ശൈഖ് ഖലീല്‍ ബിന്‍ ഇബ്‌റാഹീം മുല്ലാ ഖാത്വിര്‍; സംഭവബഹുലമായ ജീവിതത്തന് സമാപ്തി

പ്രമുഖ സിറിയന്‍ ഹദീസ് പണ്ഡിതനും നിലവില്‍ മദീനയിലെ പ്രമുഖ സര്‍വകലാശാലയായ ത്വയ്ബ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുകൂടിയായിരുന്ന അല്‍ ശൈഖ് ഖലീല്‍ ബിന്‍ ഇബ്‌റാഹീം മുല്ലാ ഖാത്വിര്‍ വിടപറഞ്ഞിരിക്കുകയാണ്. ആഗസ്റ്റ് നാലിനായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം മദീനയില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരവും നടന്നിരുന്നു. ഹുസൈനീ പരമ്പരയില്‍ ജനിച്ച അദ്ദേഹത്തെ മറവ് ചെയ്തത് പ്രവാചകരുടെ പുത്രനായ ഇബ്‌റാഹീമിന്റെ ചാരത്ത് ജന്നത്തുല്‍ ബഖീഇലാണ്. എണ്‍പതിയഞ്ച് വയസ്സ് പ്രായമായിരുന്ന മുല്ലാഖാത്വിര്‍ 1938 ഓഗസ്റ്റ് എട്ടിന് (ഹി.1357 ശഹബാന്‍ 15) കിഴക്കന്‍ സിറിയയിലെ ദയ്‌റുസ്സൂറിലാണ് ജനിക്കുന്നത്. 

പണ്ഡിത കുടുംബത്തിലേക്ക് ജനിച്ചു വീണ അദ്ദേഹത്തിന്റെ പിതാമഹന്‍ (പിതാവിന്റെ പിതാവ്) അല്‍ ശൈഖ് മുല്ലാ ഖാത്വിര്‍ പ്രമുഖ ഖിറാഅത്ത് പണ്ഡിതനും മാതൃപരമ്പരയിലുള്ള പിതാമഹന്‍ യൂഫ്രട്ടീസിലെ എണ്ണപ്പെട്ട പണ്ഡിതരിലൊരാളുമായിരുന്നു. ഇവരുടെയടുത്ത് നിന്നാണ് ശൈഖ് മുല്ലാ ഖാത്വിര്‍ ഖുര്‍ആന്‍ മനപാഠമാക്കുന്നത്. ഏഴ് വയസ്സായിരുന്നു അദ്ദേഹത്തിനപ്പോള്‍.
കൂടാതെ തന്റെ കാലത്ത് ജീവിച്ചിരുന്ന അല്‍ ശൈഖ് മുഹമ്മദ് സഈദുല്‍ മുഫ്തിയെപ്പോലുള്ള പണ്ഡിതരില്‍ നിന്ന് ശാഫിഈ ഹനഫീ കര്‍മശാസ്ത്രം, നഹ്‌വ്, സ്വറഫ്, ബലാഗ, മന്‍ത്വഖ്, തജ്‌വീദ്, ഫറാഈദ് തുടങ്ങിയ വിഷയങ്ങള്‍ സ്വായത്തമാക്കുകയും ചെയ്തു. ഹദീസ് മേഖലയില്‍ സഈദുല്‍ മുഫ്തിയുടെ ശിശ്യത്വമാണ് ഹദീസ് രംഗത്തുള്ള ഖലീല്‍ മുല്ലാ ഖാത്വിറിന്റെ ഔന്നിത്യത്തിന്റെ നിധാനങ്ങളിലൊന്ന്. 

ഇതിന് ശേഷം ദമസ്‌കസിലെ സര്‍വകലാശാലയില്‍ കുല്ലിയ ശരീഅയിലെ പഠനത്തിന് വേണ്ടി  ശൈഖ് അവറുകള്‍ ദമസ്‌കസിലേക്ക് യാത്രയാകുന്നുണ്ട്. അവിടുത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍  യൂണിവേഴ്‌സിറ്റിയില്‍ കുല്ലിയത്തു ഉസൂലുദ്ദീനില്‍ തുടര്‍പഠനം നടത്തുകയും അവിടെ നിന്ന് തന്നെ ഹദീസില്‍ മാസ്റ്റേഴ്‌സും ഡോക്ട്രേറ്റും പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് ശേഷം 1966ല്‍ സൗദി അറേബ്യയിലേക്ക് തിരിക്കുകയും അവിടെ അല്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്‌സിറ്റിയില്‍ പതിമൂന്ന് വര്‍ഷത്തോളം അധ്യാപനം നടത്തുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം 1979ല്‍ മദീനയിലേക്ക് പോകുന്നതും അല്‍ മഹ്ഹദുല്‍ ആലി ലി ദഅവത്തില്‍ ഇസ്ലാമിലെ (ദഅവാ ഇന്‍സ്റ്റിറ്റ്യൂട്ട്) ഗ്രാജ്വുവേറ്റ് സ്റ്റഡീസില്‍ (ദിറാസാത്തുല്‍ ഉല്‍യാ) അധ്യാപകനായി ജോലിചെയ്യുന്നതും. പിന്നീട് റിയാദിലേക്ക് തന്നെ മടങ്ങുകയും ജാമിഅത്തുല്‍ ഇമാമില്‍ കുല്ലിയ്യ ഉസൂലുദ്ദീനിലെ സുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായി ജോലി തുടരുകയും ചെയ്തു. 1984ല്‍ വീണ്ടും മദീനയിലെത്തുകയും മലിക് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഹദീസ് അധ്യാപകനായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അവസാനം തന്റെ അധ്യാപന പര്യടനങ്ങള്‍ക്കൊടുവില്‍ ത്വയ്ബ യൂണിവേഴ്സ്റ്റിയില്‍ എത്തിച്ചേരുകയും ശേഷിച്ച കാലം അധ്യാപകനായി അവിടെ നിലകൊള്ളുകയും ചെയ്തു. 

സംഭവബഹുലമായ തന്റെ ജീവിതം എന്ന് വിളിച്ചോതുന്ന തൊണ്ണൂറില്‍ പരം ഗ്രന്ഥങ്ങള്‍ വിജ്ഞാന ലോകത്തിന് സംഭാവനയര്‍പ്പിച്ച് കൊണ്ടാണ് ഖലീല്‍ മുല്ലാ ഖാത്വിര്‍ പരലോകം പുല്‍കുന്നത്. പ്രധാനമായും ഹദീസ് ലോകത്ത് മകാനത്തുല്‍ സ്വഹീഹയ്ന്‍ പോലോത്ത കനപ്പെട്ട കൃതികള്‍ അദ്ദേഹം ബാക്കിയാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട മറ്റു രചനകളാണ് സുലാസിയാത്തുല്‍ ഇമാം അല്‍ ശാഫിഈ, ഹദീസുല്‍ മുതവാത്വിര്‍, അല്‍ മുസ്‌നദ് ലിഇമാം അല്‍ ശാഫിഈ, ബിദ്അതു ദഅവല്‍ ഇഅതിമാദ് അലല്‍ കിതാബി ദൂനസ്സുന്ന തുടങ്ങിയവ. എണ്‍പതിയഞ്ച് വയസ്സ് ആയുശ്കാലത്തിനിടയില്‍ തൊണ്ണൂറിലധികം ഗ്രന്ഥങ്ങള്‍ സമൂഹത്തിന് സമര്‍പ്പിച്ച അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ അളക്കാന്‍ അവതന്നെ ധാരളമായിരുന്നു. ഈ ഗ്രന്ഥങ്ങളാണ് ലോകത്തിന് മുമ്പില്‍ ഹദീസ് പണ്ഡിതന്‍ എന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്തത് എന്ന് നിസ്സംശയം പറയാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter