ഫത്റത്തിന്‍റെ കാലം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കാമോ? അക്കാലത്ത് ജീവിച്ചവരുടെ പാരത്രിക അവസ്ഥ എന്തായിരിക്കും?

ചോദ്യകർത്താവ്

സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫത്റത് എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം ക്ഷീണം എന്നാണ്. പ്രവാചകരില്ലാതെ, ദിവ്യസന്ദേശം ഭൂമിയില്‍ ക്ഷീണം അനുഭവിച്ച കാലം എന്ന് പറയാം. പ്രവാചകര്‍ നിയോഗിക്കപ്പെടാത്ത സമൂഹത്തെയാണ് ഫത്റതിന്‍റെ കാലക്കാര്‍ എന്ന് പറയുന്നത്. സൂറതുല്‍ മാഇദയില്‍ ഇങ്ങനെ കാണാം, ഹേ വേദക്കാരേ, ദൈവദൂതന്മാര്‍ നിയുക്തരാകാത്ത ഒരിടവേളക്കു (ഫത്റത്) ശേഷം കാര്യങ്ങള്‍ പ്രതിപാദിച്ചു തന്നുകൊണ്ട് നമ്മുടെ റസൂല്‍ നിങ്ങളിലേക്ക് വന്നിരിക്കുകയാണ്; 'ഒരു ശുഭവാര്‍ത്താവാഹകനോ താക്കീതുകാരനോ ഞങ്ങളുടെയടുത്തേക്ക് വന്നില്ലല്ലോ' എന്നു നിങ്ങള്‍ ന്യായം പറയാതിരിക്കാനാണിത്. ഇപ്പോഴിതാ ശുഭവാര്‍ത്താവാഹകനും താക്കീതുകാരനും നിങ്ങള്‍ക്കു വന്നുകഴിഞ്ഞു, തീര്‍ച്ച. സര്‍വകാര്യത്തിനും കഴിവുറ്റവനാണ് അല്ലാഹു. (സൂറതുല്‍ മാഇദ 19). ഇസ്‌ലാമിക ചരിത്രത്തില്‍ ഫത്റത് എന്നത് കൊണ്ട് പ്രത്യേകമായി ഉദ്ദേശിക്കപ്പെടുന്നത്, ഈസാ നബി (അ)ന്‍റെയും പ്രവാചകര്‍ (സ)തങ്ങളുടെയും ഇടയിലുള്ള കാലമാണ്. അറൂനൂറ് വര്‍ഷമാണ് ഇതെന്ന് സല്‍മാനുല്‍ഫാരിസി നിവേദനം ചെയ്തതായി ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസില്‍ കാണാം. ഈ കാലയളവില്‍ ജീവിച്ച് സത്യനിഷേധികളായി മരണം വരിച്ചവരുടെ അവസ്ഥ പരലോകത്ത് എന്താവും എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഏറെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. സത്യനിഷേധികളാരും തന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ലെന്ന് ആയതുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നരകാവകാശികള്‍ തന്നെയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, പ്രവാചകരെ നിയോഗിക്കുന്നത് വരെ ആരെയും നാം ശിക്ഷിക്കില്ല എന്ന് പറയുന്ന വിവിധ ആയതുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ നരകത്തില്‍ പ്രവേശിക്കില്ലെന്ന് പറയുന്ന ധാരാളം പണ്ഡിതരുമുണ്ട്. ഇവ്വിഷയകമായ വ്യത്യസ്താഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം, ആധുനിക പണ്ഡിതനായ മുഹമ്മദ് ശന്‍ഖീതി തന്‍റെ തഫ്സീറില്‍ പറയുന്നത് ഏറെ ശ്രദ്ധേയമാണ്, പ്രവാചകര്‍ വന്നിട്ടില്ലെന്ന കാരണത്താല്‍, മുന്‍കാല സമൂഹങ്ങള്‍ക്ക് നേരിടേണ്ടി വന്നത് പോലെ ഇഹലോകത്ത് വെച്ച് തന്നെയുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ഉണ്ടാവുകയില്ലെന്നും ഖിയാമത് നാളില്‍ ഇത്തരക്കാര്‍ക്ക് വേണ്ടി പ്രത്യേകം പരീക്ഷണങ്ങള്‍ നടത്തുമെന്നും അവയെ അടിസ്ഥാനമാക്കിയായിരിക്കും അവരുടെ രക്ഷാശിക്ഷകള്‍ തീരുമാനിക്കപ്പെടുക എന്നും മനസ്സിലാക്കുന്നതാണ് കൂടുതല്‍ കൃത്യമായി തോന്നുന്നത്. അതിലെല്ലാമുപരി, അക്കാലത്ത് മരണപ്പെട്ടവരുടെ രക്ഷാ-ശിക്ഷകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് നമ്മുടെ ജീവിതത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നതും അതിനാല്‍ തന്നെ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും അനാവശ്യമാണെന്ന് കൂടി നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ കാര്യം അല്ലാഹുവിലേല്‍പിച്ച് കര്‍മ്മങ്ങളുമായി മുന്നേറുകയാണ് നാം വേണ്ടത്. അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍. ഈമാനോടെ ജീവിച്ച് ഈമാനോടെ മരിക്കാന്‍ അവന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter