‘മോദി’ ബ്രാന്‍ഡ് ചായയും സമൂസയും
മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്നിലെ ശക്തികളെ ക്കുറിച്ച ചര്‍ച്ചയില്‍ യു.പി.എ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെയാണ് ഒന്നാമതായി പലരും പ്രതിസ്ഥാനത്ത് നിറുത്തുന്നത്. അതില്‍ ശരിയുണ്ടാകമെങ്കിലും കേവലം ഉപരിതല സ്പര്‍ശിയായ ഒരു നിരീക്ഷണം മാത്രമാണത്.
അമിത് ഷായുടെ അടുപ്പില്‍ കാച്ചിയ മോദി ബ്രാന്‍ഡ് ചായയുടെയും അഡാനി-അംബാനി മാര്‍ക്ക് സമൂസയുടെയും രുചിഭേദങ്ങളാണ് യഥാര്‍ത്ഥത്തില്‍ മോദിയുടെ വിജയത്തിനു പിന്നിലെ ശക്തി. ഓരോ സംസ്ഥാനത്തെയും സീറ്റുകളിലൂടെ കടന്നുപോയാല്‍ ഇത് വ്യക്തമാവും. ഹിന്ദി ഹൃദയഭൂമിയില്‍ തേരോട്ടം നടത്തിയ മോദി ടീം കോണ്‍ഗ്രസിനെയും സഖ്യ കക്ഷികളെയും നിലംപരിശാക്കിയ പ്രകടനമാണ് കാഴ്ചവെച്ചത്. വികസനവും വര്‍ഗീയതയും കൃത്യമായ അളവില്‍ ചേര്‍ത്തുണ്ടാക്കിയ മോദി സമൂസയും ചായയും ശരിക്കും വിറ്റഴിക്കപ്പെടുന്നതാണ് നാം കണ്ടത്.
എണ്‍പത് സീറ്റുകളുള്ള യു.പിയില്‍ നിന്ന് ബിജെപി ഒറ്റക്ക് 71 സീറ്റും സഖ്യ കക്ഷി രണ്ടു സീറ്റും നേടി. ഇരുപത് ശതമാനം മുസ്‌ലിംകളുള്ള, യുപിയിലെ മുസ്‌ലിം സ്വാധീനം കൂടുതലുള്ള ഇരുപതിലധികം മണ്ഡലങ്ങള്‍ ബിജെപി കീഴടക്കിയപ്പോള്‍ പേരിനു പോലും ഒരു ന്യൂനപക്ഷ അംഗത്തെ പാര്‍ലിമെന്ററിലേക്ക് അയക്കാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത് അമിത് ഷാ പറഞ്ഞത് പോലെ പ്രതി ധ്രുവീകരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരജായപ്പെടുത്താന്‍ ഏറ്റവും സാധ്യതയുള്ള മതേതര സ്ഥാനാര്‍ത്ഥി വോട്ട് ചെയ്യുന്ന തന്ത്രപരമായ നിലപാട് സ്വീകരക്കുന്നതായി പലരും എഴുതിയിരുന്നു. എന്നാല്‍ രാഷ്ട്രീയവും ജാതീയതയും മാറ്റി നിറുത്തി ഹൈന്ദവര്‍ ഒന്നിക്കണമെന്ന വര്‍ഗീയ സന്ദേശവുമായി അമിത് ഷാ ഊര് ചുറ്റിയപ്പോള്‍ ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ പോലും പരാജയപ്പെടുകയാണുണ്ടായത്.
ബീഹാറിലും ഉത്തര്‍ പ്രദേശിലും ബി.ജെ.പി നേടിയ ശ്രദ്ധേയ വിജയങ്ങളെക്കുറിച്ച്ആരാഞ്ഞ മാദ്ധ്യമ പ്രവര്‍ത്തകരോട് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെഭാഗമല്ലാത്ത ജനങ്ങളാണ് അതിന്റെ ഭാഗമായവരേക്കാള്‍ കൂടുതല്‍ എന്നതു കൊണ്ടാണ്ഇത് സംഭവിച്ചത് എന്നായിരുന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി അമിത് ഷായുടെമറുപടി ഇതിന്റെ തെളിവാണ്. പതിനഞ്ചാം ലോക്സഭയില്‍ യുപിയില്‍ നിന്ന് പതിനഞ്ചു മുസ്‌ലിം എം.പിമാരുള്ളിടത്താണ് ഇത് സംഭവിച്ചത്. ഹൈദരാബാദില്‍ നിന്നും ജയിച്ച അസദുദ്ദീന്‍ ഉവൈസി പറയുന്നത് യുപിയില്‍ എസ്പിക്കും ബിഎസ്‌പിക്കും പരമ്പരാഗതമായി വോട്ട് ചെയ്തിരുന്ന പിന്നാക്ക ജാതിക്കാര്‍ പോലും ഇത്തവണ അവരുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാതിരുന്നത് കൊണ്ടാണ് ഇത്ര വലിയ ദുരന്തമുണ്ടായതെന്ന്.
ഒരു കാര്യം നാം സമ്മതിച്ചേ തീരൂ. ഇത് മോഡിയുടെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് വിജയമാണ്. 31 ശതമാനം വോട്ട് മാത്രം നേടിയ ഒരു പാര്‍ട്ടി 282 സീറ്റുമായി കേവല ഭൂരിപക്ഷം നേടിയപ്പോള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും മണ്ഡലത്തിനും അനുസൃതമായി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പദ്ധതിയുടെ വിജയമാണിതെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ഓരോ സമയം സോഷ്യല്‍ മീഡിയകളെയും പരമ്പരാഗത മീഡിയകളെയും ഒപ്പം നിറുത്തുന്നത്തിലും വിജയിച്ച മോഡി, ജനങ്ങളുമായി നിരന്തരമായി സംവദിക്കാന്‍ ശ്രമിച്ചു. തന്റെ ചായ വില്പന പാരമ്പര്യം ഓണ്‍ലൈനിലും ഓഫ്ലൈനിലും നന്നായി മാര്‍ക്കറ്റ് ചെയ്ത മോദി ‘ചായ് പേ ചര്‍ച്ച’ എന്ന പേരില്‍ ഒരു ദേശീയ തല കാമ്പയിന്‍ തന്നെ നടത്തി. ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചു ഇന്ത്യന്‍ രാഷ്ട്രീയം കറങ്ങിത്തിരിത് ഇത്തവണയാണെന്ന് നിസ്സംശയം പറയാം. മോദിയുടെ ത്രിഡി ഹോളോഗ്രാം റാലികളും നമോ ബ്രാന്‍ഡ് ഉത്പന്നങ്ങളുമായി മോഡി ശരിക്കും കൊണ്ടാടപ്പെട്ടു.
സോഷ്യല്‍ മീഡിയകളിലൂടെ യുവജനങ്ങളുമായും പരമ്പരാഗത ബഹുജന സമ്പര്‍ക്ക മാര്‍ഗങ്ങളിലൂടെ മറ്റു ജനങ്ങളുമായും ബന്ധം നിലനിറുത്തുന്നതില്‍ മോഡി വിജയി
ച്ചപ്പോള്‍ മറുഭാഗത്ത് യുവനേത്രത്വത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെട്ട രാഹുല്‍ഗാന്ധിക്ക് സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം പോലുമുണ്ടായില്ല. ഭരണരംഗത്ത് ഒരിക്കല്‍ പോലും പരീക്ഷപ്പെടാത്ത രാഹുലിന് സാമ്പത്തിക-വികസന-വിദേശകാര്യ രംഗങ്ങളില്‍ തന്റെ കാഴ്ചപ്പാടോ നിലപാടോ വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ പത്ത് വര്ഷം യു.പി.എ സര്‍ക്കാരിന് നേത്രത്വം കൊടുത്ത മന്മോഹന്‍ സിംഗ് ആദ്യമേ ജനങ്ങളുമായി കാര്യമായി ബന്ധം പുലര്‍ത്തിയിരുന്നില്ലയെന്നതു മറ്റൊരു യാഥാര്‍ത്ഥ്യമാണ്. തികഞ്ഞ പണ്ഡിതനും സാമ്പത്തിക വിദഗ്ധനും ആയിരിക്കുമ്പോഴും ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം ഒരു നേതാവിന് പരമപ്രധാനമാണ്. രാജ്യസഭ എംപിആയി പ്രധാനമന്ത്രി പദത്തിലെത്തിയ മന്മോഹന് അത്തരമൊരു ബന്ധം സ്രഷ്ടിക്കാനോ ജനങ്ങളെ ഉത്തേജിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയാതെ പോയത് ഈയൊരു ദൗര്‍ബല്യം കൊണ്ടാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യയും പിറകോട്ടടിച്ചപ്പോള്‍ സാമ്പത്തിക രംഗത്ത് ഏര്‍പ്പെടുത്തിയ അച്ചടക്ക നടപടികള്‍ സ്വാഭാവികംമായും മധ്യവര്‍ഗത്തെ സാര്‍ക്കാരില്‍ നിന്നും അകറ്റി. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ഗതിവേഗം പോരെന്നു പറഞ്ഞു കോര്‍പറേറ്റ് ലോകവും മന്മോഹനോട് വിടചൊല്ലി.
ഇതിനെല്ലാമൊപ്പം ഗുജറാത്ത് മോഡലിനെക്കുറിച്ച ഊതിവീര്‍പ്പിച്ച മാധ്യമപ്രചരണം കൂടി ആയപ്പോള്‍ കോണ്ഗ്രസിന്റെ വിധി കുറിച്ചു കഴിഞ്ഞിരുന്നു. തോല്‍വി മുന്‍കൂട്ടി കണ്ടു നല്ലൊരു ശതമാനം സീനിയര്‍ നേതാക്കള്‍ യുദ്ധ രംഗത്ത് നിന്ന് ഒളിച്ചോടിയത് കോണ്‍ഗ്രസ് വീഴ്ചയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു.
രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും കോണ്‍ഗ്രസ് പിന്നോട്ടടിച്ചത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. യു.പി.എയുടെ കൂടെയുണ്ടായിരുന്നു ഡി.എം.കെ, മമത തുടങ്ങിയവര്‍ പലഘട്ടങ്ങളിലായി കോണ്‍ഗ്രസ് സഖ്യത്തോട് വിടപറഞ്ഞു. കഴിഞ്ഞ പ്രവാശ്യം കോണ്‍ഗ്രസിനെ ഏറെ സഹായിച്ച ആന്ധ്രയില്‍ വൈ എസ് ആര്‍ കോണ്ഗ്രസ് സീമാന്ധ്രയിലും ടി.ആര്‍.എസ് തെലങ്കാനയിലുമായി കോണ്ഗ്രസിനെ ക്ഷയിപ്പിച്ചു. ഇവരോക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പി.എയുടെ ഭാഗമായിരുന്നല്ലോ. ഈ ബലഹീനതകള്‍ മുന്‍കൂട്ടികണ്ടു പരിഹാരക്രിയകള്‍ ചെയ്യുന്നതില്‍ കോണ്‍ഗ്രസ് നേത്രത്വം പരാജയപ്പെട്ടതാണ് തെരഞ്ഞെടുപ്പ് നല്‍ക്കുന്ന പാഠം. മോഡിയുടെ നേത്രത്വത്തിനെതിരെ ബിജെപിയില്‍ ഉയര്‍ന്ന വിമതസ്വരങ്ങളെ ചൂഷണം ചെയ്യുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.



Leave A Comment