ആത്മ ഹത്യ ചെയ്യുന്നവരെല്ലാം നരകത്തിലാണോ? ജീവിതത്തിൽ വളരെ കഷ്ടപെട്ടതിനാല്‍ ആത്മഹത്യ ചെയ്താല്‍ മാപ്പ് കിട്ടുമോ? പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ആത്മഹത്യ ചെയ്താൽ എന്താണ് വിധി?

ചോദ്യകർത്താവ്

നൌഫല്‍ ബാംഗ്ലൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ആത്മഹത്യ എന്നത് വളരെ കടുത്ത ഹറാമും വലിയ പാപവും ആണ്. എന്നാല്‍ ആത്മഹത്യ ചെയ്യുന്നത് കൊണ്ട് മാത്രം ഒരാള്‍ കാഫിറായി മരിക്കുമെന്നോ നരകത്തില്‍ ശാശ്വതനാകുമെന്നോ പറഞ്ഞുകൂടാ. അതേസമയം, അത് അനുവദനീയമാണെന്ന് വിശ്വസിച്ച് കൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്തതെങ്കില്‍ അത് കുഫ്റിന് കാരണമാകുന്നതാണ്. ഒരു വിശ്വാസി ഒരിക്കലും ജീവിതത്തില്‍ നിരാശപ്പെടേണ്ടവനല്ല. ദൈനംദിന ജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളും പ്രശ്നങ്ങളുമെല്ലാം അല്ലാഹുവിന്‍റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കുന്നവനാണ് അവന്‍. പ്രതീക്ഷാനിര്‍ഭരമായ ജീവിതമാണ് അവനുണ്ടാവേണ്ടത്. അത് കൊണ്ട് തന്നെ, ആത്മഹത്യ എന്ന ചിന്ത തന്നെ ഉദിക്കുന്നത്, വിശ്വാസത്തിലുള്ള ദൌര്‍ബല്യം കൊണ്ടാണെന്ന് വ്യക്തമാണല്ലോ. ഇതിന്‍റെ കുറ്റം വ്യക്തമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ കാണാം, ജുന്‍ദുബ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളുടെ മുമ്പുണ്ടായിരുന്നവരില്‍ ഒരാള്‍ക്ക് മുറിവ് പറ്റുകയും അയാള്‍ ഏറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അയാള്‍ ഒരു കത്തിയെടുത്ത് തന്‍റെ കൈയ്യില്‍ മുറിവാക്കുകയും രക്തം വാര്‍ന്ന് മരിക്കുകയും ചെയ്തു. അയാളെ കുറിച്ച് അല്ലാഹു പറഞ്ഞു, എന്‍റെ അടിമ അവന്‍റെ ശരീരം കൊണ്ട് (മരണത്തിലേക്ക്) ധൃതി കൂട്ടി. അവന് ഞാന്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (മുസ്‌ലിം). വലിയ കുന്തമുപയോഗിച്ച് ആത്മഹത്യ ചെയ്ത ഒരാളുടെ മയ്യിത് റസൂല്‍ (സ)യുടെ അടുക്കല്‍ കൊണ്ടുവരപ്പെട്ടപ്പോള്‍ നബി തങ്ങള്‍ അയാളുടെ മേല്‍ നിസ്കരിക്കാതെ മാറിനിന്നതും ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഇതുമായി ബന്ധപ്പെട്ട വിവിധ ഹദീസുകളെ അടിസ്ഥാനമാക്കി, ഉമര്‍ബിന്‍അബ്ദില്‍അസീസ് (റ) അടക്കമുള്ള പല പണ്ഡിതരും ആത്മഹത്യ ചെയ്തവന്‍റെ മേല്‍ നിസ്കരിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, കര്‍മ്മശാസ്ത്രത്തിന്‍റെ പ്രബല വീക്ഷണം, അയാളുടെ മേല്‍ നിസ്കരിക്കേണ്ടതാണ് എന്നു തന്നെയാണ്. റസൂല്‍ (സ) നിസ്കരിക്കാതെ മാറി നിന്നത്, അത് നിഷിദ്ധമായത് കൊണ്ടല്ല എന്നും മറിച്ച്, ജനങ്ങള്‍ക്ക് അതിനോട് വെറുപ്പുണ്ടാക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് പണ്ഡിതര്‍ വിശദീകരിക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍, ജനങ്ങള്‍ മാനിക്കുന്ന പണ്ഡിതര്‍ക്കും മറ്റു പ്രമുഖര്‍ക്കും ആത്മഹത്യ ചെയ്തവന്‍റെ മേല്‍ നിസ്കരിക്കാതെ മാറി നില്‍ക്കാവുന്നതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആത്മഹത്യ ചെയ്തത് എന്ത് കാരണം കൊണ്ടാണെങ്കിലും ഏത് പ്രായത്തിലാണെങ്കിലും ഇതു തന്നെയാണ് വിധി. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത ചെറിയ കുട്ടികള്‍ പലപ്പോഴും അങ്ങനെ ചെയ്യുന്നത് സ്വന്തമായല്ല, മറിച്ച് രക്ഷിതാക്കളുടെയോ മറ്റുള്ളവരുടെയോ പ്രേരണമൂലവും അതിന്‍റെ കാര്യഗൌരവം മനസ്സിലാക്കാതെയുമാണെന്നതാണ് സത്യം. അങ്ങനെ വരുമ്പോള്‍, സ്വാഭാവികമായും അതിന്‍റെ ശിക്ഷയും അനുഭവിക്കേണ്ടിവരിക കാരണക്കാര്‍ തന്നെയാകുമല്ലോ. ചെയ്ത തെറ്റിന് മാപ്പ് കൊടുക്കുന്നവന്‍ അല്ലാഹു ആണ്. അവന്‍ ഉദ്ദേശിച്ചാല്‍ ശിര്‍ക് അല്ലാത്ത എന്തിനും മാപ്പ് നല്‍കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ, ജീവിതത്തിലെ ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യ ചെയ്തുപോയ സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍, അവര്‍ക്ക് വേണ്ടി പാപമോചനത്തിനായി ദുആ ചെയ്യേണ്ടതും അല്ലാഹുവിനോട് പൊറുക്കലിനെ തേടേണ്ടതുമാണ്. ജീവിതത്തിലെ പരീക്ഷണങ്ങളെ ഈമാന്‍ കൊണ്ട് നേരിടാനും അവയില്‍ വിജയം വരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter