വിഷയം: ഫർള് നിസ്കാരത്തിലെ സംശയം
ഫർള് നിസ്കാരത്തിൽ നിന്നും സലാം വീട്ടിയതിനു ശേഷം, ‘മൂന്നാമത്തെ റക്അത്തിൽ രണ്ട് സുജൂദുകളും ചെയ്തിരുന്നോ’ എന്ന് സംശയിച്ചാൽ എന്ത് ചെയ്യണം? നിസ്കാരം മടക്കി നിർവഹിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
Shana
Dec 2, 2025
CODE :Pra15946
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
നിസ്കാരത്തിൽ നിന്നും സലാം വീട്ടി, പൂർണമായും വിരമിച്ചതിനു ശേഷം, നിയ്യത്തോ തക്ബീറത്തുൽ ഇഹ്റാമോ (നിയ്യത്തിന് തൊട്ടുടനെയുള്ള തക്ബീർ) ഒഴികെയുള്ള മറ്റേത് റുക്നുകൾ (നിർബന്ധമായും നിർവഹിക്കേണ്ട കർമങ്ങൾ) സംബന്ധിച്ച് സംശയിച്ചാലും നിസ്കാരത്തിന്റെ സാധുതയെ അത് ബാധിക്കുന്നതല്ല. (ഉദാ: റുകൂ, സുജൂദുകളുടെ എണ്ണം, റക്അതുകളുടെ എണ്ണം) നിസ്കാരം പൂർണാർത്ഥത്തിൽ നിർവഹിക്കപ്പെട്ടുവെന്നതു തന്നെ കാരണം, പിന്നീടുള്ള സംശയങ്ങൾ ഗൗനിക്കേണ്ടതില്ല.
എന്നാൽ നിയ്യത്ത്, തക്ബീറത്തുൽ ഇഹ്റാം എന്നിവയെ സംബന്ധിച്ചാണ് സംശയമെങ്കിൽ, അവ രണ്ടും നിസ്കാരത്തിലെ എറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളായതിനാൽ തന്നെ ഇതിലുള്ള സംശയം നിസ്കാരത്തെ അസാധുവാക്കുന്നതും, പൂർണമായും മടക്കി നിർവഹിക്കേണ്ടതുമാണ്.
മേൽ പറഞ്ഞതത്രെയും സംശയത്തെ കുറിച്ചാണ്. ഇനി കർമ്മങ്ങൾ ഏതെങ്കിലും ഒഴിവാക്കിയിട്ടുണ്ടെന്ന് നിസ്കാര ശേഷം ദൃഡമായി ഉറപ്പിക്കുന്ന പക്ഷം, (നിയ്യത്ത്, തക്ബീറത്തുൽ ഇഹ്റാം എന്ന വ്യത്യാസമില്ലാതെ) ആ നിസ്കാരം അസാധുവാണ്. മടക്കി നിർവഹിക്കുക തന്നെ വേണം (ഫത്ഹുൽ മുഈൻ).
സുജൂദുകളുടെ എണ്ണത്തിലാണ് ചോദ്യകർത്താവിന്റെ സംശയമെന്നത് കൊണ്ട് തന്നെ, ആ നിസ്കാരം മടക്കി നിർവഹിക്കപ്പെടുകയോ, മറവിയുടെ സുജൂദ് ചെയ്യുകയോ വേണ്ടതില്ല.
കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.


