ഭീകരർ തകർത്ത രണ്ട് ക്രിസ്ത്യൻ പള്ളികൾ പുനര്‍നിര്‍മ്മിച്ച് തുര്‍ക്കി
ഭീകരര്‍ തകർത്ത തെക്കുകിഴക്കൻ തുർക്കിയിലെ രണ്ട് ചരിത്രപ്രധാന ക്രിസ്ത്യന്‍ പള്ളികളുടെ പുനര്‍നിര്‍മ്മാണം പൂർത്തിയാക്കി, സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്ത് തുര്‍കി. സുർപ് ഗിരാഗോസ് എന്ന പേരിലറിയപ്പെടുന്ന അർമേനിയൻ പള്ളിയും ദിയാർബക്കിർ പ്രവിശ്യയിലെ മാർ പെറ്റ്യന്‍ കൽദിയൻ പള്ളിയുമാണ് തുര്‍ക്കി സര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചത്. 
ഒട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടവയാണ് ഈ രണ്ട് പള്ളികളും., മധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ അർമേനിയൻ പള്ളിയായ സുർപ് ഗിരാഗോസ് പതിനാറാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. മുവ്വായിരം ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. പ്രാദേശിക കൽദായ സമൂഹം ഉപയോഗിച്ചിരുന്ന മാർ പെറ്റ്യൻ കൽദിയൻ പള്ളി, പണിതത് പതിനേഴാം നൂറ്റാണ്ടിലായിരുന്നു.
തുര്‍ക്കിക്കെതിരെ അക്രമണങ്ങള്‍ നടത്തുന്ന കുർദിസ്ഥാൻ വർക്കേഴ് പാർട്ടി എന്ന ഭീകരസംഘടന 2015 ല്‍ തകര്‍ത്തതായിരുന്നു ഈ പള്ളികള്‍. ഇവ പുനര്‍നിര്‍മ്മിച്ച് തുറന്ന് കൊടുക്കുന്നതിലൂടെ, സാമുദായിക ഐക്യത്തിന്റെയും രാഷ്ട്ര ഭദ്രതയുടെയും വലിയ സന്ദേശമാണ് നല്കുന്നതെന്നും ഇതില്‍ എല്ലാവരും ഏറെ സന്തുഷ്ടരാണെന്നും തുര്‍കി സാംസ്കാരിക വകുപ്പ് മന്ത്രി മെഹ്മത് നൂരി എര്‍സോയ് അഭിപ്രായപ്പെട്ടു.  
ഏകദേശം 32 മില്യൺ ടർക്കിഷ് ലിറ (2.15 മില്യൺ ഡോളർ) പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. 2019-ൽ ആരംഭിച്ച പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്, തുർക്കിയിലെ പരിസ്ഥിതി-നഗരവൽക്കരണ മന്ത്രാലയമാണ് ഫണ്ട് നൽകിയത്. 
തുർക്കിക്കെതിരായി 35 വർഷത്തിലേറെയായി ഭീകരാക്രമണങ്ങൾ തുടരുന്ന സംഘടനയാണ് കുര്‍ദിസ്ഥാന്‍ വര്‍കേഴ്സ് പാര്‍ട്ടി. അമേരിക്കയും യൂറോപ്യൻ യൂണിയനും സംഘടനയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ശിശുക്കളും ഉൾപ്പെടെ നാല്പതിനായിരത്തിലധികം ആളുകളുടെ മരണത്തിന് ഉത്തരവാദികളാണ് പി.കെ.കെ എന്ന പേരിലറിയപ്പെടുന്ന ഈ തീവ്രവാദ സംഘടന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter