അസ്സലാമുഅലൈക്കും, എനിക്ക് ഒരു മുസ്ലിം കുട്ടിയെ ഇഷ്ടം ആയിരുന്നു ആ കുട്ടിക്ക് എന്നെയും, ഇപ്പോൾ 2ആളും വേറെ വേറെ ഫാമിലി ആയി ജീവിക്കുന്നു.. പക്ഷെ ആ ഇഷ്ടത്തിന് ഇപ്പോളും കുറവില്ല..2 പേരും ഇസ്ലാമിക ചട്ട കൂടിൽ നിന്നും ജീവിക്കുന്നത് മൂലം വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ തെറ്റിലേക്കൊന്നും നീങ്ങിയിട്ടില്ല.. ഞങ്ങൾക്ക് ആഖിരത്തിൽ ഒരുമിച്ചു ജീവിക്കാൻ വേണ്ടി ദുആ ചെയ്യാൻ പറ്റുമോ, അങ്ങനെ കരുതുന്നത് തെറ്റാണോ ഇസ്ലാമിൽ?

ചോദ്യകർത്താവ്

Mujeeb

Dec 7, 2020

CODE :Oth10013

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സജ്ജനങ്ങളുടെ കൂടെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടാനാഗ്രഹിക്കുന്നതും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമെല്ലാം നല്ലതാണല്ലോ. എന്നാല്‍ അനിവാര്യഘട്ടങ്ങളിലൊഴികെ അന്യസത്രീപുരുഷന്‍മാര്‍ തമ്മില്‍ കാണുന്നതും സംസാരിക്കുന്നതുമെല്ലാം മതവീക്ഷണത്തില്‍ വിലക്കുള്ളതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പുണ്യകരമായ സലാം പറയല്‍ പോലും അന്യസ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ അരുതായ്മകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നിയന്ത്രണങ്ങള്‍. ആയതിനാല്‍ ഇസ്ലാമികചട്ടക്കൂടില്‍ ജീവിതം നയിക്കുന്ന നിങ്ങള്‍ ഇരുവരും ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

വിവാഹിതനായി സകുടുംബം സന്തുഷ്ടജീവിതം നയിച്ചുകൊണ്ടിരിക്കുന്ന താങ്കളുടെ മനസില്‍ മറ്റൊരാളുടെ ഭാര്യയായി ജീവിതം നയിക്കുന്ന ഒരു സത്രീയില്‍ ഏതെങ്കിലും തരത്തിലുള്ള ആഗ്രഹങ്ങള്‍ ജനിക്കുന്നത്  തിന്മകളിലേക്ക് വഴിവെക്കാനുള്ള  സാധ്യതയുള്ളതിനാലും, മുമ്പ്  ഇഷ്ടത്തിലായിരുന്ന അന്യയായ സ്ത്രീയുമായി സ്വര്‍ഗത്തിലൊരുമിച്ചുകൂടണമെന്ന ആഗ്രഹം സ്ഥിരമായി മനസില്‍ കൊണ്ടുനടക്കുന്നത്പോലും പിന്നീട് ഒരുപക്ഷേ തെറ്റായ ചിന്തകളിലേക്കെത്തിക്കാനുള്ള സാധ്യതയുള്ളതിനാലും ഇത്തരം ആലോചനകളില്‍ നിന്ന് മനസിനെ മുക്തമാക്കി താങ്കളുടെ നിലവിലെ കുടുംബം ഇഹത്തിലും പരത്തിലും കണ്‍കുളിര്‍മയേകുന്നതായി മാറാന്‍ സ്ഥിരമായി ദുആ ചെയ്യലാണ് അനുയോജ്യവും ഉത്തമവുമായ മാര്‍ഗം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter