വിഷയം: വിവാഹം, തവാഖ്
ഇസ്ലാമിക നിയമപ്രകാരം ഒരു പെണ്ണിന് അവളുടെ ഭർത്താവിനെ ഒഴിവാക്കാനുള്ള രൂപങ്ങൾ എന്തൊക്കെയാണ്
ചോദ്യകർത്താവ്
MUSHFIQ
May 8, 2026
CODE :Par16269
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഇസ്‌ലാം ദാമ്പത്യത്തെ വിശുദ്ധമായ ഒരു കരാറായാണ് കാണുന്നത്. പരസ്പര സ്നേഹത്തിലും സമാധാനത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, പുരുഷന് 'തലാഖ്' ചൊല്ലാനുള്ള അവകാശം നൽകിയതുപോലെ തന്നെ, സ്ത്രീക്ക് ദാമ്പത്യത്തിൽ നിന്ന് മാന്യമായി ഒഴിഞ്ഞുമാറാനുള്ള വ്യക്തമായ അവകാശങ്ങളും ഇസ്‌ലാമിക നിയമം (ശരീഅത്ത്) നൽകുന്നുണ്ട്. ഒരു സ്ത്രീക്ക് ഭർത്താവിനെ ഒഴിവാക്കാൻ സാധിക്കുന്ന പ്രധാനപ്പെട്ട മൂന്ന് രൂപങ്ങൾ താഴെ പറയുന്നവയാണ്:
1. ഖുൽഅ്
ഭർത്താവിന്റെ ഭാഗത്ത് നിന്ന് പറയത്തക്ക തെറ്റുകളോ ക്രൂരതകളോ ഇല്ലെങ്കിൽ പോലും, ഭാര്യക്ക് അവനോടൊപ്പം ജീവിക്കാൻ ഒട്ടും താല്പര്യമില്ലാത്ത സാഹചര്യത്തിൽ അവൾക്ക് 'ഖുൽഅ്' വഴി ബന്ധം വേർപെടുത്താം. ഭാര്യ ഒരു തുക ഭർത്താവിന് നൽകിക്കൊണ്ട് വിവാഹമോചനം ആവശ്യപ്പെടുന്ന രീതീയാണിത്. ഭർത്താവ് ഇത് സ്വീകരിച്ച് അവളെ ഒഴിവാക്കുന്നു. ഇതിലൂടെ 'ബാഇനായ തലാഖ്' ആണ് സംഭവിക്കുന്നത്. പിന്നീട് ഇവർക്ക് ഒരുമിച്ച് ജീവിക്കണമെങ്കിൽ പരസ്പര സമ്മതത്തോടെ പുതിയ മഹ്രും പുതിയ നിക്കാഹും നിർബന്ധമാണ്.
2. ഫസ്ഖ്
ഭർത്താവ് വിവാഹമോചനത്തിന് തയ്യാറാകാതിരിക്കുകയും, എന്നാൽ അവനോടൊപ്പം ജീവിക്കുന്നത് സ്ത്രീക്ക് കടുത്ത പ്രയാസമുണ്ടാക്കുകയും ചെയ്യുമ്പോൾ അവൾക്ക് മഹല്ല് ഖാസിയെ സമീപിച്ച് ചില നിബന്ധനകളോടെ വിവാഹബന്ധം റദ്ദാക്കാൻ ആവശ്യപ്പെടാം. ഇതിനെയാണ് 'ഫസ്ഖ്' എന്ന് പറയുന്നത്. ഫസ്ഖിനെപ്പറ്റി കൂടുതൽ അറിയുവാനിയി ഇവിടെ ക്ലിക്ക് ചെയ്യുക.
3. തഫ്‌വീളുത്ത്വലാഖ്
തലാഖ് ചൊല്ലാനുള്ള അധികാരം ഭർത്താവ് വ്യവസ്ഥകളോടെ ഭാര്യക്ക് കൈമാറുന്ന രീതിയാണിത്. "ഞാൻ നിനക്ക് കൃത്യമായി ചെലവ് തരാതിരുന്നാൽ അല്ലെങ്കിൽ നിന്നെ ഉപേക്ഷിച്ച് ദീർഘകാലം മാറിനിന്നാൽ(മറ്റു വല്ലതും ചെയ്താൽ) നിനക്ക് സ്വയം തലാഖ് ചൊല്ലി പിരിയാം" എന്ന് ഭർത്താവ് ഭാര്യക്ക് അധികാരം നൽകുന്നു. ഭർത്താവ് ഈ വ്യവസ്ഥകൾ ലംഘിക്കുന്ന ഘട്ടത്തിൽ, സ്ത്രീക്ക് ആ അധികാരം ഉപയോഗിച്ച് സ്വയം വിവാഹമോചനം തിരഞ്ഞെടുക്കാവുന്നതാണ്.
കേവലം ചെറിയ പിണക്കങ്ങളുടെ പേരിലോ വ്യക്തമായ കാരണങ്ങളില്ലാതെയോ വിവാഹമോചനം തേടുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഒത്തുപോകാൻ ഒട്ടും സാധിക്കാത്ത കടുത്ത സാഹചര്യങ്ങളിൽ സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മുകളിൽ പറഞ്ഞ വഴികൾ ശരീഅത്ത് അനുവദിച്ചു നൽകുന്നുണ്ട്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


