ഗുലാം അലി ആസാദ്: പ്രവാചക പ്രകീര്‍ത്തനത്തിലെ ഇന്ത്യന്‍ ഹസ്സാന്‍

അറേബ്യൻ സംസ്കാരത്തിനും അന്തരീക്ഷത്തിനും എത്രയോ ദൂരത്ത് നിലകൊളളുമ്പോഴും, അറബി സാഹിത്യത്തിലും അറബി കലകളിലും, ഇസ്‍ലാമിക വളർച്ചയിലും എന്നും നിസ്തുല പങ്കു വഹിച്ചവരാണ് ഇന്ത്യൻ മുസ്‍ലിംകള്‍. മുസ്‍ലിം ലോകത്തിന് നിരവധി സംഭാവനകളര്‍പ്പിച്ച എത്രയോ മഹല്‍വ്യക്തിത്വങ്ങളെ അവരില്‍ കാണാവുന്നതാണ്. അത്തരത്തിലൊരാളാണ്, ഇന്ത്യൻ അറബി ഭാഷയുടെ പിതാവെന്ന് വിളിക്കാവുന്ന, സാഹിത്യത്തിലും ഇതര കലകളിലും നിർണ്ണായക സംഭാവനകൾ നടത്തിയ, പ്രവാചക പ്രകീർത്തനങ്ങളിലെ ഇന്ത്യൻ ഹസ്സാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗലാന ഗുലാം അലി ആസാദ് അൽ ബൽക്കറാമി.

ജനനവും വളർച്ചയും

ഏഴാം നൂറ്റാണ്ടു മുതൽ ഇന്ത്യയിൽ ഇസ്‍ലാമിക വിജ്ഞാനങ്ങളുടെയും സാംസ്കാരിക കൈമാറ്റങ്ങളുടെയും സിരാകേന്ദ്രമായി ഗണിക്കപ്പെട്ടിരുന്ന ഉത്തർപ്രദേശിലെ ബൽക്കറാം എന്ന പ്രദേശത്തെ ഒരു പണ്ഡിത കുടുംബത്തില്‍, ഹിജ്റ വർഷം 1116 സഫർ 25, ക്രിസ്താബ്ധം 1695നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

മംലൂക്ക് രാജാവ് ഷംസുദ്ദീൻ ഇൽത്തുമിഷിന്റെ ഭരണ കാലത്ത് ഇറാഖിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബൽകറാമി കുടുംബം പ്രവാചക പരമ്പരയിൽ പെട്ടവരാണ് എന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ഇവരുടെ പരമ്പര ഹുസൈൻ ബിൻ അലി ബിൻ അബീ ത്വലിബിലേക്കാണ് ചെന്നെത്തുന്നത്  എന്നതാണ് പ്രബലം.

പഠനവും യാത്രയും

തന്റെ മാതാപിതാക്കളിൽ നിന്നാണ് താരീഖിന്റെയും, ഹദീസിന്റെയും, മൻതിഖിന്റെയും പ്രഥമ പാഠങ്ങൾ ഗുലാം അലി ചൊല്ലി പഠിച്ചത്. ചെറുപ്രായത്തിൽ തന്നെ അറബിഭാഷയോട് പ്രിയം തോന്നിയ ഗുലാം അലി ആസാദ് അറബി ഭാഷയിൽ അന്ന് നിർണ്ണായക സംഭാവനകൾ നടത്തിയ തന്റെ മാതൃപിതാവും സുൽത്താൻ മഹമൂദ് ശായുടെ ഉപദേഷ്ടാവും ആയിരുന്ന അബ്ദുൽ ജലീലുബിന്‍ അമീർ അഹമ്മദ് (1071-1143) താമസിച്ചിരുന്ന ഡൽഹിയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ അദ്ദേഹത്തിൽ നിന്ന് അറബി സാഹിത്യം, കാവ്യശാസ്ത്രം , ഹദീസ്, ഫിഖ്ഹ് എന്നീ വിഷയങ്ങളിലും ഫാരിസി, ഹിന്ദി, എന്നീ ഭാഷകളിലും മറ്റുചില കലകളിലും അവഗാഹം നേടി. പിന്നീട്  തന്റെ അമ്മാവനായിരുന്ന മുഹമ്മദ് ബിന് ജലീൽ (1101-1185) താമസിച്ചിരുന്ന സനദിൽ പോയി അദ്ദേഹത്തിൽനിന്ന് ഉറുദു, ഫാരിസി, സംസ്കൃതം എന്നീ ഭാഷകളും കരസ്ഥമാക്കി.

ഇതു കൊണ്ടൊന്നും മതി വരാത്ത ഗുലാം അലി, അറബി പണ്ഡിതരിൽ നിന്ന് അറിവ് നേടണം എന്ന ആഗ്രഹവുമായി 1150 ൽ പരിശുദ്ധ ഹറമുകൾ  സന്ദർശിക്കാൻ യാത്രയായി. ഹറമിലെത്തിയ അദ്ദേഹം പ്രമുഖ പണ്ഡിതനായിരുന്ന മുഹമ്മദ് ഹയാത്ത് സനദിയിൽ നിന്ന് ഹദീസ് പഠിക്കുകയും സിഹാഹു സിത്തയുടെ ഇജാസത്ത് കരസ്ഥമാക്കുകയും ചെയ്തു. ഈയൊരു സംഭവം ഗുലാം അലി ആസാദ് തന്റെ മാസ്റ്റർ പീസ് ഗ്രന്ഥമായ സബ്ഹത്തുൽ മർജാനിന്റെ  ആദ്യഭാഗത്ത്  പരാമർശിക്കുന്നുണ്ട്.  അതുപോലെ തന്നെ മറ്റൊരു പ്രമുഖ പണ്ഡിതനായ ശൈഖ് അബ്ദുൽ വഹാബ് അൽ-ത്വാൻതാവി(1157)യിൽ നിന്നും മതവിജ്ഞാനം നേടി. ഗുലാം അലിയുടെ വിജ്ഞാനങ്ങളിൽ ആകൃഷ്ടനായ ത്വൻത്വാവി തന്റെ പ്രിയ ശിഷ്യന്റെ പേരിനൊപ്പം മോചിതൻ എന്നർത്ഥം വരുന്ന ആസാദ് എന്ന വാക്ക് കുട്ടിച്ചേർത്തു. അങ്ങനെയാണ് ഗുലാം അലി ആസാദ് എന്നായത്. ഹിജാസിലും മക്കയിലുമായി വർഷങ്ങളോളം പഠനം നടത്തി 1186 ൽ നാട്ടിലേക്ക് തിരിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചക പ്രേമിയായിരുന്ന അലി ആസാദ് തിരു നബി സന്നിധിയിൽ വന്ന് പ്രകീർത്തന കാവ്യം പാടിയാണ് പിരിഞ്ഞത്. ഈയൊരു രംഗം ചരിത്രത്തില്‍ ഇന്നും സ്മരിക്കപ്പെടുന്നു.
عليك سلام الله يا أشرف الورى            لقد سال دمعي في فراقك فانيا
وما انا  الا  كالذي جاء  منهلا             فذاك  ولكن  عاد  ضمآن  باكيا
 
(സൃഷ്ടികളിൽ ശ്രേഷ്ഠനായ അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അങ്ങയുടെ വേർപ്പാടിൽ കരഞ്ഞ് എന്റെ കണ്ണുനീർ തീര്‍ന്നിരിക്കുകയാണ്. അങ്ങയിൽ നിന്ന് പലതും നുകരാൻ വന്ന ഞാൻ കരഞ്ഞു ദാഹിച്ചവനായാണ് തിരിച്ചുപോകുന്നത്).
 
1186 ൽ പഠനം പൂർത്തിയാക്കി തിരിച്ചുവന്ന ഇദ്ദേഹം ഔറംഗബാദിലാണ് താമസമാക്കിയത്. പിന്നീടുള്ള തന്റെ ശിഷ്ടകാലം അവിടെ കവിതയിലും പ്രവാചക പ്രകീർത്തനങ്ങളിലുമായി കഴിച്ചുകൂട്ടി. ദർസ് നടത്താൻ ഏറെ പ്രാപ്തനായിട്ട് പോലും   അദ്ദേഹം തെരഞ്ഞെടുത്തത് കാവ്യ മേഖലയായിരുന്നു. 
ഔറങ്കാബാദ് ഭരിച്ചിരുന്ന രാജാവ് നാസർ ജംഗുമായി നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, രാജസദസ്സിലെ നിത്യക്ഷണിതാവ് കൂടിയായിരുന്നു. പലപ്പോഴും അദ്ദേഹം കൊട്ടാരത്തിൽ തന്നെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്.

ഗുലാം അലി തികഞ്ഞ പ്രവാചക പ്രേമിയായിരുന്നു. അതുകൊണ്ടായിരിക്കണം രാജാവ്  നാസർ ജങ്ക് അദ്ദേഹത്തെ ഭരണമേറ്റെടുക്കാൻ നിർബന്ധിച്ചപ്പോൾ പോലും മനപ്പൂർവം ഒഴിഞ്ഞു മാറിയത്. അന്ന് അദ്ദേഹം രാജാവിന് കൊടുത്ത മറുപടി വളരെ ശ്രദ്ധേയമാണ്, “ദുനിയാവ് ത്വാലൂത്തിന്റെ പുഴ പോലെയാണ്. അതിൽ നിന്ന് ഒരു മുറുക്ക് അനുവദനീയവും അതിൽ കൂടുതൽ നിഷിദ്ധവുമാണ്.

84 വർഷത്തെ ആത്മീയ ജീവിതത്തിനൊടുവിൽ ഗുലാം അലി ഹിജ്റ 1200 ദുൽ ഖഅദ് 21 ക്രിസ്താബ്ധം 1779 ൽ അല്ലാഹുവിലേക്ക് യാത്രയായി.
 
അറബി കാവ്യത്തിലെ ആസാദിയൻ സംഭാവനകൾ 
 
ഇന്ത്യൻ അറബികാവ്യത്തിൽ അനിഷേധ്യമായ സംഭാവനകൾ നടത്തിയ വ്യക്തിത്വമാണ് ഗുലാം അലി  ആസാദ്. അതിനുപുറമേ ഫാരിസി, ഹിന്ദി, സംസ്കൃതം, എന്നീ ഭാഷകളിലും ഇദ്ദേഹത്തിന്റെ കവിതകൾ ലഭ്യമാണെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ശ്രുതി, സ്നേഹം, വിലാപം, പ്രകീർത്തനം, വിശേഷണം എന്നീ ഇനങ്ങളിലാണ് അദ്ദേഹത്തിന്റെ കവിതകൾ കൂടുതലും വിരചിതമായിട്ടുള്ളത്. പ്രവാചക പ്രകീർത്തനങ്ങളിൽ മുവ്വായിരത്തി അഞ്ഞൂറോളം കവിതകള്‍ രചിച്ചെന്ന പ്രത്യേകത കൂടി ഇദ്ദേഹത്തിനുണ്ട്. രാജാവ് നാസർ ജങ്ക് ഹസ്സാനുൽ ഹിന്ദ് (ഇന്ത്യയിലെ ഹസ്സാനുബ്നുസാബിത്) എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും അത് കൊണ്ട് തന്നെ.

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുൽ ഹയ് അൽഹസനി എന്നവർ പറയുന്നത്, കാവ്യത്തിലും ഭാഷയിലും ചരിത്രത്തിലും ക്രിയാത്മകതയിലും ആസാദിനെ വെല്ലുന്ന ഒരാളും പിന്നീട് ഉണ്ടായിട്ടില്ല എന്നാണ്. മറ്റൊരു അവസരത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്, ആസാദ് കവിത എഴുതാൻ ഒരുങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന് ആശയങ്ങളുടെയും വിഷയങ്ങളുടെയും കൂട്ടങ്ങൾ വരിവരിയായി അദ്ദേഹത്തിന്റെ ചിന്ത മണ്ഡലങ്ങളിൽ പ്രതിധ്വനിക്കാറുണ്ടായിരുന്നു. 

കാവ്യവും ഭാഷയിലുമായി ഇരുപതിൽപരം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പ്രവാചകനെ പ്രകീർത്തിച്ചുക്കൊണ്ട് രചിച്ചالسبعة السيارة  എന്ന  ഏഴോളം വാല്യങ്ങളുള്ള കവിത സമഹാരം.


 
മറ്റൊരു ഗ്രന്ഥമാണ് سبحة المرجان في آثار هندوستان . ഇന്ത്യക്കാരായ പ്രമുഖ കവികളെയും പണ്ഡിതന്മാരെയും അവർ നടത്തിയ നിർണ്ണായക സംഭാവനകളെയും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
 
ضوء الدراسي في شرح البخاري - സ്വഹീഹിൽ ബുഖാരിക്ക് അദ്ദേഹം രചിച്ച ശറഹാണ് ഈ ഗ്രന്ഥം. പക്ഷേ അദ്ദേഹത്തിന് ഇത് പൂർത്തിയാക്കാനായില്ല. കിതാബുസ്സകാത് വരെയാണ് രചിക്കപ്പെട്ടത്.

 مظهر البركات  - തസവ്വുഫ്, സ്വഭാവ രൂപീകരണം തുടങ്ങിയവയിൽ അധിഷ്ഠിതമായ 3700 ബൈത്തുകൾ ഉൾക്കൊള്ളുന്ന 7 നോട്ടുകളിൽ ആയി ക്രമീകരിക്കപ്പെട്ട മസ്നവീ രീതിയിൽ എഴുതപ്പെട്ട കവിതാ സമാഹാരമാണ് ഇത്. ഉറുദു, ഫാരിസി കവിതയുടെ സർവ്വ ഇനങ്ങളിലും ഇദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. മാത്രവുമല്ല അറബി കാവ്യത്തിലേക്ക് ഫാരിസി ഇനങ്ങളായ മുർദിഫ്, മുസ്തസാദ്, മസ്ദൂജഹ് എന്നിവ ചേർക്കുകയും ചെയ്തു.

ഇന്ത്യൻ അറബിക് ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭാവനകൾ നടത്തിയ സാഹിത്യ, സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മഹാനായ ഹസ്സാനുൽ ഹിന്ദ് ഗുലാം അസാദ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter