വിഷയം: ‍ മുലപ്പാല്‍ ബാങ്കും മുലകുടിബന്ധവും

മുലപ്പാൽ ബാങ്ക് കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു എന്ന് പത്ര റിപ്പോർട്ടുകൾ കണ്ടു. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന്‍റെ ഇസ്‌ലാമിക വിധി എന്താണ്. ഇവിടെ നിന്നും മുലപ്പാൽ സ്വീകരിക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ?

ചോദ്യകർത്താവ്

സാലിം അബു ഷറഫ്

Feb 5, 2021

CODE :Fiq10054

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മില്ക് ബേങ്ക് ഇന്ന് പലയിടത്തും പ്രവര്ത്തിക്കുന്നുണ്ട്. മറ്റു കുട്ടികള്ക്ക് സ്വന്തം മുലപ്പാല്‍ ദാനമായോ പ്രതിഫലം വാങ്ങിയോ നല്കുക എന്ന ഇതിന്റെ ഏറ്റവു അടിസ്ഥാനമായ ആശയം പണ്ട് കാലം മുതലേ നിലവിലുണ്ട്. ബാബിലോണിയന് സംസ്കാരത്തിന്റെ സൂചികയായ കോഡ് ഓഫ് ഹെമുറാബിയില് വരെ ഇതേ കുറിച്ച് പരാമര്ശമുണ്ടത്രെ. 1909 ലാണ് മില്ക് ബേങ്ക് എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ലോകാരോഗ്യ സംഘടന വരെ പിന്തുണച്ച ഈ പദ്ധതി 2005 ല് തന്നെ 30ലേറെ രാഷ്ട്രങ്ങളില് നിലവില് വന്നിട്ടുണ്ട്. കേരളത്തിലും ഇത് തുടക്കം കുറിക്കുകയാണെന്ന വിവരം ഇയ്യിടെയായി പല മാധ്യമങ്ങളിലും കാണാനിടയായി.

വിവാഹം വരെ നിഷിദ്ധമാവുന്ന ബന്ധങ്ങള്ക്ക് മുലകുടിയും കാരണമാണെന്നതിനാല്, ഇതേ തുടര്ന്ന് വരുന്ന കര്മ്മശാസ്ത്ര നിയമങ്ങളെന്തെല്ലാമാണ് എന്ന് നമുക്ക് പരിശോധിക്കാം. 
ആദ്യമായി മുല കുടിയിലൂടെ ബന്ധം സ്ഥിരപ്പെടാനുള്ള നിബന്ധനകള് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ഒരു സ്ത്രീയുടെ മുലപ്പാല്‍ 2 വയസ് തികയാത്ത കുഞ്ഞിന്‍റെ ആമാശയത്തിലേക്ക് അഞ്ച് പ്രാവശ്യം എത്തിയെന്ന് ഉറപ്പാകുമ്പോഴാണ് മുലകുടിബന്ധം സ്ഥിരപ്പെടുന്നത് (ഫത്ഹുല്‍മുഈന്‍).
വായ വേര്പെടുത്താതെ, ഒറ്റ പ്രാവശ്യം കുറേ നേരം മുല കുടിച്ചാലും അത് ഒരു പ്രാവശ്യമായേ പരിഗണിക്കൂ. എന്നാല്‍, കുടിച്ച് വായ എടുത്താല്, അത് ഒരു തുള്ളിയാണെങ്കിലും കുഞ്ഞിന്‍റെ വയറ്റിലെത്തിയാല് അത് ഒരു പ്രാവശ്യം കുടിച്ചതായി പരിഗണിക്കപ്പെടുന്നതുമാണ്.

സത്രീയുടെ മുലപ്പാല്‍ നേരിട്ട് കുടിക്കുന്നത് പോലെത്തന്നെ, പുറത്തെടുത്ത ശേഷം മറ്റുള്ളവയോട് കലര്‍ത്തിയോ പാല്‍ക്കട്ടിയാക്കിയോ അരിച്ചെടുത്തോ കുഞ്ഞിന് നല്‍കിയാലും മുലകുടിബന്ധം സ്ഥിരപ്പെടുന്നതാണ്.
എന്നാല്‍, ഒരു സ്ത്രീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുഞ്ഞിന്‍റെ വയറ്റിലെത്തിയെന്ന് ഉറപ്പായാല്‍ മാത്രമേ മുലകുടിബന്ധം സ്ഥിരപ്പെടുകയുളളൂ. ഊഹം കൊണ്ടോ സംശയം കൊണ്ടോ സാധ്യത കൊണ്ടോ മുലകുടിബന്ധം സ്ഥിരപ്പെടില്ല (ഇആനത് 3-334, തുഹ്ഫ&ശര്‍വാനീ 8-334).
ഒരു വീട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഒരുമിച്ച് കൂടുമ്പോള്‍ പലരും  അവരുടേതല്ലാത്ത മറ്റു കുട്ടികള്‍ക്കും മുലകൊടുക്കുന്ന പതിവുണ്ട്. സത്രീകള്‍ക്ക് അവര്‍മുലകൊടുത്തത് അറിവുണ്ട്താനും. എങ്കിലും അഞ്ച് പ്രാവശ്യം കുടിച്ചതായി ഉറപ്പാവാത്ത സാഹചര്യത്തില്‍ അത് മേല്‍പറഞ്ഞ സംശയത്തില്‍ പെടുന്നതാണ്, അത് കൊണ്ട് മാത്രം മുലകുടിബന്ധം സ്ഥിരപ്പെടുകയുമില്ല (ശര്‍വാനീ 8-334)

ഇനി നമുക്ക് മില്ക് ബേങ്കിന്റെ പ്രവര്ത്തന രീതികളൊന്ന് നോക്കാം. വിവിധ അമ്മമാർ സംഭാവന ചെയ്യുന്ന മുലപ്പാൽ ശേഖരിച്ച്, ആവശ്യമായ പരിശോധനകൾ നടത്തി , വിതരണം ചെയ്യുന്ന ഒരു സേവനമാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അല്ലെങ്കിൽ മുലപ്പാൽ ബാങ്ക് എന്ന പേരിലറിയപ്പെടുന്നത്. 
പാൽ ദാനം ചെയ്യാൻ തയ്യാറാകുന്ന അമ്മമാർ രക്തപരിശോധനയ്ക്ക് വിധേയരായി എച്ച്.ഐ.വി, ലുക്കേമിയ, ഹെപ്പറ്റെറ്റിസ് ബി, ഹെപ്പറ്റെറ്റിസ് സി, സിഫിലിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പാൽ ശേഖരണം, സംഭരണം, വിതരണം എന്നിവയാണ് മുലപ്പാല്‍ ബാങ്ക് വഴി നടത്തപ്പെടുന്നത്.

പാസ്ചുറൈസേഷന്റെ ഭാഗമായി, 3 മുതൽ 5 വരെ ദാതാക്കളിൽ നിന്നുള്ള പാൽ ഒരുമിച്ച് കലർത്താറാണ് ഇതിലെ രീതി. ഓരോ അമ്മമാരുടെ പാലും, പോഷകഘടകങ്ങള്, കൊഴുപ്പ് തന്മാത്രകള് തുടങ്ങിയ ചേരുവകളില് വ്യത്യസ്തമായിരിക്കുമെന്നതിനാല്, കുട്ടികളെ അത്തരം വ്യത്യാസങ്ങള് ബാധിക്കാതിരിക്കാനാണത്രെ ഇങ്ങനെ ചെയ്യുന്നത്. സാധാരണ രീതിയിൽ, മുലപ്പാൽ ആരിൽ നിന്ന് ലഭിച്ചു, ആർക്ക് കൊടുത്തു എന്ന വിവരം ബേങ്ക് അധികൃതര് പരസ്യപ്പെടുത്തുകയോ കൈമാറുകയോ ചെയ്യാറില്ല.

പ്രസവിക്കപ്പെട്ട കുഞ്ഞിന്‍റെ മാതാവിന് പാല്‍ നല്‍കാന്‍ കഴിയാതാവുമ്പോഴോ ആരോഗ്യപ്രശ്ണങ്ങളുണ്ടാവുമ്പോഴോ കുഞ്ഞിന്‍റെ ആരോഗ്യകുഴപ്പങ്ങള്‍ കാരണമോ ഒക്കെയാണ് മുലപ്പാല്‍ ബാങ്കിനെ ആശ്രയിക്കേണ്ടിവരാറുള്ളത്. അത് കൊണ്ട് തന്നെ, ഇത്തരം സ്ഥാപനങ്ങളിൽ  നിന്നും കുഞ്ഞുങ്ങൾ മുലപ്പാൽ സ്വീകരിക്കുന്നതിന് ഇസ്‌ലാമികമായി വിലക്കൊന്നും കാണുന്നില്ലെന്ന് ആദ്യമേ പറയട്ടെ.

ഇത്തരം മുലകുടിയിലൂടെ മുലകുടി ബന്ധം സ്ഥിരപ്പെടുമോ എന്നതാണ് അടുത്ത കാര്യം. മുലപ്പാല്‍ ബാങ്കില്‍ നിന്നും പാല്‍ കുടിച്ച കുട്ടി, ഏതെങ്കിലും ഒരു സ്തീയുടെ മുലപ്പാല്‍ അഞ്ച് പ്രാവശ്യം കുടിച്ചിട്ടുണ്ട് എന്ന് നൂറ് ശതമാനം ഉറപ്പ് ലഭിക്കുന്ന പക്ഷം, ആ സ്ത്രീയുമായി കുട്ടിക്ക് മുലകുടി ബന്ധം സ്ഥാപിതമാവുമെന്ന് മേല്പറഞ്ഞതില് നിന്ന് മനസ്സിലാക്കാമല്ലോ. അങ്ങനെ സ്ഥാപിതമായാല് ആ സ്ത്രീ കുട്ടിയുടെ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായും ആ മുലപ്പാലിന്റെ ഉത്തരവാദിയായ ഭര്ത്താവ് കുട്ടിയുടെ ഉപ്പയായും അവരുടെ മക്കള് സഹോദരങ്ങളായുമെല്ലാം പരിഗണിക്കപ്പെടുന്നതാണ്. 
എന്നാല് അതേ സമയം, ഇത്തരം ഉറപ്പ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ ബേങ്കുകളുടെ പ്രവര്ത്തനരീതികള് നോക്കുമ്പോള് മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ, അത്തരം സാഹചര്യങ്ങളില്‍ മുലകുടിബന്ധം സ്ഥിരപ്പെടില്ല എന്ന് പറയേണ്ടിവരും. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter