വിഷയം: ‍ ഇഷ്ടധാനം

ഞങ്ങൾ നാല് മക്കളാണ് (മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും). ഞാൻ മൂത്ത മകനാണ്. എന്റെ പിതാവിന് സ്വന്തം പിതാവിൽനിന്ന് 8 സെന്റ് സ്ഥലം ലഭിച്ചിരുന്നു. പിതാവിന്റെ സഹോദരങ്ങൾക്കും അന്ന് തുല്യ അളവിൽ സ്വത്ത് ലഭിച്ചിരുന്നു. 2016-ൽ പിതാവ് തന്റെ പൂർണ്ണ ആരോഗ്യത്തോടെയും സ്വന്തം തീരുമാനപ്രകാരവും മേൽപ്പറഞ്ഞ 8 സെന്റ് സ്ഥലം ഞങ്ങളുടെ രണ്ടാമത്തെ സഹോദരന് 'ഇഷ്ടദാന ആധാരത്തിലൂടെ' എഴുതിനൽകി. ആ സഹോദരൻ ഇപ്പോൾ അവിടെ വീട് നിർമിച്ച് താമസിക്കുകയാണ്. ഈ വസ്തു കൈമാറ്റം ചെയ്യുമ്പോൾ ഞാനും എന്റെ കുടുംബവും, ആ സഹോദരനും കുടുംബവും, മാതാപിതാക്കളും മറ്റു സഹോദരങ്ങളും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്റെ അറിവിൽ, ആ സഹോദരന് മാത്രം സ്ഥലം നൽകാൻ പ്രത്യേകമായ സാമ്പത്തിക ആവശ്യമോ മറ്റു ന്യായമായ കാരണങ്ങളോ ഉണ്ടായിരുന്നില്ല. എന്നെയോ മാതാവിനെയോ അറിയിക്കാതെയായിരുന്നു പിതാവ് ഈ നടപടി സ്വീകരിച്ചത്. ആ സമയത്ത് ഞാനും പിതാവും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു; അദ്ദേഹം എന്നോട് സംസാരിക്കാതിരുന്ന കാലഘട്ടവുമായിരുന്നു അത്. എങ്കിലും, സ്ഥലം ആ സഹോദരന് നൽകിയത് എന്നോടുള്ള വ്യക്തിപരമായ വിരോധം കാരണമാണെന്ന് പിതാവ് നേരിട്ട് പറഞ്ഞിട്ടില്ല. ഞാൻ 16-ാം വയസ്സു മുതൽ പിതാവിനോടൊപ്പം കുടുംബവ്യാപാരത്തിൽ പങ്കാളിയാവുകയും, ശമ്പളമില്ലാതെ ദീർഘകാലം കഠിനാധ്വാനം ചെയ്ത് വ്യാപാരത്തിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുകയും ചെയ്തിട്ടുള്ളയാളാണ്. എങ്കിലും, ആ സ്വത്ത് എനിക്ക് ലഭിക്കണമെന്ന അവകാശവാദം ഉന്നയിക്കാനോ നിയമപരമായ കേസിനു പോകാനോ അല്ല ഞാൻ ഈ ചോദ്യം ചോദിക്കുന്നത്. മറിച്ച്, ഇസ്‌ലാമിക നിയമപ്രകാരം (ഖുർആനും സുന്നത്തും മുൻനിർത്തി) മക്കൾ ജീവിച്ചിരിക്കെ പിതാവ് ഇത്തരത്തിൽ ഒരാൾക്ക് മാത്രം സ്വത്ത് ഇഷ്ടദാനമായി നൽകിയ നടപടി നീതിപൂർവ്വവും ശരിയുമായിരുന്നോ എന്ന് അറിയാൻ ആഗ്രഹിക്കുന്നു.?

ചോദ്യകർത്താവ്

അനീസ് റഹ്മാൻ

Oct 23, 2026

CODE :Fin16567

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

മക്കൾ ജീവിച്ചിരിക്കെ മാതാപിതാക്കൾ തങ്ങളുടെ സ്വത്തുക്കൾ വീതിച്ചു നൽകുന്നതിനെ ഇസ്‌ലാമിക കർമ്മശാസ്ത്രത്തിൽ 'ഹിബ' എന്നാണ് പറയുന്നത്. മക്കളിൽ ആർക്കെങ്കിലും സ്വന്തം ജീവിതകാലത്ത് സ്വത്ത് ദാനമായി നൽകുമ്പോൾ മാതാപിതാക്കൾ എല്ലാ മക്കളോടും നീതി പുലർത്തണമെന്നാണ് ഇസ്‌ലാം കർശനമായി പഠിപ്പിക്കുന്നത്.  മക്കൾക്കിടയിൽ ദാനധർമ്മങ്ങൾ നൽകുമ്പോൾ സമത്വം പാലിക്കാനും ഒരാൾക്ക് മാത്രം പ്രത്യേകമായി നൽകി മറ്റുള്ളവരെ ഒഴിവാക്കരുതെന്നും തിരു നബി (സ) കൽപിച്ചിട്ടുണ്ട്. സ്വഹാബിയായ നുഅ്മാൻ ബിൻ ബശീർ (റ) തന്റെ മകന് തോട്ടം ദാനമായി നൽകിയപ്പോൾ പ്രവാചകൻ (സ) ചോദിച്ചു: "നിന്റെ എല്ലാ മക്കൾക്കും ഇതുപോലെ നൽകിയിട്ടുണ്ടോ?" ഇല്ല എന്ന് മറുപടി പറഞ്ഞപ്പോൾ, "എങ്കിൽ എന്നെ ഇതിന് സാക്ഷിയാക്കരുത്,  എന്ന് പറഞ്ഞ് നബി (സ) അത് നിരസിക്കുകയാണുണ്ടായത്.

അതുകൊണ്ടുതന്നെ, പ്രത്യേകമായ ന്യായമായ കാരണങ്ങളോടുകൂടാതെ (ചികിത്സാപരമായ അത്യാവശ്യം, ദാരിദ്ര്യം തുടങ്ങിയവ) ഒരു മകന് മാത്രം മറ്റുള്ളവരുടെ സമ്മതം കൂടാതെ സ്വത്ത് എഴുതിനൽകിയ നടപടി ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിൽ നീതിപൂർവ്വമായ ഒന്നായി കണക്കാക്കാൻ സാധിക്കില്ല. കുറ്റകരമാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter