കുകയും ഗുജറാത്തിലെ ആത്മീയ വൈജ്ഞാനിക പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്ത സൂഫിവര്യരില്‍ പ്രധാനിയാണ് ഷെയ്ഖ് അഹ്മദ് ഖട്ടു. വിവിധ മത-സാംസ്കാരിക-ഭാഷാ വിഭാഗങ്ങൾക്കിടയിൽ സൗഹൃദം സ്ഥാപിക്കുകന്നതിലും അത് നിലനിർത്തുന്നതിലും അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. മഗ്‍രിബി സൂഫി പരമ്പരയിലെ ഈ മഹാൻ, അഹമ്മദാബാദിന് സമീപമുള്ള സർഖേജ് ഗ്രാമത്തെ തൻ്റെ ആത്മീയ കേന്ദ്രമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ആദ്യകാല ജീവിതം
1338-ൽ ഡൽഹിയിൽ ഒരു പ്രഭു കുടുംബത്തിലാണ് ഷെയ്ഖ് അഹ്മദ് ജനിച്ചത്. മാലിക് നസറുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. നാലാമത്തെ വയസ്സിൽ ഒരു കൊടുങ്കാറ്റിൽ വീടിന്റെ പരിസരത്തുനിന്ന് അകറ്റപ്പെട്ട അദ്ദേഹത്തിന്റെ ബാല്യകാലം ദുരൂഹതകൾ നിറഞ്ഞതാണ്. രാജസ്ഥാനിലെ ഖത്തുവിലുള്ള (നാഗോറിനടുത്ത്) ഷെയ്ഖ് അബൂ ഇസ്ഹാഖ് അദ്ദേഹത്തെ സംരക്ഷിച്ചെന്നും അതല്ല, ഘട്ടുവിലെ ഒരു ദമ്പതികൾക്ക് ലഭിച്ച ശേഷം ബാബാ ഇസ്ഹാഖിന്റെ സംരക്ഷണയിലായെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ബാബാ ഇസ്ഹാഖിന്റെ കീഴിൽ അദ്ദേഹം വൈജ്ഞാനികവും ആത്മീയവുമായ പരിശീലനം പൂർത്തിയാക്കി, ഇന്ത്യയിലെ മഗ്‍രിബി പരമ്പരയുടെ തലവനായ അദ്ദേഹത്തിൽ നിന്ന് ഖട്ടു ആത്മീയപാത സ്വീകരിച്ചു. ഈ പരമ്പര കർശനമായ തപശ്ചര്യകൾക്കും കവിതയോടും സംഗീതത്തോടുമുള്ള താൽപ്പര്യത്തിനും പ്രസിദ്ധമായിരുന്നു അന്ന്.

ആത്മീയ പ്രകാശവും പ്രശസ്തിയും
ഡൽഹിയിലെ മദ്രസകളും പണ്ഡിതന്മാരും അതി പ്രസിദ്ധമായിരുന്നു അക്കാലത്ത്. തുഗ്ലക്ക് കാലഘട്ടത്തിൽ, മുൻനിര ഗുരുക്കന്മാരിൽ നിന്ന് ദൈവശാസ്ത്രപരമായ അറിവ് നേടിയതിനാൽ അഹ്മദ് ഖട്ടു തന്റെ പഠനത്തിൽ പ്രശസ്തനായി. ഗുജറാത്തിലെയും ഡൽഹിയിലെയും എട്ട് ഭരണാധികാരികളുടെ സ്നേഹാദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1374-ൽ തന്റെ ഗുരുവിന്റെ മരണശേഷം, അദ്ദേഹം നാൽപത് ദിവസത്തെ കഠിനമായ ആത്മീയ ചര്യ അനുഷ്ഠിച്ചു. വെള്ളവും ഈന്തപ്പഴവും മാത്രം കഴിച്ച് ഒരു മുറിയിൽ അടച്ചിരുന്ന ശേഷം, അദ്ദേഹം അസ്ഥികൂടം പോലെയാണ് പുറത്തുവന്നത്. പിന്നീട്, ചെരുപ്പില്ലാതെ, പണമില്ലാതെ, എല്ലാ കൂട്ടുകെട്ടുകളും ഒഴിവാക്കി അദ്ദേഹം ഇസ്‍ലാമിന്റെ ഹൃദയഭൂമികളിലൂടെ നീണ്ട യാത്രകൾ നടത്തി. മക്കയിലെയും മദീനയിലെയും പ്രമുഖ സൂഫികളുമായുള്ള കൂടിക്കാഴ്ചകളിലൂടെയാണ് അദ്ദേഹത്തിന് പിൽക്കാലത്ത് പ്രസിദ്ധനാക്കിയ ആത്മീയ പ്രകാശം ലഭിച്ചത്.
ഡൽഹിയിൽ നിന്നും ഗുജറാത്തിലേക്ക്
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ഷെയ്ഖ് അഹ്മദ്, ഖാനേജഹാൻ പള്ളിയിലായിരുന്നു താമസമാക്കിയത്. ഈ സമയത്താണ് സുൽത്താൻ ഫൈറൂസ് ഷാ തുഗ്ലക്ക് അദ്ദേഹത്തെ സന്ദർശിക്കുന്നത്. പിന്നീട്, ഡൽഹിയിൽ തൈമൂറിന്റെ ആക്രമണ സമയത്ത് പിടിക്കപ്പെട്ടവരുടെ മോചനത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്നത് ശൈഖ് തന്നെയാണ്.
തുടർന്ന് അദ്ദേഹം സിന്ധിലെ തട്ടാ വഴി മടങ്ങി ഗുജറാത്തിൽ സ്ഥിരതാമസമാക്കി. അവിടെ സർഖേജ് ഗ്രാമത്തിലെ തന്റെ ഖാൻഖാഹിൽ ജീവിച്ചു. 1445-ൽ 108 വയസ്സുവരെ ജീവിച്ച അദ്ദേഹം, തൻ്റെ സഹജീവികളെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളെയും അഭിലാഷങ്ങളെയും ശ്രദ്ധിക്കാനുമുള്ള അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു.
ഉപദേശങ്ങളും പാരമ്പര്യവും
ശൈഖിന്റെ പ്രഭാഷണങ്ങൾ അനുയായികളിൽ അച്ചടക്കമുള്ള ജീവിതവും സമൂഹബോധവും വളർത്തി. അഹങ്കാരം എല്ലാ തിന്മകളിലും വെച്ച് ഏറ്റവും വലുതാണെന്ന് അദ്ദേഹം സ്വയം ബോധ്യപ്പെടുത്തി. അതിനാൽ, മോശപ്പെട്ട സഹജവാസനകളോടും ആസക്തികളോടും പോരാടാനും അഹങ്കാരം ഉപേക്ഷിക്കാനും അദ്ദേഹം ഉപദേശിച്ചു.
അന്നത്തെ പ്രമുഖ ശൈഖായ ഖുത്ബേആലം അദ്ദേഹത്തെ സ്ഥിരമായി സന്ദർശിച്ചിരുന്നു. മുഗൾ ചക്രവർത്തി ജഹാംഗീർ പോലും 1618-ൽ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് ആദരാഞ്ജലി അർപ്പിച്ചു. ഖാന്‍ഖാഹിലേക്ക് വരുന്ന സംഭാനകളെല്ലാം അദ്ദേഹം എല്ലാവരുമായി പങ്കിട്ടു. അദ്ദേഹത്തിന്റെ ഈ ഔദാര്യവും ആതിഥേയത്വവും അദ്ദേഹത്തിന് "ഗഞ്ച് ബക്ഷ്" (നിധി ദാനം ചെയ്യുന്നവൻ) എന്ന വിളിപ്പേര് നേടിക്കൊടുത്തു.
ദരിദ്രനായി ജീവിച്ച അദ്ദേഹം എപ്പോഴും സ്വയം ഒരു ദർവീഷ് (ഫഖീർ) ആയി കണക്കാക്കി. എന്നാൽ അദ്ദേഹം തന്റെ സദസ്സിനോട് ഒരു മുന്നറിയിപ്പ് നൽകി: "ഒരു ദർവീഷിന്റെ സദസ്സിൽ പ്രവേശിക്കാൻ വളരെ എളുപ്പമാണ്, എന്നാൽ നിങ്ങൾ അതേ വ്യക്തിയായി തന്നെ പുറത്തുവരാൻ പ്രയാസമാണ്".

അദ്ദേഹം ഗുജരി, ഹിന്ദവി, ഉറുദു, പേർഷ്യൻ എന്നീ ഭാഷകളിൽ ആശയവിനിമയം നടത്തുകയും കവിതകൾ രചിക്കുകയും ചൊല്ലുകയും ചെയ്തു. നല്ല ശബ്ദത്തിന് ഉടമയായിരുന്നതിനാൽ സംഗീത സദസ്സുകളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം അതീവ തൽപരൻ കൂടിയായിരുന്നു.
ആചാരങ്ങളും ദർഗയും
ഇന്നും അനേകമാളുകൾ പതിവായി ശൈഖിന് ആദരാഞ്ജലി അർപ്പിക്കുകയും ദർഗയിലെത്തി പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിശേഷാൽ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് കൂടുതൽ ആളുകൾ എത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഖിച്ചഡ എന്ന മാംസാഹാരം ലങ്കറായി വിതരണം ചെയ്യപ്പെടാറുമുണ്ട്. ശവ്വാൽ 11-നും 13-നും ആണ് അദ്ദേഹത്തിന്റെ ഉറൂസ് ആഘോഷിക്കപ്പെടുന്നത്. ഈ സമയത്ത് ഖുർആൻ പാരായണം, പ്രാർത്ഥനകൾ, സന്ദൽ ഘോഷയാത്ര, മഖ്ബറയിൽ തൈലം പുരട്ടൽ, പിലാഫ് തബർറുക്കായി വിതരണം ചെയ്യൽ എന്നിവ നടക്കുന്നു.
ദർഗയുടെ മനോഹരമായ വാസ്തുവിദ്യയും അതിന്റെ ഭാഗമായ ലൈബ്രറികളും, സ്കൂളുകളും, പള്ളികളും, നടു മുറ്റങ്ങളും അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്ന കേന്ദ്രങ്ങളാണ്. ദർഗയുടെ നടത്തിപ്പ് ഒരു ഓണററി ട്രസ്റ്റ് കമ്മിറ്റിയുടെ കൈകളിലാണ്. അവരുടെ മേൽനോട്ടത്തിൽ തന്നെയാണ് അടുത്തുള്ള ദാറുൽ ഉലൂം ശൈഖ് അഹ്മദ് ഖട്ടു കോളേജും പ്രവർത്തിക്കുന്നത്. ഹാഫിള് , മൗലവി , മുഫ്തി കോഴ്സുകളിലായി 150 ലധികം വിദ്യാർത്ഥികളാണ് നിലവിൽ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്.



Leave A Comment