റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍
1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിച്ചതു മുതല്‍ 1993-ല്‍ പരലോകം പ്രാപിക്കുന്നത് വരെ സമസ്തയുടെ നേതൃപദവിയില്‍ നിറഞ്ഞുനിന്ന പണ്ഡിതനാണ് കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍. അരമുണ്ടും തൊപ്പിയും ധരിച്ച് വാഴക്കാട് ദാറുല്‍ ഉലൂമിലെ ദര്‍സുകളില്‍ പങ്കെടുത്തിരുന്ന ഒരു കൊച്ചു ബാലന്‍ വിജ്ഞാനത്തിന്റെ സകല കലകളിലും ആഴമേറിയ സുദ്രമയായി മാറിയ ജീവിത കഥയാണ് മൗലാനാ കണ്ണിയത്തിന്റേത്. റഈസുല്‍ മുഹഖിഖീന്‍ എന്ന് പണ്ഡിത സമൂഹം ഏറെ ആദരവോടെ വിളിക്കുമ്പോളും വിനയത്തോടെ, സൂക്ഷ്മതയോടെ ജീവിച്ചാണ് മഹാന്‍ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചത്. വിയോഗ വേളയില്‍ അഞ്ചുലക്ഷം പേരാണ് മൗലാനാ കണ്ണിയത്തിന്റെ ജനാസ സന്ദര്‍ശിക്കാനെത്തിയത്.
മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍കുട്ടി മൊല്ല-മൂലക്കടവന്‍ പടമുഖത്ത് മുഹമ്മദ് കുട്ടി മകന്‍ ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍ കുട്ടിയുടെ മകള്‍ ഖദീജ ദമ്പതികളുടെ മകനായി 1900/1318 ജനുവരി 17-ന് മഞ്ചേരിക്കടുത്ത പുല്‍പ്പറ്റ തോട്ടക്കാടാണ് ജനനം. പ്രബോധന ദൗത്യവുമായി മലബാറിലെത്തിയ മാലിക് ബിന്‍ ദീനാറിന്റെ സഹോദരപുത്രന്‍ മൗലാനാ കണ്ണിയത്ത് അവര്‍കളുടെ പൂര്‍വ്വ പിതാമഹനാണ്. ബാല്യ ദശ പിന്നിടുന്നതിനു മുമ്പെ പണ്ഡിതനും വര്‍ത്തക പ്രമുഖനുമായ പിതാവ് ഇഹലോക വാസം വെടിഞ്ഞു. പിതാവിന്റെ മൂന്നാമത്തെ മകനാണ് മൗലാനാ കണ്ണിയത്ത് അവര്‍കള്‍. ഉണ്ണിമൊയ്തീന്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ മൂത്ത സഹോദരന്‍മാരും മീറാന്‍ മുസ്‌ലിയാര്‍ ഇളയ സഹോദരനുമാണ്. മര്‍യം എന്നവര്‍ ഏക സഹോദരിയാണ്. മൂത്ത പുത്രനായ ഉണ്ണിമൊയ്തീനാണ് പിതാവിന്റെ കച്ചവടമേറ്റെടുത്ത് കുടുംബം പുലര്‍ത്തിയത്. വൈകാതെ ഇദ്ദേഹവും മരണപ്പെട്ടു. അബ്ദുറഹ്മാന്‍ മുസ്‌ലിയാരാണ് പിന്നീട് കുടുംബത്തെ പരിപാലിച്ചത്.
ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ നരക്കിക്കുമ്പോഴും ഈ കുടുംബം മതവിദ്യാഭ്യാസ രംഗമാണ് ഈ കുടുംബം തെരഞ്ഞെടുത്തത്. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠനമാരംഭിച്ചു. പിന്നീട് 1912-ല്‍ മാതാവിനെയും സഹോദരങ്ങളെയും കൂട്ടി സ്ഥിരതാമസം വാഴക്കാട്ടേക്ക് മാറ്റുകയായിരുന്നു. വാഴക്കാടിനടുത്ത പണിക്കരപ്പുറായ മണ്ണില്‍തൊടിക നിസ്‌കാരപള്ളിയില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ദര്‍സ് ആരംഭിച്ചു. മൗലാനാ കണ്ണിയത്തും ഇവിടെ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 1914-ലാണ് ദാറുല്‍ ഉലൂമില്‍ പ്രവേശനം ലഭിക്കുന്നത്. കൂടുതല്‍ കാലം ദാറുല്‍ ഉലൂമിലാണ് വിദ്യ അഭ്യസിച്ചതെങ്കിലും ഊരകം കീഴ്മുറി, തലപ്പെരുമണ്ണ, മൊറയൂര്‍, നെല്ലിപറമ്പ് ദര്‍സുകളിലും പഠിച്ചിട്ടുണ്ട്. ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു പ്രധാന ഗുരുനാഥന്‍. ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, വൈത്തല അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരും ഗുരുവര്യന്‍മാരാണ്.
1933-ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ മുദരിസായി നിയമിക്കപ്പെട്ടു. 1934 മുതല്‍ 1941 വരെ മാട്ടൂലിലും 1941 മുതല്‍ 1944 വരെ പറമ്പത്ത് പള്ളിയിലും 1949-ല്‍ പൊന്നാനിയിലുമായിരുന്നു ദര്‍സ്. 1950, 1970 വര്‍ഷങ്ങളില്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ പ്രിന്‍സിപ്പളായും സേവനം ചെയ്തിട്ടുണ്ട്. 1967-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിലും 1973-ല്‍ ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്‌ലാമിയ്യയിലും അധ്യാപനം നടത്തി. വടക്കെ മലബാറിലെ തിരുത്തി, താത്തൂര്‍, തലശ്ശേരി ഓടത്തില്‍ പള്ളി എന്നിവിടങ്ങളിലും ദര്‍സ് നടത്തിയിട്ടുണ്ട്. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ എരിയകളത്തില്‍ ആലിക്കുട്ടി എന്ന ചെറീത് മുസ്‌ലിയാര്‍, വണ്ടൂര്‍ കുട്ട്യേമു മുസ്‌ലിയാര്‍, അണ്ടോണ അബ്ദുള്ള മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍, കരുവാരക്കുണ്ട് കെ.കെ അബ്ദുള്ള മുസ്‌ലിയാര്‍, അരീക്കല്‍ അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍, ഒ.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അമ്പലക്കടവ്, കടമേരി കിഴക്കയില്‍ അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.
ആയംകുടിയില്‍ അഹ്മദിന്റെ മകള്‍ ആഇശയായിരുന്നു ആദ്യ ഭാര്യ. ഇവരില്‍ സന്താനങ്ങളില്ലായിരുന്നു. പിന്നീട് വാഴക്കാട് ഖാദി പുവാടിയില്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ മകള്‍ ആയിശക്കുട്ടിയെ വിവാഹം ചെയ്തു. ഈ വിവാഹ ശേഷം കൊളക്കാട്ടുതൊടികയില്‍ വീടു നിര്‍മ്മിക്കുകയും താമസം ഇവിടെയാക്കുകയും ചെയ്തു. മുഹമ്മദ് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, അബ്ദുള്ള എന്നിവര്‍ആണ്‍മക്കളും ഫാത്തിമ, ഖദീജ എന്നിവര്‍ പെണ്‍മക്കളുമാണ്. കോടങ്ങാട് തരുവറ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഫാത്തിമയെയും കരുവന്‍തിരുത്തി മുല്ലക്കാരകത്ത് ഉമര്‍ മുസ്‌ലിയാര്‍ ഖദീജയെയും വിവാഹം ചെയ്തു.
1934-ല്‍ സമസ്തയുടെ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ 26-ാമത് നിര്‍വ്വാഹക സമിതി അംഗമായിരുന്നു. 1967-ല്‍ സമസ്തയുടെ പ്രസിഡണ്ടായെ തിരഞ്ഞെടുക്കപ്പെട്ടു. തസ്ഹീലു മത്വാലിബുസനിയ്യ, റദ്ദുല്‍ വഹാബിയ്യ എന്നിവ പ്രധാന രചനകളാണ്. 1993 സെപ്തംബര്‍ 19/ 1414 റബീഉല്‍ ആഖര്‍ 3-നായിരുന്നു വിയോഗം. വാഴക്കാട് പഴയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
സി.പി ബാസിത് ഹുദവി തിരൂർ
Leave A Comment