ആലിന്തര ത്വരീഖത് എന്നൊരു ത്വരീഖത് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ സമസ്ത അംഗീകരിച്ചതാണോ ? എന്റെ കസിൻ പോകുന്നുണ്ട്. അത് ഞാൻ തടയണോ?
ചോദ്യകർത്താവ്
Fahad
Dec 6, 2018
CODE :Aqe8984
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്റേയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പ്രശസ്തമായ ശാദുലീ ത്വരീഖത്തിന്റെ പ്രചാരകൻ ആയിട്ടാണ് ആലിന്തറ ടി.സി. അബ്ദുല്ലാഹ് ഫൈസി അറിയപ്പെടുന്നത്. ഹിജ്റ ആറാം നൂറ്റാണ്ടിൽ ജീവിച്ച അബുൽ ഹസനുശ്ശാദുലീ (റ)പ്രചാരം നൽകിയ ആത്മീയ ജീവിത വഴിയാണ് ശാദുലീ ത്വരീഖത്ത്. അബൂബക്ർ സ്വിദ്ദീഖ് (റ), അലിയ്യു ബിൻ അബീ ത്വാലിബ് (റ), അനസു ബിൻ മാലിക് (റ), സൽമാനുൽ ഫാരിസീ (റ) എന്നിവരിലൂടെ മുഹമ്മദ് നബി (സ്വ)യിലേക്ക് ആത്മീയ പരമ്പരയെത്തുന്നു എന്ന് വിലയിരുത്തപ്പെടുന്ന ഈ ത്വരീഖത്ത് പൊതുവേ ഇസ്ലാമിക ലോകം അംഗീകരിച്ചതും അബുൽ ഹസുശ്ശാദുലി (റ) യുടെ പിൻഗാമികളായ അബുൽ അബ്ബാസിൽ മുർസി (റ), ഇബ്നു അത്വാഇല്ലാഹിസ്സിക്കന്തരി (റ), യാഖൂതുൽ അർശീ (റ) തുടങ്ങിയവർ മുതൽ അബ്ദുൽ ഖാദിർ ഈസ (റ) വരേയുള്ള മഹാന്മാരിലൂടെ കൈമാറപ്പെട്ടതുമാണ്. എന്നാൽ ശാദുലീ ത്വരീഖത്തിലെ അംഗവും പ്രചാരകനും എന്നതിലപ്പുറം അതിന് ഒരു ശാഖ ആലിന്തറ ത്വരീഖത്ത് എന്ന പേരിൽ ഉണ്ടോയെന്നോ ടി.സി. അബ്ദുല്ലാഹ് ഫൈസി ഈ വഴിയിലെ ലക്ഷണമൊത്ത ശൈഖാണെന്നോ അല്ലെന്നോ സമസ്തയോ സമസ്തയിലെ ഏതെങ്കിലും പ്രഗൽഭ പണ്ഡിതരോ പ്രസ്താവിച്ചതായി അറിയില്ല. ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ അതുമായി ധൃതിയിൽ ബന്ധപ്പെടുന്നതിന് മുമ്പ് നമ്മുടെ ഉത്തരവാദപ്പെട്ട മത നേതൃത്വം എന്ന നിലയിൽ സമസ്ത മുശാവറയുടേയോ ഫത് വാ കമ്മിറ്റിയുടേയോ നന്ന ചുരുങ്ങിയത് ഏതെങ്കിലുമൊരു മുശാവ അംഗത്തിന്റേയോ അഭിപ്രായം തേടുന്നതാണ് അദബ്. ത്വരീഖത്തിന് ശാഖയുണ്ടാക്കലും ശൈഖാകലും ചില്ലറ കാര്യമല്ല. ധാരാളം ഗൌരവപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് നെല്ലും പതിരും വേര്‍ത്തിരിച്ചാലേ ഇതിലെ ഒറിജിനലും വ്യാജനും വ്യക്തമാകൂ. അതിന് ഇരുത്തം വന്ന ആമിലീങ്ങളായ ആലിമീങ്ങളുടെ സഹായം ആവശ്യമാണ്. അതിനാൽ ചോദ്യ കർത്താവ് ഈ വിഷയം വിശദമായി വിവരിച്ച് സമസ്ത ഫത് വാ കമ്മിറ്റിക്ക് ഒരു കുറിപ്പ് അയക്കുന്നതാണ് ഉചിതം. ഇക്കാര്യം സഹോദരനെ അറിയിക്കുകയും സമസ്തയില്‍ നിന്ന് ലഭിക്കുന്ന മറുപടിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ ഗുണദോഷിക്കുകയും ചെയ്യണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ