അയ്യൂബ് നബി(അ): ക്ഷമാശീലരുടെ സ്വർഗീയ നേതാവ്

ക്ഷമയുടെയും സഹനത്തിന്റെയും ഉത്തമ മാതൃകയായി നിത്യം സ്മരിക്കപ്പെടുന്ന ദൈവദൂതരിൽ ഒരാളാണ് മഹാനായ അയ്യൂബ് നബി അലൈഹിസ്സലാം. അനുഗ്രഹങ്ങളുടെ പാരമ്യതയിൽ നിന്ന് പരീക്ഷണങ്ങളുടെ ലോകത്തെത്തിയ പ്പോൾ എന്നും കൈമുതലായി ഉണ്ടായിരുന്ന ക്ഷമയും മനോസ്ഥൈര്യവും പരിശുദ്ധ ഖുർആനിൽ പ്രത്യേകം എടുത്തുപറഞ്ഞത് സുവിദിതമാണല്ലോ.
ബി.സി 1500 ഇസ്ഹാഖ് നബി പരമ്പരയിൽപ്പെട്ട മൂസ്വ് എന്നിവരുടെയും ലൂത്വ് നബി(അ)ന്റെ പുത്രിയുടെയും മകനായാണ് അദ്ദേഹം പിറന്നു വീണത്. ജോർദാനിലെ എദോം സമുദായത്തിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ നിയോഗം.

ഹൗറാൻ എന്ന ദേശത്തായിരുന്നു അദ്ദേഹവും ഭാര്യ റഹ്മത്ത് ബീവിയും വസിച്ചിരുന്നത്. അല്ലാഹു ധാരാളം സമ്പത്തും സന്താനങ്ങളും കൊണ്ട് അവരെ അനുഗ്രഹിച്ചു. ഒരുപാട് ഫലഭൂയിഷ്ഠമായ കൃഷിഭൂമികളും ആയിരക്കണക്കിന് ഒട്ടകങ്ങളും മറ്റുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാത്തിനും പുറമെ പ്രവാചകത്വമെന്ന വലിയ അനുഗ്രഹത്തിന് നിയോഗിതനായിരുന്ന അദ്ദേഹം വലിയ ധർമിഷ്ഠനും പരോപകാരിയും ആയിരുന്നു. അതുകൊണ്ട് തന്നെ ഏവർക്കും അഭയ കേന്ദ്രവുമായി.

ഇതൊക്കെ കണ്ട് പിശാചിന് അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല, അവൻ ആളുകൾക്കിടയിൽ ദുഷ്ട ചിന്തകൾ ഇട്ടു കൊടുക്കാൻ തുടങ്ങി. 'അയ്യൂബ് ഇത്രയേറെ അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കുന്നത് തന്റെ സമ്പത്ത് നഷ്ടപ്പെടാതിരിക്കാനാണ്, അതെങ്ങാനും നഷ്ടമായാൽ പിഴച്ചവനായിത്തീരുകയും ചെയ്യും'. ഇതായിരുന്നു പിശാചിന്റെ ജൽപനങ്ങൾ .

ഇവിടുന്നങ്ങോട്ട് അദ്ദേഹത്തിന് പരീക്ഷണങ്ങളുടെ കാലമായിരുന്നു, ക്രമേണ തന്നെ അതിരറ്റ് സ്നേഹിച്ചിരുന്ന ആളുകൾ വെറുക്കാനും അധിക്ഷേപിക്കാനും തുടങ്ങി. ദൈവപ്രീതി അല്ല ലോകമാന്യം ആണ് തന്റെ കർമഹേതു എന്ന് പറഞ്ഞ് പലരും അകറ്റിനിർത്തി. അതിനിടെ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കൊള്ളക്കാർ അതിക്രമിച്ചു കയറുകയും കർഷകരെ വധിക്കുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്തു. ഈ വാർത്ത അറിഞ്ഞ ഉടനെ അദ്ദേഹം മൊഴിഞ്ഞത് 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ' എന്ന ക്ഷമയുടെ മഹദ് വചനമായിരുന്നു. അടുത്ത ദിനം കൃഷിയിടം കത്തിനശിച്ചു, വീട് തകർന്നുവീണു, പുന്നാര മകൾ മരണപ്പെട്ടു, സർവവും നഷ്ടപ്പെട്ട അദ്ദേഹത്തിന് ഗുരുതരമായ രോഗം ബാധിക്കുകയും ചെയ്തു. തൽഫലമായി നാട്ടിൽ നിന്ന് ആളുകൾ അദ്ദേഹത്തെ ആട്ടിപ്പായിച്ചു .

ഏവരാലും വെറുക്കപ്പെട്ട് ഇരിക്കുമ്പോൾ തുണയായി ഉണ്ടായിരുന്നത് പത്നി റഹ്മത്ത് ബീവി മാത്രമായിരുന്നു. രോഗകാലത്തിനിടെ പലപ്പോഴും പിശാച് സമീപിച്ച് കളിയാക്കിയതും അദ്ദേഹം പിശാചിനെ ആട്ടിയോടിച്ചതും ചരിത്രത്തിൽ കാണാം. ഈയൊരു സ്ഥിതിയിൽ പതിനെട്ട് വർഷത്തോളം അവർ കഴിച്ചുകൂട്ടി. മഹതി റഹ്മത്ത് ബീവി കേണപേക്ഷിച്ചും തൊഴിലെടുത്തും കഷ്ടപ്പെട്ട് നേടിയിരുന്ന ഭക്ഷണ ശകലങ്ങൾ ആയിരുന്നു അവരുടെ ജീവൻ നിലനിർത്തിയിരുന്നത്, മരുഭൂമിയിലെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് അയ്യൂബ് നബി ഏകനായി ഇരിക്കും, മഹതി റഹ്മത്ത് ബീവി ഭക്ഷണം തേടി തിരിച്ചെത്തും, ഇങ്ങനെ ആയിരുന്നു അവരുടെ ജീവിതം.

അയ്യൂബ് നബിയെ പിഴപ്പിക്കാൻ പിശാച് കിണഞ്ഞ് ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും മഹതിയായ റഹ്മത്ത് ബീവിയെ ചെറുതായൊന്ന് കെണിയിൽ പെടുത്താൻ അവന് കഴിഞ്ഞു. ഫലമായി നബിയോട് അവർ പറഞ്ഞു "എത്രകാലമാണ് അല്ലാഹു നമ്മെ ഇങ്ങനെ പരീക്ഷിക്കുക. നമ്മുടെ ധനവും സന്താനങ്ങളും ഒക്കെ എവിടെ പോയി? നിങ്ങൾക്ക് അല്ലാഹുവിനോട് ഒന്ന് പ്രാർഥിച്ചു കൂടെ".അദ്ദേഹം പ്രാർഥിക്കാൻ വിസമ്മതിക്കുകയും പിശാചിന്റെ ചിന്തക്ക് കീഴ്പ്പെട്ടതിന് 100 അടി അടിക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്തു .

ഒരു ദിനം തൊഴിൽ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു റഹ്മത്ത് ബീവി. അങ്ങനെ ഒരു വീട്ടിൽ എത്തിച്ചേരുകയും അവിടത്തെ സ്ത്രീയോട് ജോലി അന്വേഷിക്കുകയും ചെയ്തു, മഹതിയുടെ സുന്ദരമായ മുടിയിൽ ആകൃഷ്ടയായ ആ സ്ത്രീ തന്റെ മുടി മുറിച്ചു തന്നാൽ ഒരു കഷ്ണം റൊട്ടി തരും എന്ന് പറഞ്ഞു, ഗത്യന്തരമില്ലാതെ അതിനു വഴങ്ങി ലഭിച്ചതുമായി നബിയരികിലേക്ക് എത്തിയപ്പോൾ എവിടുന്നാണ് ലഭിച്ചത് എന്ന് ചോദിച്ചെങ്കിലും മഹതി മറുപടി നൽകിയില്ല. രണ്ടാം ദിനവും ഇതേ പടി ആവർത്തിച്ചപ്പോൾ കാര്യം മനസ്സിലായ അദ്ദേഹത്തിന് വല്ലാത്ത സങ്കടം ഉണ്ടായി.

അതിനു ശേഷമാണ് അദ്ദേഹം അല്ലാഹുവിനോട് പ്രാർഥിച്ചതെന്നും, അതല്ല രോഗം മൂർച്ഛിച്ച് നാവിന് ബാധിച്ചപ്പോൾ ദിക്റ് ചൊല്ലാൻ കഴിയാതിരുന്നതിനാലാണ് പ്രാർഥിച്ചതെന്നും എന്ന രണ്ടഭിപ്രായങ്ങൾ ചരിത്രരേഖകളിൽ കാണാം, ഏതായാലും അദ്ദേഹത്തിന്റെ പരീക്ഷണഘട്ടം അവസാനിക്കുകയും അല്ലാഹു പ്രത്യേകമായി സംവിധാനിച്ചു നൽകിയ ഒരു ഉറവയിൽ കുളിച്ച് ആരോഗ്യ ദൃഡ ഗാത്രനായ യുവകോമളൻ ആവുകയും ചെയ്തു, അതുപോലെ അവശയായിരുന്ന റഹ്മത്ത് ബീവിക്കും യുവത്വം തിരിച്ചുകിട്ടി. മുമ്പ് അയ്യൂബ്നബി ചെയ്തിരുന്ന ശപഥത്തിൽ അല്ലാഹു ഇളവു നൽകുകയും പുൽകൊടി കൊണ്ട് നൂറടി അടിക്കാൻ കല്പിക്കുകയും ചെയ്തു.

അങ്ങനെ ക്ഷമയുടെ മഹാപര്യായമായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന് നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ ഓരോന്ന് തിരിച്ചു കിട്ടുകയും പാഠം പഠിച്ച ജനത്തിനിടയിൽ അല്ലാഹുവിന്റെ മഹാനായ പ്രവാചകൻ സസന്തോഷം ജീവിക്കുകയും ചെയ്തു. ഇഹലോകവാസം വെടിയുമ്പോൾ അദ്ദേഹത്തിന് 93 വയസായിരുന്നു.

"തൻറെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് 'ദുരിതം എന്നെ പിടികൂടുക തന്നെ ചെയ്തിരിക്കുന്നു; നീ ഏറ്റവും വലിയ കാരുണ്യവാനാണല്ലോ' എന്ന് അയ്യൂബ് നബി പ്രാർഥിച്ച സന്ദർഭവും സ്മരണീയമത്രെ. അപ്പോൾ നാം അവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും തന്നെ ബാധിച്ച ദുരിതം ദൂരീകരിക്കുകയും കുടുംബാംഗങ്ങളെയും അവരൊന്നിച്ച് അത്രയും പേരെ വേറെയും അദ്ദേഹത്തിന് നൽകുകയും ചെയ്തു- നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹവും ധ്യാന നിരതർക്ക് ഒരു അനുസ്മരണവുമായി"
(സൂറ അൽ-അൻബിയാ':83,84)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter