ഊർജ്ജത്തെ മാനേജ് ചെയ്യുന്ന എനർജി മാനേജറാകാൻ

ഊർജ്ജത്തെ മാനേജ് ചെയ്യുന്ന എനർജി മാനേജറാകാൻ

എനർജി മാനേജറാകും മുമ്പ്, എന്താണ് എനർജി മാനേജ്മെന്റ് എന്നറിയാം.

പാരമ്പര്യ/ പാരമ്പര്യേതര ഊർജ സ്ത്രോതസ്സുകളുടെ സാധ്യതകൾ തിരിച്ചറിയുകയും അവ വികസിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. ഒപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഊർജ സംരക്ഷണം നടപ്പാക്കുകയും വേണം. ഊർജ സംരക്ഷണം നാല് തലങ്ങളിലൂടെയാണ് നടപ്പാക്കേണ്ടത്.

1 - ഒരു സ്ഥാപനത്തിൽ ഏതൊക്കെ ഊർജ സ്ത്രോതസ്സുകൾ എന്തെല്ലാം രീതിയിൽ ഉപയോഗിക്കുന്നു എന്നറിയുക. അത് സംബന്ധിച്ച വിവരശേഖരണം നടത്തുക.

2- അനാവശ്യ ഊർജ ഉപഭോഗം കണ്ടെത്തുക. ഓരോ അവസരത്തിലും എത്രത്തോളം ഊർജം ലാഭിക്കാം എന്ന് കണക്കെടുക്കുക.

3- ഊർജനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികൾ എടുക്കുക. ഉദാ: ഊർജനഷ്ടം വരുത്തുന്ന ഉപകരണം മാറ്റുകയോ, കൂടുതൽ ഊർജക്ഷമതയുള്ളത് ഉപയോഗിക്കുകയോ ചെയ്യുക.

4- ആദ്യം നടത്തിയ വിവരശേഖരത്തിലെ ഊർജ ഉപഭോഗവും മാറ്റങ്ങൾക്ക് ശേഷമുള്ള ഉപഭോഗവും താരതമ്യം ചെയ്യുക. ആവശ്യമായ തുടർനടപടികൾ എടുക്കുക.

ആരാണ് എനർജി മാനേജർ ?

ഊർജ ഉപഭോഗത്തെക്കുറിച്ച് പഠിക്കുകയും അത് കുറയ്ക്കുന്നതിന് വേണ്ട നടപടികൾ ആരായുകയും ചെയ്യുന്ന ആളാണ് എനർജി മാനേജർ.

➤ ഊർജനഷ്ടം ഒഴിവാക്കുന്ന രീതിയിൽ നിർമാണ പ്രകിയകളെ പുനർക്രമീകരിക്കുക, കെട്ടിടങ്ങൾ നിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുക, ഊർജനഷ്ടം കുറയുന്ന ഉപകരണങ്ങൾ തിരഞ്ഞെടുക്കുക, പുതിയ പദ്ധതികളെ പരമാവധി ഊർജക്ഷമതയുള്ളതാക്കി മാറ്റുക എന്നിവയാണ് എനർജി മാനേജറുടെ ചുമതലകൾ.

➤ സ്ഥാപനത്തിലെ ജലവിനിയോഗവും അനുബന്ധ ചുമതലകളും എനർജി മാനേജറുടെ ഉത്തരവാദിത്വമാണ്. വൈദ്യുതി, എയർകണ്ടീഷണറുകളുടെ ഉപയോഗം, കെട്ടിടത്തിലെ വെന്റിലേഷൻ, ചൂട് എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയും പ്രവർത്തിക്കാം.

➤ സ്ഥാപനത്തിലെ ഊർജ ആവശ്യങ്ങൾ, ചെലവ്, പ്രവർത്തനക്ഷമത, നിയമവശം എന്നിവയെ ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ എനർജി മാനേജർക്ക് സാധിക്കണം. ഒപ്പം പ്രകൃതി സൗഹാർദപരമായ ഗ്രീൻസർട്ടിഫിക്കറ്റ് കെട്ടിടങ്ങളുടെ നിർമാണം, പ്രവർത്തനം, കാലാവസ്ഥ വ്യതിയാനത്തിന് അനുസൃതമായി ഗ്രീൻഹൗസ് വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ സംബന്ധിച്ച കാര്യങ്ങൾ നിയന്ത്രിക്കേണ്ടതും എനർജി മാനേജർ ആണ്.

➤ ഊർജ സംരക്ഷണം, കാലവസ്ഥാ വ്യതിയാനത്തെ അതിജീവിക്കൽ, ഊർജ സ്വയംപര്യാപ്തത തുടങ്ങി മാനവരാശിയുടെ ഭാവി നിർണയിക്കുന്ന സുപ്രധാന ഇടപെടലുകൾ നടപ്പാക്കേണ്ടത് എനർജി മാനേജർ ആണ്. വാണിജ്യവ്യവസായ സ്ഥാപനങ്ങൾ, ഫാക്ടറികൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അനേകം 'തൊഴിലവസരങ്ങളാണ് എനർജി മാനേജർമാർക്കുള്ളത്. ഇതിനുപുറമെ സ്വയം തൊഴിൽ എന്ന അർഥത്തിലും സാധ്യതകളുണ്ട്.
 നിലവിൽ എഞ്ചിനിയറിങ്, സയൻസ്, ഹ്യൂമാനിറ്റീസ് ബിരുദധാരികളാണ് എനർജി മാനേജ്മെന്റിൽ ഉന്നതപഠനം നടത്തുന്നത്.

ബിരുദാനന്തര ബിരുദ കോഴ്സുകൾ

എം.ടെക്. സ്കൂൾ ഓഫ് എനർജി സ്റ്റഡീസ്. ഐ.ഐ.ടി. ഡൽഹി - (www.iitd.ac.in)
എം.ടെക്. ഡിപ്പാർട്ട്മെന്റ് ഓഫ് എനർജി സയൻസ് ആൻഡ് എഞ്ചിനിയറിങ്, ഐ.ഐ. ടി. ബോംബെ - (www.iitb.ac.in)
എം.ടെക്. വി.ഐ.ടി.യൂണിവേഴ്സിറ്റി, വെല്ലൂർ - (www.vit.ac.in)
എം.ടെക്. മെക്കാനിക്കൽ എഞ്ചിനിയറിങ് ഡിപ്പാർട്ട്മെന്റ് , എൻ.ഐ.ടി. കോഴിക്കോട് - (www.nitc.ac.in)
എം.ടെക്. എൻ.ഐ.ടി. തിരുച്ചിറപ്പള്ളി - (www.nitt.edu)
പി.ജി. ഡിപ്ലോമ എനർജി മാനേജ്മെന്റ്, സെന്റർ ഫോർ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് - (www.uohyd.ac.in)
പി.ജി. ഡിപ്ലോമ (ഇലക്ട്രിക്കൽ എനർജി മാനേജ്മെന്റ് ആൻഡ് എനർജി ഓഡിറ്റ്), ഡിപ്ലോമ (എനർജി എഞ്ചിനിയറിങ്), അണ്ണാമലൈ യൂണിവേഴ്സിറ്റി (https://annamalaiuniversity.ac.in/)

സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ

നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ, ന്യൂഡൽഹി - (www.npcindia.gov.in)
നാഷണൽ പെട്രോളിയം റിസർച്ച് അസോസിയേഷൻ - (www.pcra.org)
റിന്യൂവബിൾ എനർജി സെന്റർ മിത്രധാം, ആലുവ - (www.mithradham.org)

കുഫോസിൽ എനർജി മാനേജ്മെന്റ് എം.ബി.എ

കൊച്ചി പനങ്ങാട്ടുള്ള കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) എം.ബി.എ. എനർജി മാനേജ്മെന്റ് കോഴ്സ് നടത്തുന്നുണ്ട്. ബി.ടെക് ബിരുദധാരികൾക്കാണ് കോഴ്സിന് ചേരാൻ സാധിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള ഊർജോല്പാദന കമ്പനികളിലും സ്ഥാപനങ്ങളിലും മാനേജ്മെന്റ് തലത്തിൽ ജോലി ലഭിക്കാൻ സാധ്യതയുള്ള കോഴ്സാണിത്.

എനർജി മാനേജ്മെന്റിൽ എം.ബി.എ. കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് ഊർജോല്പാദനം, ഊർജവിതരണം എന്നീ മേഖലകളിൽ മികച്ച അവസരങ്ങളാണുള്ളത്.

 ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) കീഴിലുള്ള സ്കൂൾ ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ എനർജി ടെക്നോളജി ആൻഡ് മാനേജ്മെന്റിൽസർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ആറുമാസംകൊണ്ട് പഠിച്ചു പാസാകുന്ന ഈ കോഴ്സിന് എസ്.എസ്.എൽ.സി-യാണ് യോഗ്യത.

(മുജീബുല്ല KM
www.cigicareer.com
www.cigii.org)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter