ഖൈറും ശര്‍റും അല്ലാഹുവില്‍ നിന്നാണ് എന്നാണല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ ശര്റ് മനുഷ്യന്റെ തോന്നല്‍ ആണെന്നും അല്ലാഹു അടിമക്ക് ഖൈര്‍ മാത്രമേ ഉദ്ദേശിക്കുകയുള്ളൂ എന്നും പറയുന്നവരുണ്ട്. ഇത് ശരിയാണോ?
ചോദ്യകർത്താവ്
ഹാരിദ് അബ്ദുസ്സലാം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍ വിധിയോടെയാണെന്നുളള വിശ്വാസമാണ് ദൈവീക വിധിയിലുളള വിശ്വാസം. ഈ പ്രപഞ്ചവും അതിലുളളതെല്ലാം സൃഷ്ടിച്ച അല്ലാഹു ഇന്ന സമയത്ത് ഇന്നത് സംഭവിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഓരോ കാര്യങ്ങളും സംഭവിക്കുന്നത്. അത് പോലെ മനുഷ്യന് ലഭിക്കുന്ന അനുഗ്രഹങ്ങളും ജീവിതത്തിലുണ്ടാവുന്ന പരീക്ഷണങ്ങളും അല്ലാഹുവില്‍ നിന്നുളളതാണ് എന്ന് നാം വിശ്വസിക്കണം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും പരീക്ഷണങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ ക്ഷമിക്കുകയും പ്രതീക്ഷ വെച്ച് പുലര്‍ത്തുകയും വേണം. അല്ലാഹു അടിമക്ക് നന്മ മാത്രമേ ഉദ്ദേശിക്കൂ എന്ന വാദം ശരിയല്ല. അത് മുഅ്തസിലി പ്രസ്ഥാനക്കാരുടെ വാദമാണ്. അങ്ങനെ വന്നാല്‍, അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടും അത് നടക്കുന്നില്ലെന്നും പകരം അടിമകള്‍ ഉദ്ദേശിക്കുന്ന തിന്മകളാണ് നടക്കുന്നതെന്നും വരും. അത് അല്ലാഹുവിന്റെ പരമമായ അധികാരത്തെ തന്നെ ചോദ്യം ചെയ്യലാണല്ലോ. ഇത്തരം കാര്യങ്ങളെല്ലാം വിശ്വാസം എന്ന വിഭാഗത്തിലെ അടിസ്ഥാന വിശ്വാസങ്ങള്‍ എന്ന ഭാഗത്ത് വിശദമാക്കിയിട്ടുണ്ട്. ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാന്‍ നാഥന് തുണക്കട്ടെ.


