വിഷയം: financial
യു എ ഇ ഗവണ്മെന്റ് നിശ്ചയിക്കുന്ന ഗ്രാറ്റുവിറ്റി ഇസ്ലാമിൽ അംഗീകൃത ബാധ്യതയാണോ ?(ഇസ്ലാമിൽ ഗ്രാറ്റുവിറ്റി സംബ്രദായമില്ലലോ ?)അത് നൽകിയില്ലെങ്കിൽ നാളെ പടച്ചവന്റെ അടുക്കൽ ചോദ്യം ചെയ്യപ്പെടുമോ ?ചെയ്ത ജോലിക്കല്ലേ കൂലിയുള്ളൂ? അത് പോലെ ലീവ് സാലറി ,അദർ അലവൻസ് ഇവ കൊടുക്കാൻ തൊഴിലുടമയും വാങ്ങാൻ തൊഴിലാളിയും ബാധ്യസ്ഥനും അർഹനുമാണോ ? തൊഴിലുടമ നൽകിയില്ലെങ്കിൽ തൊഴിലുടമയിൽ നിന്നും തൊഴിലാളി വാങ്ങിയ കടത്തിന് അല്ലാഹുവിന്റെ അടുക്കൽ പകരമാകുമോ?
ചോദ്യകർത്താവ്
shamsu
Aug 23, 2022
CODE :Fin11324
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഗ്രാറ്റുവിറ്റി ശമ്പളത്തിന്‍റെ ഭാഗമാണോ അതോ കമ്പനി നല്‍കുന്ന ഹദ്‍യയാണോ എന്നതിനനുസരിച്ചാണ് അത് നിര്‍ബന്ധ ബാധ്യതയാണോയെന്ന് തീരുമാനിക്കേണ്ടത്. യുഎഇ പോലോത്ത രാഷ്ട്രങ്ങളില്‍ ഗ്രാറ്റുവിറ്റി ഗവണ്‍മെന്‍റ് നിര്‍ബന്ധമാക്കിയതിനാല്‍ ശമ്പളത്തിന്‍റെ ഭാഗമായാണ് അത് പരിഗണിക്കേണ്ടത്. ഗവണ്‍മെന്‍റ് നിയമം മൂലമോ മറ്റോ ഗ്രാറ്റുവിറ്റി പതിവായി മാറിയിട്ടുണ്ടെങ്കില്‍ നിയമന സമയത്ത് കമ്പനി പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും അത് ശമ്പളത്തിന്‍റെ ഭാഗമായി തന്നെയാണ് കണക്ക് കൂട്ടേണ്ടത്. ജോലിക്കാരുടെ സുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പ് വരുത്തേണ്ടത് ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്തമായതിനാല്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്‍റിന് അധികാരവുമുണ്ട്. ഗവണ്‍മെന്‍റ് നിയമങ്ങള്‍ പാലിക്കാന്‍ ആ രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും ബാധ്യസ്തരുമാണ്. അതിനാല്‍ ഗ്രാറ്റുവിറ്റി നല്‍കാന്‍ കമ്പനി ബാധ്യസ്തരാണ്. തൊഴിലാളിക്ക് അത് കൈപറ്റുന്നതിന് ഇസ്‍ലാമികമായി വിലക്കുമില്ല.
രാഷ്ട്രത്തിന്‍റെ നിയമമില്ലാതെ കമ്പനി നിയമിക്കുന്ന അവസരത്തില്‍ ശമ്പളവും ഗ്രാറ്റുവിറ്റിയും ലീവ് സാലറിയും മറ്റു അലവന്‍സുമൊക്കെ ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതും തൊഴിലാളിയുടെ കൂലിയുടെ ഭാഗമാണ്. നല്‍കല്‍ നിര്‍ബന്ധവുമാണ്.
ഇത്തരം നിയമങ്ങള്‍ ഇല്ലാത്ത രാഷ്ട്രങ്ങളില്‍ നിയമിക്കുന്ന അവസരത്തില്‍ പറയാതെ ലീവ് സാലറി ഗ്രാറ്റുവിറ്റി തുടങ്ങിയവ കമ്പനിക്ക് ഹദ്‍യായി നല്‍കാം. അത് നല്‍കല്‍ നിര്‍ബന്ധമില്ല. ഈയവസരത്തില്‍ അത് തൊഴിലാളിക്ക് ലഭിക്കേണ്ട അവകാശവുമല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.