നബി(സ)തങ്ങളും ജഅ്ഫറുബ്നുഅബീതാലിബ്(റ) വും തമ്മിലുള്ള ബന്ധം എന്ത്? അലി(റ)വും ജഅ്ഫര്‍ (റ)വും ജ്യേഷ്ഠാനുജന്മാരാണോ? ജഅ്ഫര്‍ (റ) എങ്ങിനെയാണ് ശഹീദായത്?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജഅ്ഫറുബ്നുഅബീതാലിബ് (റ) പ്രമുഖനായ സ്വഹാബിയും പ്രവാചകരുടെ സന്തത സഹചാരിയുമായിരുന്നു. അബുല്‍മസാകീന്‍, ജഅ്ഫറുത്ത്വയ്യാര്‍, ദുല്‍ജനാഹൈന്‍ എന്നിങ്ങനെ വിവിധ ആദരനാമങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നുണ്ട്. പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ, റസൂലിന്‍റെ പിതൃവ്യനായ അബൂതാലിബിന്‍റെ മകനാണ് അദ്ദേഹം. അലി (റ)വും അദ്ദേഹവും ഒരേ ഉമ്മയുടെയും വാപ്പയുടെയും മക്കളാണ്. ഹിജ്റ എട്ടാം വര്‍ഷം ശാമുകാരുമായി അരങ്ങേറിയ മുഅ്തത് യുദ്ധത്തിലാണ് അദ്ദേഹം രക്ഷതസാക്ഷിയാവുന്നത്. ആ സൈന്യത്തിന്‍റെ തലവനായി പ്രവാചകര്‍ തെരഞ്ഞെടുത്തത് സൈദ്ബ്നുഹാരിസ (റ)നെയായിരുന്നു. എന്നിട്ട് പറഞ്ഞു, സൈദ് വധിക്കപ്പെട്ടാല്‍ ജഅ്ഫര്‍ നേതൃത്വം ഏറ്റെടുക്കണമെന്ന്. അതുപോലെ തന്നെ സംഭവിക്കുകയും ജഅ്ഫര്‍ (റ)യുദ്ധ പതാക വലത് കൈയ്യില്‍ ഏന്തുകയും ചെയ്തു. ശേഷം വലത് കൈക്ക് വെട്ടേറ്റപ്പോള്‍ ഇടത് കൈയ്യിലേക്ക് മാറ്റിപ്പിടിച്ചതും അതിനും വെട്ടേറ്റപ്പോള്‍ ഇരുകൈകളുടെയും തോള്‍ഭാഗം കൊണ്ട് പതാകയേന്തി യുദ്ധം നയിച്ചതും ഇസ്‌ലാമിക ചരിത്രത്താളുകളില്‍ ഇന്നും ചാരുതയാര്‍ന്ന ചിത്രങ്ങളായി ശേഷിക്കുന്നു. അദ്ദേഹത്തിന് അന്ന് നാല്‍പത്തിയൊന്ന് വയസ്സായിരുന്നു പ്രായം. ജഅ്ഫര്‍ (റ)വിന് വേണ്ടി നിസ്കരിച്ച് പ്രവാചകര്‍ ഇങ്ങനെ പറഞ്ഞു, നിങ്ങളുടെ സഹോദരന്‍ ജഅ്ഫര്‍ ശഹീദാണ്. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു, ഇരു ചിറകുകളുമായി സ്വര്‍ഗ്ഗത്തിലെങ്ങും പറന്നുനടക്കുകയാണ് ജഅ്ഫര്‍. ജോര്‍ഡാനിലെ കറക് പട്ടണത്തില്‍ നിലകൊള്ളുന്ന അദ്ദേഹത്തിന്‍റെ മഖ്ബറ ഇന്നും പ്രസിദ്ധമാണ്. ആ മഹത്തുക്കളോടൊപ്പം നാഥന്‍ നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter