ഞാൻ 21 വയസുള്ള മുസ്ലീ പെൺകുട്ടിയാണ്.പണ്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ എന്‍റെ ചില കൂട്ടുകാരുടെ(ആൺകുട്ടികളും പെൺകുട്ടികളും) കൂടെ ചില ഹറാമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.പക്ഷെ ഒരിക്കലും ലൈംഗിക അവയവങ്ങൾ ഉപയോഗിച്ചിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടു തൊടുകയും കെട്ടിപ്പിടിക്കുകയും മാത്രം.ഇതൊക്കെ നടന്നപ്പോള്‍ ഉള്ള എന്‍റെ പ്രായം എനിക്ക് ഓർമയില്ല.അപ്പോൾ ഞാൻ കുട്ടിയായിരുന്നോ അതൊ ഇതിനു മുമ്പ് ആർത്തവം സംഭവിച്ചോ എന്നും ഓർമയില്ല. എന്‍റെ ഈ പ്രവർത്തനങ്ങൾ എന്‍റെ ഭാവിയിലെ വിവാഹത്തേ അസാധുവാക്കുമോ?

ചോദ്യകർത്താവ്

Zona

Jul 19, 2017

CODE :Oth8763

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 

ചെറിയ പ്രായത്തില്‍ ചെയ്ത തെറ്റുകളില്‍ നിന്ന് പശ്ചാതപിച്ചു മടങ്ങാനുള്ള സഹോദരിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു. ഏത് തെറ്റ് ചെയ്താലും പശ്ചാതാപം തന്നെയാണ് അതിന്‍റെ പ്രതിവിധി. സ്ത്രീ പുരുഷ സങ്കലനത്തെ അള്ളാഹു ശക്തമായി വിലക്കുന്നുണ്ട്. ഒരു വീട്ടിലേക്ക് സമ്മതമില്ലാതെ പ്രവേശിക്കുക അരുതെന്ന ശാസന ഇത്തരം ഹറാമായ നോട്ടവും മറ്റും പേടിച്ചാണ്. قل للمؤمنين يغضوا من أبصارهم ويحفظوا فروجهم ذلك أزكى لهم إن الله خبير بما يصنعون * وقل للمؤمنات يغضضن من أبصارهن (നബീ,) സത്യവിശ്വാസികളോട്‌ അവരുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും താങ്കള്‍ പറയുക. (എന്നാല്‍ അവര്‍ അപ്രകാരം ചെയ്യും.) അതാണ്‌ അവര്‍ക്ക്‌ ഏറ്റവും ശുദ്ധമായ മാര്‍ഗം. നിശ്ചയം അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാണ്‌.

 സത്യവിശ്വാസിനികളോടും കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും സൗന്ദര്യത്തില്‍ നിന്ന്‌ പ്രത്യക്ഷമായതല്ലാതെ വെളിപ്പെടുത്തരുതെന്നും പറയുക.

കണ്ണുകള്‍ നിയന്ത്രിക്കണമെന്ന്‌ പുരുഷന്മാരോടും സ്‌ത്രീകളോടും വെവ്വേറെ കല്‍പിച്ചത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതൊരു കാരണം മുന്‍നിറുത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളത്‌ അതില്‍ പുരുഷനും സ്‌ത്രീയും തുല്യരാകുന്നു. അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂം(റ) എന്ന അന്ധനായ സ്വഹാബി ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തേക്ക്‌ വരുമ്പോള്‍ ഭാര്യമാരായ ഉമ്മുസലമയും മൈമൂന(റ)യും അവിടെ ഉണ്ടായിരുന്നു. അവരോട്‌ മറയുവാന്‍ നബി(സ്വ) കല്‍പിച്ചു. `അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ' എന്നവര്‍ പറഞ്ഞു. `നിങ്ങളിരുവരും അന്ധരാണോ? നിങ്ങളദ്ദേഹത്തെ കാണില്ലേ?' എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം (അബൂദാവൂദ്‌, തുര്‍മുദി). 

തന്‍റെ ശരീര ഭാഗങ്ങള്‍ അന്യ പുരുഷന്മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുതെന്നും പരസ്പരം കാണുക പോലും ചെയ്യരുതെന്നുമാണ് ഈ ആയതുകളിലൂടെ സത്യ വിശ്വാസികളേയും വിശ്വാസിനികളേയും അഭിസംബോധനം ചെയ്തു കൊണ്ട് അള്ളാഹു പറയുന്നത്. അപ്പോള്‍ അതിലപ്പുറമുള്ള ഇടകലരലിന്‍റെയും വികാരത്തോടെയുള്ള സ്പര്‍ശനത്തിന്‍റെയും ഗൌരവം ആലോചിക്കാവുന്നതേയുള്ളൂ.

 നോട്ടത്തില്‍ നിന്നാണ്‌ വ്യഭിചാരത്തിന്‌ പ്രചോദനം ലഭിക്കുന്നത്‌. അത്തരം ചോദനകളില്‍ നിന്ന് ഹൃദയത്തെ ശൂദ്ധമാക്കാനാണ് വികാരത്തോടെയല്ലെങ്കിലും നോക്കിപ്പോവരുതെന്ന് ഖുര്‍ആന്‍ പറഞ്ഞത്. കണ്ണിന്റെ വ്യഭിചാരമാണ്‌ നോട്ടം. കേള്‍ക്കല്‍ കാതിന്റെയും സംസാരിക്കല്‍ നാവിന്റെയും പിടിക്കല്‍ കൈയിന്റെയും നടക്കല്‍ കാലിന്റെയും വ്യഭിചാരമാണ്‌; ഹൃദയം മോഹിക്കുന്നു, ജനനേന്ദ്രിയം അതിനെ യാഥാര്‍ത്ഥ്യമാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു എന്നും റസൂല്‍ അരുളിയിട്ടുണ്ട്‌ (ബുഖാരി, മുസ്‌ലിം).

ഇതെല്ലാം മനസ്സിലാക്കി അത്തരം തെറ്റ് ചെയ്തവര്‍ പശ്ചാതപിച്ചു മടങ്ങുന്നതിലൂടെ പരിശുദ്ധരായിത്തീരുന്നു. നമ്മുടെ വിവാഹം നടക്കുമോ എന്ന ഖേദമല്ല അള്ളാഹു എന്നെ ശിക്ഷിക്കുമോ എന്ന ഖേദം മനസ്സിലുറപ്പിച്ച് ചെയ്ത തെറ്റില്‍ നിന്ന് ഖേദിച്ച് മടങ്ങുകയും ഇനി അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുക. നന്മകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. إن الحسنات يذهبن السيئات നന്മകള്‍ തിന്മകളെ മായ്ച്ച് കളയുമെന്ന് അള്ളാഹു പറയുന്നുണ്ട്.

മുന്‍കാലത്ത് തെറ്റുകള്‍ ചെയ്തുവെന്നത് വിവാഹം സാധുവാകാതിരിക്കാനുള്ള കാരണമല്ല. ഇത്തരം തെറ്റു ചെയ്തിട്ടുണ്ടെങ്കിലും വിവാഹം ശരീഅത് പ്രകാരം സാധുവാകുന്നതാണ്. 

തെറ്റുകളില്‍ നിന്ന് വിട്ടു നിന്നു അള്ളാഹുവും റസൂലും ഇഷ്ടപ്പെട്ട മാര്‍ഗ്ഗത്തില്‍ ജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter