عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : " الأَرْوَاحُ جُنُودٌ مُجَنَّدَةٌ فَمَا تَعَارَفَ مِنْهَا ائْتَلَفَ وَمَا تَنَاكَرَ مِنْهَا اخْتَلَفَ " ( صحيح البخاري) റൂഹുകളെ കുറിച്ച് പറയുന്ന ഈ ഹദീസ് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

salim jeddah

Jan 5, 2021

CODE :Aqe10034

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മേല്‍ഹദീസ് ഇമാം ബുഖാരി(റ) അവിടത്തെ സ്വഹീഹുല്‍ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഹദീസിന്‍റെ സാരം ഇങ്ങനെ വായിക്കാം: റൂഹുകള്‍ പലതരം കൂട്ടങ്ങളാണ്. അവയില്‍ (ഒരേ ഗുണമുള്ള റൂഹുകള്‍) പരസ്പരം അറിഞ്ഞാല്‍ ഇണക്കത്തിലാവുകയും (വിരുദ്ധവിശേഷണമുള്ള) റൂഹുകള്‍ പരസ്പരം ബന്ധപ്പെട്ടാല്‍ പിണക്കത്തിലാവുകയും ചെയ്യും.

മഹാന്മാരായ ഹദീസ് പണ്ഡിതന്മാര്‍ വളരെ വിശദമായി ഈ ഹദീസിനെ അപഗ്രഥിച്ചിട്ടുണ്ട്. ഇമാം നവവി(റ), ഇമാം ഇബ്നുഹജര്‍(റ) പോലെയുള്ളവരുടെ വിശദീകരണത്തിന്‍റെ ചുരുക്കം താഴെ ചേര്‍ക്കാം.

അല്ലാഹു ശരീരങ്ങളെ (ജിസ്മ്) സൃഷ്ടിക്കുന്നതിന് മുമ്പേ റൂഹുകളെ സൃഷ്ടിച്ചിട്ടുണ്ട്. ആ ലോകം ആലമുല്‍അര്‍വാഹ് എന്നറിയപ്പെടുന്നു. ആലമുല്‍അര്‍വാഹില്‍ അല്ലാഹു എല്ലാ റൂഹുകളെയും ഒരുമിച്ചുകൂട്ടിയിട്ടുണ്ട്. അല്ലാഹു സൃഷ്ടിച്ച ആ റൂഹുകള്‍ പലവിധമുണ്ട്. നല്ല റൂഹുകളും ചീത്ത റൂഹുകളും. ആലമുല്‍അര്‍വാഹില്‍ വെച്ച് റൂഹുകള്‍ പരസ്പം പരിചയപ്പെട്ടിട്ടുണ്ട്. നല്ല റൂഹുകള്‍ നല്ല റൂഹുകളുമായും ചീത്ത റൂഹുകള്‍ ചീത്ത റൂഹുകളുമായാണ് അവിടെ വെച്ച് പരിചയപ്പെട്ടത്.  പിന്നീട് ആ റൂഹുകള്‍ ജിസ്മുകളിലേക്ക് (ശരീരങ്ങളിലേക്ക്) ഇറക്കപ്പെട്ടു. ശരീരങ്ങളുടെ ലോകമാണ് ഭൂമി. ഇതിനെ ആലമുല്‍ അജ്സാം എന്ന് വിളിക്കുന്നു. അപ്പോള്‍ ആ ജിസ്മുകള്‍ അവയിലേക്ക് ഇറക്കപ്പെട്ട റൂഹുകളുടെ ഗുണം പ്രതിഫലിപ്പിക്കുന്നു. ജിസ്മുകളിലേക്ക് ഇറക്കപ്പെട്ട റൂഹുകള്‍ ആലമുല്‍അജ്സാമായ ഭൂമിയില്‍ വെച്ച് പരസ്പരം പരിചയപ്പെടുന്നതാണ്. അപ്പോള്‍ ഒരേ ഗുണമുള്ള റൂഹുകളുള്ള മനുഷ്യര്‍ പരസ്പരം ബന്ധപ്പെടുമ്പോള്‍ അവര്‍ക്കിടയില്‍ ഇണക്കമുണ്ടാവുകയും പരസ്പരവിരുദ്ധുഗുണമുള്ള റൂഹുകളുള്ള മനുഷ്യര്‍ പരിചയപ്പെടുമ്പോള്‍ അവര്‍ക്കിടയില്‍ പിണക്കമുണ്ടാവുകയും ചെയ്യുന്നു.

മക്കയില്‍ തമാശക്കാരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സത്രീ മദീനയിലെത്തി തമാശക്കാരിയായ ഒരു സത്രീയുടെ കൂടെ താമസിക്കുന്നുവെന്ന വിവരം കേട്ടപ്പോള്‍ ആഇശാ ബീവി(റ) പറഞ്ഞു: എന്‍റെ പ്രേമഭാജനം (നബി സ്വ) സത്യം പറഞ്ഞു. ശേഷം ആഇശാബീവി(റ) മേല്‍ ഹദീസ് പറഞ്ഞു.

മേല്‍ഹദീസിന്‍റെ ഫാഇദകളിലൊന്നായി ഇബ്നുല്‍ജൌസീ(റ) പറയുന്നു: സല്‍സ്വഭാവിയും സദ്’വൃത്തരുമായ ആളുകളോട് നമുക്ക് എന്തെങ്കിലും വെറുപ്പോ ദേശ്യമോ തോന്നുകയാണെങ്കില്‍ ഉടനെ അതിന്‍റെ കാരണം മനസ്സിലാക്കി ആ വെറുപ്പ് മാറ്റുകയും അതുവഴി നമ്മുടെ റൂഹിന്‍റെ മോശമായ ഗുണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter